മെറ്റല്‍ ബോഡിയോട് കൂടിയ ഏറ്റവും പുതിയ ഇലക്ട്രിക് ഓട്ടോയായ ട്രിയോ പ്ലസ് വിപണിയില്‍ അവതരിപ്പിച്ച് പ്രമുഖ വാഹന നിര്‍മ്മാണ കമ്പനിയായ മഹീന്ദ്ര. ഉപഭോക്താക്കളുടെ പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാണ് ജനപ്രിയ ട്രിയോ പ്ലസില്‍ മെറ്റല്‍ ബോഡി കൂടി ഉള്‍പ്പെടുത്തിയതെന്ന് മഹീന്ദ്ര ലാസ്റ്റ് മൈല്‍ മൊബിലിറ്റി ലിമിറ്റഡ് അറിയിച്ചു. 3.58 ലക്ഷം രൂപയാണ് പുതിയ വേരിയന്റിന്റെ എക്സ്ഷോറൂം വില. 2018ലാണ് മഹീന്ദ്ര ട്രിയോ പ്ലസ് അവതരിപ്പിച്ചത്. ഇതിനകം 50,000ലധികം ട്രിയോ പ്ലസ് ഓട്ടോകള്‍ നിരത്തിലിറങ്ങിയിട്ടുണ്ട്. 10.24 കെഡബ്ല്യുഎച്ച് ബാറ്ററിയാണ് കരുത്ത്. 42 എന്‍എം ടോര്‍ക്കോടുകൂടിയ 8 കിലോവാട്ട് പവര്‍ ഇത് നല്‍കും. ഒറ്റ ചാര്‍ജില്‍ 150 കിലോമീറ്ററിലധികം സഞ്ചരിക്കാം. മെറ്റല്‍ ബോഡി വേരിയന്റ് ട്രിയോ പ്ലസിന് 5 വര്‍ഷം/1,20,000 കിലോമീറ്റര്‍ സ്റ്റാന്‍ഡേര്‍ഡ് വാറന്റി ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ട്രിയോ മെറ്റല്‍ ബോഡി വേരിയന്റ് വാങ്ങുന്ന ഡ്രൈവര്‍മാര്‍ക്ക് ആദ്യ വര്‍ഷത്തേക്ക് 10 ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും മഹീന്ദ്ര ലാസ്റ്റ് മൈല്‍ മൊബിലിറ്റി ലിമിറ്റഡ് വാഗ്ദാനം ചെയ്യുന്നു. ലോണ്‍ കാലാവധി 60 മാസമായി വര്‍ധിപ്പിച്ചതിനൊപ്പം, 90% വരെ ഫിനാന്‍സും കുറഞ്ഞ ഡൗണ്‍ പേയ്മെന്റ് സ്‌കീമുകളും ഇതോടൊപ്പം മഹീന്ദ്രയും ഫിനാന്‍സ് പങ്കാളികളും ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നു.