ഓണ്‍ലൈന്‍ ഭക്ഷണ വിതരണരംഗത്തെ മുന്‍നിരക്കാരായ സെമാറ്റോ ഇനി വലിയ ഓര്‍ഡറുകളും ഏറ്റെടുക്കും. കമ്പനി സി.ഇ.ഒ ദീപീന്ദര്‍ ഗോയല്‍ എക്സില്‍ ആണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് ചെറുതും വലുതുമായ നിരവധി ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ശൃംഖലകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇതിനായി പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയിരുന്നില്ല. സൊമാറ്റോയുടെ പുതിയ നീക്കം വലിയ ഓര്‍ഡറുകള്‍ ചെയ്യുന്നവര്‍ക്ക് പ്രയോജനം ചെയ്യും. 50 പേര്‍ക്ക് വരെയുള്ള ഭക്ഷണമാണ് ഇത്തരത്തില്‍ സൊമാറ്റോ വിതരണം ചെയ്യുക. ഈ ഓര്‍ഡറുകള്‍ ഉപയോക്താക്കളിലേക്ക് എത്തിക്കാന്‍ പുതിയ വൈദ്യുത വാഹനവും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. ഇതിന്റെ ചിത്രങ്ങളും ഗോയല്‍ ട്വീറ്റ് ചെയ്തു. പുതിയ സര്‍വീസ് എന്നുമുതല്‍ ആരംഭിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. നേരത്തെയും സൊമാറ്റോ വലിയ ഓര്‍ഡറുകള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ വ്യത്യസ്ത ഏജന്റുമാര്‍ വഴിയായിരുന്നു ഈ ഓര്‍ഡറുകള്‍ വിതരണം ചെയ്തിരുന്നത്. ഉപയോക്താക്കളില്‍ നിന്ന് മികച്ച പ്രതികരണമായിരുന്നില്ല തങ്ങള്‍ക്ക് ലഭിച്ചിരുന്നതെന്ന് ഗോയല്‍ പറഞ്ഞു. കൂടുതല്‍ മികച്ച സേവനം നല്‍കുന്നതിനായിട്ടാണ് ഇത്തരത്തില്‍ പുതിയ വാഹനത്തില്‍ വിതരണം ആരംഭിക്കുന്നതെന്നും അദേഹം വ്യക്തമാക്കി. പുതിയ വാഹനവും അതിലെ സംവിധാനങ്ങളും പണിപ്പുരയിലാണെന്നും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വിതരണത്തിന് എത്തിക്കാമെന്നാണ് പ്രതീക്ഷയെന്നും സൊമാറ്റോ വ്യക്തമാക്കി. വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ചൂടും തണുപ്പും ക്രമീകരിക്കാനുള്ള സംവിധാനവും പുതിയ വാഹനത്തിലുണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം.