ബോളിവുഡിലെ സൂപ്പര്‍ താരങ്ങളില്‍ ഒരാളായ രണ്‍ബീര്‍ കപൂര്‍ തികഞ്ഞൊരു വാഹന പ്രേമിയാണ്. റേഞ്ച് റോവറുകള്‍ ഉള്‍പ്പെടയുള്ള നിരവധി ആഡംബര കാറുകള്‍ രണ്‍ബീറിന്റെ ഗാരിജിലുണ്ട്. അക്കൂട്ടത്തിലേക്കു പുതിയൊരെണ്ണം കൂടി ചേര്‍ത്തിരിക്കുകയാണ് താരം. ആറു കോടി രൂപ വരുന്ന ബെന്റ്‌ലി കോണ്ടിനെന്റല്‍ ജിടി ആണ് രണ്‍ബീര്‍ ഏറ്റവുമൊടുവില്‍ സ്വന്തമാക്കിയത്. മുംബൈ നിരത്തിലൂടെ പുതുവാഹനം ഡ്രൈവ് ചെയ്തു പോകുന്ന രണ്‍ബീറിന്റെ വിഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പെര്‍ഫോമന്‍സിലും സുരക്ഷയുടെ കാര്യത്തിലും ഒരുപടി മുന്നില്‍ നില്‍ക്കുന്ന രണ്ടു ഡോര്‍ മാത്രമുള്ള വാഹനമാണ് ബെന്റ്‌ലി കോണ്ടിനെന്റല്‍ ജിടി ലക്ഷ്വറി കൂപ്പെ. ഈ ജിടി വി 8 വേര്‍ഷനു വിപണിയില്‍ വില വരുന്നത് 5.22 കോടി രൂപയാണ്. കസ്റ്റമൈസഷന്‍ ഓപ്ഷനുകള്‍ ഉള്ള ഈ വാഹനം താല്‍പര്യമനുസരിച്ചു കസ്റ്റമൈസ് ചെയ്യുമ്പോള്‍ വിലയിലും വര്‍ധനവുണ്ടാകും. 4.0 ലീറ്റര്‍ ട്വിന്‍ ടര്‍ബോ ചാര്‍ജ്ഡ് വി 8 എന്‍ജിനുള്ള വാഹനം 542 ബി എച്ച് പി കരുത്തും 770 എന്‍ എം ടോര്‍ക്കും ഉല്‍പാദിപ്പിക്കും. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ആണ്. 4.0 ലീറ്റര്‍ വി8 എന്‍ജിന്‍ കൂടാതെ 6.0 ലീറ്റര്‍ ഡബ്‌ള്യു 12 എന്‍ജിന്‍ ഓപ്ഷനും കോണ്ടിനെന്റല്‍ ജിടിയിലുണ്ട്. ഈ വേര്‍ഷനു ജിടി സ്പീഡ് എന്നാണ് പേര്. ഈ ഡബ്‌ള്യു 12 എന്‍ജിനു 650 പി എസ് കരുത്തും 900 എന്‍എം ടോര്‍ക്കും ഉല്‍പാദിപ്പിക്കാനുള്ള ശേഷിയുണ്ട്.