mid day hd 2

തെരഞ്ഞെടുപ്പ് സമയങ്ങളില്‍ അറസ്റ്റും റെയ്ഡും വ്യാപകമായതോടെ തെരഞ്ഞെടുപ്പ് കാലത്തെ അറസ്റ്റും റെയ്ഡും നിരീക്ഷിക്കാന്‍ പ്രത്യേക സമിതി വേണമെന്ന് ഇന്ത്യ സഖ്യം. തെരഞ്ഞെടുപ്പ് കമ്മീഷനോ കമ്മീഷന് കീഴിലുള്ള പ്രത്യേക സമിതിയോ നിരീക്ഷിക്കണമെന്നാണ് ആവശ്യം. ഈ സമിതിയുടെ അംഗീകാരമില്ലാതെ അറസ്റ്റോ, റെയ്ഡോ അനുവദിക്കരുതെന്നും ഇന്ത്യ സഖ്യ നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് ഇന്ത്യ സഖ്യം സുപ്രീം കോടതിയെയും സമീപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നതിനെതിരെ ഈ മാസം 31 ന് ദില്ലിയില്‍ ഇന്ത്യ സഖ്യം റാലി നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെ എഎപി ഡല്‍ഹി നിയമസഭാംഗം ഗുലാബ് സിങ് യാദവിന്റെ വീട്ടില്‍ ഇഡി സംഘം പരിശോധന നടത്തി.

മദ്യനയ കേസിലെ മാപ്പുസാക്ഷി ശരത് ചന്ദ്ര റെഡ്ഡി ഇഡി അറസ്റ്റിന് പിന്നാലെ ബിജെപിക്ക് 55 കോടി രൂപ നല്‍കിയെന്ന് ആരോപണവുമായി ആം ആദ്മി പാര്‍ട്ടി. ഇഡി ആദ്യം അറസ്റ്റ് ചെയ്യേണ്ടത് ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയെയാണെന്നും മദ്യനയ കേസിലെ പ്രതി പണം നല്‍കിയത് ബിജെപിക്കാണെന്ന് തെളിഞ്ഞുവെന്നും അവര്‍ ദില്ലിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മദ്യനയക്കേസിലെ പണം ഇടപാട് ഒന്നും ഇഡിക്ക് തെളിയിക്കാനായിട്ടില്ലെന്നും ഒരാളുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത് എഎപി നേതാവ് അതിഷി മര്‍ലേന ആരോപിച്ചു.

ഇഡി കസ്റ്റഡിയിലുള്ള അരവിന്ദ് കെജ്രിവാള്‍ മുഖ്യമന്ത്രി സ്ഥാനവും എഎപി ദേശീയ കണ്‍വീനര്‍ സ്ഥാനവും രാജിവെക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ജയിലില്‍ നിന്ന് കാര്യങ്ങള്‍ നിയന്ത്രിക്കുമെന്നും ഭരണനിര്‍വ്വഹണ ചുമതല മന്ത്രിമാരില്‍ ആര്‍ക്കെങ്കിലും നല്‍കുമെന്നാണ് ഇപ്പോഴത്തെ വിവരം. അതേസമയം ഇ ഡി കേസും നടപടിയും തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കാനാണ് എഎപിയുടെ ശ്രമം. ഇതിനായി അരവിന്ദ് കെജ്രിവാളിന്റെ ഭാര്യയെയും പ്രചാരണത്തിന് ഇറക്കാന്‍ എഎപി ആലോചിക്കുന്നുണ്ട്.

കേരളത്തിലും ഇഡി വരട്ടെയെന്നും വരുമ്പോള്‍ കാണാമെന്നും ഒന്നും നടക്കാന്‍ പോകുന്നില്ലെന്നും മന്ത്രി പിഎ മുഹമ്മദ് റിയാസ്. കെജ്രിവാളിനെ പോലെ പിണറായി വിജയനും കുടുങ്ങുമെന്ന ബിജെപിയുടെ പ്രചാരണത്തോട് പ്രതികരിക്കുകയായിരുന്നു റിയാസ്. കോണ്‍ഗ്രസിന് ഇക്കാര്യത്തില്‍ ഇരട്ടത്താപ്പാണെന്നും റിയാസ് പ്രതികരിച്ചു.

സി.എ.എ. വിഷയത്തില്‍ കോണ്‍ഗ്രസിന് ഓരോ പഞ്ചായത്തിലും ഓരോ നിലപാടാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ബി.ജെ.പിയുടെ മെഗാഫോണായി മാറുന്നുവെന്നും മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി.

ആഗോളതാപനത്തിനെതിരെ 8:30 മുതല്‍ 9:30 വരെ ഭൗമ മണിക്കൂറായി ആചരിക്കാന്‍ വൈദ്യുതി മന്ത്രി കൃഷ്ണന്‍ കുട്ടി ആഹ്വാനം. അത്യാവശ്യമല്ലാത്ത എല്ലാ വൈദ്യുത വിളക്കുകളും ഉപകരണങ്ങളും ഈ ഒരു മണിക്കൂര്‍ സമയം ഓഫ് ചെയ്ത് ഭൂമിയെ ആഗോളതാപനത്തില്‍ നിന്നും കാലാവസ്ഥാ വ്യതിയാനത്തില്‍ നിന്നും രക്ഷിക്കാനുള്ള ആഗോള സംരംഭത്തില്‍ പങ്കാളികളാകാമെന്നും അദ്ദേഹം പറഞ്ഞു.

പൂക്കോട് വെറ്ററിനറി കോളേജില്‍ പീഡനത്തിനിരയായി മരിച്ച സിദ്ധാര്‍ത്ഥന്‍ ക്യാംപസില്‍ ഒപ്പിടല്‍ ശിക്ഷയ്ക്കും വിധേയനായി എന്ന് ആന്റി-റാംഗിങ് സ്‌ക്വാഡിന്റെ റിപ്പോര്‍ട്ട്. എട്ട് മാസത്തോളം എല്ലാ ദിവസവും സിദ്ധാര്‍ത്ഥനെ കൊണ്ട് നിര്‍ബന്ധിതമായി ഒപ്പിടുവിച്ചുവെന്നാണ് സഹപാഠിയുടെ മൊഴി. സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതിപ്പട്ടികയില്‍ ഉള്ള യൂണിയന്‍ പ്രസിഡന്റ് അരുണിന്റെ മുറിയില്‍ പോയിട്ടായിരുന്നു സിദ്ധാര്‍ത്ഥന്‍ ഒപ്പുവച്ചിരുന്നത്.

സാമ്പത്തിക ബുദ്ധിമുട്ട് കാരണം മുടങ്ങിക്കിടന്ന ആര്‍സി ബുക്ക്- ലൈസന്‍സ് വിതരണം അടുത്ത ആഴ്ചയോടെ വീണ്ടും തുടങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍. ആര്‍സി ബുക്ക്- ലൈസന്‍സ് പ്രിന്റിംഗ് കമ്പനിക്ക് കുടിശ്ശിക ആയതോടെ പ്രിന്റിംഗ് നിര്‍ത്തിവച്ചതോടെയാണ് ആര്‍സി ബുക്ക്- ലൈസന്‍സ് വിതരണം മുടങ്ങിയത്. കരാറുകാര്‍ക്ക് 9 കോടി നല്‍കാന്‍ ഇന്നലെ ധനവകുപ്പ് ഉത്തരവിറക്കിയതോടെയാണ് പ്രശ്നത്തിന് പരിഹാരമായത്. മാസങ്ങളോളമായി ലക്ഷക്കണക്കിന് പേരാണ് ആര്‍സി ബുക്കോ ലൈസന്‍സോ കിട്ടാതെ വലഞ്ഞത്.

കൊടകര കുഴല്‍ പണക്കേസില്‍ കേസില്‍ പ്രതിയല്ലെന്നും തന്നെ അഴിമതി കേസില്‍ പ്രതിയാക്കാന്‍ കഴിയില്ലെന്നും ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍. സിപിഎം ബിജെപി ഒത്തുകളിയെത്തുടര്‍ന്ന് കൊടകര കേസ് അന്വേഷണം നിലച്ചെന്ന കോണ്‍ഗ്രസ് ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രമന്ത്രിയെന്ന പദവി ഉപയോഗിച്ച് പൊതുപരിപാടികള്‍ സംഘടിപ്പിച്ച് തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ വോട്ടുതേടുകയാണെന്നും തുടര്‍ച്ചയായി പെരുമാറ്റ ചട്ടം ലംഘിക്കുന്നുവെന്നും എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ എം.വിജയകുമാര്‍ കുറ്റപ്പെടുത്തി. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് എല്‍ഡിഎഫ് പരാതി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

കലാമണ്ഡലം സത്യഭാമ വംശീയമായി അധിക്ഷേപിച്ച ആര്‍എല്‍വി രാമകൃഷ്ണനെ നൃത്താവതരണത്തിന് ക്ഷണിച്ച് കേരള കലാമണ്ഡലം. ക്ഷണം സ്വീകരിച്ച ആര്‍എല്‍വി രാമകൃഷ്ണന്‍ ചൊവ്വാഴ്ചയാണ് കലാമണ്ഡലത്തിന്റെ കൂത്തമ്പലത്തില്‍ മോഹിനിയാട്ടം അവതരിപ്പിക്കുക. ആദ്യമായാണ് തനിക്ക് ഇത്തരമൊരു അവസരം കിട്ടുന്നതെന്ന് കലാമണ്ഡലത്തില്‍ ഗവേഷക വിദ്യാര്‍ത്ഥി കൂടിയായിരുന്ന ആര്‍എല്‍വി രാമകൃഷ്ണന്‍ പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ മഹുവാ മോയ്ത്രയുടെ ബംഗാളിലെ വസതിയില്‍ സിബിഐ റെയ്ഡ്. പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നതിന് ഹിരാ നന്ദാനി ഗ്രുപ്പില്‍ നിന്ന് കോടികള്‍ കൈപ്പറ്റിയെന്ന കേസിലാണ് റെയ്ഡ്. അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ആയിരുന്നു മഹുവ മൊയ്ത്രക്കെതിരെ കേസെടുത്തത്.

ഐപിഎല്ലില്‍ ഇന്ന് രണ്ട് കളികള്‍. ഉച്ചതിരിഞ്ഞ് 3.30 ന് പഞ്ചാബ് കിംഗ്സ് ഡല്‍ഹി കാപ്പിറ്റല്‍സുമായി ഏറ്റുമുട്ടും. കാറപകടത്തില്‍ പരിക്കേറ്റ് നീണ്ട ഒന്നരവര്‍ഷത്തെ ഇടവേളക്കു ശേഷമെത്തുന്ന റിഷഭ് പന്ത് ഡല്‍ഹി കാപ്പിറ്റല്‍സിനു വേണ്ടി ഇന്ന് പാഡണിയുമോയെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. വൈകീട്ട് 7.30 ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ കൊല്‍ക്കത്തേ നൈറ്റ് റൈഡേഴ്സ് സണ്‍റൈസേഴ്സ് ഹൈദരാബാദുമായി ഏറ്റുമുട്ടും.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *