വലിയ പ്രീ റിലീസ് ഹൈപ്പുകളോ പ്രൊമോഷനുകളോ ഒന്നും തന്നെയില്ലാതെ വന്ന് ഗംഭീര വിജയം നേടിയ ചിത്രമാണ് ഋഷഭ് ഷെട്ടിയുടെ ‘കാന്താര’. കന്നഡയില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലേക്കും ചിത്രം മൊഴിമാറ്റി എത്തിയിരുന്നു. കാന്താര രണ്ടാം ഭാഗം പ്രീക്വല്‍ ആയാണ് എത്തുന്നത്. ‘കാന്താര എ ലെജന്‍ഡ് ചാപ്റ്റര്‍ 1’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പഞ്ചുരുളിയുടെ ഉത്ഭവം മുതല്‍ എ ഡി 300-400 കാലഘട്ടത്തിലെ കഥയാണ് പ്രമേയമാക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. ഇത് വെറും പ്രകാശമല്ല, ദര്‍ശനമാണ് എന്നാണ് ഹോംബാലെ ഫിലിംസ് പുറത്തുവിട്ട അനൗണ്‍സ്‌മെന്റ് പോസ്റ്ററിലെ ടാഗ് ലൈന്‍. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുകയാണ് ആമസോണ്‍ പ്രൈം വീഡിയോ. റിലീസിന് മുന്‍പ് വന്‍ തുകയ്ക്കാണ് ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സ് വിറ്റുപോയത്. അടുത്ത വര്‍ഷം ആദ്യത്തോടെ ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹോമ്പാലെ ഫിലിംസിന്റെ ബാനറില്‍ 100 കോടി ബഡ്ജറ്റില്‍ മികച്ച പ്രൊഡക്ഷന്‍ ക്വാളിറ്റിയോട് കൂടിയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. 16 കോടി രൂപ മുടക്കി നിര്‍മ്മിച്ച ആദ്യ ഭാഗം 410 കോടി രൂപയാണ് ആഗോള കളക്ഷനായി നേടിയത്.