ലോക്സഭാ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. ഏഴ് ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പിൽ ആദ്യ ഘട്ടം ഏപ്രിൽ 19 നും ഏപ്രിൽ 26 ന് രണ്ടാം ഘട്ടവും നടക്കും. കേരളത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത് രണ്ടാം ഘട്ടത്തിലായിരിക്കും. എല്ലാ ഘട്ടവും പൂർത്തിയാക്കിയതിന് ശേഷം ജൂൺ 4 ന് വോട്ടെണ്ണൽ നടക്കും. ഏഴ് സംസ്ഥാനങ്ങളിലെ 26 നിയമസഭാ സീറ്റുകളിൽ ഉപതെരഞ്ഞെടുപ്പും ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നടക്കും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറിനൊപ്പം പുതുതായി ചുമതലയേറ്റ കമ്മീഷണര്‍മാരായ ഗ്യാനേഷ് കുമാറും, സുഖ്ബീര്‍ സിംഗ് സന്ധുവും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. 543 ലോക്സഭാ മണ്ഡലങ്ങളിലാണു തിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. കായികബലം ഉപയോഗിച്ച് പൊതുതിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കങ്ങളെ കര്‍ശനമായി തടയുമെന്ന് കമ്മീഷണർ വ്യക്തമാക്കി.
ആദ്യ ഘട്ടത്തിൽ 102 ലോക്സഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. തമിഴ്നാട് ,രാജസ്ഥാൻ, ഛത്തീസ്ഘട്ട്, വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് നടക്കും. രണ്ടാം ഘട്ടത്തിൽ 13 സംസ്ഥാനങ്ങളിലെ 89 മണ്ഡലങ്ങളിലും മൂന്നാമതായി 94 മണ്ഡലങ്ങളിലും, നാലാമതായി 96 മണ്ഡലങ്ങളിലും അഞ്ചാമതായി 49 മണ്ഡലങ്ങളിലും ആറാമതായി 57 മണ്ഡലങ്ങളിലും ഏഴാം ഘട്ടത്തിൽ 57 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കും.
നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും. ആന്ധ്രാ പ്രദേശിൽ മെയ് 13 നും, സിക്കിമിലും അരുണാചൽ പ്രദേശിലും ഏപ്രിൽ 19 നും, ഒറീസയിൽ മെയ് 13 നും തെരഞ്ഞെടുപ്പ് നടക്കും.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടാകുന്ന വ്യാജ വാർത്തകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കി. പ്രശ്നബാധിത, പ്രശ്നസാധ്യത ബൂത്തുകളിൽ വെബ് കാസ്റ്റിംഗ് നടത്തും. അതിർത്തികളിൽ ഡ്രോൺ നിരീക്ഷണം നടത്തും. കൂടാതെ ജില്ലയിൽ സുരക്ഷ സംവിധാനങ്ങൾക്ക് 24×7 കൺട്രോൾ റൂം സ്ഥാപിക്കും. നെറ്റ് വർക്ക് ചെക്ക് പോസ്റ്റുകൾ സ്ഥാപിക്കും. എയർപോർട്ടുകളിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തും. റയിൽവേ സ്റ്റേഷനുകളിലും പരിശോധന കർശനമാക്കും. ഓൺലൈൻ പണമിടപാടുകൾ നിരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഏഴ് ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. ആദ്യഘട്ട വോട്ടെടുപ്പ് ഏപ്രിൽ 19 നും
രണ്ടാം ഘട്ടം ഏപ്രിൽ 26 നും
മൂന്നാം ഘട്ടം മെയ് 7 നും
നാലാ ഘട്ടം മേയ് 13 നും
അഞ്ചാം ഘട്ടം മെയ് 20 നും
ആറാംഘട്ടം മെയ് 25 നും
ഏഴാംഘട്ട വോട്ടെടുപ്പ് ജൂൺ 1 നും നടക്കും.
തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വിദ്വേഷ പ്രസംഗം പാടില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ മുന്നറിയിപ്പ് നല്‍കി. സ്വകാര്യ ജീവിതത്തെ വിമര്‍ശിച്ചുകൊണ്ട് പ്രസംഗിക്കരുത്, ജാതിയുടെയോ മതത്തിന്‍റെയോ പേരില്‍ വോട്ട് പിടിക്കരുത്, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം പ്രചാരണം പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ കുട്ടികളെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്നും, റീ പോളിംഗ് സാധ്യതകൾ പരമാവധി ഒഴിവാക്കണമെന്നും കൂടാതെ ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങള്‍ക്കെതിരെയും മറ്റ് മീഡിയ സ്ഥാപനങ്ങള്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നറിയിപ്പ് നല്‍കി.