ബിഗ് ബോസ് മുന്‍ താരവും തിയറ്റര്‍ ആര്‍ട്ടിസ്റ്റുമായ ഹിമ ശങ്കരി, തമിഴ് നടന്‍ ലോകേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതരായ അജേഷ് സുധാകരന്‍, മഹേഷ് മനോഹരന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ‘ചാപ്പ കുത്ത്’ ഏപ്രില്‍ അഞ്ചിന് പ്രദര്‍ശനത്തിനെത്തുന്നു. സൂഫി പറഞ്ഞ കഥ, യുഗപുരുഷന്‍, അപൂര്‍വ രാഗം, ഇയ്യോബിന്റെ പുസ്തകം എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായ ഹിമശങ്കരിയുടെ ഏറ്റവും മികച്ച കഥാപാത്രമാണ് ഈ ചിത്രത്തിലേതെന്ന് അണിയറക്കാര്‍ പറയുന്നു. ടോം സ്‌കോട്ട് മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു. ജെ എസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ജോളി ഷിബു നിര്‍മ്മിച്ച ചാപ്പ കുത്ത് ഇതിനകം നാല്‍പതോളം ദേശീയ, അന്തര്‍ദേശീയ മേളകളില്‍ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. വിനോദ് കെ ശരവണ്‍, പാണ്ഡ്യന്‍ കുപ്പന്‍ എന്നിവര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. ഷിബു കല്ലാര്‍, നന്ദു ശശിധരന്‍ എന്നിവരുടെ വരികള്‍ക്ക് ഗായകനും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഷിബു കല്ലാര്‍ സംഗീതം പകരുന്നു. കെ എസ് ചിത്ര, ഉണ്ണി മേനോന്‍, മധു ബാലകൃഷ്ണന്‍, ശരത് സന്തോഷ് എന്നിവരാണ് ഗായകര്‍. ഷിബു കല്ലാര്‍ തന്നെ ഒരുക്കിയ പശ്ചാത്തല സംഗീതത്തിന് ദാദാ സാഹിബ് ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. സമൂഹം ഒരു വ്യക്തിയോട് പുലര്‍ത്തുന്ന അവഗണനയും അയാളെ ഒറ്റപ്പെടുത്തുമ്പോള്‍ ഉണ്ടാകുന്ന മാനസിക വ്യഥകളും ദൃശ്യവല്‍ക്കരിക്കുന്ന ചിത്രമാണ് ചാപ്പ കുത്ത്.