സ്‌കൂട്ടറും ഒട്ടോറിക്ഷയും കൂടിച്ചേര്‍ന്ന പുതിയ തരം വാഹനത്തിന് കേന്ദ്രം അനുമതി നല്‍കാന്‍ ഒരുങ്ങുന്നു. ഇതിനായി കേന്ദ്ര മോട്ടോര്‍ വാഹനചട്ടത്തില്‍ വരുത്തുന്ന ഭേദഗതിയുടെ കരടുരൂപം ഗതാഗത മന്ത്രാലയം പൊതുജനാഭിപ്രായത്തിനായി പ്രസിദ്ധീകരിച്ചു. ‘എല്‍25’ എന്ന പുതിയ വിഭാഗത്തിലായിരിക്കും ഇത്തരം വാഹനങ്ങളെ പരിഗണിക്കുക. ഒരേ വാഹനം സ്‌കൂട്ടറായും ഓട്ടോയായും ഉപയോഗിക്കാവുന്ന (കണ്‍വേര്‍ട്ടിബിള്‍) നൂതന ആശയം ഹീറോ മോട്ടോകോര്‍പിന്റെ കീഴിലുള്ള ‘സര്‍ജ്’ എന്ന സ്റ്റാര്‍ട്ടപ് അടുത്തയിടയ്ക്ക് അവതരിപ്പിച്ചിരുന്നു. കരടുഭേദഗതിയില്‍ 30 ദിവസത്തിനകം അഭിപ്രായം അറിയിക്കാം. സ്വിച്ച് ഞെക്കിയാല്‍ ഓട്ടോയില്‍ നിന്നൊരു സ്‌കൂട്ടര്‍ ഇറങ്ങിവരും. ഓട്ടോയുടെ ബാക്കി ഭാഗം ചാര്‍ജിങ്ങിന് കുത്തിയിട്ടിട്ട് സ്‌കൂട്ടര്‍ ഓടിച്ചുപോകാം. തിരികെ വന്ന് സ്‌കൂട്ടര്‍ തിരികെ കയറ്റിവച്ച് സ്വിച്ച് ഞെക്കിയാല്‍ വീണ്ടും ഓട്ടോയായി. ഒരു രൂപത്തില്‍ നിന്ന് മറ്റൊന്നിലേക്ക് മാറ്റാന്‍ 3 മിനിറ്റ് മതി. സ്‌കൂട്ടറിനും, ഓട്ടോയ്ക്കും ഒരു റജിസ്‌ട്രേഷന്‍ നമ്പറായിരിക്കും ഉണ്ടാവുക. സ്‌കൂട്ടറിന് 60 കിലോമീറ്ററാണ് പരമാവധി വേഗം. ഓട്ടോയായിട്ടാണ് ഓടുന്നതെങ്കില്‍ 45 കിലോമീറ്റര്‍.