mid day hd 13

എസ്എസ്എൽസി പരീക്ഷയ്ക്ക് തുടക്കമായി. 2971 കേന്ദ്രങ്ങളിലായി 4.27 ലക്ഷം വിദ്യാർഥികളാണ് ഇന്ന് പരീക്ഷ എഴുതിയതെന്നാണ് കണക്ക്. രാവിലെ 9.30 മുതൽ 11.15 വരെ നടന്ന പരീക്ഷയിൽ ഇന്ന് മലയാളം ഒന്നാം പേപ്പറായിരുന്നു. 25 ന് പരീക്ഷ അവസാനിക്കും. ഏപ്രിൽ ആദ്യവാരം മൂല്യനിർണയം ആരംഭിച്ച് മെയ് പകുതിയോടെ പരീക്ഷാഫലം പ്രഖ്യാപിച്ചേക്കും.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം കിട്ടിത്തുടങ്ങി. ആദ്യശമ്പള ദിവസങ്ങളില്‍ കിട്ടേണ്ടവരുടെ അക്കൗണ്ടിലാണ് പണം കിട്ടിതുടങ്ങിയത്. എന്നാല്‍ ദിവസം 50000 രൂപയേ പിന്‍വലിക്കാനാകൂവെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അറിയിച്ചു. ശമ്പളവും പെന്‍ഷനും മുടങ്ങില്ലെന്നും , മിക്കവാറും പേര്‍ക്ക് പെന്‍ഷന്‍ കിട്ടിയിട്ടുണ്ടെന്നും രണ്ടു മൂന്നു ദിവസം കൊണ്ട് ശമ്പളം കൊടുത്ത് തീര്‍ക്കുമെന്നും മന്ത്രി അറിയിച്ചു.

വോട്ടിനും പ്രസംഗത്തിനും കോഴ വാങ്ങുന്ന എംപിമാർക്കോ എംഎൽഎമാർക്കോ പ്രത്യേക പരിരക്ഷ ലഭിക്കില്ല. ഇവര്‍ വിചാരണയിൽ നിന്ന് ഒഴിവാക്കപ്പെടുന്നത് തെറ്റായ സന്ദേശം നൽകുന്നതാണെന്നും പാർലമെന്റ് നിയമസഭ അംഗങ്ങളുടെ അഴിമതിയും കൈക്കൂലിയും ജനാധിപത്യത്തെ നശിപ്പിക്കുമെന്നും സുപ്രീം കോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. ഇത്തരം സംഭവങ്ങളിൽ ജനപ്രതിനിധികളെ വിചാരണയിൽ നിന്ന് ഒഴിവാക്കിയ 1998 ലെ വിധിയോട് ഭരണഘടനാ ബെഞ്ച് വിയോജിക്കുകയും, ഈ വിധി റദ്ദാക്കപ്പെടുകയും ചെയ്തു.

പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ ആന്‍റണിക്കെതിരെ പരസ്യമായി പ്രതികരിച്ച പി സി ജോര്‍ജിനെതിരെ എന്തുണ്ടാകുമെന്ന് കാത്തിരുന്ന് കാണാമെന്ന് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ഭാഷയിൽ മിതത്വം പാലിക്കണമെന്ന് മാത്രമേ ഇപ്പോൾ പറയുന്നുള്ളൂവെന്നും, പാർട്ടി എല്ലാം മനസിലാക്കുന്നു. അനിൽ ആന്‍റണിയെ അറിയാത്ത ആരും കേരളത്തിൽ ഇല്ല. മികച്ച സ്ഥാനാർത്ഥിയാണ്, അദ്ദേഹം വിജയിക്കുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

പിസി ജോർജിനെ അനുനയിപ്പിക്കാൻ അനിൽ ആൻറണി ഇന്ന് വൈകിട്ട് പൂഞ്ഞാറിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തിയേക്കും. അനിൽ ആൻറണിയുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ ഉയര്‍ന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് പത്തനംതിട്ടയിലെ സാഹചര്യം ബി ജെ പി കേന്ദ്ര നേതൃത്വം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. അതോടൊപ്പം പിസി ജോര്‍ജ്ജിന്റെ പിന്തുണ തേടിയ ശേഷം മാത്രം മണ്ഡലപര്യടനം തുടങ്ങാനാണ് അനിൽ ആന്റണി തീരുമാനിച്ചിരിക്കുന്നത്.

പത്തനംതിട്ട മണ്ഡലത്തിൽ അനിൽ ആന്റണിയുടെ സ്ഥാനാർഥിത്വം നിരാശപ്പെടുത്തിയെന്നും, വലിയ വിജയ സാധ്യതയുള്ള മണ്ഡലം ആയിരുന്നു പത്തനംതിട്ടയെന്നും എന്ത് അടിസ്ഥാനത്തിൽ ആണ് ഇങ്ങനെയൊരു സ്ഥാനാർഥി വന്നതെന്ന് അറിയില്ലെന്നും ബിജെപി ചിറ്റാർ മണ്ഡലം വൈസ് പ്രസിഡന്റ്‌ കെ.എസ് പ്രതാപൻ വിമര്‍ശിച്ചു. പി.സി ജോർജ് പറഞ്ഞത് പോലെ സ്ഥാനാർഥിയെ ആളുകൾക്ക് പരിചയപ്പെടുത്തേണ്ട അവസ്ഥയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നതിന് പിന്നാലെ ഇന്ന് വൈകിട്ടെത്തുന്ന സുരേഷ് ഗോപിയെ പ്രവര്‍ത്തകര്‍ സ്വീകരിച്ച് ബൈക്ക് റാലിയുടെ അകമ്പടിയോടെ സ്വരാജ് റൗണ്ടിലേക്ക് ആനയിക്കും. തുടര്‍ന്ന് റോഡ് ഷോ നടക്കും. സ്വരാജ് റൗണ്ട് ചുറ്റി കോര്‍പ്പറേഷന് മുന്നില്‍ സമാപിക്കുന്ന തരത്തിലാണ് റോഡ് ഷോ ക്രമീകരിച്ചിരിക്കുന്നത്.

വയനാട് പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്‍റെ മരണവുമായി ബന്ധപ്പെട്ട് സിപിഎമ്മിനെയും സര്‍ക്കാരിനെയും വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേസിലുള്‍പ്പെട്ട പ്രതികളെ എല്ലാം ഒളിവില്‍ പാര്‍പ്പിച്ചത് സിപിഎം ആണെന്നും കേരളാ പൊലീസില്‍ വിശ്വാസമില്ലെന്നും, നിസാര വകുപ്പുകള്‍ ചുമത്തി ക്രിമിനല്‍ സംഘത്തെ പൊലീസ് സംരക്ഷിക്കുകയാണെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി.

വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്ന് അച്ഛൻ ജയപ്രകാശ് പറഞ്ഞു. പൊലീസിന് പാർട്ടിയുടെ സമ്മർദ്ദമുണ്ടെന്നും, തെറ്റ് പറ്റിപ്പോയി എന്ന് എസ്എഫ്ഐ നേതാവിന്റെ പ്രതികരണം രക്ഷപ്പെടാനുള്ള ശ്രമമാണ്. പൊതുസമൂഹം എതിരാണെന്ന് അറിഞ്ഞതോട് കൂടിയാണ് തലകുനിക്കുന്നു എന്ന പ്രസ്താവനയെന്നും അദ്ദേഹം പറഞ്ഞു.

സിദ്ധാർത്ഥൻ്റേത് കൊലപാതക സംശയം എന്നല്ല, കൊലപാതകം തന്നെയാണെന്ന് മുതിർന്ന നേതാവ് വിഎം സുധീരൻ. സിദ്ധാർത്ഥന്റെ കുടുംബവും ജനങ്ങളും സജീവമായി ഇടപെട്ടത് മൂലമാണ് പൊലീസ് ഇതുവരെയെങ്കിലും എത്തിയതിന് കാരണമായതെന്നും പൊലീസിന് മേൽ അത്രയധികം രാഷ്ട്രീയ സമ്മർദ്ദം ഉള്ളതിനാൽ ന്യായമായ സംശയം വിഷയം തണുത്തു കഴിഞ്ഞാൽ പൊലീസ് ഇതിൽ ഏതെങ്കിലും തരത്തിൽ കള്ളക്കളി കളിക്കുമോ എന്നതാണെന്നും കേന്ദ്ര ഏജൻസിയായ സിബിഐ തന്നെ കേസ് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പൂക്കോട് വെറ്ററിനറി കോളേജ് ക്യാമ്പസിലും ഹോസ്റ്റലിലും എസ്എഫ്ഐയുടെ അക്രമം പതിവായിരുന്നു എന്നും ഇത് തടയാൻ സിസിടിവി സ്ഥാപിച്ചിരുന്നു എന്നും മുൻ പിടിഎ പ്രസിഡന്റ് വ്യക്തമാക്കി. എന്നാൽ എസ്എഫ്ഐക്കാർ സിസിടിവി ക്യാമറ എടുത്തുകളഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

നേര്യമംഗലം കാഞ്ഞിരവേലി സ്വദേശി ഇന്ദിര കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. പ്രദേശത്ത് കൂവ പറിച്ചുകൊണ്ടിരുന്ന ഇന്ദിര കാട്ടാനയുടെ മുന്നിൽ പെടുകയായിരുന്നു എന്നാണ് സൂചന. കോതമംഗലത്തെ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകും വഴി മരണം സംഭവിക്കുകയായിരുന്നു.

പട്ടാമ്പി പള്ളിയിലെ നേർച്ചകഴിഞ്ഞ് ലോറിയിൽ കൊണ്ടു വരികയായിരുന്ന അക്കരമേൽ ശേഖരൻ എന്ന നാട്ടാന പുലർച്ചെ 4 മണിക്ക് നഗരത്തിലിറങ്ങി. വടക്കേമുറിയിൽ ലോറി നിർത്തിയപ്പോഴാണ് ആന പുറത്ത് ചാടിയത്. അവിടെ നിന്നും വിരണ്ടോടിയ ആനയ്ക്ക് മുന്നിൽ പെട്ട കോയമ്പത്തൂർ സ്വദേശിക്ക് പരിക്കേറ്റു. ആനയുടെ പരാക്രമത്തിൽ രണ്ട് പശുക്കളും ഒരാടും ചത്തു. കേരള ഫെസ്റ്റിവൽ കോഡിനേഷൻ കമ്മറ്റിയുടെ കുന്നംകുളം മേഖല എലിഫന്റ് സ്‌ക്വാഡ് എത്തിയാണ് ആനയെ തളച്ചത്.

സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് 6 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അതോടൊപ്പം കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഇന്ന് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

കാസര്‍കോട് കുറ്റിക്കോല്‍ നൂഞ്ഞങ്ങാനത്ത് ജ്യേഷ്ഠന്‍ അനിയനെ വെടിവെച്ച് കൊന്നു. ജ്യേഷ്ഠൻ‍ ബാലകൃഷ്ണനെ ബേഡകം പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മദ്യപാനത്തെ തുടര്‍ന്നുള്ള തര്‍ക്കത്തിലാണ് കൊലപാതകം. നാടന്‍ തോക്ക് ഉപയോഗിച്ച് അശോകനെ ജേഷ്ഠന്‍ ബാലകൃഷ്ണന്‍ വെടിവെയ്ക്കുകയായിരുന്നു.

യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി കെഎസ് ഹരികൃഷ്ണന്റെ സഹോദരൻ ഉണ്ണികൃഷ്ണൻ ബൈക്കപകടത്തിൽ മരിച്ചു. ഞായറാഴ്ച്ച രാത്രി 11മണിയോടെ പള്ളിപ്പാട് വലിയവീട്ടിൽ ക്ഷേത്രത്തിനു സമീപം വെച്ചായിരുന്നു അപകടം. ബൈക്ക് റോഡരികിലെ മരത്തിലേക്ക് ഇടിച്ചു കയറിയായിരുന്നു അപകടം.

തെരഞ്ഞെടുപ്പ് കാലത്തെ പ്രസ്താവനകളിൽ അനാവശ്യ പരാമർശങ്ങൾ ഒഴിവാക്കണമെന്നും വികസനത്തിലും ക്ഷേമ പദ്ധതികളിലും ഊന്നി സംസാരിക്കണമെന്നും മന്ത്രിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദ്ദേശിച്ചു. പ്രചാരണ സമയത്ത് നേതാക്കൾ ആരെയൊക്കെ കാണുന്നു എന്നതിലും ശ്രദ്ധ വേണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വല്യേട്ടൻ എന്ന് വിശേഷിപ്പിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. പ്രധാനമന്ത്രിയെന്നാൽ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ വല്യേട്ടനാണ്. പ്രധാനമന്ത്രിയുടെ പിന്തുണയില്ലാതെ സംസ്ഥാനങ്ങളിൽ വികസനം അസാധ്യമാണെന്നും, ഗുജറാത്തിനെപ്പോലെ വികസനം തെലങ്കാനയിലും സാധ്യമാകാൻ പ്രധാനമന്ത്രിയുടെ സഹായം വേണമെന്നും അദ്ദേഹം പറഞ്ഞു.

സാഹിൽ വർമ എന്ന നേവി ഉദ്യോഗസ്ഥനെ കപ്പലിൽ നിന്ന് ദുരൂഹ സാഹചര്യത്തിൽ കാണാതായിട്ട് ഇന്നേക്ക് എട്ട് ദിവസം പിന്നിടുകയാണ്. സാഹിൽ എവിടെയെന്നതിനെ കുറിച്ച് യാതൊരു വിവരങ്ങളും ലഭ്യമായിട്ടില്ലെന്നും, തന്റെ മകനെ കണ്ടെത്തണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ, ജമ്മു കശ്മീർ ലെഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ എന്നിവരോട് കുടുംബം അഭ്യർത്ഥിച്ചു.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ തുടർന്ന് ബിജെപിയിൽ അതൃപ്തി തുടരുന്നതായി സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് തന്റെ ചില ചിന്തകൾ ഇഷ്ടമായിക്കാണില്ലെന്നും, സീറ്റ് ചോദിച്ച് ബിജെപി നേതാക്കളുടെ അടുത്തോ പ്രധാനമന്ത്രിയുടെ അടുത്തോ പോകില്ലെന്നും പ്രഗ്യ സിങ് ഠാക്കൂർ. മധ്യപ്രദേശിലെ 29 മണ്ഡലങ്ങളിലേക്ക് 24 ഇടത്തും സ്ഥാനാർഥികളെ പ്രഖ്യാപിച്ചപ്പോൾ ബിജെപി കേന്ദ്ര നേതൃത്വം പ്രഗ്യ സിങ്ങിനെ ഒഴിവാക്കുകയായിരുന്നു.

മംഗളൂരുവിൽ പരീക്ഷക്ക് പോയ കടബ ഗവൺമെൻറ് കോളേജിലെ മൂന്ന് വിദ്യാർത്ഥിനികൾക്ക് നേരെ ആസിഡ് ആക്രമണം. സംഭവത്തിൽ നിലമ്പൂർ സ്വദേശിയായ അഭിനെ കടബ പോലീസ് പിടികൂടി. പെൺകുട്ടികളെ വിദഗ്ധ ചികിത്സയ്ക്കായി മംഗളൂരുവിലേക്ക് മാറ്റും. പ്രേമനൈരാശ്യത്തെ തുടർന്നാണ് അഭിൻ ഈ ക്രൂരകൃത്യത്തിന് മുതിർന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഒരു പെണ്‍കുട്ടിയെ ലക്ഷ്യമിട്ടാണ് അഭിന്‍ ആക്രമണം നടത്തിയത് എന്നാൽ സ്കൂള്‍ വരാന്തയില്‍ ഇരിക്കുകയായിരുന്ന 3 പെണ്‍കുട്ടികള്‍ക്കും ഇയാളുടെ ആക്രമണത്തില്‍ പരിക്കേല്‍ക്കുകയായിരുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *