web cover 41

◼️ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ചു. നിതീഷിന്റെ ജനതാദള്‍ യുണൈറ്റഡ് എന്‍ഡിഎ വിട്ടു. പ്രതിപക്ഷ കക്ഷികളുടെ പിന്തുണയോടെ നിതീഷ് ഇന്നു വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഉച്ചയ്ക്കു രണ്ടിനാണു സത്യപ്രതിജ്ഞ. ഏറ്റവും വലിയ ഒറ്റകക്ഷിയായ ആര്‍ജെഡി നേതാവ് തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകും. ആര്‍ജെഡിയും കോണ്‍ഗ്രസും അടക്കം 164 എംഎല്‍എമാരുടെ പിന്തുണ രേഖപ്പെടുത്തിയ കത്ത് ഗവര്‍ണര്‍ക്കു കൈമാറി. മഹാരാഷ്ട്രയില്‍ ചെയ്തതുപോലെ ജെഡിയു എംഎല്‍എമാരെ വശത്താക്കി തന്നെ അട്ടിമറിക്കാന്‍ ബിജെപി ശ്രമിച്ചെന്നാണ് നിതീഷിന്റെ ആരോപണം.

◼️പ്ലസ് വണ്‍ പ്രവേശനത്തിന്റെ ആദ്യഘട്ടം അലോട്ട്മെന്റില്‍ 2,38,150 വിദ്യാര്‍ത്ഥികള്‍ക്കു പ്രവേശനം. ചേരാനുള്ള അവസാന തീയതി ഇന്ന്. കമ്യൂണിറ്റി സീറ്റുകളിലെ പ്രവേശനം സംബന്ധിച്ച് കോടതി ഉത്തരവു വരാനുള്ളതിനാല്‍ 59,616 സീറ്റുകള്‍ ഒഴിച്ചിട്ടിരിക്കുകയാണ്.

◼️

മഴ കുറഞ്ഞെങ്കിലും കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, എറണാകുളം, കോട്ടയം ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്.

*_KSFE_ GOLD LOAN*

*മനുഷ്യപ്പറ്റുള്ള ഗോള്‍ഡ് ലോണ്‍*

നിങ്ങളുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ക്ക് *_KSFE_* നല്‍കുന്നു സ്വര്‍ണ പണയ വായ്പ. മിതമായ പലിശ നിരക്കില്‍ ലളിതമായ നടപടിക്രമങ്ങളിലൂടെ 25 ലക്ഷം രൂപ വരെ പ്രതിദിനം നിങ്ങള്‍ക്ക് നേടാം. 12 മാസത്തെ വായ്പാ കാലയളവില്‍ നിശ്ചിത പലിശ അടച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് വായ്പ പുതുക്കാന്‍ കഴിയും, കൂടാതെ പരമാവധി 36 മാസം വരെ ഈ സൗകര്യം ഉപയോഗിക്കാം. *കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com*

◼️ഇന്നും മഴ തുടരും. ഇടുക്കി മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്. ഡാമുകള്‍ നിറഞ്ഞതിനാല്‍ ഇന്നലെ കൂടുതല്‍ വെള്ളം തുറന്നുവിട്ടു. കക്കയം ഡാം തുറന്നു. കുറ്റ്യാടി പുഴയോരത്തു താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. മുല്ലപ്പെരിയാര്‍, ഇടുക്കി ഡാമുകളില്‍നിന്ന് തുറന്നുവിടുന്ന വെള്ളത്തിന്റെ അളവു വര്‍ധിപ്പിച്ചു.

◼️ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടാത്ത ഗവര്‍ണറെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തിറങ്ങും. രണ്ടു ദിവസത്തിനകം ഗവര്‍ണറെ നേരില്‍ കണ്ട് സംസാരിക്കും. ഗവര്‍ണര്‍ ഒപ്പുവയ്ക്കാതിരുന്നതുമൂലം 11 ഓര്‍ഡിനന്‍സുകളാണ് റദ്ദായത്. യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സമിതിയില്‍ ഗവര്‍ണറുടെ പ്രതിനിധിയെ നിയമിക്കാനുള്ള അധികാരം മന്ത്രിസഭയ്ക്കു നല്‍കുന്ന ഓര്‍ഡിനന്‍സിനുള്ള നീക്കത്തിനെതിരേയാണ് ഗവര്‍ണറുടെ പ്രതിഷേധം.

◼️ഇടപ്പള്ളി- മണ്ണുത്തി ദേശീയപാതയിലെ ടോള്‍ പിരിവ് അവസാനിപ്പിക്കുന്നതിനു നിയമോപദേശം തേടിയെന്ന് തൃശൂര്‍ ജില്ലാ കളക്ടര്‍ ഹരിത വി കുമാര്‍. കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ച നിര്‍മാണ കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പെടുത്തണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിനു റിപ്പോര്‍ട്ടു നല്‍കി. റോഡിലെ കുഴിയടയ്ക്കലിനു ഉദ്യോഗസ്ഥര്‍ മേല്‍നോട്ടം വഹിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തി.

◼️മുല്ലപ്പെരിയാറിലെ വെള്ളത്തെച്ചൊല്ലി ആശങ്ക വേണ്ടെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ കത്തിനാണു സ്റ്റാലിന്‍ മറുപടി നല്‍കിയത്. അണക്കെട്ടിലേക്കും പുറത്തേക്കുമുള്ള വെള്ളത്തിന്റെ ഒഴുക്ക് സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. വൈഗ അണക്കെട്ടിലേക്ക് അധികജലം കൊണ്ടുപോയി റൂള്‍ കര്‍വ് പാലിക്കുന്നുണ്ട്. മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിടില്ലെന്നും മറുപടിയില്‍ സ്റ്റാലിന്‍ ഉറപ്പു നല്‍കി.

*

class="selectable-text copyable-text nbipi2bn">ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

◼️മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടോ ഉപയോഗിച്ച് വ്യാജ വാട്സ് ആപ്പ് അക്കൗണ്ടിലൂടെ ഐപിഎസ് ഉദ്യോഗസ്ഥനില്‍നിന്നും പണം തട്ടാന്‍ ശ്രമം. തീരദേശ സുരക്ഷാ വിഭാഗം മേധാവി ജെ ജയനാഥില്‍ നിന്നാണ് പണം തട്ടാന്‍ ശ്രമിച്ചത്. കൊച്ചി സൈബര്‍ പൊലീസ് കേസെടുത്തു.

◼️തൃശൂര്‍ കുന്നംകുളം തുവാനൂരില്‍ നാലു വയസുകാരനെ മടലുകൊണ്ട് അടിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍. കുന്നംകുളം സ്വദേശി പ്രസാദാണ് അറസ്റ്റിലായത്. രാത്രി കുട്ടിയുടെ കരച്ചില്‍ ശല്യമായെന്നു പറഞ്ഞാണ് അടിച്ചത്. മുഖത്തും ശരീരത്തിലും അടിയേറ്റ കുട്ടി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

◼️സംസ്ഥാനത്തെ റോഡുകളിലെ കുഴികളെ ഹൈക്കോടതിവരെ വിമര്‍ശിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കു വ്യക്തിഹത്യയാണ് മന്ത്രി മുഹമ്മദ് റിയാസിന്റെ മറുപടി. പ്രീ മണ്‍സൂണ്‍ വര്‍ക്കുകള്‍ നടന്നിട്ടില്ല. പോസ്റ്റ് മണ്‍സൂണ്‍ വര്‍ക്കുകളാണ് നടക്കുന്നത.് റോഡിലെ കുഴികളെ കുറിച്ച് ചോദിക്കുമ്പോള്‍ തന്റെ മനസിലെ കുഴിയടക്കാനാണ് മന്ത്രി പറയുന്നത്. സതീശന്‍ ചൂണ്ടിക്കാട്ടി.

◼️സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ട്രാവന്‍കൂര്‍ ഷുഗേഴ്സ് ഉല്‍പാദിപ്പിക്കുന്ന ജവാന്‍ റമ്മിന്റെ പേരു മാറ്റണമെന്ന് നിവേദനം. മദ്യത്തിനു ജവാന്‍ എന്നു പേരിട്ട് സൈനികരെ അപമാനിക്കരുതെന്നാണ് ആവശ്യം. നികുതി വകുപ്പിനു ലഭിച്ച നിവേദനം എക്സൈസ് കമ്മീഷണര്‍ക്കു കൈമാറി.

◼️അനധികൃതമായി വീട്ടില്‍ ഗ്യാസ് റീഫില്ലിംഗ് കേന്ദ്രം നടത്തിവന്നയാള്‍ മലപ്പുറത്ത് പിടിയില്‍. വാഴക്കാട് വട്ടപ്പാറ പണിക്കരപുറായി സ്വദേശി കൊന്നേങ്ങല്‍ ശാഫി(34)യെയാണ് പൊലീസ് പിടികൂടിയത്. വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന ഗ്യാസ് സിലിന്‍ഡറുകള്‍ സംഘടിപ്പിച്ച് വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന സിലിന്‍ഡറിലേക്ക് റീഫില്‍ ചെയ്ത് വില്‍ക്കുകയാണു പ്രതി ചെയ്തിരുന്നത്.

◼️കഞ്ചാവു വലിക്കാന്‍ പ്രോല്‍സാഹിപ്പിച്ച വ്ളോഗര്‍ നെവിന്‍ അഗസ്റ്റിന്‍ അറസ്റ്റിലായി. ചീരയും കാബേജും ക്യാരറ്റും പച്ചക്കറിയാണെങ്കില്‍ കഞ്ചാവും പച്ചക്കറിയാണെന്നാണ് ഇയാളുടെ വാദം.

◼️കോഴിക്കോട് പന്തിരിക്കരിയില്‍ സ്വര്‍ണക്കടത്തു സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസില്‍ രണ്ടു പേര്‍ കൂടി അറസ്റ്റിലായി. വയനാട് മേപ്പാടി സ്വദേശികളായ മുബഷീര്‍, ഹിബാസ് എന്നിവരാണ് പിടിയിലായത്. ഇര്‍ഷാദിനെ ഒളിവില്‍ പാര്‍പ്പിച്ചത് ഇവരാണെന്ന് പോലീസ്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഒന്‍പതായി.

◼️ഇര്‍ഷാദ് കൊലക്കേസിലെ മുഖ്യപ്രതി സ്വാലിഹിനെതിരെ വീണ്ടും കേസ്. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിലാണ് പുതിയ കേസ്.

◼️ഫ്ളാറ്റില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ടു ജയിലിലുള്ള നിഷാമിന്റെ ഹമ്മര്‍ വാഹനത്തിന്റെ രജിസ്ട്രേഷന്‍ തൃശൂര്‍ ആര്‍ടിഒ റദ്ദാക്കി. തൃശൂര്‍ പെരിഞ്ഞനം പൊലീസിന്റെ കസ്റ്റഡിയിലുള്ള വാഹനം തുരുമ്പിച്ചു നശിച്ചശേഷമാണ് രജിസ്ട്രേഷന്‍ റദ്ദാക്കിയത്. ഗുരുതര കുറ്റകൃത്യത്തില്‍ ഉള്‍പ്പെടുന്ന വാഹനത്തിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കാമെന്നാണു നിയമം.

◼️കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ജിദ്ദയില്‍നിന്നുള്ള വിമാനത്തില്‍ എത്തിയ മലപ്പുറം സ്വദേശി അലിയില്‍ നിന്ന് 50 ലക്ഷം രൂപ വിലവരുന്ന ഒരു കിലോഗ്രാം സ്വര്‍ണ മിശ്രിതം കസ്റ്റംസ് പിടിച്ചെടുത്തു.

◼️കേസ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ശാസ്താംകോട്ട പൊലീസ് സ്റ്റേഷനില്‍ ആത്മഹത്യക്കു ശ്രമിച്ച പ്രതിക്കെതിരേ ഒരു കേസുകൂടി. ഗാര്‍ഹിക പീഡനക്കേസിലെ പ്രതി ശാസ്താംകോട്ട സ്വദേശി പത്മകുമാര്‍ ബ്ലേഡ് ഉപയോഗിച്ച് കൈ മുറിച്ചാണ് ആത്മഹത്യക്കു ശ്രമിച്ചത്. പത്മകുമാര്‍ മര്‍ദിക്കുന്നെന്ന് ആരോപിച്ച് ഭാര്യ ഏറെ നാളായി അകന്നു കഴിയുകയാണ്. ഭാര്യയുടെ പരാതിയില്‍ ഇയാള്‍ക്കെതിരേ കോടതിയിലുള്ള കേസ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ആത്മഹത്യാ ശ്രമം നടത്തിയത്.

◼️കൊല്ലം കടയ്ക്കലില്‍ പത്താം ക്ലാസുകാരിയെ പീഡിപ്പിച്ചയാള്‍ പിടിയില്‍. കിളിമാനൂര്‍ ചെങ്കികുന്ന് സ്വദേശി സുജിത്തിനെയാണ് പോക്സോ വകുപ്പനുസരിച്ച് കടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

◼️ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ അധ്യാപകനെതിരെ കേസ്. ഈട്ടിത്തോപ്പ് പിരിയംമാക്കല്‍ ഷെല്ലി ജോര്‍ജിനെതിരെയാണ് കേസ്. ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്ന വിദ്യാര്‍ത്ഥിനിയുടെ ശരീരത്തില്‍ പ്രതി കടന്നു പിടിച്ചെന്നാണു പരാതി.

◼️അഗ്‌നിപഥ് റിക്രൂട്ട്മെന്റിന്റെ ഭാഗമായി മിലിട്ടറി പോലീസിലേക്കു വനിതകള്‍ക്ക് അപേക്ഷിക്കാം. ബംഗളൂരു റിക്രൂട്ടിംഗ് മേഖലാ ആസ്ഥാനത്തിനു കീഴില്‍ നവംബര്‍ ഒന്നു മുതല്‍ മൂന്നുവരെ മനേക്ഷ പരേഡ് ഗ്രൗണ്ടില്‍ റിക്രൂട്ട്മെന്റ് റാലി. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ വനിതകള്‍ക്കു പങ്കെടുക്കാം. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സെപ്റ്റംബര്‍ ഏഴുവരെ. www.joinindianarmy.nic.in

◼️പണപ്പെരുപ്പം ചെറുക്കാന്‍ റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റ് വര്‍ദ്ധിപ്പിച്ചതിനു പിറകേ, എസ്ബിഐ അടക്കമുള്ള പ്രമുഖ ബാങ്കുകള്‍ വായ്പാ നിരക്കുകള്‍ ഉയര്‍ത്തുന്നു. വാഹന, ഭവന വായ്പ, വ്യക്തിഗത വായ്പകള്‍ തുടങ്ങിയവയ്ക്ക് എസ്ബിഐ 0.10 ശതമാനം നിരക്കാണു വര്‍ദ്ധിപ്പിച്ചത്.

◼️ബലാത്സംഗ കേസില്‍ വിവാദ സന്യാസി വൈരാഗ്യ നന്ദഗിരി എന്ന മിര്‍ച്ചി ബാബ അറസ്റ്റില്‍. ഗ്വാളിയോറിലെ ഹോട്ടലില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. മധ്യപ്രദേശിലെ റെയ്‌സന്‍ ജില്ലയില്‍ നിന്നുള്ള സ്ത്രിയുടെ പരാതിയിലാണു നടപടി. വിവാഹം കഴിഞ്ഞ് നാലു വര്‍ഷമായിട്ടും ഗര്‍ഭിണിയാകാത്തതിനു പരിഹാരം തേടിയാണ് മിര്‍ച്ചി ബാബയെ സമീപിച്ചത്. മിര്‍ച്ചി ബാബ നല്‍കിയ ഭക്ഷണം കഴിച്ചതോടെ ബോധരഹിതയായ തന്നെ അയാള്‍ ബലാത്സംഗം ചെയ്തെന്നാണു പരാതി.

◼️എച്ച്ഐവി പോസിറ്റീവായ കാമുകന്റെ രക്തം സിറിഞ്ച് ഉപയോഗിച്ചു സ്വീകരിച്ച് പതിനഞ്ചുകാരിയായ കാമുകി. സംഭവത്തില്‍ കാമുകന്‍ അറസ്റ്റിലായി. ആസാമിലെ സുവല്‍കുചി ജില്ലയിലാണ് സംഭവം.

◼️റിസര്‍വ് ബാങ്ക് രാജ്യത്തെ എട്ടു സഹകരണ ബാങ്കുകള്‍ക്ക് പിഴ ചുമത്തി. ഒരു ലക്ഷം രൂപ മുതല്‍ 40 ലക്ഷം രൂപ വരെയാണ് പിഴ. ഛത്തീസ്ഗഡ് രാജ്യ സഹകാരി ബാങ്ക്, ഗോവ സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക്, ഗര്‍ഹ സഹകരണ ബാങ്ക്, യവത്മാല്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക്, ജില്ല സഹകാരി കേന്ദ്രീയ ബാങ്ക്, വാരൂദ് അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക്, ഇന്ദാപൂര്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക്, ദി മെഹ്‌സാന അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് എന്നീവയ്ക്കാണ് പിഴ ചുമത്തിയത്. ആര്‍ബിഐയുടെ നിയമങ്ങള്‍ പാലിക്കാത്തതിനാലാണ് പിഴ ചുമത്തിയത്.

◼️പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 2.23 കോടി രൂപയുടെ ആസ്തി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 26.13 ലക്ഷം രൂപയുടെ വര്‍ധന. പ്രധാനമന്ത്രിയുടെ ഓഫിസ് പുറത്തുവിട്ട രേഖകളിലാണ് ഈ വിവരം. ഗുജറാത്തിലെ ഗാന്ധിനഗറില്‍ അദ്ദേഹത്തിന് വിഹിതമായി ലഭിച്ച ഭൂമി ദാനം ചെയ്തതിനാല്‍ സ്ഥാവര സ്വത്തുക്കളൊന്നുമില്ല. ബോണ്ടിലോ ഷെയറിലോ മ്യൂച്വല്‍ ഫണ്ടുകളിലോ നിക്ഷേപമില്ല. സ്വന്തമായി വാഹനവുമില്ല. നാലു സ്വര്‍ണ മോതിരങ്ങളുണ്ട്.

◼️മഹാരാഷ്ട്ര മന്ത്രിസഭയിലെ മുഖ്യമന്ത്രി ഷിന്‍ഡെ വിഭാഗത്തിലുള്ള മന്ത്രിക്കെതിരേ ബിജെപി. ടിക് ടോക് താരത്തിന്റെ ആത്മഹത്യക്കു കാരണമായെന്ന ആരോപണംമൂലം രാജിവയ്ക്കേണ്ടിവന്ന വിമത ശിവസേന നേതാവ് സഞ്ജയ് റാത്തോഡിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ചിത്ര വാഗ് രംഗത്ത്.

◼️ബിഹാറില്‍ ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ച നിതീഷ് കുമാറിനെ അനുമോദിച്ച് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ‘ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുക’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയ ഇതേ ദിവസം ‘ബിജെപിയെ ഓടിക്കുക’ എന്ന മുദ്രാവാക്യം ബിഹാറില്‍നിന്ന് വരുന്നുവെന്ന് അഖിലേഷ് യാദവ് പറഞ്ഞു.

◼️ഇന്ത്യയുടെ എതിര്‍പ്പും ശ്രീലങ്കയുടെ വിലക്കും കൂസാതെ ചൈനയുടെ ചാരക്കപ്പല്‍ ശ്രീലങ്കന്‍ തീരത്തേക്ക്. യുവാന്‍ വാങ് 5 എന്ന കപ്പല്‍ ചൈനയുടെ സഹായത്തോടെ നിര്‍മിച്ച ഹെബന്‍തോട്ട തുറമുഖത്തു നങ്കൂരമിടാനാണ് ഒരുങ്ങുന്നത്. ഇന്ധനം നിറച്ചശേഷം മടങ്ങുമെന്നാണു ചൈന പറയുന്നത്.

◼️ക്യൂബയിലെ പ്രധാന എണ്ണ ടെര്‍മിനലില്‍ മൂന്നാമത്തെ ക്രൂഡ് ടാങ്കും തീപിടിച്ച് തകര്‍ന്നു. രണ്ടു ദിവസം മുമ്പാണ് എണ്ണ ടെര്‍മിനലുകളില്‍ തീപടര്‍ന്നത്. രണ്ടാമത്തെ ടാങ്കിലുണ്ടായ എണ്ണ ചോര്‍ച്ച തീ പിടിത്തത്തില്‍ കലാശിക്കുകയായിരുന്നു. മെക്‌സിക്കോ, വെനസ്വേല എന്നിവിടങ്ങളില്‍നിന്നുള്ള സാങ്കേതിക സഹായത്തോടെ തീ നിയന്ത്രിച്ചിട്ടുണ്ട്.

◼️44-ാമത് ചെസ്സ് ഒളിമ്പ്യാഡില്‍ ഓപ്പണ്‍ വിഭാഗത്തിലും വനിതാ വിഭാഗത്തിലും വെങ്കലം നേടി ടീം ഇന്ത്യ. വനിതാ ടീം വിഭാഗത്തില്‍ യുക്രൈന്‍ സ്വര്‍ണവും ജോര്‍ജിയ വെള്ളിയും നേടി. ചെസ് ഒളിമ്പ്യാഡില്‍ വനിതാ വിഭാഗത്തിലെ ഇന്ത്യയുടെ ആദ്യ മെഡല്‍ കൂടിയാണിത്. ഓപ്പണ്‍ ടീം വിഭാഗത്തില്‍ ഉസ്‌ബെക്കിസ്താന്‍ സ്വര്‍ണവും അര്‍മേനിയ വെള്ളിയും നേടി. ഓപ്പണ്‍ വിഭാഗം വ്യക്തിഗത മത്സരത്തില്‍ ഇന്ത്യയുടെ മലയാളി താരം ഗ്രാന്‍ഡ് മാസ്റ്റര്‍ നിഹാല്‍ സരിനും ഗ്രാന്‍ഡ് മാസ്റ്റര്‍ ഗുകേഷും സ്വര്‍ണം നേടി.

◼️അമേരിക്കന്‍ ടെന്നീസ് താരം സെറീന വില്യംസ് വിരമിക്കാനൊരുങ്ങുന്നു. തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് അവര്‍ വിരമിക്കല്‍ സൂചന നല്‍കിയത്. കൂടുതല്‍ കാര്യങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടാമെന്ന് പറഞ്ഞ സെറീന നിലവില്‍ 23 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ നേടിയിട്ടുണ്ട്.

◼️പ്രശസ്ത ക്രിക്കറ്റ് അംപയര്‍ റൂഡി കോര്‍ട്‌സണ്‍ കാറപകടത്തില്‍ മരിച്ചു. ദക്ഷിണാഫ്രിക്കയിലെ റിവേഴ്‌സ്‌ഡേലില്‍ വെച്ചാണ് അപകടമുണ്ടായത്. 73 കാരനായ കോര്‍ട്‌സണ്‍ 108 ടെസ്റ്റുകളിലും 209 ഏകദിനങ്ങളിലും 14 ട്വന്റി 20 മത്സരങ്ങളിലും അമ്പയറായിട്ടുണ്ട്.

◼️ഉപയോക്താക്കളുടെ സുരക്ഷ കണക്കിലെടുത്ത് മറ്റൊരു ഫീച്ചറുമായി വാട്‌സ് ആപ്പ്. ഓണ്‍ലൈന്‍ സ്റ്റാറ്റസ് മറച്ചുവെയ്ക്കാനുള്ള ഫീച്ചറാണ് അവതരിപ്പിച്ചത്. ഈ മാസം തന്നെ ഇത് യാഥാര്‍ഥ്യമാകും. സെറ്റിങ്‌സില്‍ കയറി പ്രൈവസിയില്‍ ക്ലിക്ക് ചെയ്ത് ഈ ഓപ്ഷന്‍ തെരഞ്ഞെടുക്കാം. ലാസ്റ്റ് സീന്‍ ആന്റ് ഓണ്‍ലൈന്‍ എന്ന ഓപ്ഷനാണ് തെരഞ്ഞെടുക്കേണ്ടത്. ലാസ്റ്റ് സീന്‍ സെക്ഷനില്‍ എവരി വണ്‍, കോണ്‍ടാക്ട്‌സ്, മൈ കോണ്‍ടാക്ട്‌സ് എക്‌സെപ്റ്റ്, നോബഡി എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ ക്ലിക്ക് ചെയ്യാവുന്നതാണ്. ഓണ്‍ലൈന്‍ സ്റ്റാറ്റസ് സെക്ഷനില്‍ രണ്ട് ഓപ്ഷനുകളാണ് ഉള്ളത്. എവരിവണ്‍, സെയിം ആസ് ലാസ്റ്റ് സീന്‍ എന്നിവയാണ് ഓപ്ഷനുകള്‍. എവരിവണ്‍ ആണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ ലാസ്റ്റ് സീന്‍ സെക്ഷനില്‍ നോബഡിയില്‍ ക്ലിക്ക് ചെയ്യണം. ഓണ്‍ലൈന്‍ പാര്‍ട്ടില്‍ സെയിം ആസ് ലാസ്റ്റ് സീനും തെരഞ്ഞെടുക്കണം.

◼️സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഗള്‍ഫ് മേഖലയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ക്കെല്ലാം എയര്‍ ഇന്ത്യ കുത്തനെ നിരക്ക് കുറച്ചു. വണ്‍ ഇന്ത്യ വണ്‍ ഫെയര്‍ എന്ന ഓഫര്‍ ഇന്നലെ തുടങ്ങി. 21വരെ ബുക്ക് ചെയ്യാം. ദുബായ് കോഴിക്കോട്, ദുബായ് – കൊച്ചി, അബുദാബി കോഴിക്കോട് 7045 രൂപ, മസ്‌കത്ത് കണ്ണൂര്‍ 7460 എന്നീ ഓഫറുകളാണു കേരളത്തിനുള്ളത്.

◼️ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, ഫ്രീഡം ഫൈറ്റ് എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ക്കു ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമാണ് ശ്രീധന്യ കാറ്ററിംഗ് സര്‍വ്വീസ്. ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തെത്തി. മൈന്റില്‍ പൈന്റിത് എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സുഹൈല്‍ കോയയാണ്. സംഗീതം പകര്‍ന്നിരിക്കുന്നത് ബേസില്‍ സി ജെ. സന്നിധാനന്ദനാണ് പാടിയിരിക്കുന്നത്. ജിയോ ബേബിയുടേത് തന്നെയാണ് ചിത്രത്തിന്റെ രചന. രചനയ്ക്കും സംവിധാനത്തിനുമൊപ്പം ജിയോ ബേബി ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്. റിലീസ് തീയതി ഉടന്‍ പ്രഖ്യാപിക്കും.

◼️കാത്തിരിപ്പിന് വിട നല്‍കി നയന്‍താര വിഘ്‌നേഷ് വിവാഹ വീഡിയോ ഉടന്‍ പുറത്ത് വിടുമെന്ന് നെറ്റ്ഫ്ലിക്സ്. ഇപ്പോഴിതാ വിവാഹ വീഡിയോ ഉടന്‍ പുറത്തെത്തുമെന്ന സൂചന നല്‍കി വീഡിയോയുടെ പ്രൊമോ പുറത്തുവിട്ടിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്. നയന്‍താര: ബിയോണ്ട് ദ് ഫെയറിടെയില്‍ എന്ന പേരിലാണ് ഡോക്യുമെന്ററി എത്തുക. നയന്‍താര- വിഘ്നേഷ് വിവാഹം മാത്രമല്ല, മറിച്ച് വിവാഹത്തിലേക്ക് എത്തിച്ച അവര്‍ക്കിടയിലെ ബന്ധവും ഇരുവരുടെയും സ്വകാര്യ ജീവിതവുമൊക്കെ ചേര്‍ന്നതാവും ഡോക്യുമെന്ററി. വിഘ്നേഷിന്റെയും നയന്‍താരയുടെയും നിര്‍മ്മാണ കമ്പനിയായ റൌഡി പിക്ചേഴ്സ് നിര്‍മ്മിച്ചിരിക്കുന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത് ഗൗതം മേനോന്‍ ആണ്.

◼️രാജ്യത്തെ ജനപ്രിയ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് ഈ ഓഗസ്റ്റില്‍ ചില മോഡലുകള്‍ക്ക് വമ്പന്‍ വിലക്കിഴിവ് വാഗ്ദാനം ചെയ്യുന്നുതായി റിപ്പോര്‍ട്ട്. ഈ കിഴിവുകള്‍ ക്യാഷ് ഡിസ്‌കൌണ്ടുകള്‍, എക്സ്ചേഞ്ച് ബോണസ്, കോര്‍പ്പറേറ്റ് ആനുകൂല്യങ്ങള്‍ എന്നിവയുടെ രൂപത്തിലാണ് ലഭിക്കുക. ടാറ്റ ഹാരിയര്‍, സഫാരി, ടിയാഗോ, ടിഗോര്‍ എന്നീ മോഡലുകള്‍ക്കാണ് ഓഫര്‍. എന്നാല്‍ തങ്ങളുടെ ബെസ്റ്റ് സെല്ലറായ നെക്സോണിലോ അതിന്റെ ഇലക്ട്രിക്ക് ശ്രേണിയിലോ കിഴിവുകളൊന്നും ടാറ്റ വാഗ്ദാനം ചെയ്യുന്നില്ല.

◼️വിഷ്ണുശര്‍മ്മാവ് എന്ന പണ്ഡിതന്‍ കുട്ടികള്‍ക്കായി ലളിതമായ ഭാഷയില്‍ രചിച്ചതാണ് പഞ്ചതന്ത്രം. ലോക നീതിശാസ്ത്രവും ശുദ്ധശാസ്ത്രവും സാമാന്യ നാടോടി ചൊല്ലുകളും അനുഭവങ്ങളും എല്ലാം എല്ലാം ഈ മധുരമധുരമായ കഥകളില്‍ ഓളംവെട്ടുന്നു. ഗദ്യപുനരാഖ്യാനം – മാടമ്പ് കുഞ്ഞുകുട്ടന്‍. ഗ്രീന്‍ ബുക്സ്. വില 85 രൂപ.

◼️കോവിഡിനു ശേഷം ഏറ്റവുമധികം പ്രചാരം നേടിയ ഒരുപകരണമാണ് പള്‍സ് ഓക്സിമീറ്റര്‍. രക്തത്തിലെ ഓക്സിജന്റെ അളവ് കണക്കാക്കുന്ന ഉപകരണമാണ് പള്‍സ് ഓക്സിമീറ്റര്‍. രോഗിയുടെ വിരലിലാണ് ഈ ഉപകരണം ഘടിപ്പിക്കുക. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ശ്വാസകോശത്തകരാറുകള്‍ ഉള്ളവര്‍ക്ക് / വീട്ടില്‍ ഓക്സിജന്‍ ഉപയോഗിക്കേണ്ടി വരുന്നവര്‍ക്ക് വീട്ടില്‍ വച്ചുതന്നെ ഈ ഉപകരണം ഉപയോഗിക്കാവുന്ന അത്ര ലളിതമായ ഒന്നാണിത്. രോഗിക്ക് തന്നെ മറ്റൊരാളുടെ സഹായമില്ലാതെ ഉപയോഗിക്കാന്‍ കഴിയും. ഒരാള്‍ക്ക് ന്യുമോണിയയുടെ പ്രാരംഭ ഘട്ടത്തില്‍ ഓക്സിജന്റെ കുറവ് ഉണ്ടാകാം. എന്നാല്‍ നേരിയ കുറവുകളെ കറക്റ്റ് ചെയ്യാന്‍ ശരീരം ശ്രമിക്കുന്നതുകൊണ്ട് അത്തരുണത്തില്‍ രോഗിക്ക് വലിയ ശ്വാസതടസ്സം പോലുള്ള ലക്ഷണങ്ങള്‍ പ്രകടമായിരിക്കില്ല. അത്തരം സാഹചര്യങ്ങളില്‍, ശ്വാസംമുട്ടല്‍ തുടങ്ങുന്നതിനു മുന്‍പുതന്നെ രക്തത്തിലെ ഓക്സിജന്‍ അളവ് കുറയുന്നത് പള്‍സ് ഓക്സിമീറ്റര്‍ ഉപയോഗിച്ച് മനസ്സിലാക്കാം. 94% ന് താഴെയാണെങ്കില്‍ അണുബാധയുള്ളവരുടെ ശ്വാസകോശത്തെ ബാധിച്ചു തുടങ്ങി എന്ന് മനസ്സിലാക്കണം. അപ്പോള്‍ ഓക്സിജന്‍ തെറാപ്പി തുടങ്ങണം. 89% ത്തിന് താഴെയാണെങ്കില്‍ ശ്വാസകോശത്തരാറ് അനുമാനിക്കാം. ഇതിലൂടെ ശ്വാസകോശത്തെ അപകടകരമായി ബാധിക്കുന്നതിനു മുന്‍പുതന്നെ വേണ്ട ചികിത്സാ നടപടികളെടുക്കാന്‍ സഹായിക്കുകയും, സങ്കീര്‍ണതകള്‍ തടയാനും ഉപകാരപ്രദമാവുന്നു.

*ശുഭദിനം*

*കവിത കണ്ണന്‍*

ആ കൃഷിക്കാരന്‍ ഭയങ്കര അഹങ്കാരിയായിരുന്നു. താന്‍ നിലം ഉഴുത് വിത്ത് വിതച്ച് കൊയ്യുന്നതുകൊണ്ടാണ് നിങ്ങള്‍ എല്ലാം ഭക്ഷണം കഴിക്കുന്നത്. ഞാനില്ലെങ്കില്‍ നിങ്ങള്‍ എന്ത് ചെയ്യും. അതുകൊണ്ട് തന്നെ ബാക്കിയുള്ളവരെല്ലാം എന്നേക്കാള്‍ താഴ്ന്ന പദവിയില്‍ ഉള്ളവരാണ്. അയാള്‍ ഇതെല്ലാം എപ്പോഴും പറഞ്ഞുകൊണ്ടേയിരിന്നു. ഒരിക്കല്‍ അദ്ദേഹത്തിന്റെ വാഹനം അപകടത്തില്‍ തകര്‍ന്നു. അത് നന്നാക്കാന്‍ വര്‍ക്ഷോപ്പ്കാരന്‍ എത്തിയപ്പോള്‍ അയാള്‍ ഇങ്ങനെ പറഞ്ഞു: നിങ്ങളടെ പൊങ്ങച്ചം നിര്‍ത്താതെ ഞാന്‍ വണ്ടി നന്നാക്കില്ല. അപ്പോള്‍ മുതല്‍ കര്‍ഷകന്‍ ഇങ്ങനെ പറയാന്‍ തുടങ്ങി: വര്‍ക്ഷോപ്പ് കാരന്‍ ഒഴികെ എല്ലാവരും എന്നെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ഒരിക്കല്‍ കീറിപ്പോയ ഷൂ നന്നാക്കാന്‍ ചെരുപ്പുകുത്തിയുടെ അടുത്തെത്തിയപ്പോഴും അയാളും അഹാങ്കാരം കുറയ്ക്കാന്‍ പറഞ്ഞു. പിന്നീട് കര്‍ഷകന്‍ ഇങ്ങനെ പറഞ്ഞു: വര്‍ക്ഷോപ്പ്കാരനും ചെരുപ്പുകുത്തിയുമൊഴികെ ബാക്കിയെല്ലാവരും എന്നെ ആശ്രയിക്കുന്നു. പിന്നീട് ഓരോ ആവശ്യത്തിനായി ആശാരിയേയും തയ്യല്‍ക്കാരനേയും മില്ലുടമയേയും കടക്കാരനേയും ഒക്കെ സമീപിച്ചപ്പോള്‍ അവരും ഇതേ ആവശ്യമുന്നയിച്ചു. അപ്പോള്‍ കര്‍ഷകന്‍ പറഞ്ഞു: എല്ലാവരും കര്‍ഷകരെ ആശ്രയിക്കുന്നു. അതുപോലെ കര്‍ഷകരും എല്ലാവരേയും ആശ്രയിക്കുന്നു. സ്വയംപര്യാപ്തതയുടെ പരിപൂര്‍ണ്ണതയില്‍ വാഴുന്ന ആരും തന്നെയില്ല. മറ്റ് പലരും ഉളളതുകൊണ്ടാണ് എല്ലാവരും തങ്ങളുടെ ഇടത്തില്‍ സ്വതന്ത്രമായി വാഴുന്നത്. പലരും ബന്ധിപ്പിക്കപ്പെട്ടിരിക്കുന്ന അദൃശ്യമായ കണ്ണികള്‍ അപ്രത്യക്ഷമാകുമ്പോള്‍ മാത്രമാണ് അവയുടെ പ്രാധാന്യം നാം മനസ്സിലാക്കുക. എല്ലാവരും എല്ലാക്കാലത്തും ആരേയെങ്കിലും ആശ്രയിക്കുന്നുണ്ട്. ചവിട്ടി നില്‍ക്കുന്നമണ്ണ് പോലും മറ്റാരില്‍ നിന്നോ നമുക്ക് ലഭിച്ചതാണ്. ആരുടെയൊക്കെയോ തുടര്‍ച്ചയാണ് താനെന്നും തനിക്ക് ശേഷവും പൂര്‍ണ്ണ ആര്‍ജ്ജവത്തോടെയും പുതുമയോടെയും എല്ലാം തുടരുമെന്നും ഉള്ള തിരിച്ചറിവ് നമുക്ക് ഉണ്ടാകട്ടെ – ശുഭദിനം.