വയനാട്ടിൽ വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവരുടെ ആശ്രിതര്‍ക്കുള്ള സഹായധനം സംസ്ഥാന സര്‍ക്കാരിന് വേണമെങ്കിൽ കൂട്ടാമെന്നും, ഇപ്പോൾ കൊടുക്കുന്ന 10 ലക്ഷവും കേന്ദ്ര വിഹിതമാണെന്ന് കേന്ദ്ര വനം പരിസ്ഥി മന്ത്രി ഭൂപേന്ദ്ര യാദവ്. മനുഷ്യൻ ആയാലും മൃഗമായാലും ജീവന് വലിയ പരിരക്ഷ നൽകേണ്ടതുണ്ട്. മനുഷ്യ മൃഗ സംഘർഷം പഠിക്കാനും സംസ്ഥാന തല സഹകരണം ഉറപ്പാക്കാനും കോയമ്പത്തൂരിലെ സലിം അലി ഇൻസ്റ്റിറ്റ്യൂട്ടിന് ചുമതല നൽകും. കേരള – കർണാടക തമിഴ്നാട് സംസ്ഥാനങ്ങൾ ഒരുമിച്ച് ആനത്താരകൾ അടയാളപ്പെടുത്തും.ചീഫ് വൈൽഡ് ലൈഫ് വാര്‍ഡന് ആവശ്യമായ നടപടി സ്വീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
വയനാട്ടിൽ പുതിയ സിസിഎ ഫായി ഈസ്റ്റേൺ സർക്കിൾ സിസിഎഫ് കെ.വിജയാനന്ദൻ ചുമതലയേറ്റു. മനുഷ്യ മൃഗ സംഘർഷങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തികൾ ഏകോപിക്കുകയാണ് അദ്ദേഹത്തിന്റെ ചുമതല.
വയനാട് ജില്ലയിലെ വന്യമൃഗ ശല്യം എന്നന്നേക്കുമായി പരിഹരിക്കണം എന്നാവശ്യപ്പെട്ട് മാനന്തവാടി രൂപത ഇന്ന് കളക്ട്രേറ്റ് പടിക്കൽ ഉപവസിക്കും. കൽപ്പറ്റ നഗരത്തിൽ പ്രകടനവും പൊതുയോഗവും തീരുമാനിച്ചിട്ടുണ്ട്. വൈകിട്ട് നടക്കുന്ന പൊതു സമ്മേളനം തലശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും.
ടിപി ചന്ദ്രശേഖരൻ കൊലക്കേസിലെ പ്രതി പികെ കുഞ്ഞനന്തന് വിഐപി ചികിത്സയാണ് ലഭിച്ചതെന്ന് കോൺഗ്രസ് നേതാവ് എംഎം ഹസ്സൻ. യുഡിഎഫ് ഭരിക്കുമ്പോഴും എൽഡിഎഫ് ഭരിക്കുമ്പോഴും കുഞ്ഞനന്തന് ചികിത്സ ലഭിച്ചു. അന്നത്തെ മന്ത്രിയും ജയിൽ അധികൃതരുമാണ് കുഞ്ഞനന്തന്റെ മകളുടെ ആരോപണങ്ങൾക്ക് മറുപടി പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു. .പികെ കുഞ്ഞനന്തന് കൃത്യമായ ചികിത്സ കിട്ടിയിരുന്നില്ലെന്ന് ആരോപിച്ച് മകൾ രംഗത്തെത്തിയതിനെ തുടർന്ന് പ്രതികരിക്കുകയായിരുന്നു എം എം ഹസ്സൻ.
ടിപി ചന്ദ്രശേഖരൻ കൊലക്കേസിൽ അന്വേഷണം നേതാക്കളിലേക്ക് എത്താനുള്ള ഏക കണ്ണി കുഞ്ഞനന്തനായിരുന്നുവെന്നും, കുഞ്ഞനന്തൻ ഭക്ഷ്യ വിഷബാധയേറ്റാണ് മരിച്ചത്. കണ്ണൂരിലെ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും കൊന്നവർ കൊല്ലപ്പെട്ടിട്ടുണ്ടന്നും മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി വ്യക്തമാക്കി. മലപ്പുറം കൊണ്ടോട്ടി മുസ്‌ലീം ലീഗ് മുനിസിപ്പൽ സമ്മേളന വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സപ്ലൈകോയിൽ അനുവാദം വാങ്ങിച്ച് ദൃശ്യങ്ങൾ പകർത്തുന്നതിന് തെറ്റില്ലെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ. അനിൽ. അനുവാദം ഇല്ലാതെ ഓൺലൈൻ മാധ്യമങ്ങളെന്നപേരിൽ എല്ലാവരും വരികയാണെന്നും അനുവാദം വാങ്ങി ദൃശ്യങ്ങൾ എടുക്കുന്നതിൽ തെറ്റില്ലെന്നും ഭക്ഷ്യമന്ത്രി പറഞ്ഞു. മാധ്യമങ്ങളെ ഔട്ട്‌ലറ്റുകളിൽ പ്രവേശിപ്പിക്കരുതെന്നും ദൃശ്യങ്ങളെടുക്കാൻ അനുവദിക്കരുതെന്നും സപ്ലൈകോ എം.ഡി. ശ്രീരാം വെങ്കിട്ടരാമൻ ഉത്തരവിറക്കിയിരുന്നു.
കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഹയർസെക്കൻഡറി അധ്യാപകരുടെ പൊതു സ്ഥലംമാറ്റം സ്റ്റേ ചെയ്തതിനെ തുടർന്ന് ഇതുമായി ബന്ധപ്പെട്ടുള്ള നടപടികൾ നിർത്തിവെച്ചതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
ഹയർസെക്കൻഡറി അധ്യാപകരുടെ പൊതു സ്ഥലം മാറ്റം പരിഗണിക്കുമ്പോൾ മാതൃജില്ല, സമീപ ജില്ല എന്നിവ ഒഴിവാക്കി ഔട്ട് സ്റ്റേഷൻ ഡ്യൂട്ടിക്കു മതിയായ മുൻഗണന നൽകണമെന്ന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ നിർദേശിച്ചിരുന്നു. എന്നാൽ ഈ നിർദേശം പരിഗണിക്കാതെ വെള്ളിയാഴ്ച സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ചു. ഇതാണ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സ്റ്റേ ചെയ്തത്. പത്തു ദിവസത്തിനകം ഔട്ട് സ്റ്റേഷൻ ഡ്യൂട്ടിക്കു മതിയായ മുൻഗണന നൽകി പുതിയ പട്ടിക പ്രസിദ്ധീകരിക്കണമെന്നും നിർദേശമുണ്ട്.
ഭാരത് മണ്ഡപത്തിൽ നടന്ന ബിജെപിയുടെ ദേശീയ കൗൺസിൽ യോഗത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള ഗാനം പുറത്തിറക്കി. ഫിർ ഏക് ബാർ മോദി സർക്കാർ എന്ന പ്രചാരണ ഗാനം 24 വ്യത്യസ്‌ത ഭാഷകളിലാണ് ഉള്ളത്. മോദി സർക്കാരിൻ്റെ വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടുന്നതാണ് ഗാനത്തിൻ്റെ പ്രമേയം. ആറ് മിനിറ്റ് ദൈർഘ്യമുള്ള ഗാനത്തിൽ ചന്ദ്രയാൻ-3 ദൗത്യം, രാമക്ഷേത്ര നിർമ്മാണം തുടങ്ങിയ നേട്ടങ്ങളും വിവരിക്കുന്നുണ്ട്.
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നടത്തുന്ന പദയാത്ര ആലത്തൂരിൽ എത്തിയപ്പോൾ പ്രചാരണ ഗാനം മാറിയതിൽ വിശദീകരണവുമായി സോഷ്യൽ മീഡിയ ടീം. പദയാത്ര തത്സമയം നൽകുന്ന ബിജെപി കേരളം എന്ന യൂട്യൂബ് ചാനലിലൂടെയാണ് അഴിമതിക്ക് പേര് കേട്ട കേന്ദ്രഭരണ തന്ത്രമിന്ന് തച്ചുടക്കാൻ അണിനിരക്ക കൂട്ടരേ എന്ന ഗാനം പുറത്തുവന്നത്. ജനറേറ്റർ കേടായപ്പോൾ യൂട്യൂബിൽ നിന്ന് ഗാനങ്ങൾ എടുത്തതാണ് പ്രശ്നത്തിന് കാരണമെന്ന് പാർട്ടിക്ക് വിശദീകരണം നൽകി. ഉത്തരേന്ത്യാ മാതൃകയിൽ എസ്‍സി-എസ്ടി വിഭാഗക്കാർക്കൊപ്പം ഉച്ചഭക്ഷണമെന്ന് പോസ്റ്ററിൽ എഴുതിയത് വിവാദമായിരിക്കെയാണ് ബിജെപിക്ക് വീണ്ടും അമളി പറ്റുന്നത്.
കെ.സുരേന്ദ്രന്റെ പദയാത്രയില്‍ കേന്ദ്രസര്‍ക്കാരിന്‍റെ ഭരണത്തെ വിമര്‍ശിക്കുന്ന പാട്ട് ഉള്‍പ്പെട്ടതില്‍ ബിജെപി ഐടി സെല്‍ ചെയര്‍മാന്‍ എസ്. ജയശങ്കറിനെ മാറ്റണമെന്ന് കേന്ദ്രനേതൃത്വത്തോട് കെ. സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. നേതൃത്വത്തെ വിമര്‍ശിക്കുന്ന പാട്ട് പാര്‍ട്ടിയുടെ ഫെയ്സ് ബുക്കിൽ വന്നതിനെത്തുടര്‍ന്നാണ് നടപടി.
സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമായ എക്സിലെ ചില അക്കൗണ്ടുകള്‍ക്കും പോസ്റ്റുകള്‍ക്കുമെതിരെ നടപടിയെടുക്കാൻ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടുവെന്ന് വെളിപ്പെടുത്തല്‍. അക്കൗണ്ടുകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും,ചില അക്കൗണ്ടുകള്‍ പിന്‍വലിച്ചിരുന്നുവെന്നും എക്സ് വ്യക്തമാക്കി. എന്നാല്‍ നിയമനടപടി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യത്തെ ബാധിക്കുന്നതാണെന്നും ഇതിനോട് വിയോജിക്കുന്നതായും എക്സ് പ്ലാറ്റ് ഫോം അധികൃതര്‍ അറിയിച്ചു.
ബൈജൂസ് ആപ്പിന്‍റെ ഉടമയും മലയാളിയുമായ ബൈജു രവീന്ദ്രനെതിരെ ഇഡി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. ബൈജൂസ് വിദേശനാണ്യ വിനിമയ ചട്ട ലംഘനം അടക്കം നിരവധി കേസുകൾ നേരിടുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇദ്ദേഹം രാജ്യം വിടാതിരിക്കാനാണ് ലുക്കൗട്ട് നോട്ടീസ് പുറത്തുവിട്ടതെന്നാണ് ഔദ്യോഗിക വിശദീകരണം. നാളെ ബൈജു രവീന്ദ്രനെ കമ്പനിയിൽ നിന്ന് നീക്കാനായി മാര്‍ക് സക്കർബർഗ് അടക്കമുള്ള നിക്ഷേപകർ അസാധാരണ ജനറൽ ബോഡി മീറ്റിംഗ് വിളിച്ചിട്ടുണ്ട്. ഈ യോഗത്തിലേക്ക് ബൈജു രവീന്ദ്രനെ ക്ഷണിച്ചിട്ടില്ല.
സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന റിപ്പോർട്ടിനെ തുടർന്ന് വയനാട്ടിലെ 23 റിസോർട്ടുകളിൽ ജിഎസ്ടി റെയ്ഡ്. നാടിലത്തു മാത്രം പത്തുകോടിയുടെ തട്ടിപ്പ് കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. ബില്ലുകുറച്ച് കാണിച്ച് റിസോര്‍ട്ടുകളില്‍ ജിഎസ്ടി വെട്ടിപ്പ് നടത്തുന്നുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
തിരുവനന്തപുരം പേട്ടയില്‍ രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കുട്ടിയെ കിട്ടിയതിനാല്‍ നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ അനുവദിക്കണമെന്നും തുടര്‍നടപടികളോട് താല്‍പര്യം ഇല്ലെന്നും ബന്ധുക്കള്‍ അറിയിച്ചു.
തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്ത് വീട്ടിലെ പ്രസവത്തിനിടെ സ്ത്രീയും കുഞ്ഞും മരിച്ച സംഭവത്തിൽ, ഭർത്താവ് നയാസിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. നരഹത്യാകുറ്റം ചുമത്തിയ കേസിൽ കൂടുതൽ പേരെ പ്രതിചേർക്കേണ്ടത് ഉണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ഇയാളുടെ ആദ്യഭാര്യയും, മകളും ചേർന്നാണ് പ്രസവം എടുത്തതെന്നാണ് വിവരം. ഇക്കാര്യങ്ങളും, അക്യുപങ്ചർ ചികിത്സ നൽകിയതുമൊക്കെ അന്വേഷണ പരിധിയിലാണെന്ന് പോലീസ് അറിയിച്ചു.
മലപ്പുറം എടവണ്ണപ്പാറയിൽ 17 വയസുകാരിയുടെ മൃതദേഹം ചാലിയാറിൽ കണ്ടെത്തിയ സംഭവത്തില്‍ കരാട്ടെ അധ്യാപകൻ സിദ്ധിഖ് അലി അറസ്റ്റിലായി. പെൺകുട്ടിയെ കരാട്ടെ മാസ്റ്റർ പീഡനത്തിന് ഇരയാക്കിയെന്ന കുടുംബത്തിന്‍റെ പരാതിയിലാണ് വാഴക്കാട് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾ നേരത്തെയും മറ്റൊരു പോക്സോ കേസിൽ റിമാൻഡിലായിട്ടുണ്ട്.
തൃശൂർ കേരളവര്‍മ കോളജില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായതിനെ തുടർന്ന് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു. പരുക്കേറ്റ നിലയില്‍ രണ്ട് വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍ ചികിത്സ തേടി. മര്‍ദനമേറ്റവര്‍ മുന്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകരാണ്. കോളജില്‍ നടത്തുന്ന നാടക റിഹേഴ്‌സലുമായി ബന്ധപ്പെട്ട് ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്.
ചലോ ദില്ലി മാർച്ച് രണ്ട് ദിവസത്തേക്ക് നിർത്തി വെച്ചതായി സംയുക്ത കിസാൻ മോർച്ച രാഷ്ട്രീയേതര വിഭാഗം അറിയിച്ചു. കർഷക പ്രക്ഷോഭത്തിനിടെ യുവ കർഷകൻ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് നടപടി. അതോടൊപ്പം യുവ കർഷകൻ മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കാൻ കർഷക സംഘടനകള്‍ തീരുമാനിച്ചു. ഹരിയാന പൊലീസും കേന്ദ്ര സേനയും കർഷകർക്ക് നേരെ വെടി ഉതിർത്തുവെന്നാണ് ആരോപണം. ഖനൗർ അതിർത്തിയിൽ ആണ് യുവ കർഷകൻ ശുഭ് കരൺ സിംഗ് കൊല്ലപ്പെട്ടത്. പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം ഉത്തരവാദികളായവർക്ക് എതിരെ നടപടി എടുക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ വ്യക്തമാക്കി.
മണിപ്പൂരിലെ സമാധാന അന്തരീക്ഷം തകര്‍ക്കപ്പെടാൻ കാരണമായ ഉത്തരവിൽ നടപടി. സംസ്ഥാനത്തെ പ്രബല വിഭാഗമായ മെയ്തെകൾക്ക് എസ്‌ടി പദവി നൽകുന്നത് പരിഗണിക്കാമെന്ന ഭാഗം വിവാദ ഉത്തരവിൽ നിന്ന് ഹൈക്കോടതി നീക്കി. എന്നാൽ ഉത്തരവിലെ ഒരു പാരഗ്രാഫ് മാത്രം നീക്കിയത് കൊണ്ട് യാതൊന്നും സംഭവിക്കില്ലെന്നും ബാക്കി ഭാഗങ്ങളിൽ ഇത് സംബന്ധിച്ച് പറയുന്നുണ്ടല്ലോ എന്നുമാണ് കുക്കി വിഭാഗം പറയുന്നത്.
ക്രിസ്ത്യൻ സമുദായത്തെക്കുറിച്ചുള്ള പരാമർശങ്ങളുടെ പേരിൽ ബിജെപി തനിക്കെതിരെ പ്രചാരണം നടത്തുകയാണെന്ന് തൃണമൂൽ കോൺഗ്രസ് കൗൺസിലർ അനന്യ ബാനർജി. തൻ്റെ പ്രസംഗത്തിൻ്റെ എഡിറ്റ് ചെയ്ത ഭാഗം ഉപയോഗിച്ച് ബിജെപി കുപ്രാചരണം നടത്തുകയാണെന്നും അവർ ആരോപിച്ചു. തിങ്കളാഴ്ച കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷനിലാണ് അനന്യ ബാനർജിയുടെ വിവാദ പരാമർശമുണ്ടായത്.
അമേരിക്കയിൽ ഇന്ത്യൻ വിദ്യാർത്ഥിനി ജാൻവി കണ്ടുല അമിത വേഗതയിലെത്തിയ യുഎസ് പൊലീസിന്‍റെ പട്രോളിങ് വാഹനമിടിച്ച് ജനുവരിയിലാണ് സിയാറ്റിലില്‍ വെച്ച് കൊല്ലപ്പെട്ടത്. സംഭവത്തിൽ മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിയായ പൊലീസ് ഉദ്യോഗസ്ഥനെതിരായ കുറ്റങ്ങള്‍ ഒഴിവാക്കി. എന്നാൽ വിദ്യാർത്ഥിനിയുടെ മരണത്തിന് ശേഷം ഔദ്യോഗിക പദവിക്ക് ചേരാത്ത തരത്തിൽ പെരുമാറിയതിന് ഇയാൾക്കെതിരായ അച്ചടക്ക നടപടികളിൽ മാർച്ച് നാലിന് വാദം കേൾക്കും.
റഷ്യയിൽ സെക്യൂരിറ്റി ജോലിയെന്ന വ്യാജവാഗ്ദാനം ചെയ്ത് ഇന്ത്യക്കാരെ കൂലിപ്പട്ടാളത്തില്‍ ചേര്‍ത്തെന്നു പരാതി. തെലങ്കാന, കശ്മീര്‍ എന്നിവിടങ്ങളില്‍ നിന്നു രണ്ടുപരും കർണാടകയിൽ നിന്നു മൂന്നും ഗുജറാത്ത്,യുപി എന്നിവിടങ്ങളില്‍ നിന്നായി ഒരാള്‍ വീതവുമാണ് റഷ്യയില്‍ കുടുങ്ങിയത്.
ഐപിഎല്‍ 2024 സീസണിന്‍റെ ആദ്യഘട്ട മത്സരക്രമം ഇന്ന് പ്രഖ്യാപിക്കും. മാർച്ച് 22ന് ചെന്നൈ സൂപ്പർ കിംഗ്സിന്‍റെ ഹോം മൈതാനിയായ ചെപ്പോക്ക് എം എ ചിദംബരം സ്റ്റേഡിയത്തിലാണ് ഇന്ത്യന്‍ പ്രീമിയർ ലീഗിന്‍റെ 17-ാം എഡിഷന് തുടക്കമാവുക.
.