വിഎച്ച്എപി നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാരില്‍നിന്ന് കല്‍ക്കട്ട ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. പശ്ചിമ ബംഗാളിലെ സിലിഗുരി സഫാരി പാർക്കിലെ സിംഹങ്ങളുടെ പേര് വിവാദത്തില്‍ ഹര്‍ജിക്കാര്‍ ഉന്നയിക്കുന്ന പേര് പെണ്‍ സിംഹത്തിന് നല്‍കിയിട്ടുണ്ടോയെന്ന് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.ഹർജിക്കാർ പറയുന്ന പേര് നൽകിയിട്ടില്ലെങ്കിൽ വാദം തുടരില്ലെന്നും പേര് നൽകിയിട്ടുണ്ടെങ്കിൽ അക്കാര്യം പരിശോധിക്കാമെന്നും കോടതി വ്യക്തമാക്കി.
കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി ഭൂപേന്ദർ യാദവ് വയനാട്ടിലെത്തി.വയനാട് ജില്ലയിൽ വന്യമൃഗ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ സ്ഥിതി ഗതികൾ വിലയിരുത്താൻ ആണ് അദ്ദേഹം എത്തിയത്. ബത്തേരി ദൊട്ടപ്പൻകുളത്ത് ഗ്രാൻ്റ് ഐറിസ് ഹോട്ടലിൽ ബി ജെ പി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുകയാണ് കേന്ദ്രമന്ത്രി.
ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർത്ഥികളുടെ അന്തിമ പട്ടികയായി. സംസ്ഥാന നേതൃത്വത്തിന്‍റെ തീരുമാനത്തിന് ശേഷം പിബി അനുമതിയോടെ ഔദ്യോഗികമായി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നത് ഈ മാസം 26 നായിരിക്കും. ആലത്തൂരിൽ കെ. രാധാകൃഷ്ണൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ കെ ശൈലജ എംഎല്‍എ വടകരയിലും ടി എം തോമസ് ഐസക് പത്തനംതിട്ടയിലും എളമരം കരീം കോഴിക്കോടും മത്സരിക്കും.
ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ഹൈക്കോടതി കുറ്റക്കാരെന്ന് വിധിച്ച സിപിഎം നേതാക്കൾ ജ്യോതി ബാബുവും കെ.കെ കൃഷ്ണനും കോഴിക്കോട് വിചാരണ കോടതിയിൽ കീഴടങ്ങി. ജ്യോതി ബാബുവിനെ ആംബുലൻസിലാണ് കോടതിയിൽ എത്തിച്ചത്. ഇരുവരെയും ജില്ലാ ജയിലിലേക്ക് മാറ്റാനും ആവശ്യമെങ്കിൽ വൈദ്യസഹായം നൽകാനും വിചാരണ കോടതി നിര്‍ദ്ദേശിച്ചു.
ബിജെപി പദയാത്രാ പ്രചരണ ഗാനത്തിൽ ‘കേന്ദ്രസർക്കാർ അഴിമതിക്കാർ’ എന്ന് വിശേഷിപ്പിച്ചതില്‍, കെ സുരേന്ദ്രൻ വിശദീകരണം തേടി. പദയാത്രയുടെ നോട്ടീസും പ്രചരണ ഗാനവും പാർട്ടിക്ക് നാണക്കേട് ഉണ്ടാക്കിയ സാഹചര്യത്തിലാണ് ഐടി സെൽ ചെയർമാനോട് കെ സുരേന്ദ്രൻ വിശദീകരണം ആവശ്യപ്പെട്ടത്.
കോൺഗ്രസിന്റെ മരവിപ്പിച്ച ബാങ്ക് അക്കൗണ്ടിലെ തുകയിൽ നിന്നും 65 കോടി രൂപ ഈടാക്കി ആദായ നികുതി വകുപ്പ്. 115 കോടി രൂപ പിഴയുടെ ഒരു ഭാഗമാണ് ഈടാക്കിയതെന്നാണ് ആദായ നികുതി വകുപ്പിന്‍റെ വിശദീകരണം. നടപടിക്കെതിരെ ആദായ നികുതി അപ്പീൽ ട്രിബ്യൂണലിൽ കോൺഗ്രസ് പരാതി നൽകിയിട്ടുണ്ട്. പരാതി പരിഗണിക്കുന്നത് വരെ തൽസ്ഥിതി തുടരാൻ ട്രിബ്യൂണൽ നിർദ്ദേശം നല്‍കി.
റവന്യൂ, സർവേ – ഭൂരേഖ വകുപ്പുകളിലെ മികച്ച ജീവനക്കാർക്കുള്ള 2024ലെ റവന്യൂ അവാർഡുകൾ മന്ത്രി കെ രാജൻ പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലാ കളക്ടർ ജെറോമിക് ജോർജിനാണ് മികച്ച ജില്ലാ കളക്ടർക്കുള്ള പുരസ്‌കാരം. തിരുവനന്തപുരം കളക്ടറേറ്റ് മികച്ച കളക്ടറേറ്റായും തെരഞ്ഞെടുത്തു. ഉദ്യോഗസ്ഥർക്കും വിവിധ ഓഫിസുകൾക്കും സർവേ – ഭൂരേഖാ വകുപ്പിലെ വിവിധ തസ്തികയിലുള്ള ജീവനക്കാർക്കുമാണു പുരസ്‌കാരങ്ങൾ നൽകുന്നത്.
പുതുപ്പള്ളി മൃഗാശുപത്രിയിലെ താൽക്കാലിക ജീവനക്കാരി സതിയമ്മയെ പുറത്താക്കിയതിനെതിരായ പ്രതിഷേധത്തിന്, വിഡി സതീശൻ അടക്കം 17 കോൺഗ്രസ് പ്രവർത്തകർക്കെതിരെ എടുത്ത കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് വിഡി സതീശൻ അടക്കമുള്ളവർ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് കെ ബാബുവിന്‍റെ നടപടി.
പുൽപ്പള്ളിയിലുണ്ടായ സംഘർഷത്തില്‍ മൂന്ന് പേർ കൂടി അറസ്റ്റിൽ. ബാബു(47), ഷെബിന്‍ തങ്കച്ചന്‍(32), ജിതിന്‍ 20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.ന്യായവിരുദ്ധമായി സംഘം ചേരല്‍, ഔദ്യോഗിക കൃത്യ വിര്‍വഹണം തടസപ്പെടുത്തല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് അറസ്റ്റ്.
കേരളം സംരംഭക സൗഹൃദമല്ലെന്ന നിലയിലുള്ള പ്രചരണം അഴിച്ചുവിടുന്നത് കേരള വിരുദ്ധരായ കുറച്ചാളുകൾ മാത്രമാണെന്ന് മന്ത്രി പി രാജീവ്. എത്ര വലിയ സംരംഭങ്ങളും ആരംഭിക്കാൻ സാധിക്കുന്ന നാടായി കേരളം മാറിയിരിക്കുന്നുവെന്നാണ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞതെന്ന് മന്ത്രി വിശദീകരിച്ചു.
സ്ത്രീപക്ഷ നവകേരളം എന്ന ലക്ഷ്യത്തോടെ, മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന മുഖാമുഖം നവകേരള സ്ത്രീ സദസ്സ് വ്യാഴാഴ്ച രാവിലെ 9.30 മുതല്‍ 1.30 വരെ എറണാകുളം നെടുമ്പാശ്ശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍. ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും.
ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കാൻ സംസ്ഥാന സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് വി.ഡി സതീശൻ. സമരാഗ്നി യാത്രയുടെ ഭാഗമായി ഇടുക്കിയിൽ എത്തിയ അദ്ദേഹം, ഭൂപ്രശ്നങ്ങൾ പരിഹരിക്കാൻ വൈകുന്നത് സിപിഎം നേതാക്കൾ കൈയ്യേറ്റക്കാരുടെ പട്ടികയിൽ ഉള്ളത് കൊണ്ടാണ് എന്ന് കുറ്റപ്പെടുത്തി. കോടതിയിൽ പറയുന്ന നിലപാടിന് വിരുദ്ധമായാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ.എം എബ്രഹാമിന് ക്യാബിനറ്റ് പദവി . ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്. പൊലിസ് വകുപ്പില്‍ 190 പൊലിസ് കോണ്‍സ്റ്റബിള്‍-ഡ്രൈവര്‍ തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനമായി.
ഉന്നത വിദ്യാഭ്യാസ മന്ത്രിക്കെതിരെ കേരളാ യൂണിവേഴ്സിറ്റി വിസിയുടെ റിപ്പോർട്ട്. കേരള സെനറ്റ് യോഗത്തിലെ സംഘർഷവുമായി ബന്ധപ്പെട്ട്താൻ വിളിച്ച യോഗത്തിൽ മന്ത്രി സ്വന്തം നിലക്ക് അധ്യക്ഷയാകുകയായിരുന്നുവെന്ന് വിസി നൽകിയ റിപ്പോർട്ടിൽ ആരോപിച്ചു. സെർച്ച് കമ്മിറ്റിയിലേക്കുള്ള നോമിനികളുടെ പേര് വിവരങ്ങളും റിപ്പോർട്ടിലൂടെ വി സി കൈമാറിയിട്ടുണ്ട്.
ശൈലജ ടീച്ചർക്ക് വളരെ ദയനീയമായ പരാജയം നേരിടേണ്ടി വരുമെന്ന് എംഎൽഎ കെകെ രമ. വടകരയിൽ ടീച്ചർ വന്ന് മത്സരിക്കാതിരിക്കുന്നതാണ് നല്ലത് എന്നും കെ കെ രമ പറഞ്ഞു. ശൈലജ ടീച്ചർ മത്സരരംഗത്തേക്കെത്തുന്നത് കൊണ്ട് ആർഎംപിയ്ക്ക് യാതൊരു പ്രശ്നവുമില്ലെന്നും കെകെ രമ പറഞ്ഞു.
ലോൺ ആപ്പില്‍ നിന്ന് ഭീഷണി നേരിട്ടതിന് പിന്നാലെ ആത്മഹത്യ ചെയ്ത കേസിൽ നാല് ഗുജറാത്ത് സ്വദേശികളെ മീനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു. ബാക്സറ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് പ്രതികളെ പിടിച്ചത്. പ്രതികളിൽ നിന്ന് 4 മൊബൈൽ ഫോൺ, ഒരു ഇന്റർനെറ്റ് മോഡം എന്നിവ പിടിച്ചെടുത്തു.