വയനാട്ടില്‍ ജനരോഷം ആളിക്കത്തുന്നു. പുല്‍പ്പളളിയില്‍ കൂട്ടം ചേര്‍ന്നെത്തിയ ജനം വനംവകുപ്പിന്റെ ജീപ്പിന്റെ കാറ്റ് അഴിച്ചുവിട്ടു, റൂഫ് വലിച്ചുകീറി. ജീപ്പിന് മുകളില്‍ റീത്ത് വെച്ച് പ്രതിഷേധിച്ചു. കേണിച്ചിറയില്‍ കണ്ടെത്തിയ പാതി നിന്ന നിലയിലുളള പശുവിന്റെ ജഡവും പ്രതിഷേധക്കാര്‍ വനംവകുപ്പ് ജീപ്പിന് മുകളില്‍ കയറ്റിവെച്ച് പ്രതിഷേധിച്ചു.
വയനാട്ടില്‍ വന്യജീവി ആക്രണത്ത വിഷയത്തില്‍ ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ മാസം 20ന് രാവിലെ വയനാട്ടില്‍ ഉന്നതല യോഗം ചേരാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. റവന്യു, വനം, തദ്ദേശസ്വയംഭരണം വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തില്‍ ചേരുന്ന ഉന്നതല യോഗത്തില്‍ വയനാട് ജില്ലയിലെ തദ്ദേശ ജനപ്രതിനിധികളടക്കമുള്ള മുഴുവന്‍ ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരടക്കമുള്ള എല്ലാ ഉദ്യോഗസ്ഥരും പങ്കെടുക്കും.
വന്യമൃഗങ്ങള്‍ കാടിറങ്ങുന്നത് തടയാന്‍ ജില്ലയിലെ പഞ്ചായത്ത് പ്രസിഡണ്ടുമാരെ ഉള്‍പ്പെടുത്തി പ്രത്യേക പദ്ധതി തയ്യാറാക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍. പോളിന് ചികിത്സ നല്‍കുന്ന കാര്യത്തില്‍ പിഴവുണ്ടായെന്ന കുടുംബത്തിന്റെ പരാതി അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.
തനിക്കെതിരായ പ്രതിഷേധങ്ങളില്‍ എസ്എഫ്ഐ- പിഎഫ്ഐ കൂട്ടുകെട്ടുണ്ടെന്ന് ആരോപണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. യൂണിവേഴ്‌സിറ്റി നടപടികളില്‍ പ്രൊ ചാന്‍സലര്‍ ഇടപെടരുതെന്ന് കോടതി വിധിയുണ്ടെന്നും കോടതിയോട് അവര്‍ക്ക് ബഹുമാനമില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം മണ്ഡലത്തില്‍ നിന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ നിന്ന് ഫ്രാന്‍സിസ് ജോര്‍ജ് മത്സരിക്കും. സിറ്റിങ് എംപി തോമസ് ചാഴികാടനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി.
തൃശൂരിലെ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് ഇനി മാസപ്പടി നല്‍കില്ലെന്ന് ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍സ് അസോസിയേഷന്‍. വര്‍ഷത്തില്‍ 15 തവണ മുപ്പതിനായിരം രൂപ വീതം ബാര്‍ ഒന്നിന് നല്‍കേണ്ടി വന്നെന്ന പരാതിയിലാണ് സംഘടനയുടെ ഈ തീരുമാനം.
കാഞ്ഞങ്ങാട് ആവിക്കരയില്‍ സൂര്യപ്രകാശ് (62), ഭാര്യ ഗീത, അമ്മ ലീല എന്നിവരെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. വാച്ച് റിപ്പയറിംഗ് കട നടത്തുന്ന സൂര്യപ്രകാശ് അമ്മയേയും ഭാര്യയേയും വിഷം കൊടുത്ത് കൊന്ന ശേഷം ജീവനൊടുക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
കുറ്റിക്കാട്ടൂര്‍ സൈനബ വധക്കേസില്‍ കോഴിക്കോട് ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കസബ പോലീസ് കുറ്റപത്രം നല്‍കി. നാല് പ്രതികള്‍ക്ക് എതിരെയാണ് കുറ്റപത്രം.
തെരുവുനായയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുതി തൂണില്‍ ഇടിച്ച് പരിക്ക് പറ്റി ചികിത്സയിലായിരുന്ന കൊല്ലം പന്മന പുതുവിളയില്‍ നിസാര്‍ (45) മരിച്ചു. കൊല്ലം ചവറയില്‍ ഈ മാസം ഒന്‍പതിനാണ് അപകടം നടന്നത്.
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വീണ്ടും തിരിച്ചടി. അധിക വായ്പ നേടാന്‍ സ്വന്തം കമ്പനികളുടെ മൂല്യം പെരുപ്പിച്ച് കാട്ടി ബാങ്കുകളെയും ഇന്‍ഷുറന്‍സ് കമ്പനികളെയും വഞ്ചിച്ച കേസിലാണ് ന്യൂയോര്‍ക്കിലെ കോടതി ശിക്ഷ വിധിച്ചത്. 355 മില്യണ്‍ ഡോളര്‍ പിഴയാണ് പ്രധാന ശിക്ഷ. ഇതിന് പുറമെ ന്യൂയോര്‍ക്കില്‍ ഒരു കമ്പനിയുടെയും ഓഫീസറായോ ഡയറക്ടറ്റായോ ചുമതല വഹിക്കുന്നതില്‍ നിന്നും ന്യൂയോര്‍ക്കിലെ ബാങ്കുകളില്‍ നിന്ന് അടക്കം വായ്പകള്‍ക്ക് അപേക്ഷിക്കുന്നതില്‍ നിന്നും മൂന്ന് വര്‍ഷത്തേക്ക് ട്രംപിനെ കോടതി വിലക്കിയിട്ടുണ്ട്.
ഇംഗ്ലണ്ടിനെതിരായ രാജ്കോട്ട് ടെസ്റ്റില്‍ നിന്ന് ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്ര അശ്വിന്‍ പിന്‍മാറി. അമ്മയുടെ അസുഖം കാരണമാണ് മൂന്നാം ടെസ്റ്റിനിടയില്‍ നിന്ന് അശ്വിന്‍ നാട്ടിലേക്ക് മടങ്ങിയത്. മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനം പൂര്‍ത്തിയായതിന് പിന്നാലെയാണ് അശ്വിന്‍ വീട്ടിലേക്ക് മടങ്ങിയത്.