ഫ്രാന്‍സിന് പിന്നാലെ യുപിഐ സേവനം ഇനി ശ്രീലങ്കയിലും മൗറീഷ്യസിലും. ഒരാഴ്ച മുന്‍പാണ് ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനമായ യുപിഐ ഫ്രാന്‍സില്‍ അവതരിപ്പിച്ചത്. ഇതോടൊപ്പം മൗറീഷ്യസില്‍ ഇന്ത്യയുടെ റുപേ കാര്‍ഡും അവതരിപ്പിക്കും. ശ്രീലങ്ക, മൗറീഷ്യസ് എന്നിവയുമായുള്ള ഇന്ത്യയുടെ ബന്ധം കണക്കിലെടുക്കുമ്പോള്‍, യുപിഐ സേവനം അവതരിപ്പിക്കുന്നത് രാജ്യങ്ങള്‍ തമ്മിലുള്ള ഡിജിറ്റല്‍ കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കാന്‍ സഹായകമാകും. കൂടാതെ ഇത് വലിയ വിഭാഗം ജനങ്ങള്‍ക്ക് ഏറെ പ്രയോജനം ചെയ്യുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഈ രണ്ടു രാജ്യങ്ങളില്‍ പോകുന്ന ഇന്ത്യക്കാര്‍ക്കും ഇന്ത്യയില്‍ വരുന്ന മൗറീഷ്യസ് പൗരന്മാര്ക്കും യുപിഐ ഉപയോഗിച്ച് ഇടപാടുകള്‍ നടത്താന്‍ സാധിക്കും. റുപേ സേവനം വിപുലീകരിക്കുന്നതോടെ മൗറീഷ്യന്‍ ബാങ്കുകള്‍ക്ക് ഇടപാടുകാര്‍ക്ക് റുപേ കാര്‍ഡുകള്‍ നല്കാന് സാധിക്കും. ഇന്ത്യയിലും മൗറീഷ്യസിലും താമസിക്കുന്നവര്‍ക്ക് ഇത് ഏറെ പ്രയോജനം ചെയ്യും. ഫെബ്രുവരി രണ്ടിനാണ് ഫ്രാന്‍സില്‍ യുപിഐ സേവനം ആരംഭിച്ചത്.