ഇറാനുമായി ബന്ധപ്പെട്ട സിറിയയിലെയും ഇറാഖിലെയും 85 കേന്ദ്രങ്ങളില്‍ അമേരിക്കന്‍ വ്യോമാക്രമണം. എത്രപേര്‍ കൊല്ലപ്പെട്ടെന്നു വ്യക്തമല്ല. കഴിഞ്ഞ ദിവസം ഇറാന്റെ പിന്തുണയുള്ള ഹൂതികളുടെ ആക്രമണത്തില്‍ മൂന്ന് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണം തുടരുമെന്ന് അമേരിക്ക മുന്നറിയിപ്പു നല്‍കി. ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കേന്ദ്രങ്ങളിലായിരുന്നു അമേരിക്കയുടെ ആക്രമണം.
ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ. അഡ്വാനിക്കു ഭാരതരത്‌ന. പ്രധാനമന്ത്രി നരേന്ദ്രമോദി എക്‌സ് പ്‌ളാറ്റ്‌ഫോമിലൂടെയാണ് പ്രഖ്യാപനം നടത്തിയത്. ഉപപ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, പ്രതിപക്ഷ നേതാവ് തുടങ്ങിയ നിലകളില്‍ അഡ്വാനി രാജ്യത്തിനു നല്‍കിയത് മഹത്തായ സംഭാവനകളാണെന്നും മോദി കുറിച്ചു.
മാനന്തവാടിയില്‍ മയക്കുവെടിവച്ച് പിടികൂടി കര്‍ണാടകയിലെ ബന്ദിപ്പൂരിലെ രാമപുര ആന ക്യാമ്പിലെത്തിച്ച തണ്ണീര്‍ കൊമ്പന്‍ ചരിഞ്ഞു. വാഹനത്തില്‍നിന്ന് ഇറക്കുന്നതോടെ കുഴഞ്ഞുവീഴുകയായിരുന്നു. വൈകാതെത്തന്നെ ചരിഞ്ഞു. കാരണം വ്യക്തമല്ല. അഞ്ചംഗ ഉന്നത സമിതി സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നു വനം മന്ത്രി എകെ ശശീന്ദ്രന്‍. 20 ദിവസത്തിനിടെ ആന രണ്ടു തവണ മയക്കുവടക്കു വിധേയമായിരുന്നു.
ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം ഏറ്റുവിളിക്കാത്ത സദസിനുനേരെ ക്ഷുഭിതയായി കേന്ദ്ര സഹമന്ത്രി മീനാക്ഷി ലേഖി. കോഴിക്കോട് ‘എവേക്ക് യൂത്ത് ഫോര്‍ നേഷന്‍’ പരിപാടിയിലാണ് കേന്ദ്രമന്ത്രി സദസിനെ ശകാരിച്ചത്. ഭാരത് മാതാ വിളിക്കു സദസില്‍നിന്ന് കാര്യമായ പ്രതികരണം ഉണ്ടാകാതിരുന്നതാണ് മന്ത്രിയെ പ്രകോപിതയാക്കിയത്.
വിവരാവകാശ നിയമം നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരെ പിടികൂടാന്‍ സര്‍ക്കാര്‍ ഓഫിസുകളില്‍ മിന്നല്‍ പരിശോധന നടത്തുമെന്നു വിവരാവകാശ കമ്മീഷന്‍. അപേക്ഷകള്‍ പരിഗണിക്കുന്നതില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തുവെന്ന വിലയിരുത്തലിലാണ് തീരുമാനം. സര്‍ക്കാരിന്റെ പല വെബ്‌സൈറ്റുകളിലും അടിസ്ഥാന വിവരങ്ങള്‍ ഇല്ലെന്നും സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ എ. അബ്ദുല്‍ ഹക്കീം പറഞ്ഞു.
കേരള സാഹിത്യ അക്കാദമി സംഘടിപ്പിച്ച അന്താരാഷ്ട്ര സാഹിത്യോത്സവത്തില്‍ പ്രഭാഷണം നടത്തിയ തനിക്കു തന്നത് വെറും 2400 രൂപയാണെന്നും ടാക്‌സി വാടക 3,500 രൂപയായെന്നും കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്. കുമാരനാശാന്റെ കരുണാകാവ്യത്തെക്കുറിച്ചു രണ്ടു മണിക്കൂര്‍ സംസാരിച്ചു. സീരിയലില്‍ അഭിനയിച്ചു നേടിയ പണത്തില്‍നിന്ന് 1100 രൂപ എടുത്തു നല്‍കേണ്ടിവന്നു. സാഹിത്യ അക്കാദമിയില്‍ അംഗമാകാനോ, കുനിഞ്ഞുനിന്ന് മന്ത്രിമാരില്‍നിന്ന് അവാര്‍ഡും വിശിഷ്ടാംഗത്വവും സ്വീകരിക്കാനോ ഇന്നോളം ഞാന്‍ വന്നിട്ടില്ല, വരികയുമില്ല എന്നും ചുള്ളിക്കാട് കുറിച്ചു.
വനപാലകര്‍ക്ക് കേന്ദ്രസേനയുടെ സംരക്ഷണം ആവശ്യപ്പെട്ട് കേരള ഫോറസ്റ്റ് സ്റ്റാഫ് അസോസിയേഷന്‍ ചീഫ് സെക്രട്ടറി കെബി വേണുവിന് എഴുതിയ കത്ത് പിന്‍വലിച്ചു. ഇടുക്കി മാങ്കുളത്ത് വനപാലകര്‍ക്കുനേരെയുണ്ടായ ആക്രമണത്തെ ത്തുടര്‍ന്നുണ്ടായ വൈകാരിക പ്രകടനം മാത്രമാണ് കത്തെന്ന് അസോസിയേഷന്‍ വ്യക്തമാക്കി.
താന്‍ ബിജെപിയില്‍ ചേര്‍ന്നതുകൊണ്ട് അരമനയിലെ വോട്ടെല്ലാം ബിജെപിയ്ക്കു കിട്ടുമെന്ന് പറയാന്‍ മാത്രം മഠയനല്ല താനെന്ന് പിസി ജോര്‍ജ്ജ്. ക്രിസ്ത്യന്‍ വിഭാഗത്തെ ബിജെപിയോട് അടുപ്പിക്കലാണു തന്റെ ദൗത്യമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ പത്തനംതിട്ടയില്‍ മത്സരിക്കുമെന്നും പിസി ജോര്‍ജ് പറഞ്ഞു.
മാഹിയില്‍നിന്ന് കാറില്‍ 96 കുപ്പി മദ്യം കടത്തിയ യുവതിയും യുവാവും എക്‌സൈസിന്റെ പിടിയില്‍. കോഴിക്കോട് സ്വദേശികളായ ഡാനിയല്‍, സാഹിന എന്നിവരെയാണ് എക്‌സൈസ് സംഘം അറസ്റ്റു ചെയ്തത്.
കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ 1.15 കോടി രൂപ വിലവരുന്ന സ്വര്‍ണം കേരളാ പൊലീസ് പിടികൂടി. കസ്റ്റംസിന്റെയും റവന്യൂ ഇന്റലിജന്‍സിന്റെയും കണ്ണുവെട്ടിച്ച് പുറത്തുകടന്ന പ്രതികളെ കേരളാ പൊലീസ് പിടികൂടുകയായിരുന്നു. യുഎഇയില്‍ നിന്നെത്തിയ തിരൂര്‍ സ്വദേശി റിംനാസ് ഖമറില്‍ നിന്നാണ് സ്വര്‍ണം പിടിച്ചത്. ഇയാളെ സ്വീകരിക്കാനായി എത്തിയ പാലക്കാട് ആലത്തൂര്‍ സ്വദേശി റിംഷാദിനെയും കസ്റ്റഡിയിലെടുത്തു.
പ്ലാങ്കമണ്‍ ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥി ആരോണ്‍ വി വര്‍ഗീസ് മരിച്ചത് ചികിത്സാ പിഴവു മൂലമാണെന്ന് ആരോപിച്ച് റാന്നി മാര്‍ത്തോമാ മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലേക്ക് എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. അനസ്തീഷ്യ കൊടുത്തതിലെ പിഴവാണ് കുഞ്ഞ് മരിക്കാന്‍ കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
ഗാര്‍ഹിക പീഡനത്തെത്തുടര്‍ന്ന് ഒന്നര വയസുള്ള കുട്ടിയെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ 19 വര്‍ഷത്തിനുശേഷം പൊലീസ് പിടികൂടി. തലപ്പുഴ കൊമ്മയാട് പുല്‍പ്പാറ വീട്ടില്‍ ബിജു സെബാസ്റ്റ്യന്‍ (49) ആണ് കണ്ണൂര്‍ ഉളിക്കലില്‍ തലപ്പുഴ പൊലീസിന്റെ പിടിയിലായത്.
താമരശ്ശേരിയില്‍ നിര്‍ത്തിയിട്ട ഇലക്ട്രിക് സ്‌കൂട്ടര്‍ കത്തിനശിച്ചു. പൂനൂര്‍ ചീനി മുക്കില്‍ ഭാരത് മെഡിക്കല്‍സ് ഉടമ മുഹമ്മദ് നിസാമിന്റെ സ്‌കൂട്ടറാണ് കത്തിനശിച്ചത്.
രാജ്യത്തെ ഏറ്റവും വലിയ ഓട്ടോമൊബൈല്‍ പ്രദര്‍ശനമായ ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോ 2024- ദില്ലിയില്‍ നടക്കുകയാണ്. ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ സംഘടിപ്പിച്ച ഈ പ്രദര്‍ശനം കാണാന്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തി. അപ്പോള്‍ അദ്ദേഹം പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമായിരുന്നു. സ്വന്തമായി കാറോ സൈക്കിളോ ഇല്ലാത്ത വ്യക്തിയാണ് താനെന്നും അതുകൊണ്ട് തനിക്ക് ഇവയെല്ലാം അപരിചിതമാണെന്നും എന്നാല്‍, ഇതൊക്കെ നമ്മുടെ നാട്ടില്‍ നടക്കുന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍.
പൊലീസ് സ്റ്റേഷനില്‍ ശിവസേനാ നേതാവിനെ ബിജെപി എംഎല്‍എ വെടിവച്ചു. ശിവസേനാ നേതാവായ മഹേഷ് ഗെയ്ക്ക്വാദിനാണ് ഹില്‍ ലൈന്‍ പൊലീസ് സ്റ്റേഷനില്‍ വെടിയേറ്റത്. ബിജെപി എംഎല്‍എയായ ഗണ്പത് ഗെയ്ക്ക്വാദാണ് വെടിയുതിര്‍ത്തത്. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ക്യാബിനില്‍ വസ്തു തര്‍ക്കം സംബന്ധിച്ച വാക്കേറ്റത്തിനിടെയായിരുന്നു വെടിവയ്പ്.
കോടികള്‍ നല്‍കിയും കേസുകളെടുക്കുമെന്നു ഭീഷണിപ്പെടുത്തിയും മറ്റു പാര്‍ട്ടികളിലെ എംഎല്‍എമാരെ തട്ടിയെടുത്ത് അധികാരത്തിലെത്തുന്ന ഓപറേഷന്‍ താമര നടത്താനല്ലാതെ മറ്റൊന്നിനും ബിജെപിക്ക് അറിയില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. മുന്‍മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറിനെ കോണ്‍ഗ്രസ് എംഎല്‍സി സ്ഥാനം രാജിവ്പിച്ച് ബിജെപിയിലേക്കു തിരിച്ചെത്തിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നയന്‍ വിജയ് ആരംഭിച്ച രാഷ്ട്രീയ പാര്‍ട്ടിയായ ‘തമിഴക വെട്രി കഴകം’ ഭാരവാഹികള്‍ മാന്യമായി രാഷ്ട്രീയപ്രവര്‍ത്തനം നടത്തണമെന്ന് വിജയ് നിര്‍ദശിച്ചു. വിമര്‍ശകരെയോ മറ്റു രാഷ്ട്രീയനേതാക്കളെയോ അധിക്ഷേപിക്കരുതെന്നാണു നിര്‍ദേശം. നാളെ ആരാധക കൂട്ടായ്മ ഭാരവാഹികളുമായി വിജയ് കൂടിക്കാഴ്ച നടത്തും.
താജ് മഹലിലെ ഉറൂസ് ആഘോഷം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു മഹാസഭ ആഗ്ര കോടതിയില്‍ ഹര്‍ജി നല്‍കി. ഉറൂസിന് താജ്മഹലില്‍ സൗജന്യ പ്രവേശനം നല്‍കുന്നതു വിലക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജി മാര്‍ച്ച് നാലിന് പരിഗണിക്കും.
പ്രണയത്തെ എതിര്‍ത്തതിന് മകള്‍ നല്‍കിയ വ്യാജ ബലാത്സംഗ പരാതിയില്‍ 11 വര്‍ഷം ജയിലില്‍ കിടന്ന അച്ഛനെ മധ്യപ്രദേശ് ഹൈക്കോടതി വെറുതെ വിട്ടു. 2012 -ലാണ് കാമുകന്റെ നിര്‍ദ്ദേശപ്രകാരം പെണ്‍കുട്ടി അച്ഛനെതിരെ വ്യാജ പീഡന പരാതി നല്‍കിയത്. 2013 ല്‍ അച്ഛനെ ജീവപര്യന്തം തടവിനും 10,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയപ്പോള്‍ പരാതിക്കാരിയായ പെണ്‍കുട്ടി അച്ഛന്‍ ഉപദ്രവിച്ചിട്ടില്ലെന്നു മൊഴി മാറ്റിപ്പറഞ്ഞതോടെയാണ്
വെറുതെ വിടാന്‍ ഉത്തരവിട്ടത്.