പെപ്പെയെ നായകനാക്കി നവാഗതനായ അജിത് മാമ്പള്ളി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ കന്നഡ നടനും സംവിധായകനുമായ രാജ് ബി ഷെട്ടി സുപ്രധാന വേഷം അവതരിപ്പിക്കുന്നു. ഇതുവരെ പേര് വെളിപ്പെടുത്താത്ത ചിത്രത്തിന്റെ ഷൂട്ടിംങ് കൊല്ലത്ത് പുരോഗമിക്കുന്ന അവസരത്തിലാണ് രാജ് ബി ഷെട്ടി ചിത്രത്തില്‍ ജോയിന്‍ ചെയ്തത്. തന്റെ നിറസാന്നിദ്ധ്യം അറിയിക്കാനെത്തിയ അദ്ദേഹത്തെ നിര്‍മ്മാതാവായ സോഫിയാ പോള്‍ പുഷ്പഹാരം നല്കി സ്വീകരിച്ചു. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ് നിര്‍മ്മിക്കുന്ന ഏഴാമത്തെ സിനിമയാണിത്. ഈ സിനിമ ഓണം റിലീസായി തീയറ്ററുകളിലെത്തും. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ് തന്നെയാണ് ചിത്രം തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്. റോയ്ലിന്‍ റോബര്‍ട്ട്, സതീഷ് തോന്നക്കല്‍, അജിത് മാമ്പള്ളി എന്നിവര്‍ ചേര്‍ന്ന് തിരക്കഥ രചിച്ച ഈ ചിത്രം നീണ്ടു നില്ക്കുന്ന കടല്‍ സംഘര്‍ഷത്തിന്റെ കഥയാണ് പറയുന്നത്. 100 അടിയുള്ള ബോട്ടിന്റെ വമ്പന്‍ സെറ്റാണ് ചിത്രത്തിനായ് ഒരുക്കിയിരിക്കുന്നത്. കൊല്ലം കുരീപ്പുഴയിലാണ് കാണുന്നവരെ അമ്പരിപ്പിക്കുന്ന ഈ സെറ്റ് തയ്യാറാക്കിയിരിക്കുന്നത്. രാമേശ്വരം, അഞ്ചുതെങ്ങ്, കഠിനംകുളം, വര്‍ക്കല, കൊല്ലം എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ്. നായികയായെത്തുന്നത് പുതുമുഖം താരം പ്രതിഭയാണ്. ഗൗതമി നായരും ഷബീര്‍ കല്ലറക്കലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ശരത് സഭ, നന്ദു, സിറാജ് (ആര്.ഡി.എക്സ് ഫെയിം), ജയക്കുറുപ്പ്, ആഭാ എം റാഫേല്‍, ഫൗസിയ മറിയം ആന്റണി എന്നിവരാണ് മറ്റ് വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.