പൊലീസ് ജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് സംസ്ഥാന പൊലീസ് മേധാവി ഷെയ്ക്ക് ദര്‍വേശ് സാഹിബ് വീണ്ടും സര്‍ക്കുലര്‍ ഇറക്കി. പൊലീസ് പ്രവര്‍ത്തിക്കുന്നതിന്റെ വീഡിയോ പൊതുജനങ്ങള്‍ പകര്‍ത്തുന്നുണ്ടെങ്കില്‍ തടയേണ്ടതില്ലെന്നും സര്‍ക്കുലറില്‍ പറയുന്നു. പൊലീസ് പൊതുജനങ്ങളോടു മര്യാദയോടെ പെരുമാറുന്നില്ലെന്നു ശ്രദ്ധയില്‍പ്പെട്ടതിനാലാണ് വീണ്ടും ഉത്തരവിറക്കുന്നതെന്ന് ഡിജിപി പറഞ്ഞു. ഹൈക്കോടതി നിര്‍ദ്ദേശമനുസരിച്ചണ് ഇപ്പോള്‍ സര്‍ക്കുലര്‍ പുറത്തിറക്കിയത്.
ഗവര്‍ണറുടെ സുരക്ഷാ ചുമതല സിആര്‍പിഎഫിനു കൈമാറിയതോടെ ഗവര്‍ണറുടെ വാഹനത്തിനു മുന്നിലും പിന്നിലും സിആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ വാഹനമാകും അകമ്പടിയുണ്ടാകുക. പൊലീസിന്റെ പൈലറ്റ് വാഹനവും ലോക്കല്‍ പൊലീസിന്റെ വാഹനവും വാഹന വ്യൂഹത്തിലുണ്ടാകും. കേരള പൊലീസിന്റെ കമാണ്ടോ വിഭാഗമാണ് ഗവര്‍ണര്‍ക്ക് അകമ്പടിയായി പോയിരുന്നത്. ഇസഡ് പ്ലസ് ക്യാറ്റഗറിയായി മാറിയ സാഹചര്യത്തിലാണ് കേന്ദ്ര സേനയും അകമ്പടി പോകുന്നത്.
നിയമസഭയില്‍ പ്രതിപക്ഷാംഗങ്ങളുടെ വാക്കൗട്ട്. സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിക്കു കാരണം സംസ്ഥാന സര്‍ക്കാറിന്റെ ധൂര്‍ത്തും നികുതി പിരിവിലെ കെടുകാര്യസ്ഥതയുമാണെന്ന് ആരോപിച്ച് പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയം തള്ളിയതോടെയാണ് പ്രതിപക്ഷം സഭ വിട്ടത്. എന്നാല്‍, കേന്ദ്ര സര്‍ക്കാരാണ് എല്ലാറ്റിനും ഉത്തരവാദിയെന്നായിരുന്നു ധനമന്ത്രി മറുപടി നല്‍കിയത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ കര്‍ട്ടന്‍ സ്ഥാപിക്കുന്നതിന് ഏഴു ലക്ഷം രൂപ ചെലവാക്കിയതിനെച്ചൊല്ലി നിയമസഭയില്‍ ഭരണ- പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്‌പോര്. കര്‍ട്ടന്‍ സ്വര്‍ണം പൂശിയതാണോയെന്ന് കെകെ രമ പരിഹസിച്ചു. ക്‌ളിഫ് ഹൗസില്‍ കുളമുണ്ടാക്കിയത് കോണ്‍ഗ്രസ് മുഖ്യമന്ത്രിയാണെന്നു സിപിഎം എംഎല്‍എമാര്‍ തിരിച്ചടിച്ചു.
ഗവര്‍ണര്‍ പദവിയിലിരിക്കാന്‍ ആരിഫ് മുഹമ്മദ് ഖാന്‍ യോഗ്യനല്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തിരുവനന്തപുരത്ത് ഇ എം എസ് അക്കാദമിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവര്‍ണര്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രാഷ്ട്രീയ പ്രേരിത അതിക്രമത്തിന് മുതിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കൊല്ലം നിലമേലില്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ച 12 എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം. ശനിയാഴ്ച അറസ്റ്റിലായ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് കൊട്ടാരക്കര ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
യുഡിഎഫില്‍നിന്ന് അര്‍ഹമായ പരിഗണന ലഭിക്കുന്നില്ലെന്ന് സിഎംപി. തെരഞ്ഞെടുപ്പുകളില്‍ മതിയായ പ്രാതിനിധ്യം ലഭിക്കുന്നില്ല. സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളിലടക്കം പാര്‍ട്ടി മത്സരിക്കുമ്പോഴും അവഗണിക്കുകയാണ്. കൊച്ചിയില്‍ നടന്ന പതിനൊന്നാം പാര്‍ട്ടി കോണ്‍ഗ്രസിലെ സംഘടനാ റിപ്പോര്‍ട്ടിലാണ് യുഡിഎഫിനെതിരേ വിമര്‍ശനം.
ലോകം മുഴുവന്‍ ബന്ധമുള്ള നേതാവാണെങ്കിലും രാഹുലിനെകൊണ്ട് വയനാടിന് ഒരു ഗുണവുമില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ഒരു ഉത്തരവാദിത്തബോധവുമില്ലാത്ത എംപിയാണ് രാഹുല്‍ ഗാന്ധി. എന്ത് കാര്യമാണ് അദ്ദേഹം വയനാട്ടില്‍ ചെയ്തത്? സുരേന്ദ്രന്‍ ചോദിച്ചു.
കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളിയുടെ ജാമ്യാപേക്ഷകള്‍ ഹൈക്കോടതി തള്ളി. എം എം മാത്യു മഞ്ചാടിയില്‍, സിലി എന്നിവരെ കൊലപെടുത്തിയ കേസിലെ ജാമ്യാപേക്ഷയാണ് തള്ളിയത്. കേസില്‍ ശാസ്ത്രീയ തെളിവുകള്‍ ഹൈദരാബാദ് ഫോറന്‍സിക് ലാബില്‍നിന്നു ഹാജരാക്കാന്‍ ഇനിയും പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ജോളി ജാമ്യത്തിന് അപേക്ഷിച്ചത്.
ഹൈക്കോടതി സമുച്ചയം കളമശ്ശേരിയിലേക്കു മാറ്റാനുള്ള തീരുമാനം മാറ്റണമെന്ന് കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ ജനറല്‍ ബോഡി യോഗം. ഹൈക്കോടതിക്ക് സമീപമുള്ള ഹൗസിംഗ് ബോര്‍ഡിന്റെ സ്ഥലം ഏറ്റെടുത്ത് ഹൈക്കോടതിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നാണ് അഭിഭാഷക അസോസിയേഷന്റെ ആവശ്യം.
ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസ് അന്വേഷിച്ച പോലീസ് സംഘത്തിന് റിവാര്‍ഡ് നല്‍കുമെന്ന് സംസ്ഥാന പോലീസ് മേധാവി ഡോ ഷെയ്ഖ് ദര്‍വേഷ് സാഹിബ്. വി ഐ പി സുരക്ഷാ വിഭാഗം ഡെപ്യൂട്ടി കമ്മീഷണറുമായ ജി ജയദേവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.
കണ്ണൂരില്‍നിന്ന് മംഗളൂരു വഴി ബംഗളൂരുവിലേക്കു സര്‍വീസ് നടത്തുന്ന ബംഗളൂരു- കണ്ണൂര്‍ എക്‌സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടും. ഇത് കോഴിക്കോട് – ബംഗളൂരു റൂട്ടിലെ യാത്രക്കാര്‍ക്ക് ഗുണമാകും. ഗോവ- മംഗളൂരു വന്ദേഭാരതും കോഴിക്കോട്ടേക്ക് നീട്ടാന്‍ ശ്രമം തുടങ്ങിയെന്നും എം.കെ. രാഘവന്‍ എം.പി അറിയിച്ചു.
കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യാതെ വില്പനയ്ക്കായി പ്ലോട്ട് വികസിപ്പിച്ച പ്രൊമോട്ടര്‍ക്ക് കെ-റെറ (കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി) കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.
മലപ്പുറം ജില്ല പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റിയില്‍ 14.37 ഏക്കര്‍ ഭൂമിയില്‍ പ്ലോട്ട് വികസിപ്പിച്ച ലീഡര്‍ ക്യാപിറ്റല്‍ സര്‍വീസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന പ്രൊമോട്ടര്‍ക്കാണ് അതോറിറ്റി നോട്ടീസ് അയച്ചത്.
ഇ പി ജയരാജന്‍ വധശ്രമക്കേസില്‍ അറസ്റ്റു ചെയ്തതിനെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെ സുധാകരന്‍ എംപി നല്‍കിയ മാനനഷ്ടക്കേസ് കോടതി തള്ളി. 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് തലശ്ശേരി അഡീഷണല്‍ സബ് കോടതി തള്ളിയത്. കെട്ടിവെക്കേണ്ട 3.43 ലക്ഷം രൂപ നല്‍കാന്‍ സുധാകരന്‍ തയ്യാറായിരുന്നില്ല. സുധാകരന്‍ നല്‍കിയ പാപ്പര്‍ ഹര്‍ജി കോടതി നേരത്തെ തള്ളിയിരുന്നു.
കോഴിക്കോട് ചക്കിട്ടപ്പാറയിലെ ജോസഫിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രാദേശിക മാധ്യമപ്രവര്‍ത്തകനെതിരെ കേസെടുക്കണമെന്ന് സിപിഎം ഭരിക്കുന്ന ചക്കിട്ടപാറ പഞ്ചായത്ത് പ്രമേയം പാസാക്കി. പഞ്ചായത്ത് പാസാക്കിയ പ്രമേയം മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും അയച്ചു.
ബിജെപി കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം ധനേഷ് മൊത്തങ്ങ സിപിഎമ്മില്‍ ചേര്‍ന്നു. ആര്‍എസ്എസ് മുന്‍ താലൂക്ക് കാര്യവാഹുമായിരുന്ന ധനേഷ് മൊത്തങ്ങയെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജനാണ് ചുവന്ന ഷാള്‍ അണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്.
മുക്കം ഫയര്‍ സ്റ്റേഷനിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസറും അമ്മയും വീട്ടില്‍ മരിച്ച നിലയില്‍. കുന്നമംഗലം പയിമ്പ്ര സ്വദേശി എഴുകളത്തില്‍ ഷിംജു(36), മാതാവ് ശാന്ത(65) എന്നിവരാണ് മരിച്ചത്. ഷിംജുവിനെ തൂങ്ങിമരിച്ച നിലയിലും, അമ്മ ശാന്തയെ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയിലുമായിരുന്നു കണ്ടെത്തിയത്.
ആലപ്പുഴയില്‍ വ്യാപാരിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളെ പൊലീസ് പിടികൂടി. പത്തിയൂര്‍ അശ്വതി ഭവനത്തില്‍ ഉണ്ണി എന്ന് വിളിക്കുന്ന ഉണ്ണികൃഷ്ണന്‍ ( 27), പത്തിയൂര്‍ കൃഷ്ണാലയം വീട്ടില്‍ തൈബു എന്നു വിളിക്കുന്ന വിഷ്ണു (26), പത്തിയൂര്‍ ചേനാത്ത് വടക്കതില്‍ ജിതിന്‍ (22) എന്നിവരെയാണ് കായംകുളം പൊലീസ് അറസ്റ്റു ചെയ്തത്.
നിലമ്പൂരിനടുത്ത് അമരമ്പലത്ത് കിണറ്റില്‍ വീണ പുള്ളിമാനെ വനപാലകരും നാട്ടുകാരും ചേര്‍ന്ന് രക്ഷിച്ചു. കാഞ്ഞിരപ്പാറ ഷംസുദ്ദീന്റെ കൃഷിയിടത്തിലെ കിണറില്‍ പുള്ളി മാന്‍ വീഴുകയായിരുന്നു.
തെരുവുനായകള്‍ കൂട്ടത്തോടെ ആക്രമിച്ച് മുട്ടയിടുന്ന അഞ്ഞൂറോളം താറാവുകളെ കടിച്ചു കൊന്നുവെന്ന് പരാതി. അരൂര്‍ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ ചന്തിരൂര്‍ കളപുരക്കല്‍ കെ കെ പുരുഷോത്തമന്റെ താറാവുകളാണു ചത്തത്.
ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ജവാന്മാര്‍ക്കു വീരമൃത്യു. ഛത്തീസ്ഗഡിലെ സുഖ്മ-ബീജാപുര്‍ അതിര്‍ത്തിയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലില്‍ 13 ജവാന്മാര്‍ക്കു പരിക്കേറ്റു.
മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിമാരും കോണ്‍ഗ്രസ് നേതാക്കളുമായ ദിഗ്വിജയ് സിംഗിന്റെയും കമല്‍നാഥിന്റെയും അനുയായികള്‍ തമ്മില്‍ ഏറ്റുമുട്ടി. ഭോപ്പാലിലെ പാര്‍ട്ടിയുടെ സംസ്ഥാന ആസ്ഥാനത്തുണ്ടായ അടിപിടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
ചണ്ഡീഗഡിലെ മേയര്‍ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി ജയിച്ചത് അട്ടിമറിയിലൂടെയെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍. പ്രിസൈഡിങ് ഓഫീസര്‍ വോട്ട് കൂട്ടത്തോടെ അസാധുവാക്കിയാണു ക്രമക്കേട് നടത്തിയത്. 16 വോട്ട് നേടിയാണ് ബിജെപി സ്ഥാനാര്‍ത്ഥി വിജയിച്ചത്. 20 കൗണ്‍സിലര്‍മാരുണ്ടായിരുന്ന എഎപി സഖ്യത്തിന്റെ എട്ടു വോട്ടുകള്‍ അസാധുവാക്കി.