തുടര്‍ച്ചയായി മൂന്നാം തവണയും റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് വര്‍ധിപ്പിച്ചു. ഇത്തവണ 0.50ശതമാനം കൂട്ടിയതോടെ റിപ്പോ നിരക്ക് 5.40ശതമാനമായി. പണപ്പെരുപ്പം ഉയരുന്നുവെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യക്തമാക്കി. നാണ്യപ്പെരുപ്പം നിയന്ത്രിക്കാനാണ് മൂന്നാം ഘട്ട പലിശ വര്‍ധന.
ഇന്ത്യയിലെ ഏകാധിപത്യത്തെ കുറിച്ച് എന്താണ് പറയാനുള്ളതെന്ന് മാധ്യമങ്ങളോട് രാഹുല്‍ ഗാന്ധി. ജനാധിപത്യത്തിന്റെ അന്ത്യമാണ് രാജ്യത്ത് കാണുന്നത്. എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നു.ജനശബ്ദം ഉയരാന്‍ അനുവദിക്കുന്നില്ല. കേസുകളില്‍ കുടുക്കി ജയിലിലിടുന്നു.അന്വേഷണ ഏജന്‍സികളിലൂടെ സമ്മര്‍ദ്ദത്തിലാക്കുന്നു. രാഹുല്‍ വിമര്‍ശിച്ചു. ഭരണഘടനാ സ്ഥാപനങ്ങള്‍ ആര്‍എസ്എസ് നിയന്ത്രണത്തിലാണെന്നും എല്ലായിടത്തും അവരുടെ ആളുകളെ നിയോഗിച്ചിരിക്കുന്നുവെന്നും പറഞ്ഞ രാഹുല്‍ സ്റ്റാര്‍ട്ട്അപ്പ് ഇന്ത്യ എവിടെയാണെന്നും ചോദിച്ചു.
സംസ്ഥാനത്ത് റെഡ് അലര്‍ട്ടുകള്‍ പിന്‍വലിച്ചു. പുതുക്കിയ മുന്നറിയിപ്പ് അനുസരിച്ച് 8 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് നിലവില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ഉണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിലവില്‍ മഴ മുന്നറിയിപ്പില്ല.
നീരൊഴുക്ക് കൂടിയ സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍ വേ ഷട്ടറുകള്‍ തുറക്കാന്‍ തീരുമാനം. രാവിലെ 11.30 തിന് മൂന്ന് ഷട്ടറുകള്‍ 30 സെ.മീ വീതം തുറക്കാനാണ് തീരുമാനം. 534 ഘനയടി വെള്ളമാകും ആദ്യം തുറന്ന് വിടുക. പിന്നീട് രണ്ട് മണിക്കൂറിനു ശേഷം 1000 ഘനയടി ആയി ഉയര്‍ത്തും. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.
സംസ്ഥാനത്ത് ഡീസല്‍ പ്രതിസന്ധി രൂക്ഷമായോടെ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ വെട്ടിക്കുറച്ചു. ഇന്ന് നിരവധി ഓര്‍ഡിനറി സര്‍വീസുകള്‍ വെട്ടിക്കുറച്ചു. സംസ്ഥാന വ്യാപകമായി പകുതിയിലധികം സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. നാളെ 25 ശതമാനം ഓര്‍ഡിനറി സര്‍വീസുകള്‍ മാത്രമേ സര്‍വീസ് നടത്തൂ എന്നും ഞായറാഴ്ച ഓര്‍ഡിനറി ബസ്സുകള്‍ പൂര്‍ണമായും ഓടില്ലെന്നും കെഎസ്ആര്‍ടിസി വ്യക്തമാക്കി. എണ്ണ കമ്പനികള്‍ക്ക് വന്‍ തുക കുടിശ്ശിക ആയതിനെ തുടര്‍ന്ന് ഡീസല്‍ ലഭ്യമാകാതെ വന്നതാണ് രൂക്ഷമായ പ്രതിസന്ധിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്.
ചന്ദ്രബോസ് വധക്കേസ് പ്രതി നിഷാമിനെതിരെ വീണ്ടും കേസ്. ശോഭാസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ നിഷാം സഹ തടവുകാരന്റെ കാലില്‍ ചൂടുവെള്ളം ഒഴിച്ചുവെന്ന കേസിലാണ് പുതിയ കേസ്. വധശിക്ഷക്ക് വിധിക്കപ്പെട്ട് പൂജപ്പുരയില്‍ കഴിയുന്ന ബിനുവെന്ന തടവുകാരനുമായി ചേര്‍ന്ന് നസീറെന്ന സഹതടവുകാരന്റെ കാലില്‍ ചൂടുവെളളം ഒഴിച്ചുവെന്ന കേസില്‍ പോലിസ് അന്വേഷണം തുടങ്ങി.