night news hd 23

 

നാളെ റിപ്പബ്ലിക് ദിനം. എല്ലാവര്‍ക്കും ഡെയ്‌ലി ന്യൂസിന്റെ റിപ്പബ്ലിക് ദാിനാശംസകള്‍.

കടമെടുപ്പുു പരിധി വെട്ടിക്കുറച്ചെന്ന കേരളത്തിന്റെ പരാതി മറ്റു സംസ്ഥാനങ്ങള്‍ക്കില്ലെന്നും പരിധി നിശ്ചയിക്കേണ്ടതു തങ്ങളുടെ ഉത്തരവാദിത്വമാണെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. കേന്ദ്ര നടപടിയെ ചോദ്യം ചെയ്തും അടിയന്തരമായി ഇടക്കാല ഉത്തരവ് തേടിയുമുള്ള കേരളത്തിന്റെ ഹര്‍ജി ഫെബ്രുവരി 13 ലേക്ക് മാറ്റി.

മസാലബോണ്ട് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ സമന്‍സിന് കിഫ്ബി മറുപടി നല്‍കണമെന്നു ഹൈക്കോടതി. അന്വേഷണം തടയില്ല. സമന്‍സിനെ ഭയക്കുന്നതെന്തിനാണ്. സമന്‍സ് ചോദ്യം ചെയ്ത് കിഫ്ബി സിഇഒ കെ.എം എബ്രഹാം നല്‍കിയ ഹര്‍ജി പരിഗണിച്ചപ്പോഴാണ് കോടതി ഇങ്ങനെ പ്രതികരിച്ചത്.

മസാലാ ബോണ്ട് ഇടപാടുകളില്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ ധനമന്ത്രി തോമസ് ഐസക്കും നടത്തിയ നടപടികളില്‍ അടിമുടി അഴിമതിയാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മസാലാ ബോണ്ട് ഇറക്കിയപ്പോള്‍ പ്രതിപക്ഷം കൊള്ളയാണെന്നു ചൂണ്ടിക്കാണിച്ചിരുന്നു. 9.72 ശതമാനം എന്ന കൊള്ളപ്പലിശയ്ക്കു കിഫ്ബി സമാഹരിച്ച 2150 കോടി രൂപ കേരളത്തിലെ പുതുതലമുറ ബാങ്കുകളില്‍ നിക്ഷേപിച്ചതു വളരെ കുറഞ്ഞ പലിശയ്ക്കാണ്. പിണറായി വിജയന്റെ പഴയ ലാവ്‌ലിന്‍ കമ്പനിയുടെ ഓഹരിയുടമകളായ സി.ഡി.പി.ക്യൂ എന്ന കനേഡിയന്‍ കമ്പനിയാണ് മസാലാ ബോണ്ടുകള്‍ വാങ്ങിയത്. പിണറായി വിജയന്‍ ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ പോയി മണി അടിച്ച് മസാലാ ബോണ്ട് പുറത്തിറക്കിയത് 2019 മെയ് 17 നാണ്. എന്നാല്‍ അതിനെല്ലാം മുന്‍പ് 2019 മാര്‍ച്ച് മാസത്തില്‍ കനേഡിയന്‍ കമ്പനിയുമായി ഇടപാടു നടത്തി പണം കൈപ്പറ്റിയിരുന്നെന്നു രമേശ് ചെന്നിത്തല പറഞ്ഞു.

മുന്നണി ബന്ധം എങ്ങനെയാകരുതെന്ന പാഠമാണ് അന്തരിച്ച കെ.എം. മാണിയുടെ ആത്മകഥയിലൂടെ തുറന്നു കാണിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രമേശ് ചെന്നിത്തലയ്‌ക്കെതിരെ ഗൗരവമായ വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്ന കെഎം മാണിയുടെ ആത്മകഥ മുഖ്യമന്ത്രി പ്രകാശനം ചെയ്തു. യുഡിഎഫില്‍ നിന്നുണ്ടായ ദുരനുഭവങ്ങള്‍ മാണിയെ വേദനിപ്പിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ മതനിരപേക്ഷ റിപ്പബ്ലിക്കായി നിലനിര്‍ത്താനുള്ള പ്രതിജ്ഞ ഓരോ പൗരനും ആവര്‍ത്തിച്ച് ഉറപ്പിക്കേണ്ട സന്ദര്‍ഭമാണ് ഈ റിപ്പബ്ലിക് ദിനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വാതന്ത്ര്യം, ജനാധിപത്യം, മതനിരപേക്ഷത, സോഷ്യലിസ്റ്റ് സങ്കല്പം, രാഷ്ട്ര പരമാധികാരം എന്നീ മഹനീയമായ മൂല്യങ്ങളാണ് നമ്മുടെ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്നതെന്നും അദ്ദേഹം ചൂണ്ടികാട്ടി.

റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ രാവിലെ എട്ടരയ്ക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ദേശീയപതാക ഉയര്‍ത്തുന്നതോടെ ആരംഭിക്കും. വിവിധ സേനാ വിഭാഗങ്ങളുടെയും അശ്വാരുഢ സേന, എന്‍സിസി, സ്‌കൗട്‌സ്, ഗൈഡ്‌സ്, സ്റ്റുഡന്‍സ് പൊലീസ് കേഡറ്റുകള്‍ തുടങ്ങിയവയുടെയും അഭിവാദ്യം ഗവര്‍ണര്‍ സ്വീകരിക്കും. റിപ്പബ്ലിക് ദിന സന്ദേശം നല്‍കുകയും ചെയ്യും.

പുറത്താക്കാതിരിക്കാന്‍ ഗവര്‍ണര്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിനു മറുപടി നല്‍കാന്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ക്ക് ഹൈക്കോടതി കൂടുതല്‍ സമയം നല്‍കി. ഹര്‍ജിക്കാര്‍ ഉന്നയിച്ച കാര്യങ്ങള്‍ ചാന്‍സലര്‍ പരിഗണിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ആറ് ആഴ്ചക്കുള്ളില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

വര്‍ക്കലയിലെ മോഷണക്കേസിലെ പ്രതിയായ നേപ്പാള്‍ സ്വദേശി കസ്റ്റഡിയില്‍ മരിച്ചു. രാംകുമാര്‍ എന്ന നാല്‍പത്തെട്ടുകാരനാണ് മരിച്ചത്. കോടതി ഹാജരാക്കിയപ്പോള്‍ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. വര്‍ക്കലയില്‍ വീട്ടുക്കാരെ മയക്കി കവര്‍ച്ച നടത്തിയ കേസിലെ പ്രതിയാണ് ഇയാള്‍. മതില്‍ ചാടി രക്ഷപ്പെടുമ്പോള്‍ നാട്ടുകാര്‍ പിടികൂടി പൊലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

നിക്ഷേപത്തട്ടിപ്പു കേസിലെ പ്രതികളായ ‘ഹൈറിച്ച്’ കമ്പനി ഉടമകളുടെ 212 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി. നൂറു കോടിയിലധികം രൂപയുടെ കളളപ്പണ ഇടപാട് നടത്തിയെന്നാണ് ഹൈറിച്ച് ഉടമകള്‍ക്കെതിരായ ഇഡി കേസ്. സ്ഥാപന ഉടമ പ്രതാപനും ഭാര്യയും ഒളിവിലാണ്. മണിചെയിന്‍ മാതൃകയിലായിരുന്നു സാമ്പത്തിക തട്ടിപ്പ്. കഴിഞ്ഞ ദിവസം ഇവരുടെ വീട്ടിലും സ്ഥാപനങ്ങളിലും എന്റഫോഴ്‌സ്‌മെന്റ് പരിശോധന നടത്തിയിരുന്നു.

ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് പോളിസി ഉടമകള്‍ക്ക് പണരഹിത ചികില്‍സയ്ക്കായി ഏത് ആശുപത്രിയിലും പോകാമെന്ന് ജനറല്‍ ഇന്‍ഷ്വറന്‍സ് കൗണ്‍സില്‍. ഇന്‍ഷ്വറന്‍സ് കമ്പനിയുടെ ആശുപത്രി പട്ടികയില്‍ ഇല്ലാത്ത ആശുപത്രിയിലും ചികില്‍സ തേടാവുന്നതാണ്. ജിഐസി നിര്‍ദേശിച്ചു.

കേരളീയം പരിപാടിക്ക് പത്തു കോടി രൂപ കൂടി ധനവകുപ്പ് അനുവദിച്ചു. ടൂറിസം വകുപ്പിന്റെ അപേക്ഷ പരിഗണിച്ചാണ് ട്രഷറി നിയന്ത്രണത്തില്‍ ഇളവു വരുത്തി തുക നല്‍കിയത്. നേരത്തെ 27 കോടി രൂപ നല്‍കിയിരുന്നു. സ്‌പോണ്‍സര്‍മാര്‍ എത്ര തുക നല്‍കിയെന്നു ഇതുവരെ സര്‍ക്കാര്‍ വെളിപ്പെടുത്തിയിട്ടില്ല.

ശബരിമല തീര്‍ത്ഥാടകര്‍ക്കു സൗജന്യ യാത്രാ സൗകര്യം നല്‍കാന്‍ നിലയ്ക്കല്‍ – പമ്പ റൂട്ടില്‍ 20 ബസ് സര്‍വീസ് നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത് സുപ്രീം കോടതിയില്‍. സംസ്ഥാന സര്‍ക്കാരിനു കോടതി നോട്ടീസയച്ചു.

കൊല്ലം വിളക്കുടി പഞ്ചായത്തില്‍ കോണ്‍ഗ്രസ് വിമതയെ പ്രസിഡന്റാക്കി എല്‍ഡിഎഫ് ഭരണം പിടിച്ചു. കോണ്‍ഗ്രസ് അംഗം ശ്രീകലയെ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുത്തു. 20 ല്‍ 10 വോട്ടാണ് ശ്രീകല നേടിയത്.

സുല്‍ത്താന്‍ബത്തേരി- ഗൂഡല്ലൂര്‍ അന്തര്‍സംസ്ഥാന പാതയില്‍ നെല്ലങ്കോട്ട ടൗണില്‍ കാട്ടാന ഇറങ്ങി. രാവിലെ പത്തത്തോടെയായിരുന്നു ടൗണില്‍ കാട്ടാന വിളയാടിയത്. നിരവധി വാഹനങ്ങളെയും യാത്രക്കാരെയും ആക്രമിച്ചെങ്കിലും ആര്‍ക്കും പരിക്കില്ല.

സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരും എടുക്കുന്ന കേസുകളില്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് സുപ്രീം കോടതി. പ്രതികാര നടപടി ഉണ്ടാകരുത്. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം. എന്നാല്‍ നിരപരാധികള്‍ വേട്ടയാടപ്പെടരുത്. ഇത്തരം കേസുകളില്‍ രേഖകളും മറ്റും കൈമാറുന്നതു സംബന്ധിച്ച് മാര്‍ഗ്ഗരേഖ പുറത്തിറക്കുമെന്നും സുപ്രീം കോടതി പറഞ്ഞു. തമിഴ്‌നാട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥനായ അങ്കിത് തിവാരിക്കെതിരായ കൈക്കൂലി കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര പശ്ചിമ ബംഗാളില്‍. കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്നു പ്രഖ്യാപിച്ചു മാറി നില്‍ക്കുന്ന മമത ബാനര്‍ജിയെ അനുനയിപ്പിക്കാന്‍ യാത്രക്കിടെ ശ്രമമുണ്ടാകും. മമതയുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തിയേക്കും. ഇതേസമയം, സഖ്യം പിളര്‍ത്തുന്ന മമത ബിജെപിയില്‍ ചേരട്ടെയെന്ന് സിപിഎം വിമര്‍ശിച്ചു.

കര്‍ണാടക മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടര്‍ കോണ്‍ഗ്രസില്‍നിന്ന് രാജിവച്ച് ബിജെപിയില്‍ തിരിച്ചെത്തി. കഴിഞ്ഞ വര്‍ഷം നടന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പാണ് ഷെട്ടാര്‍ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഒരു വര്‍ഷമാകുംമുന്‍പ് ബിജെപിയില്‍ തിരിച്ചെത്തി.

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ മുന്നണിയിലേക്ക് മടങ്ങിയേക്കുമെന്ന് അഭ്യൂഹം. ബി ജെ പി നേതാക്കളുമായി ചര്‍ച്ച തുടങ്ങിയെന്നാണു റിപ്പോര്‍ട്ട്. ഒരാഴ്ചക്കകം തീരുമാനം ഉണ്ടാകുമെന്നുമാണ് ജെ ഡി യു വൃത്തങ്ങള്‍ പറയുന്നത്.

ബിഹാറില്‍ എന്‍ഡിഎ പക്ഷത്തേക്കു മറുകണ്ടം ചാടുന്ന മുഖ്യമന്ത്രി നിതീഷ്‌കുമാറിനേയും അദ്ദേഹം നയിക്കുന്ന ജെഡിയു പാര്‍ട്ടിയേയും ഒഴിവാക്കി മുഖ്യമന്ത്രിക്കസേര പിടിക്കാന്‍ ആര്‍ജെഡി ചരടുവലികള്‍ ആരംഭിച്ചു. ജെഡിയു എംഎല്‍എമാരോടു തലസ്ഥാനമായ പാറ്റ്‌നയിലേക്ക് എത്താന്‍ നിതീഷ്‌കുമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഓസ്‌ട്രേലിയയില്‍ കടലില്‍ മുങ്ങി നാല് ഇന്ത്യക്കാര്‍ മരിച്ചു. ഓസ്‌ട്രേലിയ വിക്ടോറിയയിലെ ഫിലിപ്പ് ഐലന്റ് ബീച്ചിലാണ് മൂന്നു സ്ത്രീകളും ഒരു പുരുഷനും മരിച്ചത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *