തലമാറിയ ഭര്‍ത്താവ്
മിത്തുകള്‍, മുത്തുകള്‍ – 18
വിക്രമാദിത്യകഥ
പുനരാഖ്യാനം:
ഫ്രാങ്കോ ലൂയിസ്
ദേവീക്ഷേത്രത്തില്‍ ഉത്സവം. അമ്പലപ്പറമ്പില്‍ ജനസഞ്ചയമാണ്. എല്ലാവരും അണിഞ്ഞൊരുങ്ങി വന്നിരിക്കുന്നു. ഉത്സവത്തിരക്കിനിടയില്‍ മഹോത്സവംപോലെ ഒരു സുന്ദരി. കടഞ്ഞെടുത്ത വെണ്ണയുടെ നിറം. ആരെയും കൊതിപ്പിക്കുന്ന അംഗലാവണ്യം. സര്‍വാഡംബര വിഭൂഷിതയായി അവള് അമ്പലപ്പറമ്പിലൂടെ നടന്നപ്പോള്‍ എഴുന്നള്ളിപ്പു കടന്നുപോകുന്ന പ്രതീതി. ജനം അവളെത്തന്നെ നോക്കിനിന്നു. പലര്‍ക്കും പ്രഥമദര്‍ശനത്തിലേ അവളോടു പ്രേമജ്വരമായി.
ഏറ്റവും പ്രേമം തോന്നിയത് അമിത്രന്‍ എന്ന സുമുഖനായ യുവാവിനായിരുന്നു. അയാള്‍ ഉത്സവപ്പറമ്പില്‍ ദേവിയോടു മനമുരുകി പ്രാര്‍ഥിച്ചു. ‘എന്റെ പ്രേമം സഫലമാക്കണമേ’.
ഉല്‍സവം കഴിഞ്ഞ് എല്ലാവരും ക്ഷേത്രാങ്കണം വിട്ടൊഴിഞ്ഞപ്പോള്‍ അയാള്‍ ദേവിയുടെ ശ്രീകോവിലിനു മുന്നില്‍നിന്ന് തൊഴുകൈകളോടെ വീണ്ടും പ്രാര്‍ഥിച്ചു. ‘ആ സുന്ദരിയെ വിവാഹം ചെയ്യാന്‍ എന്നെ സഹായിക്കണേ. ദേവിയുടെ സഹായംകൊണ്ട് അവളുമായി വിവാഹം നടന്നാല്‍ ഞാന്‍ എന്നെത്തന്നെ കഴുത്തറുത്ത് ദേവിക്കായി ബലിയര്പ്പിച്ചുകൊള്ളാം’.
പ്രേമഭ്രാന്ത് മൂത്ത് ഉത്സവപ്പറമ്പില്‍ കണ്ടവരോടൊക്കെ ചോദിച്ചറിഞ്ഞു ലഭിച്ച വിവരമനുസരിച്ച് അയാള്‍ പിറ്റേന്നുതന്നെ യുവതിയുടെ വീട്ടിലേക്കു പോയി. അവളുടെ അച്ഛനമ്മമാരോടു തന്റെ ആഗ്രഹം അറിയിച്ചു. അങ്ങനെ യുവാവിന്റെയും യുവതിയുടെയും വീട്ടുകാര്‍ തമ്മില്‍ ആലോചിച്ച് വിവാഹം ഉറപ്പിച്ചു.
എല്ലാവരുടെയും അനുഗ്രഹാശിസുകളോടെ മംഗളകരമായി വിവാഹവും നടന്നു. വിവാഹത്തിനു പിറ്റേന്ന് വരനും വധുവും വധുവിന്റെ സഹോദരനുംകൂടി വരന്റെ വീട്ടിലേക്കു വിരുന്നുപോകുകയാണ്. ദേവീക്ഷേത്രം കടന്നുവേണം പോകാന്‍.
ക്ഷേത്രത്തിനരികിലെത്തിയപ്പോള് വരന് പഴയ പ്രാര്‍ഥനയും ബലിവഴിപാടു വാഗ്ദാനവും ഓര്‍മവന്നു. വിവാഹം നടന്നാല്‍ തലയറുത്തു ബലി കൊടുക്കാമെന്നല്ലേ നേര്‍ച്ച. വിവാഹത്തിന്റെ മധുവിധു കഷ്ടിച്ചു തുടങ്ങിയതേയുള്ളു. അപ്പോഴേക്കും മരണംവരിക്കുകയെന്നതു കടുത്ത ദുഃഖമുണ്ടാക്കുന്ന കാര്യംതന്നെ.
എങ്കിലും ദേവിക്കു നന്ദിപറയാന്‍ അയാള്‍ തീരുമാനിച്ചു. നവവധുവിനോടും അളിയനോടും ക്ഷേത്രമതിലിനുപുറത്ത് കാത്തുനില്ക്കാന് പറഞ്ഞ് അയാള്‍ ദേവീദര്‍ശനത്തിനു ശ്രീകോവിലിനരികിലേക്കു പോയി.
ഏറെസമയം കാത്തുനിന്നിട്ടും നവവരന് മടങ്ങിവന്നില്ല. പുതുമാരനെ നോക്കിയിട്ടു വരാമെന്നുപറഞ്ഞ് യുവതിയുടെ സഹോദരന് ക്ഷേത്രത്തിലേക്കു കടന്നു. ശ്രീകോവിലിനരികിലെ ബലിക്കല്ലില്‍ അളിയന്റെ ശിരസറ്റ ജഡമാണ് അയാള്‍ കണ്ടത്.
‘വിവാഹപ്പിറ്റേന്നുതന്നെ ഭര്‍ത്താവു മരിക്കുക ഏതു സ്ത്രീക്കും സഹിക്കാവുന്നതിലപ്പുറമാണ്. എന്റെ പെങ്ങള്‍ക്കും ഇതു സഹിക്കില്ല. അവരെ ആശ്വസിപ്പിക്കാന്‍ എനിക്കാവില്ല. എന്റെ കൂടെ യാത്രചെയ്യുന്നതിനിടെ ഈ ദുരന്തം സംഭവിച്ചല്ലോ. ഇനി ജീവിച്ചിരുന്നിട്ടു കാര്യമില്ല.’ അയാള്‍ മനസില്‍ കരുതി. പിന്നെ ഒട്ടും അമാന്തിച്ചില്ല. ബലിക്കല്ലിനരികില്‍ കിടന്നിരുന്ന വാളെടുത്ത് സ്വന്തം കഴുത്തുവെട്ടി അയാളും മരിച്ചു.
ഭര്‍ത്താവിനെ അന്വേഷിക്കാന്‍പോയ സഹോദരനും മടങ്ങിവരാതായപ്പോള്‍ നവവധുവിന് ആകെ അങ്കലാപ്പായി. ഇരുവരെയും തേടി അവള് ക്ഷേത്രത്തിനകത്തു കടന്നു. ബലിക്കല്ലില്‍ ഭര്‍ത്താവിന്റെയും സഹോദരന്റെയും ശിരസറ്റ കബന്ധങ്ങള്‍ കണ്ട് അവള് മോഹാലസ്യപ്പെട്ടു. അല്പ നിമിഷങ്ങള്‍ക്കകം ബോധം തെളിഞ്ഞു.
”ഇനി ഞാന്‍ ഒറ്റയ്ക്കു ജീവിച്ചിരുന്നിട്ടു കാര്യമില്ല. ഭര്‍ത്താവിനെയും ആങ്ങളയേയും ബലിയായി എടുത്ത ദേവി എന്നെയും ബലിയായി സ്വീകരിക്കുക’ എന്നു പറഞ്ഞ് അവള് ബലിക്കല്ലിനരികിലെ വാളെടുത്ത് സ്വന്തം കഴുത്തിനുനേരെ വീശി.
പക്ഷേ, മിന്നല്‍വേഗത്തില്‍ ഏതോ ഒരദൃശ്യശക്തി വാള് തട്ടിത്തെറിപ്പിച്ചു കളഞ്ഞു.
‘വത്സലപുത്രീ, നിങ്ങളുടെ ഭക്തിയും പരസ്പര സ്നേഹവും എന്നെ സന്തുഷ്ടയാക്കിയിരിക്കുന്നു. നിന്റെ ഭര്‍ത്താവിനെയും സഹോദരനെയും ഞാന്‍ പുനരുജ്ജീവിപ്പിക്കാം. ഒരു കാര്യം ചെയ്യൂ. കബന്ധത്തില്‍ അവരവരുടെ തല ചേര്‍ത്തുപിടിക്കു’. ദേവിയുടെ വാത്സല്യം തുടിക്കുന്ന വാക്കുകള്‍ മണിനാദംപോലെ മുഴങ്ങി.
ആഹ്ലാദവും വിസ്മയവുംകൊണ്ട് യുവതിക്കു കണ്ണു മഞ്ഞളിച്ചുപോയി. അവള് തിരക്കിട്ട് ഭര്‍ത്താവിന്റെയും സഹോദരന്റെയും തലകള്‍ ഓരോ കബന്ധത്തിനുനേരെ ചേര്‍ത്തുപിടിച്ചു. നിമിഷങ്ങള്‍ക്കകം തല ശരീരത്തില്‍ ചേര്‍ന്നു. ഇരു ജഡങ്ങള്‍ക്കും ജീവന് കൈവന്നു. അവ എഴുന്നേറ്റുനിന്നപ്പോഴേക്കും ദേവി അപ്രത്യക്ഷയായി.
അപ്പോഴാണ് യുവതി വാ പൊളിച്ചു നിന്നുപോയത്. ഭര്‍ത്താവിന്റെ തല ആങ്ങളയുടെ ശരീരത്തിലും ആങ്ങളയുടെ തല ഭര്‍ത്താവിന്റെ ശരീരത്തിലും. ദേവീദര്ശനത്തിന്റെ അമ്പരപ്പിനിടയില്‍, തിരക്കിട്ട് തെറ്റായാണ് ഇരുവരുടെയും തല അവള് ചേര്‍ത്തുവച്ചത്. ഇനി ആരെ ഭര്‍ത്താവായി സ്വീകരിക്കും? യുവതി ആശയക്കുഴപ്പത്തിലായി.
കഥ പറഞ്ഞ് വേതാളം ചോദിച്ചു ‘ഇവരില്‍ ആരെയാണ് അവള് ഭര്‍ത്താവായി സ്വീകരിക്കേണ്ടത്?’
‘ഭര്‍ത്താവിന്റെ ശിരസിരിക്കുന്ന ശരീരത്തെയാണ് അവള് സ്വീകരിക്കേണ്ടത്. ശിരസാണു പ്രധാനം’- വിക്രമാദിത്യന്റെ ന്യായവിധി ഇതായിരുന്നു.