ക്ഷേത്രത്തിനൊപ്പം ഇന്ത്യയിലെ തന്നെ ഏറ്റവും സാമ്പത്തികമായി സജീവമായ നഗരമായി മാറാനുള്ള കുതിപ്പിലാണ് അയോധ്യ. ക്ഷേത്രം ഏതാണ്ട് സജ്ജമായതോടെ, അയോധ്യയില്‍ പ്രോപ്പര്‍ട്ടികള്‍ക്കായുള്ള അന്വേഷണം കുതിച്ചുയര്‍ന്നു. പുതിയ പ്രോപ്പര്‍ട്ടികള്‍ക്കുള്ള അന്വേഷണത്തില്‍ ഗോവ, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവയെ അയോധ്യ നഗരി പിന്നിലാക്കി കഴിഞ്ഞു. ഉത്തര്‍പ്രദേശ് സര്‍ക്കാരിലെ രജിസ്ട്രേഷന്‍ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം 2023-24ല്‍ ഇതുവരെ അയോധ്യയില്‍ 20,067 ഭൂ ഇടപാട് നടന്നുകഴിഞ്ഞു. 2017-18ല്‍ ഇത് 5,900 മാത്രമായിരുന്നു. അയോധ്യ ക്ഷേത്രം സംബന്ധിച്ച സുപ്രീം കോടതി വിധി വരുംമുമ്പ് ചതുരശ്ര അടിക്ക് 1,500-2,000 രൂപയായിരുന്ന പ്രോപ്പര്‍ട്ടി വില നിലവില്‍ ക്ഷേത്രത്തിന് 5-10 കിലോമീറ്റര്‍ ചുറ്റളവില്‍ 18,000-20,000 രൂപയിലേക്ക് കുത്തനെ ഉയര്‍ന്നു. അയോധ്യയില്‍ 1,000 കോടി രൂപ പ്രാഥമിക നിക്ഷേപത്തോടെ ന്യൂ അയോധ്യയെന്ന ടൗണ്‍ഷിപ്പ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ വിഭാവനം ചെയ്തു കഴിഞ്ഞു. മഹാഋഷി വാല്‍മീകിയുടെ പേരില്‍ അയോധ്യയില്‍ ഉത്തര്‍പ്രദേശിലെ അഞ്ചാം വിമാനത്താവളം ഒരുങ്ങിക്കഴിഞ്ഞു. ആദിത്യ ബിര്‍ള ഗ്രൂപ്പ്, അശോക് ലെയ്ലാന്‍ഡ്, എന്‍.ടി.പി.സി., ഹിന്ദുജ ഗ്രൂപ്പ് തുടങ്ങിയവ വിവിധ ഫാക്ടറികള്‍ അയോധ്യയില്‍ സ്ഥാപിക്കും. ഐ.ടി.സിയും ഇന്ത്യന്‍ ഹോട്ടല്‍സ് ഗ്രൂപ്പുമെല്ലാം വന്‍കിട ഹോട്ടലുകള്‍ അയോധ്യയില്‍ സജ്ജമാക്കും. നിരവധി ബാങ്കുകളും റീറ്റെയ്ല്‍ ബ്രാന്‍ഡുകളും കല്യാണ്‍ ജുവലേഴ്സ് അടക്കമുള്ള സ്വര്‍ണാഭരണ ശൃംഖലകളുമെല്ലാം അയോധ്യയില്‍ സാന്നിധ്യം അറിയിക്കും. വിവിധ സംസ്ഥാനങ്ങള്‍ സ്വന്തം ഔദ്യോഗിക മന്ദിരം അയോധ്യയില്‍ സ്ഥാപിക്കാനും നീക്കം നടത്തുന്നുണ്ട്. ഗുജറാത്ത് സര്‍ക്കാരിന് 6,000 ചതുരശ്ര അടി ഭൂമി ഇതിനായി അനുവദിച്ച് കഴിഞ്ഞു.