അമിത മദ്യപാനം കരളിന്റെ ആരോഗ്യത്തിന് ഹാനികരമാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ മദ്യം പോലെ തന്നെ കരളിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന മറ്റു ചില ഭക്ഷണങ്ങളുണ്ട്. വിപണിയില്‍ പല നിറത്തിലും രുചി ലഭ്യമാകുന്ന റെഗുലര്‍, ഡയറ്റ് ശീതളപാനീയങ്ങള്‍ നിരന്തരം കുടിക്കുന്നത് കരള്‍ തകരാറിലാക്കും. ഇവയില്‍ ഉയര്‍ന്ന തോതില്‍ പഞ്ചസാരയോ കൃത്രിമ മധുരമോ അടങ്ങിയിട്ടുണ്ട്. ഇവ ശരീരഭാരം കൂട്ടാനും കരളില്‍ കൊഴുപ്പടിയാന്‍ കാരണമാകും. ഇത് നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗങ്ങള്ളിലേക്ക് നിങ്ങളെ നയിക്കും. എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണം കഴിക്കുന്നത് കരളിന് ഹാനികരമാണ്. ഇത്തരം ഭക്ഷണത്തില്‍ നിന്നും ഉണ്ടാകുന്ന കൊഴുപ്പ് കരളില്‍ അടിഞ്ഞു കൂടാം. ഇത് കരള്‍ വീക്കത്തിനും ഫാറ്റി ലിവര്‍ രോഗത്തിനും കാരണമാകും. വിപണിയില്‍ വളരെ എളുപ്പത്തില്‍ കിട്ടാവുന്ന സംസ്‌കരിച്ച മാംസങ്ങളുടെ ഉപയോഗവും കരളിന്റെ ആരോഗ്യം മോശമാക്കും. ഇവയില്‍ ഉയര്‍ന്ന അളവില്‍ അഡിറ്റീവുകള്‍, പ്രിസര്‍വേറ്റീവുകള്‍, അനാരോഗ്യകരമായ കൊഴുപ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയുടെ നിരന്തര ഉപയോഗം കരള്‍ അര്‍ബുദത്തിനും നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗത്തിനും കാരണമാകും. ഫാസ്റ്റ് ഫുഡ്, റെഡി മേയ്ഡ് സൂപ്പ്, സംസ്‌കരിച്ച സ്നാക്സ് തുടങ്ങിയവയില്‍ ഉയര്‍ന്ന തോതില്‍ സോഡിയം അടങ്ങിയിട്ടുണ്ട്. അമിതമായി സോഡിയം ശരീരത്തില്‍ ചെല്ലുന്നത് രക്തസമ്മര്‍ദ്ദം വര്‍ധിപ്പിക്കുകയും കരളിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഇഷ്ടമുള്ള പേസ്ട്രികള്‍, ഉരുളക്കിഴങ്ങ് ചിപ്സ്, കുക്കീസ് തുടങ്ങിയ ബേക്ക് ചെയ്തെടുക്കുന്ന ഭക്ഷണങ്ങളില്‍ കാണപ്പെടുന്ന കൃത്രിമമായി ഉല്‍പാദിപ്പിക്കുന്ന കൊഴുപ്പാണ് ട്രാന്‍സ് ഫാറ്റുകള്‍. ഇവ കരള്‍ വീക്കത്തിന് കാരണമാകുന്നു. കരള്‍ സംബന്ധ രോഗമുള്ളവര്‍ മദ്യപാനം പൂര്‍ണമായും ഒഴിവാക്കുന്നതിനൊപ്പം ഭക്ഷണ ശൈലിയിലും ശ്രദ്ധിക്കണം. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തണം.