വാട്‌സ്ആപ്പ് ചാറ്റുകള്‍ നഷ്ടപ്പെടാതെ സുരക്ഷിതമായി സൂക്ഷിക്കാന്‍ ഗൂഗിള്‍ ഡ്രൈവിലേക്ക് അപ്ലോഡ് ചെയ്യുന്നവരാണ് ഭൂരിഭാഗം ആളുകളും. വാട്‌സ്ആപ്പ് ചാറ്റുകള്‍ ഗൂഗിള്‍ ഡ്രൈവില്‍ സൗജന്യമായാണ് സ്റ്റോര്‍ ചെയ്യാറുള്ളത്. ഗൂഗിള്‍ അക്കൗണ്ട് ഉള്ളവര്‍ക്കെല്ലാം 15 ജിബി സ്റ്റോറേജ് ഗൂഗിള്‍ സൗജന്യമായി നല്‍കാറുണ്ട്. ഇതിന് പുറമേയാണ് വാട്‌സ്ആപ്പിനും സൗജന്യമായി സ്റ്റോറേജ് അനുവദിച്ചിരുന്നത്. എന്നാല്‍, അധികം വൈകാതെ ഈ സൗജന്യ സേവനം നിര്‍ത്തലാക്കാന്‍ ഒരുങ്ങുകയാണ് ഗൂഗിള്‍ ഡ്രൈവ്. അധിക സ്റ്റോറേജ് ലഭ്യമാക്കുന്ന സംവിധാനത്തിനാണ് ഗൂഗിള്‍ ഡ്രൈവ് പൂട്ടിടുന്നത്. ഇതോടെ, ചാറ്റ് ഹിസ്റ്ററി, ചിത്രങ്ങള്‍, വീഡിയോകള്‍ എന്നിവയെല്ലാം സ്റ്റോര്‍ ചെയ്യണമെങ്കില്‍ ഗൂഗിള്‍ ഡ്രൈവില്‍ നിന്ന് ലഭിക്കുന്ന സ്റ്റോറേജ് ഉപയോഗിക്കുന്നതാണ്. 2024-ന്റെ ആദ്യ പകുതിയില്‍ തന്നെ സൗജന്യ സ്റ്റോറേജ് അവസാനിപ്പിക്കും. 30 ദിവസം മുന്‍പ് ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതാണ്. അതേസമയം, ഗൂഗിള്‍ ഡ്രൈവിലേക്ക് ചാറ്റുകള്‍ ബാക്കപ്പ് ചെയ്യാന്‍ താല്‍പ്പര്യമില്ലാത്തവര്‍ക്ക് വാട്‌സ്ആപ്പ് ചാറ്റ് ട്രാന്‍സ്ഫര്‍ ടൂള്‍ വഴി മറ്റൊരു ഉപകരണത്തിലേക്ക് ചാറ്റുകള്‍ മാറ്റുകയോ, ഫോണില്‍ തന്നെ സൂക്ഷിക്കുകയോ ചെയ്യാവുന്നതാണ്. ചാറ്റുകള്‍ ബാക്കപ്പ് ചെയ്യാന്‍ ഗൂഗിള്‍ ഡ്രൈവിനെ ആശ്രയിക്കുന്ന ഉപഭോക്താക്കള്‍ക്ക് പുതിയ നടപടി വലിയ തിരിച്ചടിയാകും.