മലയാള സിനിമലോകം ഏറ്റവും കൂടുതല്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരി- മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങുന്ന ‘മലൈക്കോട്ടൈ വാലിബന്‍’. നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിന് ശേഷമെത്തുന്ന എല്‍. ജെ. പി ചിത്രമെന്ന പ്രത്യേകതയും വാലിബനുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ രണ്ടാമത്തെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. ‘റാക്ക്’ എന്നുതുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് മോഹന്‍ലാല്‍ തന്നെയാണ്. നാടന്‍ പാട്ടിന്റെ താളത്തിലുള്ള ഗാനം രചിച്ചിരിക്കുന്നത് ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയായ പി. എസ് റഫീഖ് ആണ്. പ്രശാന്ത് പിള്ളയാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിലെ തന്നെ പ്രധാന സിനിമയാവും വാലിഭന്‍ എന്നാണ് പ്രേക്ഷകരും സിനിമ നിരൂപകരും കണക്കുക്കൂട്ടുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നേരത്തെ എത്തിയിരുന്നു. യോദ്ധാവിന്റെ ലുക്കില്‍ കൈകളില്‍ വടവുമായി മുട്ടുകുത്തി അലറി വിളിക്കുന്ന രീതിയില്‍ ആയിരുന്നു ഫസ്റ്റ് ലുക്കില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെട്ടത്. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വര്‍മ്മ, മണികണ്ഠന്‍ ആചാരി, സുചിത്ര നായര്‍, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി തുടങ്ങിയവരൊക്കെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഷിബു ബേബി ജോണും ലിജോയും മോഹന്‍ലാലും ചേര്‍ന്നാണ് മലൈകോട്ടൈ വാലിബന്‍ നിര്‍മ്മിക്കുന്നത്.