mid day hd 23

 

ഗണേഷ്‌കുമാറിനു സിനിമയില്ല. ഇന്നു നാലിനു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന കെ.ബി ഗണേഷ് കുമാറിനു സിനിമ വിട്ടുകൊടുക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഗണേഷ്‌കുമാറിനെ അറിയിച്ചു. ഗണേഷ്‌കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഇന്നു വൈകുന്നേരം നാലിനു മന്ത്രിമാരായി ചുമതലയേല്‍ക്കും. രാജ്ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. ഗണേഷ് കുമാറിനു ഗതാഗതവും കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പുമാണ് ലഭിക്കുക. സിനിമാ വകുപ്പ് കൂടി ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് ബി കത്തു നല്‍കിയിരുന്നെങ്കിലും അങ്ങനെയൊരു കത്തു നല്‍കിയിട്ടില്ലെന്നാണ് ഗണേഷ്‌കുമാര്‍ ഇപ്പോള്‍ പ്രതികരിക്കുന്നത്.

സിനിമാ താരം എന്ന നിലയില്‍ സിനിമ വകുപ്പ് കൂടി കിട്ടിയാല്‍ സന്തോഷമായിരുന്നെന്ന് കെബി ഗണേഷ് കുമാര്‍. കെഎസ്ആര്‍ടിസിയില്‍ അഴിമതി വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ ഗവര്‍ണര്‍ തീരുമാനംമെടുക്കുന്നതിന് സമയപരിധി നിശ്ചയിച്ചു മാര്‍ഗരേഖ പുറത്തിറക്കണമെന്ന് ഗവര്‍ണര്‍ക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. നേരത്തെ നല്‍കിയ ഹര്‍ജിയില്‍ മാറ്റംവരുത്തുകയാണു ചെയ്തത്. ഗവര്‍ണറുടെ പരിഗണനയില്‍ ഇരിക്കുന്ന ബില്ലുകളില്‍ അടിയന്തിരമായി തീരുമാനം എടുക്കാന്‍ നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കേരളത്തിന് 2044 കോടി രൂപ വായ്പയെടുക്കാനുള്ള അപേക്ഷ ബ്രാന്‍ഡിംഗ് അടക്കമുള്ള നിബന്ധനകള്‍ പാലിച്ചില്ലെന്ന കാരണം പറഞ്ഞ് കേന്ദ്രസര്‍ക്കാര്‍ നിരസിച്ചു. കൊവിഡിന് ശേഷം ഏര്‍പ്പെടുത്തിയ മാന്ദ്യവിരുദ്ധ പാക്കേജിന്റെ ഭാഗമായാണ് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ദീര്‍ഘകാല വായ്പകള്‍ അനുവദിക്കുന്നത്. കേന്ദ്രത്തിന്റെ സാമ്പത്തിക സഹായമുള്ള പദ്ധതികളെ കേന്ദ്ര പദ്ധതികളെന്നു പ്രചരിപ്പിച്ചില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ച പേരു നല്‍കിയില്ലെന്നു കുറ്റപ്പെടുത്തിയാണ് അനുമതി നിഷേധിച്ചത്.

മുതലപ്പൊഴിയിലെ അപകട പരമ്പരയ്ക്കു കാരണം പുലിമുട്ട് നിര്‍മ്മാണങ്ങളിലെ വീഴ്ചകളാണെന്ന് വിദഗ്ധ സമിതി. തെക്കന്‍ പുലിമുട്ടിന്റെ നീളം കൂട്ടണമെന്നും പ്രവേശനകവാടം മാറ്റി സ്ഥാപിക്കണമെന്നും പൂനെ സിഡബ്ല്യുപിആര്‍എസ് ശുപാര്‍ശ ചെയ്തു. മത്സ്യതൊഴിലാളികളുടെ അഭിപ്രായം കൂടി പരിഗണിച്ച് സര്‍ക്കര്‍ അന്തിമ തീരുമാനമെടുക്കും.

സപ്ലൈകോയ്ക്ക് സാധനങ്ങള്‍ നല്‍കിയ ചെറുകിട വിതരണക്കാര്‍ക്കുള്ള 400 കോടി രൂപയുടെ കുടിശ്ശിക ആവശ്യപ്പെട്ട് ചെറുകിട ഉത്പാദകരും വിതരണക്കാരും എറണാകുളം സപ്ലൈകോ ഹെഡ് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി.
ഇരുനൂറ്റമ്പതോളം ചെറുകിട ഉത്പാദകരും വിതരണക്കാരുമാണ് സപ്ലൈകോയ്ക്ക് സാധനങ്ങള്‍ നല്‍കി പ്രതിസന്ധിയിലായത്. ഓരോരുത്തര്‍ക്കും രണ്ടു കോടി വരെ രൂപ കിട്ടാനുണ്ടെന്നാണ് പരാതി. ജൂണ്‍ മാസം മുതല്‍ ഏഴു മാസമായി കൊടുത്ത സാധനങ്ങള്‍ക്കു പണം തരുന്നില്ലെന്നാണു പരാതി.

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 100 കോടി രൂപ കൂടി അനുവദിച്ചെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. രണ്ടു വര്‍ഷത്തില്‍ 3200 കോടി രൂപയുടെ സൗജന്യ ചികിത്സയാണ് പദ്ധതിയിലൂടെ ഉറപ്പാക്കിയത്. 12.5 ലക്ഷത്തോളം പേര്‍ക്കാണ് ചികിത്സ നല്‍കിയത്.

തൃശൂര്‍ പൂരം പ്രതിസന്ധി പരിഹരിക്കാന്‍ മുഖ്യമന്ത്രി ഇന്നു വൈകുന്നേരം ദേവസ്വം ഭാരവാഹികളുടെ യോഗം വിളിച്ചു. ഏഴരയ്ക്ക് ഓണ്‍ലൈനായി ചേരുന്ന യോഗത്തില്‍ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം പ്രതിനിധികള്‍ പങ്കെടുക്കും. തൃശൂര്‍ പൂരം എക്‌സിബിഷന്‍ ഗ്രൗണ്ടിന് തറവാടക ഭീമമായി ഉയര്‍ത്തിയ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനമാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയം മൂന്നാം തീയതി തൃശൂര്‍ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രദ്ധയില്‍ പെടുത്താനുള്ള നീക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്.

മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. സുരേഷ് ഗോപിക്കെതിരെ ഗുരുതര വകുപ്പുകള്‍ കൂടി ചുമത്തിയ സാഹചര്യത്തിലാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജി സമര്‍പ്പിച്ചത്.

അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ് ബിജെപി രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കുകയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. ബാബറി മസ്ജിദ് തകര്‍ത്തത് കോണ്‍ഗ്രസിന്റെ നരസിംഹറാവു പ്രധാനമന്ത്രിയായിരുന്നപ്പോഴാണ്. ബിജെപിയുടെ രാഷ്ട്രീയ അജണ്ടയെ ചെറുക്കാന്‍ മതനിരപേക്ഷ പാര്‍ട്ടികള്‍ക്ക് കഴിയണമെന്നും ഇപി ജയരാജന്‍ ആവശ്യപ്പെട്ടു.

അയോധ്യ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കു പോകേണ്ടതുണ്ടോയെന്നു ക്ഷണം ലഭിച്ചവര്‍ തീരുമാനം അറിയിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തങ്ങള്‍ക്കു ക്ഷണം ലഭിച്ചിട്ടില്ല. ചെന്നിത്തല പറഞ്ഞു.

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ് രാഷ്ട്രീയ മുതലെടുപ്പാണെന്നും ചടങ്ങില്‍ പങ്കെടുക്കേണ്ടതുണ്ടോയെന്ന് കോണ്‍ഗ്രസ് തീരുമാനിക്കട്ടെയെന്നും മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി.

കണ്ണൂര്‍ അയ്യന്‍കുന്ന് ഞെട്ടിത്തോട്ടില്‍ തണ്ടര്‍ബോള്‍ട്ട് സംഘവും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടെന്ന് മാവോയിസ്റ്റ് പോസ്റ്റര്‍. നവംബര്‍ 13 ന് രാവിലെ 9:50 നായിരുന്നു ഏറ്റുമുട്ടല്‍ ഉണ്ടായത്. കവിത (ലക്ഷ്മി) എന്ന മാവോയിസ്റ്റാണ് കൊല്ലപ്പെട്ടതെന്ന് തിരുനെല്ലിയില്‍ പതിച്ച പോസ്റ്ററില്‍ മാവോയിസ്റ്റുകള്‍ പറയുന്നു. പശ്ചിമഘട്ട പ്രത്യേക മേഖലാ കമ്മറ്റി എന്ന പേരിലാണ് പോസ്റ്റര്‍ പതിച്ചത്.

ആലുവ എടത്തല ചൂണ്ടി ഭാരത് മാതാ ലോകോളജില്‍ മഹാത്മാഗാന്ധി പ്രതിമയില്‍ കൂളിംഗ് ഗ്ലാസ് വച്ച എസ്എഫ്‌ഐ നേതാവ് അദീന്‍ നാസറിനെ അറസ്റ്റു ചെയ്തു. ഇയാളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

കൊടുങ്ങല്ലൂര്‍ ചേരമാന്‍ പള്ളിയില്‍ മോഷണം. മഖ്ബറയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന മൂവായിരം രൂപ മോഷണം പോവുകയായിരുന്നു. ഹബീബ് ഇബ്‌നു മാലിക്കിന്റെയും ഖുമരിയ്യ ബീവിയുടെയും ഖബറിടമുള്ള മഖ്ബറയിലാണ് മോഷണം നടന്നത്.

കോട്ടയം കാണക്കാരയില്‍ പാറക്കുളത്തില്‍ കാറിനുള്ളില്‍ മൃതദേഹം. കൊണ്ടുക്കാല സ്വദേശി ലിജീഷാണ് മരിച്ചത്. കാര്‍ നിയന്ത്രണം വിട്ട് കുളത്തിലേക്ക് വീണതാണെന്നാണ് പ്രാഥമിക നിഗമനം.

മഞ്ചേരി നെല്ലിപ്പറമ്പില്‍ റോഡിലെ ഗതാഗതക്കുരുക്ക് തീര്‍ക്കാന്‍ ഇറങ്ങിയ സ്വകാര്യ ബസ് കണ്ടക്ടര്‍ ലോറിയിടിച്ചു മരിച്ചു. മുട്ടിപ്പാലം ഉള്ളാടംകുന്ന് തറമണ്ണില്‍ അബ്ദുല്‍ കരീമിന്റെ മകന്‍ ജംഷീര്‍ (39) ആണ് മരിച്ചത്.

വാളയാര്‍ ചെക്ക് പോസ്റ്റില്‍ വന്‍ കഞ്ചാവ് വേട്ട. കാറില്‍ കടത്തുകയായിരുന്ന 77 കിലോ കഞ്ചാവുമായി മുതലമട സ്വദേശി ഇര്‍ഷാദ്, അഗളി സ്വദേശി സുരേഷ് കുമാര്‍ എന്നിവരെ അറസ്റ്റു ചെയ്തു.

തലസ്ഥാനത്ത് കഞ്ചാവുമായി യൂത്ത് കോണ്‍ഗ്രസുകാരന്‍ പിടിയില്‍. യൂത്ത് കോണ്‍ഗ്രസ് അരുവിക്കര മണ്ഡലം സെക്രട്ടറി പൂവച്ചല്‍ സ്വദേശി ഷൈജുവാണ് 40 കിലോ കഞ്ചാവുമായി പിടിയിലായത്.

തൃശൂര്‍ പുലക്കാട്ടുക്കരയില്‍ പുഴക്കടവില്‍ ഇരുന്നു പരസ്യമായി മദ്യപിച്ചതു ചോദ്യം ചെയ്തതിന് യുവാവിനെ ആക്രമിച്ച സംഭവത്തില്‍ ആറു യുവാക്കള്‍ കൂടി അറസ്റ്റില്‍. തൃശൂര്‍ കോനിക്കര, തലോര്‍ സ്വദേശികളായ ആഷിഖ്, ജിത്തു, അമല്‍, ഗോകുല്‍, അതുല്‍, സൂരജ് എന്നിവരാണ് പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.

അരിക്കു വില വര്‍ധിച്ചുകൊണ്ടിരിക്കേ 30 രൂപയ്ക്ക് അരി ലഭ്യമാക്കുന്ന പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. എഫ്‌സിഐ ഭാരത് റൈസ് എന്ന പേരില്‍ വില കുറച്ചു വില്‍ക്കാനാണു പരിപാടി. ലോക്‌സഭ തെരഞ്ഞെടുപ്പിനു ജനങ്ങളെ കൈയിലെടുക്കാനാണ് വില കുറച്ചുള്ള അരി വിപണിയില്‍ ഇറക്കുന്നത്.

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുത്തേക്കില്ല. സംസ്ഥാന ഘടകങ്ങളോട് പരസ്യ പ്രസ്താവന നടത്തരുതെന്ന് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. പങ്കെടുക്കരുതെന്ന് കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി പ്രസ്താവിച്ചിരുന്നു. അതേസമയം, ചടങ്ങില്‍ പങ്കെടുക്കുന്നം കാര്യം തീരുമാനിച്ചില്ലെന്ന് ആം ആദ്മി പാര്‍ട്ടി വ്യക്തമാക്കി.

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ബിജെപി രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മതത്തെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുകയാണ്. രാമക്ഷേത്ര പ്രതിഷ്ഠയില്‍ കോണ്‍ഗ്രസ് പങ്കെടുക്കുന്നത് അവരുടെ രാഷ്ട്രീയ തീരുമാനമാണ്. യെച്ചൂരി പറഞ്ഞു.

പലസ്തീനിലെ ജനവാസ മേഖലകളില്‍ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ കുട്ടികളും സ്ത്രീകളുമടക്കം നിരവധി പേര്‍ കൊല്ലപ്പെട്ടു. ബെയ്ത് ലാഹിയ, ഖാന്‍ യൂനിസ്, അല്‍ മഗാസി പ്രദേശങ്ങളില്‍ മാത്രം അമ്പതു പലസ്തീനികള്‍ വധിക്കപ്പെട്ടു.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *