സര്‍ക്കാരിനെതിരായ കുറ്റം രാജ്യത്തിനെതിരായ കുറ്റമെന്ന നിലയില്‍ രാജ്യദ്രോഹക്കുറ്റത്തെ വ്യാഖ്യാനം ചെയ്തുകൊണ്ട് ക്രിമിനല്‍ നിയമ ഭേദഗതികളുടെ മൂന്ന് ബില്ലുകള്‍ ലോക്സഭ പാസാക്കി. പ്രതിപക്ഷാംഗങ്ങളെ സസ്പെന്‍ഡു ചെയ്തു പുറത്താക്കി ചര്‍ച്ചപോലും ഇല്ലാതെയാണ് ബില്ലുകള്‍ പാസാക്കിയത്. പുതിയ നിയമമനുസരിച്ച് ആള്‍ക്കൂട്ട ആക്രമണത്തിന് ഇനി വധശിക്ഷ നല്‍കും. ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധീനിയം എന്നീ ബില്ലുകളാണ് പാസായത്. ഐപിസി, സിആര്‍പിസി, ഇന്ത്യന്‍ തെളിവുനിയമം എന്നീ നിയമങ്ങളിലാണ് മാറ്റം വന്നത്. കഴിഞ്ഞ സമ്മേളനത്തില്‍ മൂന്നു ബില്ലുകളും പാസാക്കിയതാണെങ്കിലും അവയിലെ പിഴവുകള്‍ തിരുത്താന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ നിര്ദേശങ്ങളനുസരിച്ചു പരിഷ്കരിച്ച ബില്ലുകളാണ് ലോക്സഭ പാസാക്കിയത്. കാലഹരണപ്പെട്ട രാജ്യദ്രോഹക്കുറ്റം റദ്ദാക്കണമെന്നു സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
യൂത്ത് കോണ്‍ഗ്രസിന്റെ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചതോടെ സെക്രട്ടറിയേറ്റ് പരിസരം യുദ്ധക്കളമായി. വനിതാ പ്രവര്‍ത്തകരുടെ വസ്ത്രം പുരുഷ പോലീസുകാര്‍ വലിച്ചുകീറി. രാവിലെ 11.30 മുതല്‍ വൈകുന്നേരം അഞ്ചു വരെ സെക്രട്ടേറിയറ്റിലും കോണ്‍ഗ്രസ് ഡിസിസി ഓഫീസ് പരിസരത്തും സംഘര്‍ഷാവസ്ഥയായിരുന്നു. മൂന്നു പൊലീസ് വാഹനങ്ങളുടെ ചില്ല് സമരക്കാര്‍ തകര്‍ത്തു. കന്റോണ്‍മെന്റ് എസ്ഐ ഉള്‍പ്പടെ എട്ടു പൊലീസുകാര്‍ക്കും നിരവധി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. 22 പേരെ കസ്റ്റഡിയിലെടുത്തു. മൂന്നു പേരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തില്‍ മോചിപ്പിച്ചു. ഡിസിസി ഓഫിസില്‍ കയറി പ്രവര്‍ത്തകരെ അറസ്റ്റുചെയ്യാനുള്ള പോലീസിന്റെ നീക്കം പ്രതിപക്ഷനേതാവിന്റെ നേതൃത്വത്തില്‍ തടഞ്ഞു.
തിരുവനന്തപുരം ഡിസിസി ഓഫീസിനു മുന്നില്‍ പൊലീസിനെ പ്രതിരോധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മണിക്കൂറുകളോളം നേര്‍ക്കുനേര്‍ നിലയുറപ്പിച്ചു. നഗരത്തിന്റെ പല ഭാഗത്തും പ്രവര്‍ത്തകര്‍ തടിച്ചു കൂടി. നേരത്തെ സെക്രട്ടേറിയറ്റില്‍ പോലീസ് ലാത്തിവീശിയിട്ടും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയില്ല. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റുചെയ്യാന്‍ ശ്രമിച്ചെങ്കിലും പ്രവര്‍ത്തകര്‍ തടഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് വനിതാ പ്രവര്‍ത്തകരുടെ വസ്ത്രം വലിച്ചുകീറിയ എസ്ഐക്കെതിരേ നടപടിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും. എസ് എഫ് ഐ പ്രവര്‍ത്തകരെ ‘മോളെ കരയല്ലേ’ എന്ന് സമാധാനിപ്പിച്ച പൊലീസാണ് ഇവിടെ പെണ്‍കുട്ടികളുടെ തുണി വലിച്ചുകീറിയത്. സതീശന് പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ നേതൃത്വത്തില്‍ കലാപമുണ്ടാക്കാനാണ് ശ്രമിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. പൊലീസിന് നേരെ കടന്നാക്രമണമാണ് നടത്തിയത്. ജനാധിപത്യ വിരുദ്ധ നിലപാടാണത്. പൊലീസ് ആത്മസംയമനം പാലിച്ചെന്നും എംവി ഗോവിന്ദന് പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി ഡി സതീശന് സംസ്ഥാനത്തു കലാപമുണ്ടാക്കുകയാണെന്നു മന്ത്രിമാര്‍. യൂത്ത് കോണ്‍ഗ്രസിന്റെ സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷം കലാപശ്രമമാണെന്ന് മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, വി ശിവന്‍കുട്ടി, ആന്റണി രാജുവും എന്നിവര്‍ ആരോപിച്ചു.
യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി കാണിക്കുന്നത് കലാപമാണെന്നും എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം ജനാധിപത്യപരമാണെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്. നവകേരള സദസ്സ് അനുകരിക്കാനുള്ള ശ്രമത്തിലാണ് മറ്റു സംസ്ഥാനങ്ങളെന്നും ജയരാജന് പറഞ്ഞു.
ജനതാദള്‍ എസ് പ്രസിഡന്റ് ദേവഗൗഡയെ പുറത്താക്കിയെന്നും താനാണ് പുതിയ അധ്യക്ഷനെന്നും അവകാശപ്പെട്ട് സി കെ നാണു ഇടതുമുന്നണി കണ്‍വീനര്‍ക്കു കത്തു നല്കി. ബിജെപി നയിക്കുന്ന എന്‍ഡിഎ വിരുദ്ധ ജെഡിഎസ് തങ്ങളാണെന്നും അല്ലാത്തവര്‍ക്ക് എല്‍ഡിഎഫില്‍ സ്ഥാനമില്ലെന്നും നാണുവിന്റെ കത്തില്‍ പറയുന്നു. ഇതോടെ ദേവഗൗഡ പക്ഷത്തു തുടരുന്ന മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസും നയിക്കുന്ന വിഭാഗം വെട്ടിലായി.
ശബരിമല വിമാനത്താവളത്തിന് 2570 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവ് റവന്യൂ വകുപ്പ് പുറത്തിറക്കി. എരുമേലി സൗത്ത്, മണിമല വില്ലേജുകളിലെ ഭൂമിയാണ് ഏറ്റെടുക്കുക. സാമൂഹിക ആഘാത പഠന റിപ്പോര്‍ട്ട് പരിശോധിച്ച വിദഗ്ധ സമിതി ശുപാര്‍ശകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ഉത്തരവ്. പദ്ധതി പ്രദേശത്തെ ഭൂരിഭാഗം ജനങ്ങളും പദ്ധതിക്ക് അനുകൂലമെന്നാണ് വിദഗ്ധ സമിതി റിപ്പോര്‍ട്ട്.
മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ 270 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 262 അധ്യാപക തസ്തികകളും എട്ട് അനധ്യാപക തസ്തികകളുമാണ് സൃഷ്ടിച്ചത്.
തൃശൂര്‍ പൂരം എക്സിബിഷന് ഗ്രൗണ്ടിന്റെ തറ വാടക വര്‍ധിപ്പിച്ചത് ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണെന്നു കൊച്ചിന് ദേവസ്വം ബോര്‍ഡ്. കേസില്‍ ഹൈക്കോടതിയില്‍ ടി.എന്‍. പ്രതാപന് എംപി കക്ഷി ചേരും. വാടക പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് നാളെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാപ്പകല്‍ സമരം നടത്തും.
സപ്ലൈകോയുടെ ക്രിസ്മസ്, പുതുവല്‍സര ചന്തകള്‍ നാളെ മുതല്‍ 30 വരെ നടക്കും. സബ്സിഡി സാധങ്ങള്‍ക്കു പുറമെ നോണ്‍ സബ്സിഡി സാധനങ്ങളും അഞ്ചു മുതല്‍ 30 വരെ ശതമാനം വിലക്കുറവില്‍ ലഭ്യമാകുമെന്നാണ് അറിയിപ്പ്.
പൊലീസ് ഉദ്യോഗസ്ഥരുടെയും വിരമിച്ച ഉദ്യോഗസ്ഥരുടെയും സര്‍വീസ് സംബന്ധമായ പരാതികളില്‍ പരിഹാരം കാണാന്‍ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് ജനുവരി 10, 25, ഫെബ്രുവരി 14 എന്നീ തീയതികളില്‍ ഓണ്‍ലൈന്‍ അദാലത്ത് നടത്തുന്നു.
തലശേരി ബ്രണ്ണന്‍ കോളജ് 132 വര്ഷാം വാര്‍ഷികത്തോടനുബന്ധിച്ച് പൂര്‍വ വിദ്യാര്‍ത്ഥികളുടെ മഹാസംഗമം ഒരുക്കുന്നു. ‘അല’ എന്നു പേരിട്ട സംഗമം ഫെബ്രുവരി 10, 11 തീയതികളില്‍ കോളജ് കാമ്പസില്‍ നടക്കും. ഇതിനു മുന്നോടിയായി, ജനുവരി എട്ടിന് കോളജ് യൂണിയന് പൂര്‍വ്വ സാരഥി സംഗമം നടക്കും.
മൂലമറ്റം ചേറാടിയില്‍ വൃദ്ധ ദമ്പതികള്‍ കുത്തേറ്റ് മരിച്ചു. കീലിയാനിക്കല്‍ കുമാര(70)നും ഭാര്യ തങ്കമ്മയുമാണ് മരിച്ചത്. ഇവരുടെ മകനെ പൊലീസ് തെരയുന്നു.
ലോക്സഭയില്‍ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ച രണ്ട് എംപിമാരെ കൂടി സസ്പെന്റ് ചെയ്തു. എഎം ആരിഫിനെയും തോമസ് ചാഴികാടനെയുമാണ് സസ്പെന്റ് ചെയ്തത്. പോസ്റ്റര്‍ ഉയര്‍ത്തി സഭയില്‍ പ്രതിഷേധിച്ചതിനാണ് നടപടി.
സ്പീക്കറുടെ ചേംബറില്‍ കയറിയും ഡെസ്കില്‍ കയറി ഇരുന്നും പേപ്പറുകള്‍ കീറിയെറിഞ്ഞും ഇവര്‍ പ്രതിഷേധിച്ചു.
അരി വില അമിതമായി വര്ധിപ്പിക്കുന്നുണ്ടോയെന്നു നിരീക്ഷിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. അരി വില വര്‍ധന അവലോകനം ചെയ്യാന്‍ ഭക്ഷ്യസെക്രട്ടറി സഞ്ജീവ് ചോപ്ര അരി വ്യാപാര മേഖലയിലെ സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയതിനു പിറകേയാണ് നിര്‍ദേശം. കിലോയ്ക്ക് 29 രൂപയ്ക്ക് നല്ല അരി വിതരണം ലഭ്യമായിരിക്കേ ചില്ലറ വില്പന വിപണിയില്‍ കിലോയ്ക്ക് 43 രൂപ മുതല്‍ 50 രൂപ വരെ ഈടാക്കുന്നുണ്ടെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി.
അഞ്ച് വര്‍ഷത്തിനകം ഇന്ത്യയിലെ ദേശീയപാതകളെ യുഎസ് റോഡുകളോട് കിടപിടിക്കുന്നവയാക്കുമെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. 30 അതിര്‍ത്തി റോഡുകള്‍ പോര്‍വിമാനങ്ങള്‍ ഇറങ്ങാനാകുന്ന കരുത്തോടെയാണു തയാറാക്കിയിരിക്കുന്നത്. 670 ഇടങ്ങളില്‍ ആളില്ലാ വിമാനങ്ങള്‍ക്കും ഹെലികോപ്ടറുകള്‍ക്കും ഇറങ്ങാന്‍ സൗകര്യമൊരുക്കും. ഒന്‍പതു വര്‍ഷം കൊണ്ട് 50 ലക്ഷം കോടി രൂപയുടെ റോഡ് പദ്ധതികള്‍ക്ക് ഗതാഗതമന്ത്രാലയം അനുമതി നല്കി. അദ്ദേഹം പറഞ്ഞു.
പൂനെയിലെ യുവ മോര്‍ച്ച നേതാവിനെ റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സുനില്‍ ധുമലി(35)നെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കുവൈറ്റ് അമീറായി ശൈഖ് മിഷല്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് അധികാരമേറ്റു. ബുധനാഴ്ച ദേശീയ അസംബ്ലിയില്‍ സത്യപ്രതിജ്ഞ ചെയ്ത ശേഷമാണ് ശൈഖ് മിഷല്‍ അധികാരമേറ്റത്.