ടെസ്‌ല സ്ഥാപകനും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌കിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംരംഭമായ എക്‌സ്എ, വികസിപ്പിച്ച ലാര്‍ജ് ലാംഗ്വേജ് ജനറേറ്റീവ് എ.ഐ മോഡലാണ് ഗ്രോക്. ഓപണ്‍ എ.ഐയുടെ ചാറ്റ്ജിപിടിക്കും ഗൂഗിളിന്റെ ബാര്‍ഡിനും ബദലായി എത്തിയ ഗ്രോക് എ.ഐ ചാറ്റ്‌ബോട്ട് ഒടുവില്‍ ഇന്ത്യയിലും അവതരിപ്പിച്ചിരിക്കുകയാണ്. മസ്‌കിന്റെ ഉടമസ്ഥതയിലുള്ള മൈക്രോ ബ്ലോഗിങ് സൈറ്റായ എക്സിന്റെ ഇന്ത്യയിലുള്ള പ്രീമിയം പ്ലസ് വരിക്കാര്‍ക്ക് ഗ്രോക്ക് ഉപയോഗിച്ച് തുടങ്ങാം. ഇന്ത്യക്ക് പുറമേ, പാകിസ്ഥാന്‍, ഓസ്ട്രേലിയ, കാനഡ, ന്യൂസിലാന്‍ഡ്, സിംഗപ്പൂര്‍ തുടങ്ങിയ 46 രാജ്യങ്ങളില്‍ ഗ്രോക്കിന്റെ സേവനങ്ങള്‍ ഇപ്പോള്‍ ആക്സസ് ചെയ്യാവുന്നതാണ്. നിലവില്‍ ബീറ്റാ ഘട്ടത്തില്‍ തന്നെ തുടരുന്ന ഗ്രോക് പരീക്ഷിച്ച് നോക്കാന്‍ ആഗ്രഹിക്കുന്നവര്‍ എക്‌സിന്റെ പ്രീമിയം+ സബ്സ്‌ക്രിപ്ഷന്‍ എടുക്കേണ്ടതുണ്ട്. ഇന്ത്യയില്‍ പ്രതിമാസം 1,300, പ്രതിവര്‍ഷം 13,600 എന്നിങ്ങനെയാണ് ചാര്‍ജ്. എക്‌സിലെ ഡാറ്റ ഉപയോഗിച്ചാണ് ഇലോണ്‍ മസ്‌കിന്റെ എ.ഐ മോഡല്‍ പ്രവര്‍ത്തിക്കുന്നത്. എക്സില്‍ നിന്നുള്ള തത്സമയ ഡാറ്റ പ്രയോജനപ്പെടുത്തുന്നതിനാല്‍, മറ്റ് പ്രമുഖ എഐ ചാറ്റ്ബോട്ടുകള്‍ നിരസിച്ചേക്കാവുന്ന ചോദ്യങ്ങളോട് വരെ പ്രതികരിക്കാനുള്ള കഴിവ് ഗ്രോക്കിനുണ്ട്. കൂടാതെ, ഇന്റര്‍നെറ്റ് ബ്രൗസിങ് സംവിധാനവുമുണ്ടായിരിക്കും. അതായത്, നമ്മള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാനായി ഇന്റര്‍നെറ്റില്‍ തിരയാനും ഗ്രോക്കിന് കഴിയും.