തന്റെ വാഹനം തടയാന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ എത്തിയാല്‍ ഇനിയും കാറില്‍നിന്നു പുറത്തിറങ്ങുമെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തനിക്കു ഭയമില്ല. കാമ്പസുകളില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് എസ്എഫ്‌ഐ ഭീഷണിപ്പെടുത്തിയിരിക്കേ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നു വൈകുന്നേരം കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ എത്തും. ക്യാമ്പസിലെ വിവിഐപി ഗസ്റ്റ് ഹൗസിാണ് ഗവര്‍ണര്‍ തങ്ങുക. കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സന്ദര്‍ശിക്കാനിരിക്കെ കോഴിക്കോട് സര്‍വകലാശാലയില്‍ എസ്എഫ്‌ഐ കറുത്ത ബാനറുകള്‍ ഉയര്‍ത്തി. ചാന്‍സലര്‍ ഗോ ബാക്ക്, മിസ്റ്റര്‍ ചാന്‍സലര്‍ യു ആര്‍ നോട്ട് വെല്‍ക്കം, സംഘി ചാന്‍സലര്‍ വാപസ് ജാവോ എന്നിങ്ങനെ എഴുതിയ മൂന്നു ബാനറുകളാണ് ഉയര്‍ത്തിയത്.
ആലപ്പുഴയില്‍ റോഡരികില്‍ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസുകാരെ കാര്‍ നിര്‍ത്തി ഓടിയെത്തി മര്‍ദിച്ചത് മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍ കുമാര്‍. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാരെ ഗണ്‍മാന്‍ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.
നാടിനുവേണ്ടി അധ്വാനിക്കുന്ന തന്റെ ജീവന്‍ രക്ഷിക്കേണ്ടത് അംഗരക്ഷകരുടെ ജോലിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആലപ്പുഴയില്‍ കരിങ്കൊടി കാണിച്ചവരെ ഗണ്‍മാന്‍ മര്‍ദിച്ചതിനെക്കുറിച്ചു ചോദിച്ച മാധ്യമ പ്രവര്‍ത്തകരോടു ചോദ്യം പ്രത്യേക ഉദേശ്യത്തോടെയാണെന്ന് പിണറായി നീരസം പ്രകടിപ്പിച്ചു. തന്റെ വാഹനത്തിനു നേരെ ചിലര്‍ ചാടി വീഴുന്ന സംഭവം ഉണ്ടായി. യൂണിഫോമിലുള്ള പൊലീസുകാര്‍ പ്രതിഷേധക്കാരെ മാറ്റുന്നതാണ് താന്‍ കണ്ടത്. പിണറായി വിജയന്‍ പറഞ്ഞു.
നവകേരള സദസിനു പാര്‍ട്ടി പ്രവര്‍ത്തകര്‍ സംരക്ഷണം നല്‍കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. നവകേരള സദസ് സര്‍ക്കാര്‍ പരിപാടിയാണ്. പോലീസ് സംരക്ഷണം നല്‍കും. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഗോവിന്ദന്‍ പറഞ്ഞു.
ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ നിരവധി പരാതികളുണ്ടെന്നും 23 ന് ശേഷം ഇക്കാര്യത്തില്‍ നടപടിയെടുക്കുമെന്നും മന്ത്രി സജി ചെറിയാന്‍. ആരെയും വ്യക്തിപരമായി അവഹേളിക്കുന്നതിനോടു യോജിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ രാജ്യാന്തര ചലച്ചിത്രമേളയ്ക്കിടെ അക്കാദമി അംഗങ്ങള്‍ സമാന്തര യോഗം ചേര്‍ന്നതിന്റെ മിനുട്‌സ് പുറത്ത്. അക്കാദമി അംഗങ്ങളായ കുക്കു പരമേശ്വരന്‍, സോഹന്‍ സീനു ലാല്‍ അടക്കം ഒമ്പതു പേര്‍ പങ്കെടുത്തെന്നാണ് മിനുട്‌സില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ കത്ത് കൊടുക്കാന്‍ യുഡിഎഫ് എംപിമാര്‍ തയ്യാറായത് നവകേരള സദസിന്റെ വിജയമാണെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍. ഇതുവരെ കേരളത്തിന്റെ പൊതു ആവശ്യങ്ങള്‍ക്കായി ശബ്ദമുയര്‍ത്താന്‍ തയ്യാറാകാത്തവരാണിവര്‍. രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തി.
ശബരിമലയില്‍ ഭക്തജന തിരക്ക്. അവധി ദിവസമായതിനാല്‍ ഇന്ന് 90,000 പേരാണ് വെര്‍ച്വല്‍ ക്യൂവഴി ബുക്ക് ചെയ്തത്. പുലര്‍ച്ചെ ഒരു മണി മുതല്‍ ആറര വരെ 21,000 പേര്‍ പതിനെട്ടാം പടി ചവിട്ടി. പതിനെട്ടാം പടി കയറാന്‍ ഭക്തരെ സഹായിക്കുന്ന പതിനാല് പോലീസുകാര്‍ ഓരോ ഇരുപത് മിനിറ്റിലും മാറുന്ന വിധത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ മിനിറ്റിലും എഴുപത്തഞ്ചിലധികം പേരെ പടി കയറ്റുന്നുണ്ടെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു.
തൃശൂര്‍ കോര്‍പ്പറേഷനില്‍ നടപ്പാക്കുന്ന 56 കോടി രൂപുടെ അമൃത് കുടിവെള്ള പദ്ധതിയിലെ അഴിമതി ആരോപണം കേന്ദ്ര സമിതി അന്വേഷിക്കും. ബിജെപി നല്‍കിയ പരാതിയിലാണ് അന്വേഷണം. പദ്ധതിയില്‍ ഇരുപതു കോടിയുടെ ക്രമക്കേടുണ്ടെന്നാണ് ആരോപണം.
മലപ്പുറം മഞ്ചേരിയില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ചു പേര്‍ മരിച്ച സംഭവം നാടിനെ കണ്ണീരിലാഴ്ത്തി. അപകടത്തില്‍ ഒരു കുടുംബത്തിലെ നാലു പേരാണു മരിച്ചത്. മരിച്ച ഓട്ടോ ഡ്രൈവര്‍ അബ്ദുല്‍ മജീദിന്റെ മകളുടെ നിക്കാഹ് ഇന്നു നടക്കാനിരുന്നതാണ്. മകളുടെ നിക്കാഹിന് പന്തലുയര്‍ന്ന വീട്ടിലേക്ക് മജീദിന്റെ മയ്യത്താണ് എത്തിയത്.
വണ്ടിപ്പെരിയാര്‍ കേസിലെ വീഴ്ചയ്‌ക്കെതിരെ മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ ഡിജിപിയുടെ വീട്ടില്‍ കയറി പ്രതിഷേധിച്ചു. ഡിജിപി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഔദ്യോഗിക വസതിയിലുള്ളപ്പോഴാണ് പ്രതിഷേധക്കാര്‍ ഗേറ്റ് തള്ളിത്തുറന്ന് അകത്ത് കയറിയത്. സമരം നടത്തിയ അഞ്ചു വനിതകള്‍ അറസ്റ്റിലായി.
തൃശൂര്‍ കൈപ്പറമ്പില്‍ മദ്യലഹരിയില്‍ മകന്‍ അമ്മയെ വെട്ടിക്കൊന്നു. എടക്കളത്തൂര്‍ സ്വദേശിനി ചന്ദ്രമതി എന്ന അറുപത്തെട്ടുകാരിയാണ് കൊല്ലപ്പെട്ടത്. മകന്‍ സന്തോഷിനെ പേരാമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു.
കോഴിക്കോട് കോടഞ്ചേരിയില്‍ യുവാവിനെ മര്‍ദ്ദിച്ചു കൊന്ന കേസില്‍ മുഖ്യ പ്രതിയുടെ ഭാര്യയും അറസ്റ്റിലായി. കുപ്പായക്കോട്ട് കൈപ്പുറം വേളങ്ങാട്ട് അഭിജിത്തിന്റെ (27) ഭാര്യ സരിതയെ (21)യാണ് പിടിയിലായത്. മുട്ടിത്തോട് ചാലപ്പുറത്ത് വീട്ടില്‍ നിധിന്‍ തങ്കച്ചനെ (25) മര്‍ദ്ദിച്ച് കൊന്നക്കേസിലാണ് അറസ്റ്റ്. നേരത്തെ മൂന്നു പേരെ അറസ്റ്റു ചെയ്തിരുന്നു
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഡീപ്‌ഫേക്ക് സാങ്കേതികവിദ്യയും ഉപയോഗിച്ച് വീഡിയോ കോളിലൂടെ തെറ്റിദ്ധരിപ്പിച്ച് ബാങ്ക് അക്കൗണ്ടില്‍നിന്ന് പണം തട്ടിയെടുത്ത കേസില്‍ രണ്ടു പേര്‍ കൂടി അറസ്റ്റില്‍. മഹാരാഷ്ട്ര സ്വദേശികളായ അമരീഷ് അശോക് പാട്ടീല്‍, സിദ്ധേഷ് ആനന്ദ് കാര്‍വെ എന്നിവരാണ് അറസ്റ്റിലായത്.
കെഎസ്ആര്‍ടിസി എന്ന ചുരുക്കെഴുത്തു കര്‍ണാടകത്തിനും ഉപയോഗിക്കാമെന്ന് മദ്രാസ് ഹൈക്കോടതി. പേര് ഉപയോഗിക്കാനുള്ള അവകാശം കേരളത്തിനുമാത്രം നല്‍കിയ ട്രേഡ് മാര്‍ക്ക് രജിസ്റ്ററി ഉത്തരവ് കോടതി റദ്ദാക്കി.
പാര്‍ലമെന്റ് അതിക്രമത്തിലൂടെ പ്രതികള്‍ അരാജകത്വം സൃഷ്ടിക്കാനാണു ശ്രമിച്ചതെന്ന് ഡല്‍ഹി പൊലീസ്. കൂടുതല്‍ പേരെ ഉള്‍പ്പെടുത്തി പ്രതിഷേധം നടത്താന്‍ ശ്രമം നടന്നു. കേസില്‍ കസ്റ്റഡിയിലുള്ള മഹേഷിനും ഗൂഢാലോചനയില്‍ വ്യക്തമായ പങ്കുള്ളതായി പൊലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ജാതി സെന്‍സസിന്റെ പേരില്‍ കര്‍ണാടകത്തിലെ കോണ്‍ഗ്രസില്‍ കലഹം. ജാതി സെന്‍സസ് റിപ്പോര്‍ട്ട് പുറത്ത് വിടരുതെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ലിംഗായത്ത് സമുദായത്തിലെ എംഎല്‍എമാര്‍ സര്‍ക്കാരിന് സംയുക്തമായി നിവേദനം നല്‍കി.