നാഗചൈതന്യ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘തണ്ടേല്‍’. സംവിധായകന്‍ ചന്ദൂ മൊണ്ടേടിയുടെ പുതിയ ചിത്രവുമാണ് തണ്ടേല്‍. സായ് പല്ലവിയാണ് നായികയായി എത്തുന്നത്. നാഗാര്‍ജുനയും വെങ്കടേഷും അടക്കമുള്ള മുതിര്‍ന്ന താരങ്ങളെല്ലാം പൂജാ ചടങ്ങിന് എത്തിയ വീഡിയോയും ഉണ്ട്. മത്സ്യത്തൊഴിലാളികളുടെ ജീവിതം പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രത്തിലാണ് നാഗചൈതന്യയുടെ ജോഡിയായി സായ് പല്ലവി വേഷമിടുന്നത്. നായകനായ നാഗചൈതന്യക്ക് പ്രതിഫലം ഏഴ് കോടിയായിരിക്കും എന്ന് വ്യക്തമായിട്ടുണ്ടെങ്കിലും സായ് പല്ലവിക്ക് ലഭിക്കുന്ന തുക എത്രയെന്ന് പുറത്തുവിട്ടിട്ടില്ല. പ്രേമം എന്ന ഹിറ്റ് മലയാള ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നായിക സായ് പല്ലവി നാഗചൈതന്യയുടെ എന്‍എച്ച് 23ന് പുറമേ തമിഴിലും ഒരു പ്രധാന വേഷത്തില്‍ എത്താന്‍ തയ്യാറെടുത്തിരിക്കുകയാണ്. ശിവകാര്‍ത്തികേയന്‍ നായകനായി വേഷമിടുന്ന പുതിയ ചിത്രത്തിലാണ് സായ് പല്ലവി നായികയാകുന്നത്. നയന്‍താരയ്ക്ക് പിന്നാലെ സായ് പല്ലവി ബോളിവുഡിലേക്കും എത്തുകയാണ്. ആമിര്‍ ഖാന്റെ മകന്‍ ജുനൈദ് ഖാന്റെ നായികയായിട്ടാണ് ഹിന്ദിയില്‍ വേഷമിടുകുക. പ്രാധാന്യം സായ് പല്ലവിയുടെ നായിക കഥാപാത്രത്തിനായിരിക്കും എന്നും റിപ്പോര്‍ട്ടുണ്ട്. സംവിധാനം സുനില്‍ പാണ്ഡയാണ്.