ചീത്ത കൊളസ്ട്രോള്‍ അഥവാ എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കൂടുമ്പോള്‍ ചിലരില്‍ മുഖത്ത് ചില ലക്ഷണങ്ങള്‍ പ്രകടമാകും. രക്തത്തില്‍ കൊളസ്ട്രോളിന്റെ അളവ് കൂടിയാല്‍ അത് ഹൃദയത്തെ ദോഷകരമായി ബാധിക്കും. കൊഴുപ്പ് കൂടിയ ഭക്ഷണങ്ങള്‍, വ്യായാമമില്ലായ്മ, പുകവലി, അമിത മദ്യപാനം തുടങ്ങിയവയൊക്കെ കൊളസ്ട്രോള്‍ കൂടാന്‍ കാരണമാകും. കൊളസ്ട്രോളിന്റെ അളവ് കൂടുമ്പോള്‍ കണ്ണിന് ചുറ്റുമായി മഞ്ഞ കലര്‍ന്ന നിറത്തില്‍ തീരെ ചെറിയ മുഴകള്‍ കാണപ്പെടാം. ചിലരില്‍ ഈ മുഴകള്‍ നെറ്റിയിലും മുഖത്തും കവിളുകളിലും കൈയിലുമൊക്കെ ഉണ്ടാകാം. അതുപോലെ ചിലരില്‍ കൊളസ്ട്രോളിന്റെ അളവ് കൂടുമ്പോള്‍ മുഖത്തിന്റെ ചര്‍മ്മത്തിലോ വായ്ക്കകത്തോ ചൊറിച്ചില്‍ ഉണ്ടാവുകയും, ചൊറിഞ്ഞ് ചുവന്നു തടിക്കുകയും ചെയ്യാം. കൊളസ്ട്രോള്‍ കൂടുമ്പോള്‍ ചര്‍മ്മത്തില്‍ പലയിടത്തും ചൊറിച്ചിലും ചുവന്ന പാടുമെല്ലാം ഉണ്ടാകാന്‍ സാധ്യതയേറെയാണ്. ചര്‍മ്മത്തിലുള്ള നിറ വ്യത്യാസം, മുഖത്ത് കാണുന്ന ഇത്തരം ലക്ഷണങ്ങള്‍ എന്നിവയെ നിസാരമായി കാണേണ്ട. കൈ രേഖയില്‍, കാലിന്റെ പുറകില്‍ ഒക്കെ കൊളസ്ട്രോള്‍ അടിഞ്ഞതുമൂലം കാണുന്ന തടിപ്പും കൊളസ്ട്രോളിന്റെ ലക്ഷണമാകാം. അതുപോലെ ചിലരില്‍ കൊളസ്ട്രോളിന്റെ അളവ് കൂടുമ്പോള്‍ കേള്‍വിക്കുറവ് വരാം. ഉയര്‍ന്ന കൊളസ്ട്രോളുമായി ബന്ധപ്പെട്ട ശ്രവണ നഷ്ടം പലപ്പോഴും ഉയര്‍ന്ന ശബ്ദങ്ങള്‍ കേള്‍ക്കുന്നതിനോ ഉച്ചത്തിലുള്ള ചുറ്റുപാടുകളില്‍ സംസാരം മനസ്സിലാക്കുന്നതിനോ ഉള്ള ബുദ്ധിമുട്ടുകളായി പ്രകടമാകുന്നു. കാലുകളില്‍ വേദന, കാലുകളില്‍ മരവിപ്പ്, മുട്ടുവേദന, കാലുകളുടെ പേശികളില്‍ വേദന, കാലുകളിലോ പാദത്തിലോ മുറിവുകള്‍ തുടങ്ങിയവ ഉണ്ടാകാം. കഴുത്തിനു പിന്നില്‍ ഉളുക്കുപോലെ കഴപ്പുണ്ടാകുക, മങ്ങിയ നഖങ്ങള്‍, തളര്‍ച്ച, ക്ഷീണം തുടങ്ങിയവയും ഇതുമൂലം കാണപ്പെടാം.