web cover 6

◼️കാലാവധി കഴിഞ്ഞിട്ടും നിക്ഷേപം തിരികെ നല്‍കാന്‍ കഴിയാത്ത 164 സഹകരണ സംഘങ്ങള്‍ സംസ്ഥാനത്തുണ്ടെന്ന് സര്‍ക്കാര്‍. സഹകരണ മന്ത്രി നിയമസഭയില്‍ നല്‍കിയ മറുപടിയിലാണ് ഈ വിവരം. തൃശൂര്‍ കരുവന്നൂര്‍ സഹകരണ സംഘം അടക്കമുള്ള ഇത്തരം സംഘങ്ങളില്‍ കുടുതല്‍ തിരുവനന്തപുരം ജില്ലയിലാണ്. ചെറിയ തുക മുതല്‍ വന്‍തുകവരെ നിക്ഷേപങ്ങള്‍ സ്വീകരിച്ച സ്ഥാപനങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇതോടെ നൂറ് കണക്കിന് നിക്ഷേപകരാണ് പ്രതിസന്ധിയിലായത്.

◼️ലോക്സഭയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും തമ്മില്‍ വാഗ്വാദം. സോണിയ സഭ വിട്ടു പോകുന്നതിനിടെ ബിജെപി അംഗങ്ങള്‍ സോണിയക്കെതിരേ മുദ്രാവാക്യം മുഴക്കി. തിരികേ സഭയുടെ നടുത്തളത്തിലേക്കുവന്ന സോണിയ എന്തിനാണു തന്നെ അധിക്ഷേപിക്കുന്നതെന്നു ചോദിച്ചു. ഉടനേ സ്മൃതി ഇറാനി കുതിച്ചെത്തി ബിജെപി എംപിമാരെ ഭീഷണിപ്പെടുത്തുകയാണോയെന്ന് സോണിയയോടു കയര്‍ത്തു. സോണിയ കടുത്ത സ്വരത്തില്‍ തിരിച്ചടിച്ചതോടെ ബഹളമായി. ബഹളം മൂത്തപ്പോഴേക്കും പ്രതിപക്ഷത്തെ മുതിര്‍ന്ന വനിതാ നേതാക്കള്‍ സോണിയയെ പുറത്തേക്കു കൊണ്ടുപോയി.

◼️രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ രാഷ്ട്രപത്നിയെന്ന് കോണ്‍ഗ്രസ് പ്രതിപക്ഷ നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി വിശേഷിപ്പിച്ചതിനെതിരെ പാര്‍ലമെന്റില്‍ പ്രതിഷേധം. ഭരണഘടനാ പദവിയെ അപമാനിച്ചെന്ന് ആരോപിച്ച് മന്ത്രിമാരായ നിര്‍മല സീതാരാമനും സ്മൃതി ഇറാനിയും പ്രതിഷേധിച്ചു. നാക്കുപിഴ പറ്റിയതാണെന്നു അധിര്‍ രഞ്ജന്‍ ചൗധരി മാപ്പപേക്ഷിച്ചു.

*_KSFE_ GOLD LOAN*
*മനുഷ്യപ്പറ്റുള്ള ഗോള്‍ഡ് ലോണ്‍*
നിങ്ങളുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ക്ക് *_KSFE_* നല്‍കുന്നു സ്വര്‍ണ പണയ വായ്പ. മിതമായ പലിശ നിരക്കില്‍ ലളിതമായ നടപടിക്രമങ്ങളിലൂടെ 25 ലക്ഷം രൂപ വരെ പ്രതിദിനം നിങ്ങള്‍ക്ക് നേടാം. 12 മാസത്തെ വായ്പാ കാലയളവില്‍ നിശ്ചിത പലിശ അടച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് വായ്പ പുതുക്കാന്‍ കഴിയും, കൂടാതെ പരമാവധി 36 മാസം വരെ ഈ സൗകര്യം ഉപയോഗിക്കാം. *കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com*

◼️രാജ്യസഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കുകയും പ്ലാക്കാര്‍ഡുകള്‍ ഉയര്‍ത്തുകയും സഭാനടപടികള്‍ തടസപ്പെടുത്തുകയും ചെയ്തതിനു മൂന്നു പ്രതിപക്ഷ എംപിമാരെക്കൂടി രാജ്യസഭയില്‍നിന്നു സസ്പെന്‍ഡു ചെയ്തു. ആം ആദ്മി പാര്‍ട്ടി എംപിമാരായ സുശീല്‍ കെ.ആര്‍. ഗുപ്ത, സന്ദീപ് കെ.ആര്‍. പഥക്, സ്വതന്ത്ര എംപി അജിത്കുമാര്‍ ഭൂയാന്‍ എന്നിവരെയാണ് ഉച്ചയോടെ സസ്പെന്‍ഡു ചെയ്തത്. ഇതോടെ രാജ്യസഭയില്‍നിന്ന് 23 എംപിമാര്‍ അടക്കം 27 എംപിമാര്‍ സസ്പെന്‍ഷനിലാണ്.

◼️സില്‍വര്‍ ലൈന്‍ സാമൂഹ്യ ആഘാത പഠനത്തിനുള്ള വിജ്ഞാപനം പുതുക്കും. കാലാവധി തീര്‍ന്ന ഒമ്പതു ജില്ലകളില്‍ പുതിയ വിജ്ഞാപനം നാളത്തന്നെ പുതുക്കും. നിലവില്‍ പഠനം നടത്തിയ ഏജന്‍സികള്‍ക്ക് ഒപ്പം പുതിയ ഏജന്‍സികളെയും പരിഗണിക്കും. വീണ്ടും ആറു മാസം കാലാവധി നല്‍കും. കേന്ദ്രസര്‍ക്കാരിന്റെ എതിര്‍പ്പിനിടെയാണ് സംസ്ഥാനം സാങ്കേതിക നടപടികളുമായി മുന്നോട്ടു പോകുന്നത്.

◼️വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് 18 വയസു തികയേണ്ടതില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. 17 വയസ് പൂര്‍ത്തിയായാല്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ മുന്‍കൂറായി അപേക്ഷ നല്‍കാം. ഇതിനു വേണ്ട സാങ്കേതിക സജ്ജീകരണങ്ങള്‍ നല്‍കാന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കി.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

◼️സബ്‌സിഡി ഉത്പന്നങ്ങള്‍ക്ക് ജിഎസ്ടി ചുമത്തില്ലെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍. സബ്‌സിഡി ഇല്ലാത്ത ഉത്പന്നങ്ങളുടെ കാര്യത്തില്‍ ആലോചിച്ച് തീരുമാനിക്കും. സപ്ലൈക്കോയില്‍ ജി എസ് ടി ഒഴിവാക്കുന്നതിലെ പ്രായോഗികത പരിശോധിക്കുമെന്നും ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.

◼️രാജിവച്ച മന്ത്രി സജി ചെറിയാന്റെ പേഴ്സണല്‍ സ്റ്റാഫില്‍നിന്ന് അഞ്ചുപേരെ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ സ്റ്റാഫംഗങ്ങളാക്കി. സ്റ്റാഫംഗങ്ങളുടെ എണ്ണം 25 ആയി നിജപ്പെടുത്തിയിരുന്നെങ്കിലും അഞ്ചുപേരെകൂടി നിയമിച്ചതോടെ റിയാസിന്റെ സ്റ്റാഫംഗങ്ങളുടെ എണ്ണം മുപ്പതായി. പെന്‍ഷന്‍ ലഭിക്കാനാണ് സര്‍വീസ് മുടങ്ങാതെ നിയമനം നല്‍കിയതെന്നാണു റിപ്പോര്‍ട്ട്.

◼️രാജസ്ഥാനില്‍ നിന്ന് മതിയായ രേഖകള്‍ ഇല്ലാതെ പ്രായപൂര്‍ത്തിയാകാത്ത 12 പെണ്‍കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ പെരുമ്പാവൂരിലെ കരുണ ചാരിറ്റബിള്‍ ട്രസ്റ്റ് ഡയറക്ടറും ഇന്‍ഡിപെന്‍ഡന്റ് പെന്തക്കോസ്ത് ചര്‍ച്ച് വൈദികനുമായ ജേക്കബ് വര്‍ഗീസ് അറസ്റ്റിലായി. ഇടനിലക്കാരെ ഇന്നലെ കോഴിക്കോട് റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പെരുമ്പാവൂരിലെ കരുണ ചാരിറ്റബിള്‍ ട്രസ്റ്റ് നിയമവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് കോഴിക്കോട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍.

◼️

എറണാകുളം പെരുമ്പാവൂരില്‍ വീട് തകര്‍ന്നു വീണ് പതിമ്മൂന്നുകാരന്‍ മരിച്ചു. കീഴില്ലം സ്വദേശി ഹരിനാരായണനാണ് കെട്ടിടത്തിനടിയില്‍ കുരുങ്ങി മരിച്ചത്. താഴത്തെ നിലയിലെ ഭിത്തികള്‍ തകര്‍ന്നതിനെ തുടര്‍ന്ന് മുകള്‍ നില താഴേക്കു പതിക്കുകയായിരുന്നു. 85 കാരനായ നാരായണന്‍ നമ്പൂതിരിയും ചെറുമകന്‍ ഹരിനാരായണനും കെട്ടിടത്തിനടിയില്‍ കുടുങ്ങി. മൂന്നു ജെസിബികള്‍ കഠിനധ്വാനംചെയ്താണ് കെട്ടിടത്തിനടിയില്‍ കുടുങ്ങിയവരെ പുറത്തെത്തിച്ചത്.

◼️കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിക്ഷേപിച്ച തുക തിരികെ കിട്ടാത്തതിനാല്‍ വിദഗ്ധ ചികില്‍സ തേടാനാകാതെ മരിച്ച സംഭവം അന്വേഷിക്കുമെന്ന് സഹകരണ മന്ത്രി വി.എന്‍ വാസവന്‍. കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപം മടക്കി നല്‍കാന്‍ പ്രത്യേക പാക്കേജ് ഉണ്ടാക്കിയിട്ടുണ്ടെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

◼️തൃശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിനിരയായ ഫിലോമിനയ്ക്കു ചികില്‍സയ്ക്ക് ആവശ്യമായ പണം നല്‍കിയിരുന്നെന്ന് മന്ത്രി ആര്‍ ബിന്ദു. മെഡിക്കല്‍ കോളജില്‍ മതിയായ ചികിത്സാ സൗകര്യമുണ്ട്. മരണത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് ശരിയല്ല. മന്ത്രി ബിന്ദു പറഞ്ഞു.

◼️ഡിവൈഎഫ്ഐയിലും ഫണ്ടു തട്ടിപ്പ് ആരോപണം. അന്തരിച്ച ഡിവൈഎഫ്ഐ നേതാവ് പി. ബിജുവിന്റെ പേരില്‍ പിരിച്ച അഞ്ചു ലക്ഷം രൂപയുടെ ഫണ്ടില്‍ തട്ടിപ്പു നടത്തിയെന്നാണ് ആരോപണം.

◼️കൊല്ലം ആശ്രാമത്ത് സാധനങ്ങള്‍ കയറ്റുന്നതിന് ചുമട്ടുതൊഴിലാളി യൂണിയനുകള്‍ അമിത തുക ചോദിക്കുന്നതായി യുവ സംരഭക ആര്‍ച്ച ഉണ്ണിയുടെ പരാതി. ലേബര്‍ ഓഫീസറേയും പൊലീസിനേയും സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും അവര്‍ പറഞ്ഞു.

◼️ആഴിമലയിലെ കിരണ്‍ കുമാര്‍ മരിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ സഹോദരന്‍ അറസ്റ്റില്‍. കിരണ്‍ കുമാറിനെ തട്ടിക്കൊണ്ടുപോയ കേസിലെ രണ്ടാം പ്രതിയായ സജിത് കുമാറാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ സഹോദരിയുടെ ഭര്‍ത്താവ് രാജേഷ് ഇന്നലെ അറസ്റ്റിലായിരുന്നു.

◼️ദുബായില്‍നിന്ന് കോഴിക്കോട്ടേക്കുള്ള സ്പൈസ് ജെറ്റ് വിമാനം മോശം കാലാവസ്ഥമൂലം കൊച്ചിയിലിറക്കി. 182 യാത്രക്കാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു. ഭക്ഷണമോ വെളളമോ കിട്ടിയില്ലെന്നാരോപിച്ച് യാത്രക്കാര്‍ ബഹളം വച്ചു. യാത്രക്കാരെ നെടുമ്പാശേരിയിലെ ഹോട്ടലിലേക്ക് മാറ്റിയതോടെയാണ് പ്രതിഷേധം അയഞ്ഞത്.

◼️തിരുവന്തപുരം – നിസാമുദ്ദീന്‍ എക്സ്പ്രസിലെ സ്ലീപ്പര്‍ കംപാര്‍ട്മെന്റില്‍ പാമ്പ്. ഭയന്നു വിറച്ച യാത്രക്കാര്‍ക്ക് രാത്രി ഉറങ്ങാനായില്ല. പൊലീസും ഫോറസ്റ്റും ഫയര്‍ഫോഴ്സും പരിശോധിച്ച് പാമ്പ് ഇല്ലെന്നു സ്ഥിരീകരിച്ചതോടെയാണ് യാത്രക്കാര്‍ക്കു ശ്വാസം വിടാനായത്.

◼️മാധ്യമം ദിനപത്രത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ മന്ത്രി കെ.ടി ജലീല്‍. മുജാഹിദ് നേതാക്കളെ ഗള്‍ഫില്‍ ജയിലില്‍ അടയ്ക്കാന്‍ ഗൂഢാലോചന നടത്തി. സിറാജ് പത്രത്തിന്റെ ഗള്‍ഫ് എഡിഷന്‍ പൂട്ടിക്കാന്‍ ശ്രമിച്ചു തുടങ്ങിയവയാണ് ആരോപണങ്ങള്‍. മുഖ്യമന്ത്രിയോടു മാധ്യമം മാനേജുമെന്റ് തനിക്കെതിരേ പരാതി ഉന്നയിച്ചതിനു പിറകേ ഫേസ്ബുക്ക് പോസ്റ്റിലാണ് ജലീല്‍ ആരോപണങ്ങള്‍ ഉന്നയിച്ചത്.

◼️ബഫര്‍സോണ്‍ വിഷയത്തില്‍ പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രന്‍. സുപ്രീംകോടതി വിധി വന്ന സാഹചര്യത്തില്‍ സംസ്ഥാനം 2019 ല്‍ ഇറക്കിയ ഉത്തരവിന് ഇനി പ്രസക്തിയില്ല. അതിനാല്‍ കര്‍ഷകര്‍ക്ക് ഗുണകരമായ സ്ഥിതിയാണുള്ളത്. മന്ത്രി ശശീന്ദ്രന്‍ പറഞ്ഞു.

◼️ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകച്ചതിനെത്തുടര്‍ന്ന് മാനന്തവാടി നഗരസഭയിലെ രോഗം സ്ഥിരീകരിച്ച ഫാമിന്റെ ഒരു കിലോമീറ്റര്‍ ദൂര പരിധിയിലെ മൂന്നു ഫാമുകളിലെ പന്നികളെ കൊന്നു. കുറ്റിമൂലയിലെ കര്‍ഷകന്റെ ഫാമിലുള്ള 29 പന്നികളെയാണ് ദൗത്യസംഘം ആദ്യം കൊന്നത്.

◼️തമിഴ്നാട് മഹാബലിപുരത്ത് നടക്കുന്ന ലോക ചെസ് ഒളിമ്പ്യാഡ് പ്രചാരണ സാമഗ്രികളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഉള്‍പ്പെടുത്താത്തതിനെച്ചൊല്ലി വിവാദം. പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ കോട്ടൂര്‍പുരത്തെ പ്രചാരണ പോസ്റ്ററുകളില്‍ മോദിയുടെ ചിത്രം ഒട്ടിച്ചു. ബിജെപിയുടെ നടപടിയില്‍ പ്രതിഷേധിച്ച് മോദിയുടെ ചിത്രത്തിന് മുകളില്‍ തന്തൈ പെരിയാര്‍ ദ്രാവിഡര്‍ കഴകം പ്രവര്‍ത്തകര്‍ കറുത്ത പെയിന്റടിച്ചു.

◼️മുന്നൂറു കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയ ഇന്‍സ്റ്റന്റ് ലോണ്‍ ആപ്പ് സംഘം അറസ്റ്റില്‍. തട്ടിപ്പ് സംഘത്തിലെ 14 പേരെ മുംബൈ സിറ്റി ബ്രാഞ്ചിലെ സൈബര്‍ പൊലീസാണ് അറസ്റ്റു ചെയ്തത്.

◼️അധ്യാപക നിയമന അഴിമതിക്കേസില്‍ പശ്ചിമ ബംഗാള്‍ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിക്കൊപ്പം അറസ്റ്റിലായ നടി അര്‍പ്പിത മുഖര്‍ജിയുടെ ഫ്ളാറ്റുകളില്‍നിന്നും വീട്ടില്‍നിന്നുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തത് അമ്പതു കോടി രൂപ. ഇതിനു പുറമേ അഞ്ചു കിലോയോളം സ്വര്‍ണവും പിടിച്ചെടുത്തു.

◼️മംഗ്ലൂരു സുള്ള്യയിലെ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരെയുടെ കൊലപാതകത്തില്‍ എട്ടു പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകരെക്കൂടി അറസ്റ്റു ചെയ്തു. ഇതോടെ കസ്റ്റഡിയിലായവരുടെ എണ്ണം 23 ആയി ഉയര്‍ന്നു. പ്രതികള്‍ക്കു കേരളാ ബന്ധമുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്.

◼️പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ സംഘടനകള്‍ക്കെതിരെ നടപടി വേണമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഈ സംഘടനകളെ നിരോധിക്കണമെന്നാണ് കര്‍ണാടക മുഖ്യമന്ത്രിയുടെ ആവശ്യം.

◼️2022 വനിതാ യൂറോ കപ്പ് ഫൈനലില്‍ ജര്‍മനി ഇംഗ്ലണ്ടിനെ നേരിടും. സെമി ഫൈനലില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഫ്രാന്‍സിനെ തകര്‍ത്താണ് ജര്‍മനി ഫൈനലിലെത്തിയത്. ജൂലായ് 31 നാണ് ഫൈനല്‍.

◼️സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. നാല് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്വര്‍ണവില ഉയര്‍ന്നത്. കഴിഞ്ഞ രണ്ട് ദിവസം സ്വര്‍ണവിലയില്‍ ഇടിവുണ്ടായിരുന്നു. 360 രൂപയാണ് രണ്ട് ദിവസംകൊണ്ട് കുറഞ്ഞത്. ഇന്ന് 280 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 37,440 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 35 രൂപ ഉയര്‍ന്നു. ഇന്നലെ 10 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 4680 രൂപയാണ് 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും 30 രൂപ കുറഞ്ഞു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 3805 രൂപയാണ്.

◼️ചരിത്രത്തില്‍ ആദ്യമായിയ ഫെയ്‌സ്ബുക്കിന്റെ വരുമാനത്തില്‍ ഇടിവ്. ജൂണില്‍ അവസാനിച്ച പാദത്തില്‍ ഒരു ശതമാനത്തിന്റെ ഇടിവാണ് ഫെയ്‌സ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും മാതൃ കമ്പനിയായ മെറ്റ രേഖപ്പെടുത്തിയത്. സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 2880 കോടി ഡോളര്‍ ആണ് മെറ്റയുടെ വരുമാനം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 2907 കോടി ഡോളര്‍ ആയിരുന്നു ഇത്. വരുമാനത്തില്‍ ഇടിവുണ്ടായതായ റിപ്പോര്‍ട്ട് പുറത്തുവന്നതിനെത്തുടര്‍ന്ന് ഫെയ്‌സ്ബുക്ക് ഓഹരി വില താഴ്ന്നു. 3.8 ശതമാനം ഇടിവാണ് ഓഹരി വിലയില്‍ ഉണ്ടായത്. മെറ്റയുടെ ആകെ ലാഭത്തില്‍ 36 ശതമാനത്തിന്റെ കുറവാണ് ഈ പാദത്തില്‍ രേഖപ്പെടുത്തിയത്. മൂന്നാം പാദത്തില്‍ പ്രകടനം വീണ്ടും മോശമാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

◼️മാധവന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന അടുത്ത ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തി. ബോളിവുഡില്‍ നിന്ന് എത്തുന്ന സസ്പെന്‍സ് ഡ്രാമ ചിത്രത്തിന്റെ പേര് ധോക്ക: റൌണ്ട് ദ് കോര്‍ണര്‍ എന്നാണ്. ഖുഷാലി കുമാര്‍, ദര്‍ശന്‍ കുമാര്‍, അപര്‍ശക്തി ഖുറാന എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കൂക്കി ഗുലാത്തി സംവിധാനം ചെയ്യുന്ന ചിത്രം ഖുഷാലി കുമാറിന്റെ സിനിമാ അരങ്ങേറ്റവുമാണ്. ടി സിരീസ് സ്ഥാപകന്‍, പരേതനായ ഗുല്‍ഷന്‍ കുമാറിന്റെ മകളാണ് ഖുഷാലി. ഫര്‍ദ്ദീന്‍ ഖാനും റിതേഷ് ദേശ്മുഖുമാണ് ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

◼️അനില്‍ വി നാഗേന്ദ്രന്‍ സംവിധാനം ചെയ്തിരിക്കുന്ന തീ എന്ന ചിത്രത്തില്‍ പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്സിന്‍ നായകനാവുന്നു. ഓഗസ്റ്റ് 12ന് തിയറ്ററുകളില്‍ എത്തും. മാധ്യമ പ്രവര്‍ത്തകര്‍ക്കും അധികാര ശക്തിയുള്ള അധോലോകത്തിനുമിടയില്‍ സംഭവിക്കുന്ന പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം. അധോലോകനായകനായി വേറിട്ട ഭാവത്തില്‍ എത്തുന്നത് ഇന്ദ്രന്‍സ് ആണ്. മാധ്യമ സ്ഥാപന മേധാവിയുടെ വേഷത്തില്‍ പ്രേം കുമാറും എത്തുന്നു. സി ആര്‍ മഹേഷ് എംഎല്‍എ, മുന്‍ എംപിമാരായ കെ സുരേഷ് കുറുപ്പ്, കെ സോമപ്രസാദ്, ജീവകാരുണ്യ പ്രവര്‍ത്തകന്‍ നാസര്‍ മാനു, വിപ്ലവഗായിക പി കെ മേദിനി, ഗായകന്‍ ഉണ്ണി മേനോന്‍, ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് സൂസന്‍ കോടി, നാടന്‍ പാട്ടിന്റെ കുലപതി സി ജെ കുട്ടപ്പന്‍, അരനൂറ്റാണ്ടിലധികമായി നാടകരംഗത്ത് ശോഭിക്കുന്ന ആര്‍ട്ടിസ്റ്റ് സുജാതന്‍, സാഹസിക നീന്തലില്‍ ഗിന്നസ് ലോക റെക്കോഡ് ജേതാവ് ഡോള്‍ഫിന്‍ രതീഷ് തുടങ്ങിയവരും വിവിധ കഥാപാത്രങ്ങളായി എത്തുന്നു.

◼️രാജ്യത്തെ ജനപ്രിയ എസ്യുവിയായ സ്‌കോര്‍പ്പിയോയുടെ മുന്‍ തലമുറയുടെ പുതുക്കിയ പതിപ്പായ മഹീന്ദ്ര സ്‌കോര്‍പിയോ ക്ലാസിക് വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുന്നു. പുതിയ മഹീന്ദ്ര സ്‌കോര്‍പിയോ എന്‍ നൊപ്പം ഇത് വില്‍ക്കും. മോഡല്‍ നിലവില്‍ അതിന്റെ അവസാന പരീക്ഷണ ഘട്ടത്തിലാണ്. ചുവപ്പും വെള്ളയും നിറങ്ങളിലുള്ള പരീക്ഷണ മോഡലുകളുടെ ചിത്രങ്ങളാണ് പുറത്തുവന്നത്. എഞ്ചിനില്‍, പുതിയ മഹീന്ദ്ര സ്‌കോര്‍പിയോ ക്ലാസിക്കിലും അതേ 2.2 എല്‍, 4-സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എഞ്ചിന്‍ ഉപയോഗിക്കും. ഇത് 132 ബിഎച്ച്പി പവറും 300 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്നു.

◼️ദലിത് സമൂഹത്തിലെ ഓരോ വ്യക്തിയും സ്വന്തം ആത്മാഭിമാനം വീണ്ടെടുത്തുകൊണ്ട് പൊതുസമൂഹത്തിനൊപ്പമെത്താന്‍ കഴിവുള്ളവരാകുന്നതിനെക്കുറിച്ചാണ് ഡോ. അംബേദ്കര്‍ ചിന്തിക്കുകയും അന്വേഷിക്കുകയും ചെയ്തിട്ടുള്ളത്. കുഞ്ഞാമന്റെ കാര്യത്തിലും ഈ വിഷയം ഏറെ ഗൗരവമുള്ളതാണ്. ഈ മനോഘടനയുടെ സങ്കീര്‍ണതകള്‍ ദലിതരല്ലാത്തവര്‍ക്ക് മനസ്സിലാവണമെന്നുമില്ല. ആ അവസ്ഥയുടെ തീക്ഷ്ണത അനുഭവത്തില്‍തന്നെയേ ഉറ്റക്കൊള്ളാനാവുകയുള്ളൂ. ‘എതിര്’. എം കുഞ്ഞാമന്‍. ഡിസി ബുക്സ്. വില 157 രൂപ.

◼️ഇന്ന് ജൂലൈ 28. ലോക ഹെപ്പറ്റൈറ്റിസ് ദിനം. ലോകമാകെ പടര്‍ന്നു പിടിച്ച് ദശലക്ഷക്കണക്കിന് ആളുകളെ കരള്‍ രോഗികളാക്കി മാറ്റുന്ന രോഗം. ഹെപ്പറ്റൈറ്റിസ് – ബി പോലുള്ള രോഗം ഉണ്ടെന്ന് രോഗി തിരിച്ചറിയുമ്പോഴേക്കും പലപ്പോഴും അത് സങ്കീര്‍ണ്ണമായിതീര്‍ന്നിരിക്കും. രോഗബാധ തിരിച്ചറിയാന്‍ വൈകുന്നത് പെട്ടെന്നുള്ള ജീവഹാനിയിലേക്ക് എത്തിക്കുകയും ചെയ്യും. പനി, വിശപ്പില്ലായ്മ, ഓക്കാനവും ഛര്‍ദിയും, ശക്തമായ ക്ഷീണം, ദഹനക്കേട്, കണ്ണും നഖങ്ങളും മഞ്ഞനിറത്തിലാകുന്നത് എന്നിവയാണ് മഞ്ഞപ്പിത്തത്തിന്റെ മുഖ്യലക്ഷണങ്ങള്‍. ഒപ്പം ഉന്മേഷക്കുറവും മലമൂത്രങ്ങള്‍ക്ക് നിറവ്യത്യാസവും ശരീരഭാരം പെട്ടെന്ന് കുറയുന്നതും മറ്റു ചില ലക്ഷണങ്ങളാകുന്നു. മഞ്ഞപ്പിത്തം വരാതെ നോക്കുക എന്നതാണ് ഏറ്റവും വലിയ പ്രതിരോധം. വ്യക്തി ശുചിത്വം ആണ് ഇതില്‍ പ്രധാനം. പതിവായി പുറത്തുനിന്ന് ആഹാരം കഴിക്കേണ്ടിവരുന്നവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. ശുദ്ധമല്ലാത്ത വെള്ളത്തില്‍ തയ്യാറാക്കുന്ന ശീതള പാനീയങ്ങള്‍ വാങ്ങിക്കുടിക്കാതിരിക്കുക. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ചൂടുള്ള ഭക്ഷണം മാത്രം കഴിക്കുക. റഫ്രിജറേറ്ററില്‍ സൂക്ഷിച്ചിരിക്കുന്ന ഭക്ഷണം ചൂടാക്കി മാത്രം കഴിക്കാന്‍ ശ്രമിക്കുക. ഭക്ഷണത്തിനു മുന്‍പും ശേഷവും കൈകള്‍ വൃത്തിയാക്കുക. ഭക്ഷണം കഴിക്കുന്ന പാത്രങ്ങള്‍ തിളപ്പിച്ച വെള്ളത്തില്‍ കഴുകിയെടുത്ത് ഉപയോഗിക്കുക.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 79.82, പൗണ്ട് – 97.23, യൂറോ – 81.45, സ്വിസ് ഫ്രാങ്ക് – 83.21, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.84, ബഹറിന്‍ ദിനാര്‍ – 211.70, കുവൈത്ത് ദിനാര്‍ -259.85, ഒമാനി റിയാല്‍ – 207.56, സൗദി റിയാല്‍ – 21.25, യു.എ.ഇ ദിര്‍ഹം – 21.73, ഖത്തര്‍ റിയാല്‍ – 21.92, കനേഡിയന്‍ ഡോളര്‍ – 62.31.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *