സുപ്രീം കോടതി ഉത്തരവു നിലനില്‍ക്കെ അഖിലേന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങളില്‍നിന്ന് അതിര്‍ത്തി നികുതി പിരിക്കുന്നത് എന്തിനെന്നു കോടതി. കേരളം, തമിഴ്നാട് സംസ്ഥാനങ്ങള്‍ കോടതിയുടെ ഇടക്കാല ഉത്തരവ് പാലിക്കാതെ നികുതി പിരിക്കുന്നുവെന്ന് ബസ് ഉടമകള്‍ അറിയിച്ചതോടെയാണ് കോടതി അതൃപ്തി അറിയിച്ചത്. കോടതിയുടെ ഉത്തരവ് പാലിക്കാമെന്ന് കേരളവും തമിഴ്നാടും സുപ്രീംകോടതിയില്‍ ഉറപ്പു നല്കി.
മുന്‍കൂര്‍ ബുക്ക് ചെയ്ത യാത്രക്കാരുമായി സര്‍വ്വീസ് നടത്താന്‍ റോബിന് ബസിന് നല്കിയ ഇടക്കാല അനുമതി ഹൈക്കോടതി രണ്ടാഴ്ച കൂടി നീട്ടി. ബസ് ഉടമയുടെ അഭിഭാഷകന് മരിച്ച സാഹചര്യത്തില്‍ പുതിയ അഭിഭാഷകനെ ചുമതലപ്പെടുത്താനുള്ള സാവകാശം പരിഗണിച്ചാണ് ഈ തീരുമാനം.
കഴിഞ്ഞ രണ്ടാഴ്ചയായി എംവിഡി ഉദ്യോഗസ്ഥര്‍ ബസ് സര്‍വീസുകളെ അകാരണമായി വേട്ടയാടുകയാണെന്ന് ലക്ഷ്വറി ബസ് ഓണേഴ്സ് അസോസിയേഷന്. എംവിഡി ഉദ്യോഗസ്ഥര്‍ അനാവശ്യമായി പിഴ ചുമത്തുകയാണ്. ബസുകളില്‍ നിന്ന് 7,500 രൂപ മുതല്‍ 15,000 രൂപ വരെ പിഴ ഈടാക്കിയെന്നും അസോസിയേഷന് ആരോപിച്ചു.
രാമായണവും മഹാഭാരതവും ചരിത്രപഠനത്തിന്റെ ഭാഗമാക്കണമെന്ന് എന്‍സിആര്‍ടി വിദഗ്ദ സമിതി. ക്ലാസിക്കല്‍ ചരിത്രമായാണ് രാമായണവും മഹാഭാരതവും ഉള്‍പ്പെടുത്തുക. ഭരണഘടനയുടെ ആമുഖം ക്ലാസുകളിലെ ചുമരുകളില്‍ പതിപ്പിക്കാനും നിര്‍ദേശമുണ്ട്.
കരിങ്കൊടി കാണിച്ചതിനു മര്‍ദിച്ചവരെ തെരുവില്‍ നേരിടുമെന്ന കെപിസിസി അധ്യക്ഷന്റെ ഭീഷണി വിലപ്പോവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തെരുവില്‍ നേരിടുന്നതെല്ലാം ഒരുപാട് കണ്ടതാണ്. തങ്ങളെ കാണാനെത്തുന്ന ജനങ്ങളെ നേരിടുമെന്നാണ് പ്രതിപക്ഷം പറയുന്നത്. അങ്ങിനെയെങ്കില്‍ പ്രത്യാഘാതവും അനുഭവിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പു നല്കി. ജനങ്ങളെ വെല്ലുവിളിച്ച് മുന്നോട്ടു പോകാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഡിവൈഎഫ്ഐ തല അടിച്ചുപൊട്ടിക്കുന്ന വിജയന് സേനയായി മാറിയെന്നും ഈ വാനര സേനയെ തുരത്തുമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. സമരവുമായി ഇനിയും തെരുവിലിറങ്ങും. പോലീസ് വധശ്രമത്തിനു കേസെടുത്തതിനെയാണ് മുഖ്യമന്ത്രി രക്ഷാപ്രവര്‍ത്തനമെന്ന് വിശേഷിപ്പിച്ചതെന്നും രാഹുല്‍.
തൃശൂര്‍ വിവേകോദയം സ്കൂളില്‍ വെടിവച്ച പ്രതി ജഗന് ജാമ്യം. ഇയാളെ മാനസികാരോഗ്യ കേന്ദ്രത്തിലേയ്ക്കു മാറ്റും. മൂന്നു വര്‍ഷമായി മാനസിക വെല്ലുവിളി നേരിടുന്നുണ്ടെന്ന് കുടുംബം ചികിത്സാ രേഖകള്‍ സഹിതം അറിയിച്ചിട്ടുണ്ട്.
കഴക്കൂട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഞായറാഴ്ച വൈകുന്നേരം ഏഴിനു നടക്കുന്ന ഇന്ത്യ- ഓസ്ട്രേലിയ ടി 20 മത്സരത്തിനുര് ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കണമെന്ന് തിരുവനന്തപുരം നഗരസഭ. മത്സരം കാണാന്‍ എത്തുന്നവര്‍ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കണം. കൊണ്ടുവരുന്ന ഒരു സാധനവും ഗ്യാലറിയില്‍ ഉപേക്ഷിക്കരുത്. മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ വേയ്സ്റ്റ് ബിന്നുകള്‍ ഒരുക്കുമെന്ന് മേയര്‍ ആര്യാ രാജേന്ദ്രന് അറിയിച്ചു.
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പു കേസില്‍ സിപിഎം നേതാക്കള്‍ മുഖ്യപ്രതിയായ സതീശനില്‍നിന്നു പണം വാങ്ങിയെന്നു വടക്കാഞ്ചേരി നഗരസഭാംഗമായ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം അരവിന്ദാക്ഷന് നല്കിയ മൊഴിയെക്കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പ്രതികരിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര. സിപിഎം മുന്‍ മന്ത്രി എ സി മൊയ്തീനും, മുന്‍ എംപി പി.കെ ബിജുവും പണം കൈപ്പറ്റിയെന്ന് മൊഴി വ്യാജമെങ്കില്‍ കേസു കൊടുക്കണമെന്നും അനില്‍ അക്കര പറഞ്ഞു.
ഓട്ടോറിക്ഷാ ഡ്രൈവറെ ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട് കൂട്ടത്തല്ല്. മെഡിക്കല്‍ കോളേജ് പരിസരത്താണ് സംഘര്‍ഷമുണ്ടായത്.
കോഴിക്കോട് പൊറ്റമ്മല്‍, കോവൂര്‍, മെഡിക്കല്‍ കോളേജ്, വെള്ളിപ്പറമ്പ് പ്രദേശങ്ങളില്‍ വ്യാഴാഴ്ച കുടിവെള്ള വിതരണം മുടങ്ങും. ജല അതോറിറ്റിയുടെ കുറ്റിക്കാട്ടൂര്‍ ബൂസ്റ്റര്‍ സ്റ്റേഷനില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതാണ് കാരണം.
കോഴിക്കോട് കുറ്റ്യാടി മുതല്‍ കോടഞ്ചേരി വ്യാഴാഴ്ച മുതല്‍ പണി പൂര്‍ത്തിയാകുന്നതുവരെ ഗതാഗതം നിരോധിച്ചു.
തിരുവനന്തപുരം അയിരൂര്‍ പൊലീസ് സ്റ്റേഷനില്‍ പ്രതി പൊലീസിനെ വെട്ടി പരിക്കേല്‍പ്പിച്ചു. പൊലീസുകാരനായ ബിനുവിനെയാണ് ആക്രമിച്ചത്. മറ്റൊരു പ്രതിയുമായി കൈവിലങ്ങിട്ടിരുന്ന അനസ് ഖാന് എന്ന പ്രതി ആക്രമിച്ചശേഷം ആ പ്രതിയെയുംകൊണ്ട് പുറത്തേക്ക് ഓടിയെങ്കിലും പോലീസ് പിടികൂടി.
തിരുവനന്തപുരം പാറശ്ശാല കാരാളിയില്‍ തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. പാറശ്ശാല മുറിയ തോട്ടം സ്വദേശി കിരണ്‍ പ്രസാദാണു മരിച്ചത്.
സര്‍ക്കാരിനെതിരെ പ്രതിഷേധിച്ച മറിയക്കുട്ടിക്ക് ഒരു മാസത്തെ ക്ഷേമ പെന്ഷന് നല്കി. അടിമാലി സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരന് വീട്ടിലെത്തിയാണ് മറിയക്കുട്ടിക്ക് 1,600 രൂപ കൈമാറിയത്.
നാദാപുരത്ത് വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്കൂട്ടര്‍ തീവച്ചതിനു പരാതിക്കാരന്റെ സഹോദരന് അറസ്റ്റിലായി. ചരളില്‍ സജിലേഷ് (35) നെയാണ് നാദാപുരം പോലീസ് പിടികൂടിയത്. സ്കൂട്ടര്‍ ഉപയോഗിക്കാന്‍ നല്‍കാത്തതിനാണ് തീയിട്ടത്.
വിദ്യാഭ്യാസ മേഖലയിലെ കാവിവല്‍ക്കരണത്തിനെതിരേ സമരപ്രഖ്യാപനവുമായി 16 വിദ്യാര്‍ഥി സംഘടനകള്‍. തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ ചത്ര പരിഷത് ഒഴികെയുളള വിദ്യാര്‍ത്ഥി സംഘടനകള്‍ ഡല്‍ഹിയില്‍ സംയുക്ത വാര്‍ത്താസമ്മേളനം നടത്തി. യുണൈറ്റഡ് സ്റ്റുഡന്റസ് ഓഫ് ഇന്ത്യ എന്ന പേരിലാണ് സംയുക്ത സഖ്യം പ്രവര്‍ത്തിക്കുക.
വിദേശ പണമിടപാടു നിയമങ്ങള്‍ ലംഘിച്ചതിന് 9,000 കോടി രൂപ അടയ്ക്കണമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എജ്യൂടെക് കമ്പനിയായ ബൈജൂസിന് നോട്ടീസ് നല്കി. 2011 നും 2023 നും ഇടയില്‍ ഏകദേശം 28,000 കോടി രൂപയുടെ നേരിട്ടുള്ള വിദേശ നിക്ഷേപം ബൈജൂസിന് ലഭിച്ചു. ഇതേ കാലത്ത് വിദേശത്തേക്ക് നേരിട്ടുള്ള നിക്ഷേപമെന്ന പേരില്‍ 9,754 കോടി രൂപ ബൈജൂസ് അയച്ചെന്നും ഇ.ഡി ആരോപിച്ചു.
ലോകകപ്പ് ക്രിക്കറ്റ് മത്സരം കാണാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയതോടെയെണ് ഇന്ത്യന്‍ ടീമിന്റെ പതനം ആരംഭിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സ്റ്റേഡിയത്തില്‍ മോദി എത്തും വരെ ഇന്ത്യന്‍ ടീം നന്നായി കളിച്ചെന്നും ദുശ്ശകുനം എത്തിയതോടെ കളി തോറ്റെന്നും രാഹുല്‍ ഗാന്ധി പരിഹസിച്ചു.
ബാബാ രാംദേവിന്റെ പതഞ്ജലി പരസ്യങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി സുപ്രീം കോടതി. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ പാടില്ലെന്നും കനത്ത പിഴ ചുമത്തുമെന്നും കോടതി. പതഞ്ജലി പരസ്യങ്ങള്‍ക്കെതിരെ ഐഎംഎ നല്കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം.
പീഡനത്തിന് ഇരയായ പെണ്‍കുട്ടി പ്രതിയെ വിവാഹം കഴിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചതോടെ കര്‍ണാടക ഹൈക്കോടതി കേസുകള്‍ റദ്ദാക്കി. ഒരു മാസത്തിനകം വിവാഹം നടത്തണമെന്നു കോടതി ഉത്തരവിട്ടു. പീഡനത്തിന് ഇരയായ പെണ്‍കുട്ടിക്കു ഇപ്പോള്‍ പ്രായപൂര്‍ത്തിയായിട്ടുണ്ട്.
ഇറ്റലിയിലെ ഏറ്റവും വലിയ മാഫിയാ വിചാരണയില്‍ പ്രതികളായ 200 പേര്‍ക്ക് മൊത്തം 2,200 വര്‍ഷം തടവുശിക്ഷ. മൂന്ന് വര്‍ഷമായി നടക്കുന്ന വിചാരണയിലാണ് മയക്കുമരുന്നു കടത്തുവരെയുള്ള കുറ്റങ്ങള്‍ക്കാണ് ശിക്ഷിച്ചത്. ശിക്ഷിക്കപ്പെട്ടവരില്‍ മുന്‍ ഇറ്റാലിയന്‍ സെനറ്ററും ഉള്‍പ്പെടുന്നു.