അപ്രതീക്ഷിതമായി ഡാറ്റ ഉപയോഗം കൂടുന്നുണ്ടെങ്കില്‍ നിങ്ങളുടെ ഫോണ്‍ ഹാക്ക് ചെയ്യപ്പെടുന്നുണ്ടാകാമെന്ന് മുന്നറിയിപ്പ്. സൈബര്‍ വിദഗ്ധരും പൊലീസ് ഉള്‍പ്പെടെ സുരക്ഷാവിഭാഗങ്ങളും നല്‍കുന്ന മുന്നറിയിപ്പാണിത്. രാജ്യത്തും, പ്രത്യേകിച്ച് കേരളത്തിലും കൂടുതലായി ഉപയോഗിക്കുന്നത് ആന്‍ഡ്രോയ്ഡ് ഫോണുകളാണ്. അവ എളുപ്പം ഹാക്ക് ചെയ്യാന്‍ സാധിക്കുമെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. ഫോണ്‍ ഹാക്ക് ചെയ്യുന്നതിലൂടെ അതിലെ വിവരങ്ങള്‍ ചോര്‍ത്തി സാമ്പത്തിക തട്ടിപ്പുള്‍പ്പെടെ നടക്കുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്. ഹാക്ക് ചെയ്യപ്പെടുന്ന ഫോണില്‍ പ്രവര്‍ത്തിക്കുന്ന മാല്‍വെയറാണ് ഡാറ്റ ഉപഭോഗത്തെ വര്‍ധിപ്പിക്കുന്നത്. അതിനാല്‍ ഫോണിലെ ഡാറ്റ ഉപയോഗം ഇടക്കിടെ ശ്രദ്ധിക്കണം. പാസ്‌വേര്‍ഡ് പ്രവര്‍ത്തനം തെറ്റായി കാണുന്നുണ്ടെങ്കിലും അത് ഫോണ്‍ ഹാക്കായതിന്റെ സൂചനയാകാം. നമുക്ക് അറിയാത്ത ആപ്പുകള്‍ ഫോണില്‍ കണ്ടാല്‍ അതും ഫോണ്‍ ഹാക്ക് ചെയ്തതിന്റെ ലക്ഷണമാകാം. നമ്മുടെ അറിവിലില്ലാത്ത കോളുകള്‍ ഫോണ്‍ ഹിസ്റ്ററിയിലുണ്ടെങ്കില്‍ അതും ഇതിന്റെ സൂചനയാണ്. ഇടക്കിടെ പാസ്‌വേര്‍ഡുകള്‍ മാറ്റുന്നത് നല്ലതായിരിക്കും. വൈഫൈ, ബ്ലൂടൂത്ത് എന്നിവ ഉപയോഗത്തിന് ശേഷം ഓഫ് ചെയ്യാന്‍ മറക്കരുത്. പൊതുസ്ഥലങ്ങളിലെ വൈഫൈ ഉപയോഗത്തിലും ശ്രദ്ധവേണം. വിശ്വാസയോഗ്യമല്ലാത്ത ആപ്പുകള്‍, സൈറ്റുകള്‍, ലിങ്കുകളില്‍ കയറുന്നതിലും ശ്രദ്ധിക്കണം. അപരിചിതമായ ലിങ്കുകളില്‍ നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങള്‍ കൈമാറാതിരുന്നാലും ഫോണ്‍ ഹാക്ക് ചെയ്യുന്നതില്‍ നിന്നും ഒരു പരിധി വരെ രക്ഷപെടാമെന്ന മുന്നറിയിപ്പാണ് സൈബര്‍ വിദഗ്ധര്‍ നല്‍കുന്നത്.