ചെറുകിട സംരംഭകരെ ജി എസ് ടിയുടെ അധിക ബാധ്യതയിൽ നിന്ന് ഒഴിവാക്കും, സപ്ലൈകോ, ത്രിവേണി സൂപ്പർ മാർക്കറ്റുകളിൽ ചില്ലറയായി വിൽകുന്ന സാധനങ്ങൾക്ക് 5% ജി എസ് ടി ബാധകമല്ല എന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. നിയമപ്രശ്നങ്ങൾ ഉണ്ടായേക്കാമെങ്കിലും സംസ്ഥാനത്ത് വിലക്കയറ്റത്തിന് ഇടയാക്കുന്ന തരത്തിൽ നികുതി ഏർപ്പെടുത്താനാകില്ലെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന ജി എസ് ടി വകുപ്പ് പുനഃസംഘനയ്ക്ക് മന്ത്രിസഭയുടെ അനുമതി കിട്ടിയതായും അദ്ദേഹ പറഞ്ഞു.
നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് ദേശീയ അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. തുടർച്ചയായി രണ്ടാം ദിവസമാണ് സോണിയയുടെ ചോദ്യംചെയ്യൽ. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 55 ചോദ്യങ്ങള്‍ സോണിയയോട് ചോദിച്ചതായാണ് വിവരം. സോണിയയുടെ ചോദ്യംചെയ്യലിൽ കേന്ദ്ര സർക്കാർ നിയമം ദുരുപയോഗം ചെയ്യുകയാണെന്നത് ആവർത്തിക്കുകയാണ് കോൺഗ്രസ്.
ബഫർ സോൺ പരിധി ഒരു കിലോമീറ്ററാക്കിയുള്ള ഉത്തരവിൽ നിന്നും ജനവാസകേന്ദ്രങ്ങളെ പൂർണ്ണമായും ഒഴിവാക്കി ഉത്തരവ് തിരുത്താൻ മന്ത്രിസഭാ യോഗം ഇന്ന് തീരുമാനിച്ചു. ജനവാസകേന്ദ്രങ്ങളെ അടക്കം ഒരു കിലോമീറ്റർ പരിധിയായി ബഫർ സോൺ നിശ്ചയിച്ചുള്ള സുപ്രീം കോടതി ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നു. തുടർന്നാണ് സംസ്ഥാന സർക്കാർ ഉത്തരവ് തിരുത്താൻ തീരുമാനിച്ചത്. എന്നാൽ 2019 ലെ ബഫർ സോൺ ഉത്തരവ് തിരുത്താനുള്ള മന്ത്രിസഭാ തീരുമാനം പ്രതിപക്ഷം ശക്തമായ നിലപാട് എടുത്തതോടെയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.
നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാർത്ഥികളെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധിച്ച സംഭവത്തിൽ, അപമാനിതരായ വിദ്യാർത്ഥികൾക്ക് വീണ്ടും പരീക്ഷ എഴുതാൻ അവസരം നൽകണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി.തിരുവനന്തപുരം സ്വദേശി നൽകിയ പൊതുതാത്പര്യ ഹർജിയിൽ, അപമാനതിരായ കുട്ടികൾക്ക് കേന്ദ്ര സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും കൗൺസിലിങ് നൽകണമെന്നും പറയുന്നു.
അധ്യാപക നിയമന അഴിമതി കേസില്‍ പശ്ചിമ ബംഗാൾ വ്യവസായ മന്ത്രി പാർത്ഥ ചാറ്റർജിക്കൊപ്പം അറസ്റ്റിലായ അർപ്പിത മുഖർജിയുടെ വീട് മിനി ബാങ്ക് ആയിരുന്നെന്ന് അവർ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. പണം ഒരു മുറിയിൽ മാത്രമാണ് സൂക്ഷിച്ചിരുന്നതെന്നും പാർത്ഥ ചാറ്റർജിയും അദ്ദേഹത്തിന്റെ ആളുകളും മാത്രമാണ് ആ മുറിയിൽ പ്രവേശിച്ചിരുന്നതെന്നും അർപ്പിത പറഞ്ഞതായി റിപ്പോർട്ടുകൾ. മുൻ നടിയും മോഡലുമായ അർപിത മുഖർജിയുടെ വീട്ടിൽ നിന്ന് ഇഡി 21 കോടി രൂപയാണ് പിടിച്ചെടുത്തത്.
കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. കഥാകൃത്ത് വൈശാഖനും പ്രൊഫസർ കെ.പി.ശങ്കരനും അക്കാദമിയുടെ വിശിഷ്ടാംഗത്വവും.അമ്പതിനായിരം രൂപയും രണ്ട് പവൻ തൂക്കം വരുന്ന സ്വർണ പതക്കവുമാണ് പുരസ്കാരം. കവിത അൻവർ അലി (മെഹബൂബ് എക്സ്പ്രസ്) നോവൽ (രണ്ട് പേർക്ക്) ഡോ. ആർ.രാജശ്രീ (കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കഥ)വിനോയ് തോമസ് (പുറ്റ്) ചെറുകഥ: ദേവദാസ് വി.എം. (വഴി കണ്ടുപിടിക്കുന്നവർ) സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം ആറ് പേർക്ക്. അക്കാദമി അധ്യക്ഷൻ കെ.സച്ചിദാനന്ദനാണ് തൃശ്ശൂരിൽ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.
4.5