പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ ഗുജറാത്ത് സർവ്വകലാശാല പുറത്തു വിടേണ്ടതില്ല എന്ന ഉത്തരവ് ആവർത്തിച്ച് ഗുജറാത്ത് ഹൈക്കോടതി. സർട്ടിഫിക്കറ്റുകൾ അരവിന്ദ് കെജ്രിവാളിന് നല്കണമെന്ന വിവരാവകാശ കമ്മീഷൻ നിർദ്ദേശം റദ്ദാക്കിയ വിധി പുനപരിശോധിക്കാനാവില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി വ്യക്തമാക്കി.
ഡീപ് ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് വീഡിയോ കോളിലൂടെ കോഴിക്കോട് സ്വദേശിയെ കബളിപ്പിച്ച് 40,000 രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ ഗുജറാത്തില്‍ നിന്ന് പിടികൂടി കേരളാ പൊലീസ്. കോഴിക്കോട് സൈബര്‍ ക്രൈം പൊലീസും കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറുടെ കീഴിലെ സ്‌പെഷ്യല്‍ സ്‌ക്വാഡും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
വധശിക്ഷയ്ക്ക് വിധിച്ച ഇന്ത്യക്കാരുടെ മോചനം ആവശ്യപ്പെട്ട് ഖത്തറിൽ ഇന്ത്യ അപ്പീൽ സമർപ്പിച്ചെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം.തടവിലുള്ള ഇന്ത്യക്കാരുടെ കുടുംബാംഗങ്ങളുമായി വിദേശകാര്യ മന്ത്രാലയം ചർച്ച നടത്തിയിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച്ച ജയിലിൽ കഴിയുന്നവരുമായി സംസാരിക്കാൻ സാധിച്ചെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
കെപിസിസി സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ജമാഅത്തെ ഇസ്ലാമി അടക്കമുളള സംഘടനകളെ ക്ഷണിക്കുമെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് കെ പ്രവീൺകുമാർ. ഈ മാസം 23ന് കോഴിക്കോട് ആണ് റാലി നടത്തുന്നത്. എൽഡിഎഫിലെയോ എൻഡിഎയിലെയോ കക്ഷികളെ ക്ഷണിക്കില്ല. റാലിയിൽ മുസ്ലീം ലീഗ് നേതാക്കൾ മുഖ്യാതിഥികളാവും. ശശി തരൂരിനെ ക്ഷണിക്കുന്ന കാര്യം കെപിസിസി നേതൃത്വം തീരുമാനിക്കുമെന്നും പ്രവീൺകുമാർ പറഞ്ഞു.
ചലച്ചിത്ര താരവും മിമിക്രി ആർട്ടിസ്റ്റുമായ കലാഭവൻ മുഹമ്മദ് ഹനീഫ് അന്തരിച്ചു. 58 വയസായിരുന്നു. കലാഭവൻ ട്രൂപ്പിലെ പ്രധാന മിമിക്രി താരമായിരുന്നു ഹനീഫ്. നാടകത്തിലൂടെ തുടങ്ങിയ കലാജീവിതമാണ് ഹനീഫിനെ കലാഭവനിലെത്തിച്ചത്. നിരവധി സിനിമകളിലും ഹാസ്യ പരിപാടികളിലും വേഷമിട്ടിട്ടുണ്ട്.
കേരള സർക്കാരിന്റെ കേരളീയം പരിപാടിയെക്കുറിച്ച് പുതിയ ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്ത്. കേരളീയം പരിപാടിയിൽ ജി.എസ്.ടി ഉദ്യോഗസ്ഥരെ പണപ്പിരിവിന് നിയോഗിച്ചുവെന്നും ഏറ്റവും കൂടുതൽ സ്‌പോൺസർഷിപ്പ് സംഘടിപ്പിച്ചതിനുള്ള അവാർഡ് ജി.എസ്.ടി അഡി. കമ്മീഷണർക്കാണെന്നും (ഇന്റലിജൻസ്) അദ്ദേഹം ആരോപിച്ചു.
കേരളീയം സ്പോൺസർഷിപ്പ് വിവാദത്തില്‍ പ്രതിപക്ഷ നേതാവിനെതിരെ മന്ത്രി വി ശിവന്‍കുട്ടി. സ്പോൺസർഷിപ്പിൽ സതീശൻ ഉന്നയിക്കുന്നത് വ്യാജ ആരോപണമാണെന്ന് ശിവന്‍കുട്ടി പ്രതികരിച്ചു. സ്പോൺസർഷിപ്പ് കാര്യങ്ങളെല്ലാം നടന്നത് തന്റെ അറിവോടെയാണ്. പരാതി ഉണ്ടെങ്കിൽ ചൂണ്ടിക്കാണിക്കാനും മന്ത്രി വെല്ലുവിളിച്ചു.
വയനാട് പേരിയ ഏറ്റുമുട്ടലിൽ അഞ്ചു മാവോയിസ്റ്റുകൾ ഉണ്ടായിരുന്നതായി പൊലീസ് എഫ്ഐആർ. പിടിയിലായ ചന്ദ്രു, ഉണ്ണിമായ എന്നിവർക്കെതിരെ യുഎപിഎ ചുമത്തി. രക്ഷപ്പെട്ടവർക്കായി കര്‍ണാടകത്തിലും തെരച്ചിൽ തുടങ്ങി. കൊയിലാണ്ടിയില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ മാവോയിസ്റ്റ് അനീഷ് ബാബുവിനെ ഈ മാസം പതിനാലാം തിയതി വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
കണ്ടല സര്‍വീസ് സഹകരണ ബാങ്കില്‍ നൂറുകണക്കിന് കോടി രൂപയുടെ തട്ടിപ്പ് നടത്തിയത് ഭാസുരാംഗൻ മാത്രമല്ലെന്നും തട്ടിപ്പിന് നേതൃത്വം നൽകിയവരിൽ ഉന്നതരായിട്ടുള്ള ഭരണകക്ഷി നേതാക്കന്മാരുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളമാകെ സഹകരണ ബാങ്കുകളെ കൊള്ളയടിക്കുക എന്നുള്ള ഒരു സമീപനമാണ് സിപിഐഎമ്മും, സിപിഐയ്യും, കോൺഗ്രസ്സുമെല്ലാം കൈക്കൊള്ളുന്നതെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.
ഇന്‍ഡിഗോ വിമാനക്കമ്പനിക്കെതിരായ നിലപാടില്‍ മാറ്റമില്ലെന്നാവര്‍ത്തിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. അവര്‍ തെറ്റ് തിരുത്താതെ ഇന്‍ഡിഗോയില്‍ ഇനി കയറില്ല. വന്ദേഭാരത് വന്നതോടെ കേരളത്തില്‍ കെ റെയിലിന്റെ സാധ്യത കൂടിയെന്നും ഇ പി ജയരാജന്‍ പറഞ്ഞു.
ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ഒക്‌ടോബര്‍ മാസത്തില്‍ 8703 പരിശോധനകള്‍ നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ലൈസന്‍സിംഗ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത 157 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിക്കാന്‍ നടപടി സ്വീകരിച്ചു.പരിശോധനകള്‍ ശക്തമായി തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
നീലഗിരിയില്‍ കോട്ടഗിരി-മേട്ടുപ്പാളയം റോഡില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണെന്നും വാഹനങ്ങള്‍ വഴിതിരിച്ചു വിട്ടതായും നീലഗിരി ട്രാഫിക് പൊലീസ് അറിയിച്ചു. നീലഗിരി മൗണ്ടന്‍ റെയില്‍വെ വിഭാഗത്തിന്റെ കീഴിലെ രണ്ട് ട്രെയിനുകള്‍ റദ്ദാക്കി. 06136, 06137 നമ്പര്‍ ട്രെയിനുകളാണ് റദ്ദാക്കിയത്. ട്രാക്കിലെ മണ്ണ് ഒലിച്ച് പോയതിനെ തുടര്‍ന്നാണ് സര്‍വീസുകള്‍ റദ്ദാക്കിയത്.
ആലുവയിൽ 5 വയസ്സുകാരിയെ കൊലപെടുത്തിയ കേസിലെ പ്രതി അസ്‌ഫാക് ആലത്തിനുള്ള ശിക്ഷ ശിശുദിനമായ നവംബർ 14 ന് പ്രഖ്യാപിക്കും. പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ വിധിക്കണമെന്ന് ഇന്ന് പ്രൊസിക്യൂഷൻ ആവർത്തിച്ചു.
വ്യാജ സര്‍ട്ടിഫിക്കറ്റ് സംഭവത്തില്‍ കെഎസ്‌യു നേതാക്കളായ കൗശിക് എം ദാസിനും, വിഷ്ണു വിജയനുമെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കണമെന്ന് എസ്എഫ്‌ഐ. വ്യാജ സര്‍ട്ടിഫിക്കറ്റ് മാഫിയാ സംഘങ്ങളെ ഇല്ലാതാക്കാന്‍ പൊലീസിന്റെ പ്രത്യേക സംഘത്തെ രൂപീകരിച്ച് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, സെക്രട്ടറി പി.എം ആര്‍ഷോ എന്നിവര്‍ ആവശ്യപ്പെട്ടു.
ടിപി ചന്ദ്രശേഖരൻ വധക്കേസിലെ മുഖ്യപ്രതി കൊടി സുനിയെ ജയിൽ മാറ്റി. വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ നിന്ന് തവനൂർ ജയിലിലേക്കാണ് മാറ്റിയത്. ജയിലിൽ നടന്ന സംഘർഷത്തിന്റെ പേരിലാണ് മാറ്റം.
പലസ്തീൻ ജനതയുടേത് സ്വന്തം നാട്ടിൽ ജീവിക്കാനുള്ള പോരാട്ടമാണെന്ന് രമേശ് ചെന്നിത്തല. എസ്കെഎസ്എസ്എഫ് സംഘടിപ്പിച്ച പലസ്തീൻ പോരാട്ടവും മാധ്യമ വേട്ടയുമെന്ന വിഷയത്തിൽ സംഘടിപ്പിച്ച ഓപ്പൺ ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലൈംഗിക പീഡനത്തിനിരയായ 13കാരിയുടെ പേര് വൈക്കം തഹസിൽദാർ ഇ എം റെജി നാട് മുഴുവൻ പരത്തിയെന്ന് പരാതി. മുമ്പ് കൈക്കൂലി ആവശ്യപ്പെട്ടതിന് റെജിക്കെതിരെ പരാതി നൽകിയതിനാണ് ഈ ക്രൂരത ചെയ്തതെന്ന് കുടുംബം വ്യക്തമാക്കി.
കണ്ണൂരിൽ സിപിഎം അനുകൂല ട്രസ്റ്റിന്‍റെ എംവി രാഘവൻ അനുസ്മരണ പരിപാടിക്ക് നേരിട്ടെത്താതെ പികെ കുഞ്ഞാലിക്കുട്ടി. സിഎംപി അതൃപ്തിയറിയിച്ചതോടെയാണ് സാന്നിധ്യം വീഡിയോ സന്ദേശത്തിൽ ഒതുക്കിയത്. കുഞ്ഞാലിക്കുട്ടിയെ വിലക്കിയത് കോൺഗ്രസാണെന്ന് സിപിഎം വിമർശിച്ചു.
പാലക്കാട് ഷൊർണൂരിൽ വൻ ലഹരിമരുന്ന് വേട്ട. 12 ലക്ഷത്തോളം വിലവരുന്ന 227 ഗ്രാം എംഡിഎംഎയുമായി കണ്ണൂർ, കോഴിക്കോട് സ്വദേശികളായ രണ്ട് പേർ പിടിയിലായി. തലശേരി സ്വദേശി ടി.കെ നൗഷാദ്, വടകര ചെമ്മരത്തൂർ സ്വദേശി സുമേഷ്കുമാർ എന്നിവരാണ് പിടിയിലായത്.
തലശ്ശേരി ഗവ. ഗേൾസ് ഹയർസെക്കന്ററി സ്കൂളിൽ 20 വിദ്യാർത്ഥികൾക്ക് ദേഹസ്വാസ്ഥ്യം. കുട്ടികൾക്ക് ശരീര വേദനയും ചൊറിച്ചിലും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അലർജി പ്രശ്‌നമെന്ന് ഡോക്ടർമാർ അറിയിച്ചു.
പാചകവാതക സിലിണ്ടറിന്‍റെ തൂക്കം കൃത്യമാണോയെന്ന് ഉപയോക്താവ് സംശയം പ്രകടിപ്പിച്ചാൽ തൂക്കം അളക്കുന്നതിന് വാഹനത്തിൽ ത്രാസ് സൗകര്യം ഒരുക്കണമെന്ന് കോട്ടയം ജില്ലാതല പാചകവാതക അദാലത്തിൽ ഏജൻസികൾക്ക് ഡെപ്യൂട്ടി കളക്ടർ (എൽ എ) മുഹമ്മദ് ഷാഫിയുടെ നിർദ്ദേശം.
കോഴിക്കോട് ആനകല്ലുംപാറ വളവിൽ ഇരുചക്ര വാഹനം താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് പേർ അപകടത്തിൽ പെട്ടു. ഇവരിൽ രണ്ട് പേർ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്. മലപ്പുറം കൊണ്ടോട്ടി ഇഎംഇഎ കോളേജിലെ ബിരുദ വിദ്യാർത്ഥികളായ അസ്‌ലം, അർഷദ് എന്നിവരാണ് മരിച്ചത്. മലപ്പുറം വേങ്ങര സ്വദേശികളാണ് ഇവർ.
ഭൂമി അളക്കുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂര്‍ താലൂക്ക് സര്‍വ്വയറെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. തൃശൂര്‍ താലൂക്ക് സര്‍വ്വെ ഓഫീസിലെ സെക്കന്‍റ് ഗ്രേഡ് സര്‍വ്വയര്‍ എന്‍ രവീന്ദ്രനെയാണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് സംഘം പിടികൂടിയത്.
രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ 17 മണ്ഡലങ്ങളില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് സിപിഎം സ്ഥാനാര്‍ഥികള്‍.നിലവില്‍ രാജസ്ഥാനില്‍ സിപിഎമ്മിന് രണ്ട് സീറ്റുകളുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു.
ഹരിയാനയിലെ യമുനാനഗറിൽ വ്യാജമദ്യം കഴിച്ച് ആറു പേർ മരിച്ചു. യമുനാനഗർ ജില്ലയിലെ ഫരഖ് പൂരിലാണ് സംഭവം. ചൊവ്വാഴ്ച്ച രാത്രിയോടെ മദ്യം കഴിച്ച പത്തിലധികം പേരാണ് ശാരീരികാസ്വാസ്ഥ്യവും ഛർദിലും അനുഭവപ്പെട്ട് ചികിത്സ തേടിയത്.സംഭവത്തിൽ ഫരഖ് പൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സർക്കാർ ഡോക്ടർക്ക് ഹൈക്കോടതിയുടെ അനുമതി. രാജസ്ഥാനിൽ നിന്നുള്ള ഒരു ഡോക്ടറാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജിക്കാരന് തെരഞ്ഞെടുപ്പിൽ മത്സരിക്കാമെന്നും തോറ്റാൽ വീണ്ടും ജോലിയിൽ പ്രവേശിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
ഓടിക്കൊണ്ടിരിക്കെ ബസിനു തീപിടിച്ച് രണ്ടുപേർ മരിച്ചു. ഡൽഹി-ഗുരുഗ്രാം എക്‌സ്പ്രസ് വേയിലാണ് സംഭവം. യാത്രക്കാരുമായി പോവുകയായിരുന്ന ഡബിൾ ഡെക്കർ സ്ലീപ്പർ ബസിനാണ് തീപിടിച്ചത്. അപകടത്തിൽ 29 പേർക്ക് ഗുരുതരമായി പരിക്കേറ്റു.