കുടലിന്റെ സുപ്രധാന സെന്‍സര്‍ പ്രോട്ടീനും സിങ്കുമായി ബന്ധമുണ്ടെന്ന് പുതിയ പഠനം. നെച്ചര്‍ കമ്മ്യൂണിക്കേഷന്‍സില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. സിങ്കിന്റെയും ഏരിയല്‍ ഹൈഡ്രോകാര്‍ ബണ്‍ റിസപ്റ്റര്‍ എന്ന സെന്‍സറിന്റെയും പങ്കിനെ കേന്ദ്രീകരിച്ചായിരുന്നു പഠനം. സിങ്ക് അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെ ഇന്‍ഫ്ളമേറ്ററി ബവല്‍ ഡിസീസ് പോലുള്ള കുടലിനെ ബാധിക്കുന്ന പ്രശ്നങ്ങള്‍ ലഘൂകരിക്കാമെന്നും പഠനത്തില്‍ കണ്ടെത്തി. അതേസമയം സിങ്കിന്റെ അളവ് കൂടിയാലോ കുറഞ്ഞാലോ അത് നമ്മുടെ കുടലിന്റെ ആരോഗ്യത്തെ ബാധിക്കും. സിങ്കിന്റെ അളവില്‍ വ്യത്യാസം വരുന്നത് കുടലില്‍ മൈക്രോബുകളുടെ തോതിന് മാറ്റം വരുത്താം. ഇത് വയറിളക്കത്തിനും വയറുവീക്കത്തിനും കാരണമാകാം. സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത് പ്രധാനമാണ്. പോര്‍ക്ക്, ബീഫ്, മട്ടന്‍ തുടങ്ങിയ മാംസാഹാരങ്ങള്‍. 100 ഗ്രാം ബീഫില്‍ 4.79 മില്ലിഗ്രാം സിങ്ക് അടങ്ങിയിട്ടുണ്ട്. ഇത് പ്രതിദിനം പുരുഷന്മാര്‍ക്ക് വേണ്ടതിന്റെ 44 ശതമാനവും സ്ത്രീകള്‍ക്ക് വേണ്ടതിന്റെ 60 ശതമാനവുമാണ്. ചെമ്മീന്‍, ചിപ്പി, ചെറിയ കക്ക തുടങ്ങിയവയും സിങ്കിന്റെ കലവറയാണ്. ചെറുപയര്‍, പയര്‍, ബീന്‍സ് തുടങ്ങിയ പയര്‍വര്‍ഗങ്ങളിലും ഗണ്യമായ അളവില്‍ സിങ്ക് അടങ്ങിയിരിക്കുന്നു. ഇത് വേവിച്ചും മുളപ്പിച്ചും കഴിക്കുന്നത് നല്ലതാണ്. കശുവണ്ടി, ബദാം, മത്തങ്ങ വിത്തുകള്‍, വാള്‍നട്ട് തുടങ്ങിയവയിലും സിങ്ക് അടങ്ങിയിട്ടുണ്ട്. ധാരാളം ഫൈബറും വിറ്റാമിനുകളും അടങ്ങിയ നട്സ് കഴിക്കുന്നത് ക്യാന്‍സര്‍, ഹൃദ്രോഗം എന്നിവയുള്‍പ്പെടെയുള്ള ചില രോഗങ്ങള്‍ക്കുള്ള അപകടസാധ്യത ഘടകങ്ങള്‍ കുറയ്ക്കാനും സഹായിക്കും. പ്രോട്ടീനുകളും സിങ്കും മറ്റ് വിറ്റാമിനുകളും അടങ്ങിയ മുട്ടയും പാലും കഴിക്കുന്നതും പതിവാക്കാം. ചീസ്, ഗോതമ്പ്, അരി, ഓട്സ് തുടങ്ങിയവയിലും ധാരളം സിങ്ക് അടങ്ങിയിട്ടുണ്ട്. പച്ചക്കറിയിലും പഴ വര്‍ഗങ്ങളിലും സിങ്ക് അടങ്ങിയിട്ടുണ്ട്. ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നതും ശരീരത്തില്‍ സിങ്കിന്റെ അളവ് കൂട്ടാന്‍ സഹായിക്കും.