തിരുവനന്തപുരം ജില്ലയില്‍ മഴക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ താലൂക്ക് അടിസ്ഥാനത്തില്‍ കണ്‍ട്രോള്‍ റൂം തുറന്നു. മഴക്കെടുതി ഉണ്ടായിട്ടുള്ള സ്ഥലങ്ങളിൽ വേണ്ട സഹായങ്ങൾ എത്തിക്കുവാനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാനും തഹസീൽദാർമാർക്ക് ജില്ലാ കളക്ടർ നിർദേശം നൽകി. നെയ്യാറ, പേപ്പാറ ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി.
നിർത്താതെ പെയ്ത മഴയിൽ തിരുവനന്തപുരത്ത് പലയിടങ്ങളിലും വെളളക്കെട്ട് രൂക്ഷമായി. തേക്കുമൂട് ബണ്ട് കോളനിയിൽ വെളളം കയറിയതിനെ തുടർന്ന് കുടുംബങ്ങളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി.അതുപോലെ ടെക്നോപാർക്കിലും വെള്ളക്കെട്ട് രൂക്ഷമാണ്. തീരമേഖലകളിലും വെളളം കയറി ജനങ്ങൾ ദുരിതത്തിലാണ്. മതിലിടിഞ്ഞ് വീണ് പോത്തന്‍കോട് സ്വദേശിക്ക് പരിക്കേറ്റു.
കനത്ത മഴയെ തുടർന്ന് വാഴച്ചാൽ മലക്കപ്പാറ റോഡിൽ മണ്ണിടിഞ്ഞു. ഇന്നലെ രാത്രിയാണ് റോഡിൻ്റെ ഒരു ഭാഗം ഇടിഞ്ഞത്. ഇതിനെ തുടർന്ന് മലക്കപ്പാറ റേഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. അതിരപ്പിള്ളിയില്‍ നിന്നും 37 കിലോമീറ്റര്‍ തമിഴ്‌നാട് അതിര്‍ത്തി റൂട്ടില്‍ ഷോളയാര്‍ പവര്‍ഹൗസ് അമ്പലപ്പാറ ഭാഗത്ത് ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം പെയ്ത ശക്തമായ മഴയില്‍ റോഡിന്റെ കരിങ്കല്‍കെട്ട് ഇടിഞ്ഞ് അപകടാവസ്ഥയിലാണ്.
തിരുവനന്തപുരത്തെ ശക്തമായ മഴയെ തുടര്‍ന്ന് ട്രെയിന്‍ സമയത്തില്‍ മാറ്റം വരുത്തി റെയില്‍വെ. കൊച്ചുവേളിയിലെ പിറ്റ് ലൈനില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ട്രെയിന്‍ നമ്പര്‍ 12625 തിരുവനന്തപുരം – ന്യൂഡല്‍ഹി കേരള എക്സ്പ്രസിന്റെ സമയത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നതെന്ന് റെയില്‍വെ അറിയിച്ചു.
കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലൊഴികെ വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ 12 ജില്ലകളിൽ യെല്ലോ അലര്‍ട്ട്. ഒറ്റപ്പെട്ടതും ശക്തവുമായ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
നിയമനക്കോഴ കേസിലെ പ്രതിയായ ബാസിതിന് ഹോസ്റ്റലിൽ താമസിക്കാൻ ഇടം കൊടുത്ത സംഭവത്തിൽ പ്രതികരണവുമായി വിആർ സുനിൽകുമാർ എംഎൽഎ. ബാസിതുമായി നേരിട്ട് ബന്ധമില്ലെന്നും,പാർട്ടി പ്രവർത്തകർ വന്നു താമസിക്കുന്ന ഇടമാണ് എന്റെ മുറിയെന്നും ആരൊക്കെ വരുന്നു എന്നതിനെക്കുറിച്ച് എനിക്ക് വ്യക്തമായ ധാരണയില്ലെന്നും അദ്ദേഹം പറഞ്ഞു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് ആവര്‍ത്തിക്കുന്നതിനിടെ ടൂറിസം വികസനത്തിന് എന്ന പേരിൽ കേരളപ്പിറവിയോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന പരിപാടിക്ക് 27 കോടി 12 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായി. അടിസ്ഥാന സൗകര്യ വികസനത്തിന് എന്ന പേരിൽ കിഫ്ബിയിൽ നിന്ന് വരെ പണമെടുത്താണ് തുക ചെലവഴിക്കുന്നതെന്നാണ് റിപ്പോർട്ട്.
തട്ടം വിവാദത്തില്‍ സമസ്തയെ പരോക്ഷമായി വിമര്‍ശിച്ച മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാമിനെ പിന്തുണച്ച് ഇടി മുഹമ്മദ് ബഷീര്‍ എം.പി. പിഎംഎ സലാമിന്‍റെ പരാമര്‍ശം സമസ്തയെ ആക്ഷേപിക്കുന്നതല്ലെന്നും തട്ടം വിവാദം ഉയര്‍ത്തിയ സിപിഎമ്മിനെ ഒറ്റക്കെട്ടായി എതിര്‍ക്കണമെന്ന ആശയമാണ് സലാം പങ്കുവെച്ചതെന്നും ഇടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു.
കൊല്ലം ചടയമംഗലത്ത് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് തടസ്സമുണ്ടാക്കിയെന്ന് ആരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത 5 വിദ്യാർത്ഥികളെയും വിട്ടയച്ചു. യുവാക്കൾക്കെതിരെ കേസെടുത്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു. കേൾവിപരിമിതിയുള്ളതും സംസാര ശേഷിയില്ലാത്തവരുമാണ് ഇവർ അഞ്ച് പേരുമെന്നാണ് റിപ്പോർട്ട്.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് തീരമണയുന്ന ആദ്യ കപ്പലിനെ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പതാക വീശി വരവേൽക്കും. വൈകിട്ട് നാല് മണിക്ക് നടക്കുന്ന ചടങ്ങിൽ കേന്ദ്ര ഷിപ്പിംഗ്, വാട്ടർവേയ്സ്-ആയുഷ് വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ മുഖ്യ അതിഥി ആയിരിക്കും. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ അധ്യക്ഷത വഹിക്കും.
മൂന്നാറില്‍ ജനവാസ കേന്ദ്രത്തില്‍ വീണ്ടും പടയപ്പ എന്ന കാട്ടാനയിറങ്ങി.കുണ്ടള എസ്റ്റേറ്റിലിറങ്ങിയ പടയപ്പ നാട്ടുകാരുടെ പ്രകോപനത്തെതുടര്‍ന്ന് ഏറെ നേരം എസ്റ്റേറ്റില്‍ നിലയുറപ്പിച്ചശേഷമാണ് തിരിച്ചു കാടുകയറിയത്.
മിൽമ തിരുവനന്തപുരം മേഖല യൂണിയനിലേക്ക് മഹാരാഷ്ട്രയിൽ നിന്നും പാൽ കൊണ്ടുവന്നതിൽ ക്രമക്കേടെന് ഓഡിറ്റ് റിപ്പോർട്ട്. പാൽക്ഷാമമുണ്ടായപ്പോഴാണ് മഹാരാഷ്ട്രയിലെ ഇന്ദാപൂരിൽ നിന്നും പാൽകൊണ്ടുവരാൻ ഓം സായി ലൊജസ്റ്റിക് എന്ന കമ്പനിക്ക് അമിത നിരക്കിൽ കരാർ നൽകിയെന്നാണ് ഓഡിറ്റിലെ കണ്ടെത്തൽ. തിരുവനന്തപുരം മുതൽ ആലപ്പുഴ വരെ നീളുന്ന തിരുവനന്തപുരം മേഖല യൂണിയൻ അഡ്മിനിസ്ട്രേറ്റർ ഭരണത്തിലാണ്.
ചിട്ടി തിരിച്ചടവ് കുടിശികയായ വകയില്‍ കെഎസ്എഫ്ഇയ്ക്ക് പിരിഞ്ഞു കിട്ടാനുള്ളത് 1289 കോടി രൂപയെന്ന് റിപ്പോർട്ട്.തിരിച്ചടവ് മുടക്കിയവര്‍ കോടതി വ്യവഹാരവുമായി നടക്കുന്നതാണ് കെഎസ്എഫ്ഇയുടെ ബാധ്യത വര്‍ധിപ്പിക്കുന്നത്. അതേസമയം കഴിഞ്ഞ അഞ്ചുവര്‍ഷംകൊണ്ട് 968 കോടിരൂപ ലാഭം നേടാൻ കഴിഞ്ഞുവെന്നും റിപ്പോർട്ടുണ്ട്.
തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ പൊലീസുകാരൻ കൊല്ലം സ്വദേശി ഗീതു കൃഷ്ണൻ തൂങ്ങിമരിച്ച നിലയിൽ. സ്‌റ്റേഷന്റെ മുകൾ ഭാഗത്താണ് പൊലീസ് ഉദ്യോഗസ്ഥൻ തൂങ്ങി മരിച്ചത്. സാമ്പത്തിക പ്രശ്നങ്ങൾ മൂലം ജീവനൊടുക്കിയതെന്നാണ് സൂചന.
ഓപ്പറേഷൻ അജയ് യുടെ ഭാഗമായി ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരുമായുള്ള മൂന്നാം വിമാനം രാവിലെ 1.15ന് ന്യൂഡൽഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. 198 പേരുടെ യാത്ര സംഘത്തിൽ രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പെടെ 18 പേർ മലയാളികളാണ്.
പഞ്ചാബിലെ ഫിറോസ്പൂരില്‍ ഇന്ത്യ പാകിസ്ഥാന്‍ അതിര്‍ത്തിക്ക് സമീപം പാകിസ്ഥാന്‍ ഡ്രോണ്‍ കണ്ടെത്തി. പ്രദേശത്തെ ഒരു പാടത്തു നിന്ന് അതിര്‍ത്തി രക്ഷാ സേനയാണ് ഡ്രോണ്‍ കണ്ടെത്തിയതെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. സംഭവത്തില്‍ ബി.എസ്.എഫ് അന്വേഷണം തുടങ്ങി.
നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാജസ്ഥാനില്‍ ബിജെപിയിലുണ്ടായ അതൃപ്തിയില്‍ കോണ്‍ഗ്രസ് മുതലെടുപ്പിനില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ബിജെപിയിലെ അതൃപ്തി എങ്ങനെ പ്രതിഫലിക്കുമെന്ന് തെരഞ്ഞെടുപ്പില്‍ കാണാമെന്നും അദ്ദേഹം പറഞ്ഞു.
ക്രിപ്റ്റോ കറന്‍സിയുടെ പേരില്‍ കോഴിക്കോട്ടെ വ്യവസായിയുടെ മൂന്നുകോടി തട്ടിയതിന് പിന്നില്‍ ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘമെന്ന് കണ്ടെത്തല്‍. തട്ടിപ്പുസംഘത്തിലെ കണ്ണികള്‍ മഹാരാഷ്ട്ര, ബംഗാൾ എന്നിവിടങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ടെന്നും, ഇവര്‍ സംസ്ഥാനത്ത് വ്യാപക തട്ടിപ്പുനടത്തിയെന്നും സൈബര്‍ പൊലീസ് വ്യക്തമാക്കുന്നു.
നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ മൂന്നു സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്.മധ്യപ്രദേശില്‍ 144 സീറ്റുകളിലും ഛത്തീസ്ഗഡില്‍ 30 സീറ്റുകളിലും തെലങ്കാനയില്‍ 55 സീറ്റുകളിലുമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.
ഇസ്രയേല്‍ പലസ്തീന്‍ വിഷയത്തില്‍ പാര്‍ട്ടി നിലപാടില്‍ മാറ്റമില്ലെന്നും,ഹമാസ് ഭീകരസംഘടനയാണോ എന്ന തര്‍ക്കത്തില്‍ കാര്യമില്ലെന്നും ഏത് അക്രമസംഭവത്തെയും പാര്‍ട്ടി അപലപിക്കുന്നുവെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. ഇസ്രയേലിനെ ഏകപക്ഷീയമായി പിന്തുണച്ച പ്രധാനമന്ത്രിയുടെ നിലപാട് ഇന്ത്യയുടെ നയത്തിന് വിരുദ്ധമാണ്. എന്നാൽ പലസ്തീന്‍റെ പരമാധികാരം അംഗീകരിക്കുന്ന നയം തന്നെയാണ് തുടരുന്നതെന്ന് വിദേശകാര്യമന്ത്രാലയം പിന്നീട് വിശദീകരിച്ചു.
ഇസ്രയേലിന്റെ തുടർ സൈനിക നീക്കങ്ങൾ അന്താരാഷ്‌ട്ര നിയമങ്ങൾക്ക് അനുസൃതമായിരിക്കണമെന്ന് അമേരിക്ക. ഗാസയിലെ ജനങ്ങളെ സംരക്ഷിക്കാനുള്ള മുന്‍കരുതലിനെക്കുറിച്ചും അമേരിക്ക ഇസ്രയേലിനെ ഓര്‍മിപ്പിച്ചു. ഗാസയില്‍ തുടര്‍ സൈനിക നീക്കങ്ങള്‍ ഇസ്രയേല്‍ ശക്തമാക്കാനിരിക്കെ അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഫോണില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യങ്ങള്‍ ചര്‍ച്ചയായത്.
മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ തീർഥാടകർ സഞ്ചരിച്ച ട്രാവലർ, നിർത്തിയിട്ട ട്രക്കിന് പിന്നിലിടിച്ച് 12 പേർ മരിച്ചു. 20 പേർക്ക് പരുക്കേറ്റു. നാഗ്പുർ-മുംബൈ സമൃദ്ധി എക്സ്പ്രസ് വേയിൽ പുലർച്ച ഒന്നരയോടെയാണ് അപകടമുണ്ടായത്. സൈലാനി ബാബ ദർഗയിൽ നിന്നും തീർഥാടനം കഴിഞ്ഞ് നാസിക്കിലേക്ക് വരികയായിരുന്ന സംഘത്തിന്റെ ട്രാവലർ, വൈജാപുർ ജംബാർ ടോൾ ബൂത്തിന് സമീപം നിർത്തിയിട്ട ട്രക്കിന് പിന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
2036 ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാൻ സന്നദ്ധത അറിയിച്ച് ഇന്ത്യ. ഒളിമ്പിക് കമ്മിറ്റിയുടെ പ്രത്യേക സെഷനിൽ താത്പര്യം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2029 യൂത്ത് ഒളിമ്പിക്‌സിനുളള ലേലത്തിൽ ഇന്ത്യ പങ്കെടുക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.