night news hd 4

രാത്രി വാർത്തകൾ

ഇസ്രായേൽ കരയുദ്ധത്തിലേക്ക് നീങ്ങുന്നു. ഏത് നിമിഷവും അതി‍ർത്തിയിൽ കരയുദ്ധം ആരംഭിക്കും. ആയിരം പേരടങ്ങുന്ന നൂറോളം സൈനിക ട്രൂപ്പുകളെ ഗാസ അതിര്‍ത്തിയിലും ലെബനൻ അതിർത്തിയിലുമായി ഇസ്രയേൽ വിന്യസിച്ചു കഴിഞ്ഞു.

യുദ്ധം തുടരുന്നതിനിടെ അമേരിക്കയുടെ ആദ്യ സൈനീക കപ്പൽ ഇസ്രയേൽ തീരത്ത്. കിഴക്കൻ മെഡിറ്ററേനിയൻ കടലിലാണ് ആണവശേഷിയുള്ള വിമാനവാഹിനി കപ്പൽ ജെറാൾഡ് ഫോഡുള്ളത്. ഹമാസിനെതിരായ യുദ്ധത്തിൽ ഇസ്രായേലിന് പൂർണ പിന്തുണ നൽകുമെന്ന് ബൈഡൻ പ്രഖ്യാപിച്ചിരുന്നു.

സംസ്ഥാനത്ത് വിദേശ നിർമ്മിത വിദേശ മദ്യ വിൽപ്പന നിർത്തി വയ്ക്കാൻ നിർദ്ദേശം. ഈ മാസം രണ്ടു മുതൽ വിദേശ മദ്യത്തിൻറെ വില 9 ശതമാനം വർദ്ധിപ്പിച്ചിരുന്നു.പുതിയ വില രേഖപ്പെടുത്തിയ ലേബൽ ഒട്ടിക്കുന്നതുവരെ നിലവിലുള്ള വിദേശ മദ്യത്തിന്റെ സ്റ്റോക്ക് വിൽക്കേണ്ടെന്ന് ബെവ്കോ ജനറൽ മാനേജർ.

പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ എൻഐഎ അന്വേഷണം റദ്ദാക്കണമെന്ന ആവശ്യവുമായി പ്രതികൾ ഹൈക്കോടതിയിൽ. കേസ് കൈമാറിയ ഉത്തരവ് നിയമ വിരുദ്ധമാണെന്നാണ് പ്രതികളുടെ വാദം. കരമ അഷ്റഫ് മൗലവി അടക്കം കേസിലെ 10 പ്രതികളാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും.

കേരള ഹൈക്കോടതി ജഡ്ജിമാരായി അഞ്ച് ജുഡീഷ്യൽ ഓഫീസർമാരെ നിയമിക്കാൻ സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്തു. കൊല്ലം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് എം. ബി സ്നേഹലത ഉൾപ്പടെ അഞ്ച് പേരെ നിയമിക്കാനാണ് ശുപാർശ.

മലപ്പുറത്ത് വീടിനു നമ്പർ ഇടാൻ 5000 രൂപ ആവശ്യപ്പെട്ട പഞ്ചായത്ത് ജീവനക്കാരൻ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായി. മലപ്പുറം പുളിക്കൽ പഞ്ചായത്ത് ഓഫീസിലെ ഹെഡ് ക്ലർക്ക് സുഭാഷ് കുമാർ ആണ് പിടിയിലായത്.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്കുള്ള ആദ്യ കപ്പൽ പുറംകടലിൽ നങ്കൂരമിട്ടതായി തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. ഈ മാസം 15 ന് വൈകിട്ട് നാല് മണിക്ക് കപ്പൽ വിഴിഞ്ഞം തുറമുഖത്തെ ബർത്തിലെത്തുമെന്നും വാട്ടർ സല്യൂട്ട് നൽകി കപ്പലിനെ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

സ്വർണ്ണക്കടത്ത് സംഘത്തിന് കരിപ്പൂർ വിമാനത്താവളത്തിലൂടെ സ്വർണ്ണം കടത്തുന്നതിന് ഒത്താശ ചെയ്ത സിഐഎസ്എഫ് അസിസ്റ്റന്റ് കമന്റന്റ് നവീൻ പൊലീസ് കസ്റ്റഡിയിൽ. നവീനെ കൊണ്ടോട്ടി ഡിവൈഎസ്പിയുടെ ഓഫീസിൽ എത്തിച്ചു.

റദ്ദാക്കിയ 465 മെഗാവാട്ടിൻറെ ദീർഘകാല വൈദ്യുതി കരാർ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് റഗുലേറ്ററി കമ്മീഷന് സർക്കാർ കത്ത് നൽകി. വൈദ്യുതി നിയമത്തിലെ 108 ആം വകുപ്പ് പ്രകാരമാണ് നടപടി. കരാറിൽ നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായെന്ന കമ്മീഷൻറെ കണ്ടെത്തലിൽ സർക്കാർ ഇടപെടില്ല. പൊതുജനതാല്പര്യാർത്ഥമാണ് പുനസ്ഥാപിക്കാനുള്ള നിർദ്ദേശമെന്നാണ് കത്തിൽ പറയുന്നത്.

കാര്‍ഷിക സര്‍വ്വകലാശാലയില്‍ തൊഴിലാളികളെ വെട്ടിക്കുറയ്ക്കേണ്ടി വരുമെന്ന് വൈസ് ചാൻസ്ലർ ബി. അശോക്. അടുത്ത മാര്‍ച്ചോടെ നൂറുപേരെ കുറയ്ക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ബി അശോക് പറഞ്ഞു.

നിയമന കോഴ വിവാദത്തിൽ ആരോഗ്യ മന്ത്രിയുടെ പിഎ അഖിൽ മാത്യുവിന് പണം നൽകിയിട്ടില്ലന്ന് ബാസിതും സമ്മതിച്ചു. കന്റോൺമെന്റ് പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം ബാസിത് പറഞ്ഞത്. ഹരിദാസനിൽ നിന്ന് പണം തട്ടിയെടുക്കാനാണ് മന്ത്രി ഓഫീസിന്റെ പേര് പറഞ്ഞതെന്നും മന്ത്രിയുടെ പിഎയുടെ പേര് പരാതിയിൽ എഴുതി ചേർത്തത് താനെന്നും ബാസിത് പൊലീസിനോട് പറഞ്ഞു.

സംസ്ഥാനത്ത് മധ്യ, വടക്കൻ ജില്ലകളിൽ വ്യാപക മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ റിപ്പോർട്ട്. തീരമേഖലകളിലും, കിഴക്കൻ മേഖലകളിലും മഴ കനത്തേക്കും. കർണാടകയ്ക്ക് മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടതായും കാലാവസ്ഥാ റിപ്പോർട്ടിൽ പറയുന്നു.10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കണ്ണൂര്‍ ഉളിക്കല്‍ ടൗണില്‍ ഇറങ്ങിയ കാട്ടാനയെ ജനവാസ മേഖലയില്‍ നിന്നും കാട്ടിലേക്ക് തുരത്താന്‍ വനം വകുപ്പ് നടപടി സ്വീകരിച്ചു വരികയാണെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍. ജനങ്ങളുടെ ആശങ്ക അകറ്റാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതിയിലുള്ള നടപടികളാണ് സ്വീകരിക്കുക എന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ ആദ്യ കേന്ദ്ര പൊതുമേഖലാസ്ഥാപനമായ എറണാകുളം ഏലൂരിലെ എച്ച്ഐഎല്‍ അടച്ചു പൂട്ടൽ ഭീഷണിയിൽ . കീടനാശിനി രാസവള ഉല്പാദനത്തിന് പേരുകേട്ട എച്ച്ഐഎല്‍ അടച്ചുപൂട്ടാന്‍ ഉത്തരവിറങ്ങിയതോടെ ആശങ്കയിലായിരിക്കുകയാണ് തൊഴിലാളികള്‍.

എറണാകുളം സൗത്ത് റയിൽവേ സ്റ്റേഷന് കൊച്ചി രാജാവായിരുന്ന രാജർഷി രാമവർമന്റെ പേര് നൽകണമെന്ന് പ്രമേയം പാസാക്കി കൊച്ചി കോർപ്പറേഷൻ. രാജ്യഭക്തിയുള്ളത്കൊണ്ടല്ല തീരുമാനമെടുത്തത്. രാജ്യസ്വത്ത് വിറ്റ് വികസനം കൊണ്ടുവന്ന രാജാവാണ് രാജർഷി രാമവർമനിന്നു മേയർ എം അനിൽകുമാർ പറഞ്ഞു.

ഇലന്തൂര്‍ നരബലി കേസ് പ്രതികളിലേക്ക് മറ്റൊരു കൊലപാതകത്തിന്റെ അന്വേഷണം കൂടി .2014 ല്‍ പത്തനംതിട്ട മല്ലപ്പുഴശ്ശേരി സ്വദേശി സരോജിനി കൊല്ലപ്പെട്ടതിന്റെ അന്വേഷണമാണ് മുഹമ്മദ് ഷാഫി, ഭഗവത് സിംഗ്, ലൈല എന്നിവരിലേക്ക് എത്തുന്നത്.കേസില്‍ മൂന്നു പേരെയും ക്രൈംബ്രാഞ്ച് ജയിലിലെത്തി ചോദ്യം ചെയ്തു.

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് റബ്‌കോ എംഡി ഹരിദാസന്‍ നമ്പ്യാര്‍ ഇഡിയുടെ ചോദ്യം ചെയ്യലിനായി ഹാജരായി. കരുവന്നൂര്‍ ബാങ്ക് റബ്‌കോയില്‍ പണം നിക്ഷേപിച്ചിരുന്നു ഇതു സംബന്ധിച്ച് വിശദാംശങ്ങള്‍ അറിയാനായാണ് ചോദ്യം ചെയ്യുന്നത്.

തിരുവനന്തപുരത്ത് ഭിന്നശേഷിക്കാരനായ 13 വയസ്സുകാരൻ ഉൾപ്പെട്ട കുടുംബത്തിന് തൊഴുത്തിൽ കഴിയേണ്ടി വന്നതിൽ ഭിന്നശേഷി കമ്മീഷണർ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ ലൈഫ് മിഷനും, നഗരൂർ പഞ്ചായത്ത് സെക്രട്ടറിക്കും നോട്ടീസ് നൽകി.

ന്യൂസ് ക്ലിക്കിനെതിരെ സിബിഐ അന്വേഷണo. വിദേശ ഫണ്ട് സ്വീകരിച്ചതിലെ ചട്ട ലംഘനം സംബന്ധിച്ചാണ് അന്വേഷണം. നടപടിയുടെ ഭാഗമായി ന്യൂസ് ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫ് പ്രബിര്‍ പുര്‍കായസ്തയുടെ വസതിയില്‍ സിബിഐ പരിശോധന നടത്തി.

ഹമാസ് ബന്ദികളാക്കിയ എല്ലാവരെയും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാൻസിസ് മാർപാപ്പ. ഇസ്രയേലിന് സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ടെന്ന് മാർപാപ്പ പറഞ്ഞു. സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പത്താൻകോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ഷാഹിദ് ലത്തീഫ് കൊല്ലപ്പെട്ടു. അജ്ഞാത അക്രമി സംഘമാണ് പാകിസ്ഥാനിൽ വച്ച് ഷാഹിദ് ലത്തീഫിനെ കൊലപ്പെടുത്തിയത്. എൻഐഎ ഷാഹിദ് ലത്തീഫിനെതിരെ UAPA ചുമത്തിയിരുന്നു.

രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി മാറ്റി തെരഞ്ഞെടുപ്പ് കമ്മിഷൻ. നവംബർ 23ന് നടക്കേണ്ട തെരഞ്ഞെടുപ്പ് നവംബർ 25ലേക്കാണ് മാറ്റിയത്. രാഷ്ട്രീയ പാർട്ടികളുടെയും വിവിധ സംഘടനകളുടെയും ആവശ്യം പരി​ഗണിച്ചാണ് തെരഞ്ഞെടുപ്പ് തീയതി മാറ്റിയത്.

ഇസ്രയേലിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാർക്കായി ഹെൽപ്പ് ലൈൻ നമ്പർ പുറത്തിറക്കി ഇന്ത്യൻ എംബസി. ശാന്തമായും ജാഗ്രതയോടെയും ഇരിക്കണമെന്ന് ഇന്ത്യൻ എംബസി നിർദേശം നൽകി. സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കണമെന്നും എംബസി നിർദേശിച്ചു.

അഫ്ഗാനിസ്താനെതിരായ ലോകകപ്പ് മത്സരത്തിൽ ഇന്ത്യക്ക് 273 റൺസ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 272 റൺസ് നേടി. 80 റൺസ് നേടിയ ക്യാപ്റ്റൻ ഹഷ്മതുള്ള ഷാഹിദിയാണ് അഫ്ഗാൻ്റെ ടോപ്പ് സ്കോറർ. അസ്മതുള്ള ഒമർസായ് 62 റൺസ് നേടി. ഇന്ത്യക്കായി ജസ്പ്രീത് ബുംറ നാല് വിക്കറ്റ് വീഴ്ത്തി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *