ഇന്ത്യയിലെ സ്ട്രീമിങ്-ടെലിവിഷന്‍ ബിസിനസിന്റെ വില്പനക്കായുള്ള ചര്‍ച്ചകള്‍ തുടങ്ങി വാള്‍ട്ട് ഡിസ്നി. ഗൗതം അദാനിയുമായും കലാനിധി മാരനുമായും കമ്പനി ചര്‍ച്ചകള്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ട്. യു.എസ് വിനോദവ്യവസായത്തിലെ പ്രമുഖരായ കമ്പനി ഓഹരികള്‍ മുഴുവനായോ ഭാഗികമായോ വില്‍ക്കാനാണ് ഉദ്ദേശിക്കുന്നതെന്നാണ് സൂചന. കായികമത്സരങ്ങളുടെ സ്ട്രീമിങ് അവകാശവും ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറും മാത്രം വില്‍ക്കാനും അവര്‍ക്ക് പദ്ധതിയുണ്ട്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനിയുമായും ഇവര്‍ ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. ബിസിനസ് പൂര്‍ണമായും വില്ക്കുകയോ അല്ലെങ്കില്‍ ഇന്ത്യയിലെ ഒരു കമ്പനിയുമായുള്ള സംയുക്ത സംരഭമോ ആണ് ഡിസ്നി ഉദ്ദേശിക്കുന്നത്. നേരത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ സംപ്രേഷണാവകാശം നഷ്ടപ്പെട്ടത് ഡിസ്നിക്ക് കനത്ത തിരിച്ചടിയായിരുന്നു. മുകേഷ് അംബാനിക്കും പങ്കാളിത്തമുള്ള വിയോകോം ആണ് കരാര്‍ സ്വന്തമാക്കിയത്. കലാനിധിമാരന്റെ സണ്‍ നെറ്റ് വര്ക്കുമായും ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി ഗ്രൂപ്പുമായും പ്രാഥമിക ചര്‍ച്ചകള്‍ മാത്രമാണ് ഡിസ്നി നടത്തിയിട്ടുള്ളതെന്നാണ് വിവരം. ഇതുസംബന്ധിച്ച് പ്രതികരിക്കാന്‍ ഇരു കമ്പനികളും ഇതുവരെ തയാറായിട്ടില്ല. വിപണിയിലെ ഊഹാപോഹങ്ങളോട് പ്രതികരിക്കാനില്ലെന്നാണ് അദാനി ഗ്രൂപ്പും സണ്‍ നെറ്റ്വര്ക്കും അറിയിച്ചത്. ലോകത്ത് വിനോദവ്യവസായത്തിന് ഏറ്റവും സാധ്യതയുള്ള വിപണിയായാണ് ഇന്ത്യ വിലയിരുത്തപ്പെടുന്നത്.