പ്രാഥമിക സഹകരണ ബാങ്കുകളില്‍നിന്നുള്ള കരുതല്‍ ധനം സംസ്ഥാന സര്‍ക്കാരിന്റെ സഹകരണ പുനരുദ്ധാരണ നിധിയിലേക്കു മാറ്റും. ഇതിനുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി സഹകരണ നിയമം ഭേദഗതി ചെയ്യും. കരട് തയാറായിക്കഴിഞ്ഞു. സഹകരണ നിയമ ഭേദഗതി ഗവര്‍ണര്‍ ഒപ്പിടുാകുന്ന മുറയ്ക്ക് പ്രാബല്യത്തിലാകും.
നിയമന കോഴയുമായി ഒരു ബന്ധവുമില്ലെന്നും പരാതിക്കാരനായ ഹരിദാസിനെ ഇതുവരെ കണ്ടിട്ടില്ലെന്നും പിടിയിലായ മുഖ്യപ്രതി അഖില്‍ സജീവ്. പണം തട്ടിയത് ബാസിത്, റഹീസ് എന്നിവര്‍ അടങ്ങിയ സംഘമാണെന്നാണ് അഖില്‍ സജീവ് പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ഈ മൊഴി വിശ്വസിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല.
ആരോഗ്യമന്ത്രിയുടെ ഓഫീസ് സ്റ്റാഫിനെതിരേ നിയമന കോഴ തട്ടിപ്പ് ആരോപണം ഉന്നയിക്കപ്പെട്ട കേസിലെ മുഖ്യപ്രതി അഖില്‍ സജീവിനെ തേനിയില്‍നിന്ന് പത്തനംതിട്ട പോലീസ് അറസ്റ്റു ചെയ്തു. രണ്ടു വര്‍ഷം മുമ്പ് പത്തനംതിട്ട സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത തട്ടിപ്പു കേസിലാണ് അറസ്റ്റ്. ഹരിദാസിനെ കണ്ടിട്ടില്ലെന്നും താന്‍ പണം വാങ്ങിയിട്ടില്ലെന്നും അഖില്‍ സജീവ് പറഞ്ഞു.
അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്റെ സംസ്‌കാരം വൈകുന്നേരം അഞ്ചിനു ശാന്തികവാടത്തിലല്‍. പൊതുദര്‍ശനത്തിനുവച്ച എകെജി സെന്ററില്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ വന്‍ തിരക്ക് അനുഭവപ്പെട്ടു. സിഐടിയു സംസ്ഥാന കമ്മിറ്റി ഓഫീസിലെ പൊതുദര്‍ശനത്തിനു ശേഷമാണ് സംസ്‌കാരം. തുടര്‍ന്നു മേട്ടുക്കടയില്‍ അനുശോചന യോഗം നടക്കും.
കോണ്‍ഗ്രസ് എംപിമാരുടെ പ്രവര്‍ത്തനത്തെക്കുറിച്ചു തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനുഗോലുവിന്റെ നേതൃത്വത്തിലുള്ള സര്‍വേ ഉടനേ ആരംഭിക്കും. പത്തുദിവസത്തിനകം ഫലം തയ്യാറാകും. റിപ്പോര്‍ട്ട് കെപിസിസിക്ക് കൈമാറും. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കെപിസിസി ഭാരവാഹികളുടെയും രാഷ്ട്രീയകാര്യസമിതി അംഗങ്ങളുടെയും എണ്ണം വര്‍ധിപ്പിക്കും.
കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ പെരിങ്ങണ്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി ടി ആര്‍ രാജന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ ഹാജരായി. പെരിങ്ങണ്ടൂര്‍ ബാങ്കിലെ കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ ഇ ഡി നിര്‍ദേശിച്ചിരിന്നു. മുഖ്യപ്രതി സതീഷ് കുമാറിന്റെ സഹോദരന്‍ പി ശ്രീജിത്തും ഇ ഡി ഓഫീസില്‍ എത്തിയിട്ടുണ്ട്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സിപിഎം, ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ സിപിഎം പ്രവര്‍ത്തകനായ രവീന്ദ്രന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകരായ ഒമ്പതു പ്രതികളില്‍ നാലു പേരെ ഹൈക്കോടതി വെറുതെ വിട്ടു. മൂന്നു പ്രതികള്‍ക്കെതിരേ മാരകായുധങ്ങളുമായി ആക്രമിച്ചെന്ന കുറ്റം മാത്രം നിലനിര്‍ത്തി. രണ്ടു പ്രതികള്‍ മരിച്ചതിനാല്‍ അവര്‍ക്കെതിരായ നടപടികള്‍ അവസാനിപ്പിച്ചു. വിചാരണ കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ റദ്ദാക്കിയാണ് ഹൈക്കോടതിയുടെ ഉത്തരവ്.
സംസ്ഥാനത്ത് എ.ഐ ക്യാമറകള്‍ സ്ഥാപിച്ച ശേഷം അപകടങ്ങള്‍ കുറഞ്ഞെന്ന മുഖ്യമന്ത്രിയുടെയും ഗതാഗതമന്ത്രിയുടെയും വാദം പച്ചക്കള്ളമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. നിയമസഭയിലും ഹൈക്കോടതിയിലും കള്ളം പറഞ്ഞു തെറ്റിദ്ധരിപ്പിച്ചെന്ന് സതീശന്‍ ആരോപിച്ചു. ഗതാഗതമന്ത്രി സത്യപ്രതിജ്ഞാലംഘനമാണ് നടത്തിയത്. ഗതാഗതമന്ത്രി രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കടുത്ത വര്‍ഗീയ പരാമര്‍ശങ്ങളുള്ള ഫോണ്‍ സംഭാഷണം വിവാദമായതോടെ കണ്ണൂര്‍ പാനൂര്‍ നഗരസഭ സെക്രട്ടറി എ. പ്രവീണിനെ മാനന്തവാടിയിലേക്കു സ്ഥലം മാറ്റി. ഉദ്യോഗസ്ഥനെതിരെ നഗരസഭ ചെയര്‍മാനും മുസ്ലിം ലീഗും പൊലീസില്‍ പരാതി നല്‍കിയിരുന്നു.
വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ പരാതി നല്‍കുമെന്ന് കരുവന്നൂരില്‍ മരിച്ച നിക്ഷേപകന്‍ ശശിയുടെ കുടുംബം. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സഹോദരന് ചികിത്സയ്ക്കായി ആറു ലക്ഷം രൂപ തന്നെന്ന നുണ പ്രചാരണത്തിനെതിരേയാണു പരാതി. ഒരു ലക്ഷത്തി തൊണ്ണൂറായിരം രൂപ മാത്രമാണ് കിട്ടിയത്. സഹോദരി മിനി പറഞ്ഞു.
കൈക്കൂലി വാങ്ങുന്നതിനിടെ കാസര്‍കോട് ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയിലെ അനസ്‌തേഷ്യ വിഭാഗം ഡോക്ടര്‍ വെങ്കിടഗിരി വിജിലന്‍സിന്റെ പിടിയിലായി. ഹെര്‍ണിയയുടെ ഓപ്പറേഷന് 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റിലായത്.
പീഡനക്കേസില്‍ ചെന്നൈ വിമാനത്താവളത്തില്‍ പിടിയിലായ നടന്‍ ഷിയാസ് കരീമിനെ കാസര്‍കോട് ചന്തേര പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. ഷിയാസ് കരീമിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
ഗൂഗിള്‍ മാപ് ചതിച്ചെന്നു പ്രചാരണമുണ്ടായ യുവ ഡോക്ടര്‍മാര്‍ മരിച്ച ഗോതുരുത്ത് കാറപകടത്തില്‍ കാര്‍ അമിത വേഗത്തിലായിരുന്നെന്ന് സിസിടിവി ദൃശ്യങ്ങള്‍. കടല്‍വാതുരുത്ത് പുഴയിലേക്ക് കാര്‍ മറിയുന്നതിന് തൊട്ടുമുന്‍പു കാറിന് ശരാശരിക്കു മുകളില്‍ വേഗതയുണ്ടായിരുന്നെന്നു മോട്ടോര്‍ വാഹന വകുപ്പ് പറയുന്നു.
മലപ്പുറത്ത് വീടിനു തീപിടിച്ച് പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. മലപ്പുറം അരീക്കോട് കുനിയില്‍ ഹൈദ്രോസിന്റെ വീട്ടില്‍ അര്‍ധരാത്രിയാണ് അപകടം നടന്നത്. പുറത്തിറങ്ങിയതിനാല്‍ കുടുംബാംഗങ്ങള്‍ പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടു.
ബിജെപി ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തുമെന്ന് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിക്കെതിരേ ബിജെപി നടത്തിയ രാവണന്‍ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച്. രാഹുലിന്റെ പത്തുതലയുള്ള ചിത്രവുമായി ദുഷ്ട ശക്തി, ധര്‍മ വിരുദ്ധന്‍, ഭാരതത്തെ തകര്‍ക്കുന്നവന്‍ എന്നീ പരാമര്‍ശങ്ങളോടെയാണ് ബിജെപി ട്വീറ്റ് ചെയ്തിരുന്നത്.
അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ നാലംഗ ഇന്ത്യന്‍ കുടുംബം മരിച്ച നിലയില്‍. പ്ലെയിന്‍സ്ബോറോയില്‍ തേജ് പ്രതാപ് സിംഗ് (43), ഭാര്യ സോണാല്‍ പരിഹര്‍ (42) എന്നിവരും 10 വയസുള്ള ആണ്‍കുട്ടിയും ആറു വയസ്സുള്ള പെണ്‍കുട്ടിയുമാണ് മരിച്ചത്. ഭാര്യയേയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കിയതാണെന്നാണ് നിഗമനം.
ഫ്രാന്‍സിലെ ഏറ്റവും ഉയരം കൂടിയ പര്‍വത നിരയായ മോണ്ട് ബ്ലാങ്കിന് ഉയരം കുറയുകയാണെന്നു പഠനങ്ങള്‍. മോണ്ട് ബ്ലാങ്ക് കൊടുമുടിയുടെ ഉയരം രണ്ടു വര്‍ഷം കൊണ്ട് 2.22 മീറ്റര്‍ കുറഞ്ഞെന്നാണ് ഗവേഷകരുടെ കണ്ടെത്തില്‍. 4805.59 മീറ്ററാണ് മോണ്ട് ബ്ലാങ്ക് കൊടുമുടിയുടെ ഉയരം. വേനല്‍ക്കാലത്തു മഴ കുറഞ്ഞതുകൊണ്ടാകാം കൊടുമുടിക്ക് ഉയരം കുറഞ്ഞതെന്നും ചൂണ്ടിക്കാണിക്കപ്പെട്ടുന്നു.