ഒമാന്റെ ബജറ്റ് വിമാനമായ സലാം എയര്‍ അടുത്ത മാസം ഒന്ന് മുതല്‍ ഇന്ത്യയിലേക്കുള്ള സര്‍വീസ് നിര്‍ത്തുന്നു. ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ അനുവദിക്കുന്നതിലുള്ള പരിമിതിമൂലമാണ് സര്‍വീസ് നിര്‍ത്തുന്നതെന്ന് എയര്‍ലൈന്‍സ് കമ്പനി സര്‍ക്കുലറില്‍ പറയുന്നു. ഒക്ടോബര്‍ ഒന്നു മുതലുള്ള ബുക്കിങ് സൗകര്യവും വെബ്സൈറ്റില്‍ നിന്നും നീക്കി. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് തുക റീഫണ്ട് ചെയ്യുമെന്നും കമ്പനി അറിയിച്ചു. റീഫണ്ട് ലഭിക്കുന്നതിന് സലാം എയറിനെയോ ടിക്കറ്റ് എടുത്തിട്ടുള്ള അംഗീകൃത ഏജന്‍സികളെയോ ബന്ധപ്പെടാമെന്നും സര്‍ക്കുലറില്‍ പറയുന്നു. കുറഞ്ഞ ചിലവില്‍ യാത്ര ചെയ്യാമായിരുന്ന സലാം എയറിന്റെ പിന്മാറ്റം സാധാരണക്കാരായ മലയാളികളായ പ്രവാസികള്‍ക്കടക്കം വലിയ തിരിച്ചടിയായിരിക്കുകയാണ്. നിലവില്‍ മസ്കത്തില് നിന്ന് തിരുവനന്തപുരം, ലക്ക്നൗ, ജൈപ്പൂര്‍ സെക്ടറുകളിലേക്കും സലാലയില്‍ നിന്ന് കോഴിക്കേട്ടേക്കുമാണ് സലാം എയറിന്റെ ഇന്ത്യയിലേക്കുള്ള സര്‍വീസ്. മറ്റ് വിമാനക്കമ്പനികള്‍ 15,000 രൂപയ്ക്കു മുകളില്‍ ഈടാക്കിയിരുന്നയിടത്ത് സലാം എയറില്‍ 6,000 രൂപയ്ക്കു വരെ ടിക്കറ്റുകള്‍ ലഭിച്ചിരുന്നു. ഗള്‍ഫിലെ മിക്ക പ്രദേശങ്ങളിലേക്കും സൗദിയിലേക്കും കുറഞ്ഞ നിരക്കില്‍ ഇവര്‍ കണക്ഷന് സര്‍വീസുകളും നല്‍കിയിരുന്നു.