ഇന്ത്യയിലെ ഏറ്റവും വിലയേറിയ ആഡംബര വാഹനങ്ങളിലൊന്ന് സ്വന്തമാക്കി നടി തപ്സി പന്നു. ഏതാണ്ട് മൂന്നു കോടി രൂപ വില വരുന്ന മെഴ്സിഡീസ് മെയ്ബ ജിഎല്‍എസ് 600 ആഡംബര എസ്യുവിയാണ് തപ്സി സ്വന്തം ഗാരിജിലെത്തിച്ചിരിക്കുന്നത്. ജര്‍മന്‍ വാഹന നിര്‍മാതാക്കളുടെ ഏറ്റവും വില കൂടിയ എസ്യുവികളിലൊന്നാണ് ജിഎല്‍എസ്. മുംബൈയിലെ മെഴ്സിഡീസ് ബെന്‍സ് ലാന്‍ഡ്മാര്‍ക് കാര്‍സില്‍ നിന്നായിരുന്നു താരം സ്വപ്ന വാഹനം സ്വന്തമാക്കിയത്. മെഴ്സിഡീസ് ബെന്‍സ് ജിഎല്‍ഇ നേരത്തെ തന്നെ തപ്സിയുടെ പക്കലുണ്ട്. നേരത്തെ രാകുല്‍ പ്രീത്, ആയുഷ്മാന്‍ ഖുറാന, അര്ജുന് കപൂര്‍, കൃതി സിനോണ്‍, നിധിന് റെഡ്ഡി, റാം ചരണ്‍, ദീപിക പദ്കോണ്‍, ദുല്‍ഖര്‍ സല്മാന് തുടങ്ങിയ നിരവധി താരങ്ങള്‍ക്ക് മെയ്ബ ജിഎല്‍എസ് 600ന്റെ ഉടമകളാണ്. 4.0 ലീറ്റര്‍ ട്വിന്‍ ടര്‍ബോ വി 8 പെട്രോള്‍ എന്‍ജിനാണ് ജിഎല്‍എസ് 600 എസ്യുവിയിലുള്ളത്. 9 ജി ട്രോണിക് ഓട്ടോമാറ്റിക് ഗിയര്‍ ബോക്സാണ് എന്‍ജിനുമായി ബന്ധിപ്പിച്ചിരിക്കുന്നത്. ഈ ഹൈബ്രിഡ് വാഹനത്തിന് 550 എച്ച്പി കരുത്തും പരമാവധി 730 എന്‍എം ടോര്‍ക്കും പുറത്തെടുക്കാന്‍ സാധിക്കും. ഇക്യു ബൂസ്റ്റ് സാങ്കേതികവിദ്യയുടെ സഹായത്തില്‍ കൂടുതലായി 21 എച്ച്പി കരുത്തും 250 എന്‍എം ടോര്‍ക്കും ഈ വാഹനത്തിന് പുറത്തെടുക്കാനാവും.