night news hd 9

 

ഇന്ത്യ – ഗള്‍ഫ് – യൂറോപ്പ് സാമ്പത്തിക ഇടനാഴി വരുന്നു. ജി 20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു പ്രഖ്യാപനം നടത്തിയത്. ഇന്ത്യയില്‍ തുടങ്ങി യൂറോപ്പിലേക്കു നീളുന്ന സാമ്പത്തിക ഇടനാഴിയില്‍ കൂടുതല്‍ രാജ്യങ്ങള്‍ക്കു സാമ്പത്തിക നേട്ടമുണ്ടാക്കാനാകും. അടുത്ത തലമുറക്കായി അടിത്തറ പാകുന്നു. മോദി പറഞ്ഞു. ചൈനയുടെ വണ്‍ ബെല്‍റ്റ് പദ്ധതിക്കു ബദലായ പദ്ധതിയാണിത്. പുതിയ അവസരങ്ങള്‍ക്ക് വഴി തുറക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രതികരിച്ചു.

ടിഡിപി അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ എന്‍. ചന്ദ്രബാബു നായിഡുവിനെ ആന്ധ്ര പൊലീസ് സിഐഡി വിഭാഗം അറസ്റ്റ് ചെയ്തു. ആന്ധ്രയിലെ നന്ത്യാലില്‍ നിന്നാണ് അറസ്റ്റുചെയ്തത്. ആന്ധ്ര മാനവവിഭവ ശേഷി പദ്ധതി അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്.

നെല്ല് സംഭരിച്ചതിനു കര്‍ഷകര്‍ക്കുള്ള തുക ഒരാഴ്ചയ്ക്കം നല്‍കണമെന്ന ഉത്തരവ് സര്‍ക്കാരും സപ്ലൈക്കോയും പാലിക്കാത്തത് കോടതിയലക്ഷ്യമെന്ന് ഹൈക്കോടതി. ഈ മാസം 25 നകം ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിത റോയി, സപ്ലൈക്കോ എം ഡി ശ്രീറാം വെങ്കിട്ടരാമന്‍ എന്നിവര്‍ നേരിട്ട് ഹാജരാകണമെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ ഉത്തരവിട്ടു. കര്‍ഷകര്‍ക്ക് ഒരാഴ്ചയ്ക്കം പണം നല്‍കണമെന്ന് ഓഗസ്റ്റ് 24 ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി. കേന്ദ്രാവിഷ്‌കൃത പദ്ധതിയിലെ 60 ശതമാനം തുക കേന്ദ്രവും 40 ശതമാനം തുക സംസ്ഥാനവുമാണ് വഹിക്കുന്നത്. കേന്ദ്രത്തിന്റെ കൂടി സഹായത്തോടെ എത്രയും വേഗം പ്രശ്‌നപരിഹാരമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ സിപിഎമ്മിന്റെ മുന്‍ എംപി പി.കെ. ബിജുവിന് പങ്കുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര. ഇഡിയുടെ റിമാന്റ് റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണ്. പികെ. ബിജു സാമ്പത്തിക ഇടപാട് നടത്തിയതിനു തെളിവുകളുണ്ടെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് പറയുന്നത്. പാര്‍ളിക്കാട്ട് കൊട്ടാര സദൃശ്യമായ വീട്ടിലാണു ബിജു താമസിച്ചിരുന്നതെന്നും അനില്‍ അക്കര.

റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്. തിങ്കളാഴ്ച സംസ്ഥാനവ്യാപകമായി റേഷന്‍ കടകള്‍ അടച്ചിടും. കിറ്റ് വിതരണം ചെയ്തതിനുള്ള 11 മാസത്തെ കുടിശിക ആവശ്യപ്പെട്ടാണ് സമരം.

മഴ ശക്തമാകും. മധ്യപ്രദേശിനു മുകളില്‍ പുതിയ ചക്രവാതച്ചുഴി രൂപപ്പെട്ടു. അഞ്ചു ദിവസം മഴ തുടരും. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ട്.

ഇന്ത്യ സഖ്യത്തിന്റെ രൂപീകരണത്തോടെ ദേശീയ രാഷ്ട്രീയത്തില്‍ മാറ്റം കാണുന്നുണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. ബിജെപിയുടെ കോട്ടയായ യുപിയില്‍ ബിജെപിയെ തോല്‍പിക്കാനായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കാസര്‍ഗോഡ് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി നടത്തിയ ഏകദിന സത്യാഗ്രഹവും ബഹുസ്വരതാ സംഗമവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പുതുപ്പള്ളിയില്‍ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിനു വോട്ട് ചെയ്‌തെന്ന് കെ.സി. വേണുഗോപാല്‍. ആറുമാസമായി മുഖ്യമന്ത്രി പ്രതികരിക്കുന്നില്ല. പിണറായിക്കു കമ്മ്യൂണിസ്റ്റ് മുഖമില്ല. മോദിയില്‍ നിന്നാണ് പിണറായി പഠിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

ഗ്രോ വാസു വിഷയം നിയമസഭയില്‍ ഉന്നയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഗ്രോ വാസുവിനെതിരെ കള്ളക്കേസാണ്. നിയമസഭ തല്ലി തകര്‍ത്തവര്‍ക്കെതിരായ കേസ് പിന്‍വലിക്കുന്നവര്‍ ഗ്രോ വാസുവിനെതിരായ കേസ് എന്തുകൊണ്ട് പിന്‍വലിക്കുന്നില്ലെന്നു വിഡി സതീശന്‍ ചോദിച്ചു.

പെട്രോ കെമിക്കല്‍ പാര്‍ക്കില്‍ രണ്ടാമത്തെ യൂണിറ്റ് ആരംഭിച്ചു. പാര്‍ക്ക് സുപ്രധാന മുന്നേറ്റമാണെന്ന് മന്ത്രി പി രാജീവ്. മൂന്നാമത്തെ യൂണിറ്റിന്റെ ട്രയല്‍ റണ്‍ ആരംഭിച്ചതായും മന്ത്രി അറിയിച്ചു.

കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് അംഗം എംഎസ്എഫ് പ്രതിനിധി അമീന്‍ റാഷിദിനെ അയോഗ്യനാക്കി. റഗുലര്‍ വിദ്യാര്‍ത്ഥിയല്ലെന്ന എസ്എഫ്‌ഐയുടെ പരാതി അംഗീകരിച്ചാണ് സര്‍വകലാശാല രജിസ്ട്രാറുടെ നടപടി. സംഭവത്തില്‍ നിയമ നടപടിയെടുക്കുമെന്ന് എംഎസ്എഫ് അറിയിച്ചു.

തിരുവനന്തപുരം കണ്ണമ്മൂല ആമയിഴഞ്ചാന്‍ തോട്ടില്‍ സര്‍ക്കാര്‍ ഡോക്ടര്‍ മരിച്ച നിലയില്‍. ജനറല്‍ ആശുപത്രിയി അനസ്‌തേഷ്യ വിഭാഗത്തിലെ ഡോ. വിപിനാണ് മരിച്ചത്. 50 വയസായിരുന്നു.

മദ്യത്തില്‍ വെള്ളമെന്നു കരുതി ബാറ്ററി വെള്ളം ചേര്‍ത്തു കഴിച്ചയാള്‍ മരിച്ചു. ഇടുക്കി തോപ്രാംകുടിയില്‍ മൂലമറ്റം സ്വദേശി മഠത്തില്‍ മോഹനന്‍ എന്ന 62 കാരനാണ് മരിച്ചത്.

ജി 20 നേതാക്കളുടെ ഉച്ചകോടി പ്രഖ്യാപനത്തില്‍ സമവായം. സമവായമൊരുക്കാന്‍ കഠിനാധ്വാനം ചെയ്ത ഷെര്‍പ്പ, മറ്റ് മന്ത്രിമാര്‍ എന്നിവരെ അഭിനന്ദിക്കുന്നുവെന്ന് പ്രഖ്യാപന വേളയില്‍ പ്രധാനമന്ത്രി മോദി പറഞ്ഞു.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യമെന്ന് കര്‍ണാടകയിലെ ജെഡിഎസ്. എന്നാല്‍ സീറ്റ് വിഭജന കാര്യത്തില്‍ ചര്‍ച്ചയും നടന്നിട്ടില്ലെന്നു ജെഡിഎസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്.ഡി കുമാരസ്വാമി. ജെഡിഎസ് നാലു ലോക്‌സഭാ സീറ്റു നല്‍കുമെന്ന് ബിജെപി നേതാവ് ബിഎസ് യെദിയൂരപ്പ കഴിഞ്ഞ ദിവസം പറഞ്ഞതിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വാരണാസിയിലെ ലാല്‍ ബഹാദൂര്‍ ശാസ്ത്രി വിമാനത്താവളം ബോംബുവച്ച് തകര്‍ക്കുമെന്നു ഭീഷണിപ്പെടുത്തിയ പ്രതി പിടിയില്‍. ഉത്തര്‍പ്രദേശിലെ ഭദോഹിയില്‍നിന്നാണ് പ്രതി അശോകിനെ പിടികൂടിയത്. ഇയാള്‍ മാനസിക രോഗിയാണെന്നു കുടുംബം.

ത്രിപുരയില്‍ ബൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തി. ധര്‍മനഗറില്‍നിന്ന് 72 കിലോമീറ്റര്‍ അകലെയാണ് പ്രഭാവകേന്ദ്രം

ഉത്തര കൊറിയ ആദ്യ ആണവ മുങ്ങിക്കപ്പല്‍ നീറ്റിലിറക്കി. കടലിനടിയില്‍നിന്ന് അണ്വായുധങ്ങള്‍ തൊടുക്കാവുന്ന അന്തര്‍വാഹിനിയുടെ വിവരങ്ങള്‍ ഉത്തര കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സിയാണു പുറത്തുവിട്ടത്. കൊറിയന്‍ പെനിസുലയിലും ജപ്പാന്‍ തീരത്തിനോട് ചേര്‍ന്നുമാണ് പുതിയ ആണവ അന്തര്‍ വാഹിനി.

വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയിലെ ഭൂകമ്പത്തില്‍ മരണം 1037 ആയി. പൗരാണിക നഗരങ്ങള്‍ അടക്കം നിലംപൊത്തിയ ദുരന്തത്തില്‍ നിരവധി ആളുകള്‍ മണ്ണിനടിയിലാണ്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *