സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായി റിട്ടയേഡ് ജസ്റ്റീസ് എസ് മണികുമാറിനെ നിയമിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചീഫ് സെക്രട്ടറിയോടു വിശദീകരണം തേടി. നിയമനത്തിനുള്ള സമിതി അംഗമായ പ്രതിപക്ഷ നേതാവ് വിയോജിപ്പു രേഖപ്പെടുത്തുകയും ഗവര്‍ണര്‍ക്കു പരാതി നല്‍കുകയും ചെയ്തിരുന്നു.
ഭൂമി തരംമാറ്റല്‍ വേഗത്തിലാക്കാന്‍ 249 പുതിയ തസ്തികയുണ്ടാക്കും. തരംമാറ്റല്‍ അപേക്ഷകള്‍ അടിയന്തരമായി തീര്‍പ്പാക്കാന്‍ പ്രത്യേക കര്‍മ്മ പദ്ധതി ആവിഷ്‌കരിച്ച ശേഷം റവന്യു ഡിവിഷണല്‍ ഓഫീസുകളിലേക്ക് പ്രതിമാസം ചുരുങ്ങിയത് 1000 അപേക്ഷകളെങ്കിലും എത്തുന്നുണ്ട്. 25 സെന്റ് വരെ ഫീസ് ഈടാക്കാതെയും അതിനു മുകളില്‍ ന്യായ വിലയുടെ 10 ശതമാനം ഈടാക്കിയുമാണ് തരം മാറ്റുന്നത്. രണ്ടര ലക്ഷത്തോളം അപേക്ഷകള്‍ ഇനിയും തീര്‍പ്പാക്കാന്‍ ബാക്കിയുണ്ട്.
പുതുപ്പള്ളി നിയമസഭാ മണ്ഡലത്തില്‍ നാളെ വോട്ടെടുപ്പ്. ഇന്നു നിശബ്ദ പ്രചാരണം. വെള്ളിയാഴ്ചയാണു വോട്ടെണ്ണല്‍. ഉമ്മന്‍ ചാണ്ടിക്ക് പുതുപ്പള്ളിക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ യാത്രയയപ്പാകും നാളത്തെ വോട്ടെടുപ്പെന്ന് അച്ചു ഉമ്മന്‍ പറഞ്ഞു.
കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് അതിവേഗ ട്രെയിനിനെ ഗോവയിലേക്കു കടത്തിക്കൊണ്ടുപോകാന്‍ നീക്കം. ദക്ഷിണ റെയില്‍വേക്ക് അനുവദിച്ച പുതിയ വന്ദേഭാരത് റേക്ക് പാലക്കാട്ടെ എന്‍ജിനിയര്‍മാര്‍ക്കു കൈമാറിയെങ്കിലും ചെന്നൈയില്‍ത്തന്നെ കിടക്കുകയാണ്.
ഭരണത്തിനെതിരെ ജനങ്ങളുടെ പരാതികള്‍ കൂടിവരികയാണെന്നു വിമര്‍ശനവുമായി മുന്‍ മന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക്. വന്‍കിട പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കാന്‍ കഴിയുന്നില്ല. സേവനമേഖലയും പിറകിലാണ്. വ്യവസായങ്ങളെ പ്രോല്‍സാഹിപ്പിക്കുന്ന ഏജന്‍സികളുടെ പ്രവര്‍ത്തനം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പിന്നിലാണെന്നും പാര്‍ട്ടി പ്രസിദ്ധീകരണമായ ചിന്തയിലെ ലേഖനത്തില്‍ അദ്ദേഹം കുറ്റപ്പെടുത്തി.
ശക്തമായ കാറ്റിലും മഴയിലും പാലമരം കടപുഴകി ക്ഷേത്രത്തിന്റെ സപ്താഹപ്പന്തല്‍ തകര്‍ന്നു. അമ്പലപ്പുഴ നീര്‍ക്കുന്നം അപ്പക്കല്‍ ശ്രീ ദുര്‍ഗാദേവി നാഗരാജ ക്ഷേത്രത്തില്‍ പുലര്‍ച്ചെ നാലരയോടെയാണ് അപകടമുണ്ടായത്.
വയനാട് മൂലങ്കാവില്‍ വിലസിയിരുന്ന കടുവ പിടിയില്‍. എറളോട്ട് കുന്നില്‍ കോഴിഫാമിനരികില്‍ വച്ച കെണിയിലാണ് 12 വയസുള്ള പെണ്‍കടുവ കുടുങ്ങിയത്.
പാലായ്ക്കടുത്ത് രാമപുരത്ത് മൂന്നു പെണ്‍മക്കളുടെ കഴുത്തറുത്ത് പിതാവ് തൂങ്ങി മരിച്ചു. രാമപുരം ചേറ്റുകുളം സ്വദേശി ജോമോന്‍ (40) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടികളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇടുക്കി രാജാക്കാട് കുളത്രക്കുഴിയില്‍ ആംബുലന്‍സ് തോട്ടിലേക്കു മറിഞ്ഞ് ഒരാള്‍ മരിച്ചു. ആശുപത്രിയില്‍നിന്നു വീട്ടിലേക്കു മടങ്ങുകയായിരുന്ന വട്ടപ്പാറ ചെമ്പുഴയില്‍ അന്നമ്മ പത്രോസ് (80) ആണ് മരിച്ചത്.
മാവേലിക്കരയില്‍ അച്ചന്‍ കോവിലാറ്റിലേക്ക് ഓട്ടോ മറിഞ്ഞു കാണാതായ കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തു. അമ്മ ആതിരക്ക് പിന്നാലെ മൂന്നുവയസുള്ള കാശിനാഥാണ് മരിച്ചത്.
ഡല്‍ഹില്‍ നടക്കുന്ന ജി 20 ഉച്ചകോടിയുടെ പ്രഖ്യാപനത്തില്‍നിന്ന് തര്‍ക്ക വിഷയങ്ങള്‍ ഒഴിവാക്കണമെന്ന് ഇന്ത്യ. യുക്രെയിന്‍ സംഘര്‍ഷത്തില്‍ ശക്തമായ നിലപാട് വേണമെന്നാണ് അമേരിക്ക ഉള്‍പ്പെടെ ജി 7 രാജ്യങ്ങളുടെ ഗ്രൂപ്പ് ആവശ്യപ്പെടുന്നത്. ആഫ്രിക്കന്‍ യൂണിയനെ ജി ഇരുപത് സഖ്യത്തില്‍ ഉള്‍പ്പെടുത്തണമെന്ന ഇന്ത്യയുടെ നിര്‍ദ്ദേശത്തോടു ചില രാജ്യങ്ങള്‍ക്ക് എതിര്‍പ്പുണ്ട്.
ശനിയാഴ്ചയും ഞായറാഴ്ചയുമായി ഡല്‍ഹിപ്രഗതി മൈതാനത്തിലെ ഭാരത് മണ്ഡപത്തില്‍ നടക്കുന്ന ജി 20 ഉച്ചകോടിയിക്കു വന്‍സുരക്ഷാ സന്നാഹം. രാഷ്ട്രത്തലവന്മാര്‍ പങ്കെടുക്കുന്ന സമ്മേളനത്തിനു വ്യോമ പ്രതിരോധ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡല്‍ഹി പോലീസിലെ എണ്‍പതിനായിരം സേനാംഗങ്ങള്‍ ഉള്‍പെടെ 1,30,000 സുരക്ഷാ ഭടന്മാരെയാണു വിന്യസിപ്പിക്കുന്നത്.
മണിപ്പൂരില്‍ സര്‍ക്കാര്‍ പരസ്യമായി മെയ്തികള്‍ക്കൊപ്പം ചേര്‍ന്നു കുക്കികളെ വംശഹത്യ നടത്തിയെന്നു പഠന റിപ്പോര്‍ട്ടു പുറത്തുവിട്ട എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യക്കെതിരേ പോലീസ് കേസെടുത്തു. റിപ്പോര്‍ട്ടു തയാറാക്കിയ സമിതിയിലെ സീമ ഗുഹ, സഞ്ജയ് കപൂര്‍, ഭരത് ഭൂഷണ്‍ എന്നിവര്‍ക്കെതിരേയാണ് കേസ്.
ഭരണപരാജയം മറയ്ക്കാന്‍ ബിജെപി മതത്തെ ഉപയോഗിക്കുന്നുവെന്നു തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. മതവികാരം ആളിക്കത്തിക്കാനാണ് ശ്രമിക്കുന്നത്. 2002 ല്‍ ല്‍ ഗുജറാത്തില്‍ വെറുപ്പും വിദ്വേഷവും വിതച്ചവര്‍ മണിപ്പൂരിലും ഹരിയാനയിലും അത് ആവര്‍ത്തിക്കുകയാണ്. സ്റ്റാലിന്‍ പറഞ്ഞു.
സനാതന ധര്‍മത്തെക്കുറിച്ചുള്ള തന്റെ പരാമര്‍ശത്തെ ബിജെപി വളച്ചൊടിക്കുകയാണെന്ന് തമിഴ്‌നാട് യുവജനക്ഷേമ, കായിക മന്ത്രി ഉദയനിധി സ്റ്റാലിന്‍. പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുകയാണ്. എന്തു നിയമ നടപടി നേരിടാനും തയ്യാറാണെന്നും ഉദയനിധി പറഞ്ഞു. സനാതന ധര്‍മം മലേറിയയും ഡെങ്കിയും പോലെ തുടച്ചു നീക്കേണ്ടതാണെന്ന പരാമര്‍ശമാണ് വിവാദമായത്.
റോക്കറ്റ് വിക്ഷേപണത്തിനു കൗണ്ട് ഡൗണ്‍ അനൗണ്‍സ്‌മെന്റ് നടത്താറുള്ള ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞ എന്‍ വളര്‍മതി ചെന്നൈയില്‍ അന്തരിച്ചു. 64 വയസായിരുന്നു. ചന്ദ്രയാന്‍ 3 വിക്ഷേപണത്തിനും വളര്‍മതിയുടെ കൗണ്ട്ഡൗണ്‍ ശബ്ദമാണു മുഴങ്ങിയത്.
കാനഡയിലെ ഒട്ടാവയില്‍ വിവാഹ ചടങ്ങിനിടെയുണ്ടായ വെടിവയ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ആറു പേര്‍ക്കു പരിക്കേറ്റു. പാര്‍ക്കിങ് ഗ്രൗണ്ടിലാണ് വെടിവയ്പുണ്ടായത്.