2023-24 ലെ ആദ്യപാദമായ ഏപ്രില്‍-ജൂണില്‍ ഇന്ത്യ 7.8 ശതമാനം ജി.ഡി.പി വളര്‍ച്ച രേഖപ്പെടുത്തി. കഴിഞ്ഞ ഒരുവര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന ത്രൈമാസ ജി.ഡി.പി വളര്‍ച്ചാനിരക്കാണിത്. ഇക്കഴിഞ്ഞ ജനുവരി-മാര്‍ച്ചില്‍ വളര്‍ച്ച 6.1 ശതമാനമായിരുന്നു. ഇന്ത്യ 7.5 മുതല്‍ 8.5 ശതമാനം വരെ വളര്‍ന്നേക്കുമെന്നാണ് പൊതുവേ വിലയിരുത്തിരുന്നത്. റിസര്‍വ് ബാങ്ക് പ്രതീക്ഷിച്ചിരുന്നത് ഇന്ത്യ എട്ട് ശതമാനമായിരുന്നു. നടപ്പുവര്‍ഷം ഏപ്രില്‍-ജൂണില്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം 40.37 ലക്ഷം കോടി രൂപയാണ്. 2022-23ലെ ആദ്യപാദത്തില്‍ ഇത് 37.44 ലക്ഷം കോടി രൂപയായിരുന്നു. അതേസമയം, പാദാടിസ്ഥാനത്തില്‍ ജി.ഡി.പി മൂല്യം കുറയുകയാണുണ്ടായത്. ഇക്കഴിഞ്ഞ ജനുവരി-മാര്‍ച്ചില്‍ ജി.ഡി.പി 43.62 ലക്ഷം കോടി രൂപയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ (2022-23) ഏപ്രില്‍-ജൂണില്‍ ഇന്ത്യ 13.5 ശതമാനം ജി.ഡി.പി വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു. നടപ്പുവര്‍ഷം ജൂണ്‍പാദത്തിലെ വളര്‍ച്ച, കഴിഞ്ഞ നാല് പാദങ്ങളിലെ ഏറ്റവും ഉയര്‍ന്നതാണ്. ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്വ്യവസ്ഥയെന്ന നേട്ടം നിലനിറുത്താന്‍ ഇന്ത്യക്ക് കഴിഞ്ഞപാദത്തിലും കഴിഞ്ഞുവെന്നാണ് വിലയിരുത്തല്‍. ചൈന കഴിഞ്ഞപാദത്തില്‍ വളര്‍ന്നത് 6.3 ശതമാനമാണ്. അമേരിക്ക 2.4 ശതമാനം, യു.കെ 0.2 ശതമാനം, ഫ്രാന്‍സ് ഒരു ശതമാനം, ജപ്പാന് 1.5 ശതമാനം, ഇന്‍ഡോനേഷ്യ 5.17 ശതമാനം, സൗദി അറേബ്യ 1.1 ശതമാനം എന്നിങ്ങനെയുമാണ് കഴിഞ്ഞ പാദത്തില്‍ വളര്‍ന്നത്. യൂറോപ്പിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ ജര്‍മ്മനിയുടെ വളര്‍ച്ച കഴിഞ്ഞപാദത്തിലും നെഗറ്റീവാണ്; മൈനസ് 0.2 ശതമാനം.