ഇന്ത്യയില്‍നിന്നു പിടിച്ചെടുത്ത അക്സായ് ചിന് മേഖലയില്‍ ചൈന പട്ടാള ബങ്കറുകളും ഭൂഗര്‍ഭ തുരങ്കങ്ങളും നിര്‍മിക്കുന്നു. ദ്രുതഗതിയിലാണു പണികള്‍ പുരോഗമിക്കുന്നത്. സ്പേസ് ടെക് കമ്പനിയായ മാക്സര്‍ പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങളിലാണ് ഈ വിവരങ്ങള്‍. ഗല്‍വാനില്‍നിന്ന് ചൈനീസ് സൈന്യം പിന്‍വാങ്ങിയതിനു പിറകേയാണ് അക്സായ് ചിന് മേഖല ചൈന പിടിച്ചെടുത്തത്.
ഒരു സംസ്ഥാനത്തെ കേന്ദ്രഭരണപ്രദേശമാക്കാന്‍ പാര്‍ലമെന്റിന് അധികാരമുണ്ടോയെന്ന് സുപ്രീംകോടതി. ജമ്മുകാഷ്്മീര് വിഭജനത്തിനെതിരായ ഹര്‍ജികള്‍ പരിഗണിക്കുന്ന ഭരണഘടന ബഞ്ചാണ് സര്‍ക്കാരിന്റെ വിശദീകരണം തേടിയത്. ജമ്മു കാഷ്മീര്‍ വിഭജിച്ചത് അതിര്‍ത്തി സംസ്ഥാനം എന്ന നിലയ്ക്ക് അസാധാരണ സാഹചര്യത്തിലാണെന്നു കേന്ദ്രം ന്യായീകരിച്ചു. സമാന സാഹചര്യം പഞ്ചാബിലും വടക്കുകിഴക്കന്‍ മേഖലയിലും ഇല്ലേയെന്ന് ബഞ്ച് ചോദിച്ചു.
സംസ്ഥാനത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ പോലീസില്‍ സൈബര്‍ ഡിവിഷന് രൂപീകരിക്കുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്യാനായി ആഭ്യന്തര സെക്രട്ടറി അടുത്ത മാസം എട്ടിന് യോഗം വിളിച്ചു. സൈബര്‍ ആക്രമണങ്ങള്‍ അന്വേഷിക്കാനായി സംസ്ഥാനത്ത് ആറു പ്രത്യേക സംഘങ്ങള്‍ രൂപീകരിക്കും. ഓണ്‍ ലൈന്‍ സാമ്പത്തിക തട്ടിപ്പുകളും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ സൈബര്‍ ആക്രണങ്ങളും വര്‍ദ്ധിക്കുന്നതിനാലാണ് സൈബര്‍ ഡിവിഷന് ആരംഭിക്കുന്നത്.
കേരളത്തിന് രണ്ടാം വന്ദേ ഭാരത് ഇന്നെത്തും. എട്ടു കോച്ചുകളടങ്ങിയ വന്ദേഭാരത് മംഗലാപുരം എറണാകുളം റൂട്ടിലായിരിക്കും. ആദ്യ റേക്ക് ദക്ഷിണ റെയില്‍വേക്ക് ഉടന്‍ കൈമാറും. നവീകരിച്ച ഡിസൈനുള്ള വന്ദേഭാരതിന്റെ ആദ്യ റേക്കാണ് കേരളത്തിന് അനുവദിക്കുന്നത്.
ഭൂനിയമം ലംഘിച്ചു കെട്ടിടം പണിതതു സിപിഎമ്മാണെന്നും നിയമം ലംഘിച്ചുള്ള ഏറ്റവും വലിയ നിര്‍മിതി എകെജി സെന്ററാണെന്നും മാത്യു കുഴല്നാടന് എംഎല്‍എ. എകെജി സെന്റര്‍ പട്ടയഭൂമിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഏഴു ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മാത്യു കുഴല്നാടന്. വീണ വിജയനെ സംരക്ഷിക്കാനാണ് എം വി ഗോവിന്ദന് ശ്രമിക്കുന്നതെന്നും മാത്യു കുഴല്നാടന് വിമര്‍ശിച്ചു.
സമൂഹ മാധ്യമങ്ങള്‍ വഴി അധിക്ഷേപിച്ചെന്ന പരാതിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്റെ മൊഴി പൂജപ്പുര പൊലീസ് രേഖപ്പെടുത്തി. അച്ചുവിന്റെ പരാതിയില്‍ സെക്രട്ടറിയേറ്റ് മുന്‍ അഡീഷണല്‍ സെക്രട്ടറി നന്ദകുമാറിനെതിരെ പൊലീസ് കേസെടുത്തിരുന്നു.
ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ആരോഗ്യവകുപ്പ് കുറ്റവാളികളെ രക്ഷിക്കാന്‍ ശ്രമിക്കുകാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. അപൂര്‍വങ്ങളില്‍ അപൂര്‍വമായ പീഡനമാണ് ഹര്‍ഷിന നേരിടുന്നതെന്ന് പിഎംഎ സലാം പറഞ്ഞു.
ഓണം അവധിക്കു സ്വന്തം വീട്ടില്‍ ഒത്തുകൂടിയ മൂന്നു സഹോദരിമാര്‍ മുങ്ങിമരിച്ചു. മണ്ണാര്‍ക്കാട് ഭീമനാട് പെരുങ്കുളത്തില്‍ കുളിക്കാനിറങ്ങിയ കോട്ടോപ്പാടം അക്കര റഷീദിന്റെ മക്കളായ നാഷിദ (28), റമീസ ഷഹനാസ് (23), റിന്‍ഷ അല്‍ത്താജ് (18) എന്നിവരാണ് മരിച്ചത്. കോട്ടേപ്പാടം പത്തംഗം വാര്‍ഡിലെ ഭീമനാട് ഭാഗത്തെ പെരുങ്കുളത്തില്‍ തെന്നിവീഴുകയായിരുന്നു.
ഓണാഘോഷ യാത്രയ്ക്കു ബോണറ്റില്‍ കുട്ടിയെ ഇരുത്തി വാഹനമോടിച്ച ഡ്രൈവറെയും കുട്ടിയുടെ അച്ഛനെയും കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തു. വാഹനമോടിച്ച കഴക്കൂട്ടം സ്വദേശി ഹരികുമാര്‍, വാഹനത്തിലുണ്ടായിരുന്ന കുഞ്ഞിന്റെ അച്ഛന് കഴക്കൂട്ടം സ്വദേശി സോജു എന്നിവരാണ് അറസ്റ്റിലായത്.
ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലെ സ്കൂളില്‍ വിദ്യാര്‍ത്ഥികളെക്കൊണ്ട് അടിപ്പിച്ച വിദ്യാര്‍ത്ഥിക്കു തുടര്‍പഠനത്തിനുള്ള സഹായം നല്‍കാമെന്ന കേരളത്തിന്റെ നിര്‍ദ്ദേശം കുട്ടിയുടെ കുടുംബം സ്വീകരിച്ചെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രി വി ശിവന്‍കുട്ടിയുടെയും സന്ദേശം കുടുംബത്തെ അറിയിച്ചു. കേരളത്തിന്റെ സമുദായ മൈത്രിയും സാഹോദര്യവും ഉത്തര്‍പ്രദേശിലും ഉണ്ടാകണമെന്ന പ്രാര്‍ത്ഥനയാണ് തങ്ങള്‍ക്കുള്ളതെന്നു കുട്ടിയുടെ കുടുംബം പറഞ്ഞതായി ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനനെതിരേ രണ്ടര കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാത്യു കുഴല്നാടന് എംഎല്‍എയുടെ വക്കീല്‍ നോട്ടീസ്. തനിക്കെതിരേ വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ വാര്‍ത്ത സമ്മേളനത്തിലൂടെ പ്രചരിപ്പിച്ചത് അപകീര്‍ത്തിപരമാണെന്നു നോട്ടീസില്‍ പറയുന്നു.
കേരളത്തോട് കേന്ദ്ര സര്‍ക്കാരിന് അവഗണനയും പകപോക്കലുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കോട്ടയം പുതുപ്പള്ളി മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനു കൂരോപ്പട പഞ്ചായത്തില്‍ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി വിജയന്.
ഉമ്മന്‍ ചാണ്ടിയെ പ്രശംസിച്ച സതിയമ്മയെ പിരിച്ചുവിട്ടതിനെതിരേ പ്രതിഷേധ സമരം നടത്തിയ മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതില്‍ ക്രമക്കേടെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. ഈ മാസം 22 ന് നടന്ന സംഭവത്തില്‍ 21 നാണ് കേസെടുത്തത്. എഫ്ഐആറില്‍ പിഴവുകളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കണ്ണൂര്‍ കാക്കയങ്ങാട് യൂദാ ശ്ലീഹായുടെ കപ്പേള കത്തിച്ചു. കപ്പേളയിലെ തിരുസ്വരൂപമാണു കത്തിച്ചത്. എടത്തൊട്ടി സെന്റ് വിന്‍സന്റ് പള്ളിയുടെ കപ്പേളയാണു കത്തിച്ചത്.
ലോക്സഭയിലെ കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയുടെ സസ്പെന്ഷന് പിന്‍വലിക്കും. പാര്‍ലമെന്റ് പ്രിവിലേജ് കമ്മിറ്റി ഇതുസംബന്ധിച്ച ശുപാര്‍ശ സ്പീക്കര്‍ക്കു കൈമാറി. കമ്മിറ്റിക്കു മുന്പില് അധിര്‍ രഞ്ജന്‍ ചൗധരി ഹാജരായി തന്റെ ഭാഗം വിശദീകരിച്ചിരുന്നു.
ചന്ദ്രയാന്‍ മൂന്നിലെ റോവര്‍ പകര്‍ത്തിയ ലാന്‍ഡറിന്റെ ചിത്രം ഐഎസ്ആര്‍ഒ പുറത്തുവിട്ടു. ചന്ദ്രോപരിതലത്തിലുള്ള ലാന്‍ഡറിന്റേയും ലാന്‍ഡറിലെ രണ്ട് പ്രധാന ഉപകരണങ്ങളായ ചാസ്റ്റേയുടേയും ഇല്‍സയുടേയും പ്രവര്‍ത്തന സജ്ജമായി ചിത്രങ്ങളുമാണ് പുറത്തുവിട്ടത്.
ചന്ദ്രയാന്‍ മൂന്നിന്റെ വിക്രം ലാന്‍ഡര്‍ ഡിസൈന്‍ ചെയ്തത് താനാണെന്ന് അവകാശപ്പെട്ട ട്യൂഷന് ടീച്ചര്‍ അറസ്റ്റില്‍. ഗുജറാത്ത് സ്വദേശിയായ മിതുല്‍ ത്രിവേദിയെയാണ് സൂററ്റ് ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്തത്.
വ്യാഴത്തിന്റെ പുതിയ ചിത്രങ്ങളുമായി നാസ. വ്യാഴം പര്യവേഷണ ദൗത്യമായ ജൂണോ പകര്‍ത്തിയ ചിത്രങ്ങളാണ് പുറത്തു വിട്ടത്. വ്യാഴത്തിന്റെ മേഘപാളികള്‍ക്ക് 23,500 കിലോമീറ്റര്‍ മുകളില്‍ നിന്നാണ് ചിത്രം പകര്‍ത്തിയത്.