ഇന്ത്യ ചന്ദ്രനില്‍ മുത്തമിടാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ചന്ദ്രയാന്‍ മൂന്നിന്റെ ലാന്‍ഡര്‍ വൈകുന്നേരം 5.45 മുതല്‍ 6.04 വരെയുള്ള സമയത്തു ഇതുവരേയും ഒരു രാജ്യവും കടന്നുചെല്ലാത്ത ദക്ഷിണ ധ്രുവത്തിലാണ് ലാന്‍ഡു ചെയ്യുക. ചന്ദ്രനില്‍ സോഫ്റ്റ്‌ലാന്‍ഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ. മണിക്കൂറില്‍ ആറായിരത്തിലേറെ കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന പേടകത്തിന്റെ വേഗം സെക്കന്‍ഡില്‍ രണ്ടു മീറ്റര്‍ എന്ന നിലയിലേക്കു കുറച്ചുകൊണ്ടാണു ലാന്‍ഡ് ചെയ്യുക. രണ്ടു ഗര്‍ത്തങ്ങളുടെ ഇടയിലെ നാലു കിലോമീറ്റര്‍ വീതിയും രണ്ട കിലോമീറ്റര്‍ നീളവുമുള്ള പ്രദേശത്താണ് ലാന്‍ഡു ചെയ്യുക. ചന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്ററില്‍ നിന്നുള്ള ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ലാന്‍ഡിംഗിനുള്ള സ്ഥാനം ക്രമീകരിച്ചത്.
മുന്‍ മന്ത്രിയും സിപിഎം തൃശൂര്‍ ജില്ലാ മുന്‍ സെക്രട്ടറിയുമായ എ.സി മൊയ്തീന്റെ വസതിയിലെ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് 22 മണിക്കൂറിനുശേഷം ഇന്നു പുലര്‍ച്ചെ അഞ്ചിനാണ് അവസാനിച്ചത്. മൊയ്തീന്റെ ചില ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. നോട്ട് നിരോധിച്ചപ്പോള്‍ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ അധികമായി ത്തിയ 96 കോടി രൂപയുമായി ബന്ധപ്പെട്ടാണ് അന്വേഷണം. ചിലര്‍ക്കു വായ്പ നല്‍കാന്‍ ശുപാര്‍ശ ചെയ്‌തെന്ന ആക്ഷേപത്തെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. മൊയ്തീനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കും.
എന്‍ഫോഴ്‌സ്‌മെന്റ് തന്റെയും ഭാര്യയുടെയും മകളുടെയും ബാങ്ക് അക്കൗണ്ട് രേഖകള്‍ പരിശോധിച്ചെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും എ.സി. മൊയ്തീന്‍ എംഎല്‍എ. തന്നെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനാണ് ഇഡി സംഘത്തിന്റെ പരിശോധനയെന്നും അദ്ദേഹം പറഞ്ഞു.
കല്ലട ട്രാവല്‍സിന്റെ ചെന്നൈയില്‍നിന്ന് കോഴിക്കോട്ടേക്കു പോകുകയായിരുന്ന ബസ് പാലക്കാട് മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു. മലപ്പുറം എടയത്തൂര്‍ സ്വദേശി സൈനബാ ബീവിയാണ് മരിച്ച ഒരാള്‍. രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. തിരുവാഴിയോട് കാര്‍ഷിക വികസന ബാങ്കിന് മുന്നിലാണ് അപകടമുണ്ടായത്. 38 യാത്രക്കാര്‍ ബസിലുണ്ടായിരുന്നു.
പിരിച്ചുവിട്ട പുതുപ്പള്ളിയിലെ ജീവനക്കാരി സതീദേവിക്കെതിരേ പൊലീസില്‍ പരാതി. തനിക്കുള്ള ജോലി വ്യാജരേഖ ചമച്ച് തട്ടിയെടുത്തെന്ന് ആരോപിച്ച് സതീദേവിയുടെ അയല്‍ക്കാരി ലിജിമോളാണു പരാതി നല്‍കിയത്. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം അനില്‍കുമാറിനൊപ്പം ലിജിമോള്‍ വാര്‍ത്താ സമ്മേളനവും നടത്തി.
താത്കാലിക ജീവനക്കാരി സതീദേവിയെ പിരിച്ചുവിട്ടത് ഉമ്മന്‍ചാണ്ടിയെക്കുറിച്ച് നല്ല വാക്കുകള്‍ പറഞ്ഞതിനാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇന്നലെ വരെ അവിടെ ജോലി ചെയ്തിരുന്നയാളാണ് സതിദേവി. എണ്ണായിരം രൂപയായിരുന്നു പ്രതിഫലമെന്നും സതീശന്‍ പറഞ്ഞു.
നടിയെ ആക്രമിച്ച കേസില്‍ അമിക്കസ് ക്യൂരിയെ ഹൈക്കോടതി ഒഴിവാക്കും. അമിക്കസ് ക്യൂരിയായ അഡ്വ. രഞ്ജിത്ത് മാരാര്‍ക്ക് ദിലീപുമായി അടുത്ത ബന്ധമുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു. ദിലീപുമായുള്ള സാമ്പത്തിക ഇടപാടുകളുടെ രേഖകളും പ്രോസിക്യൂഷന്‍ കോടതിക്കു കൈമാറി.
ഉരുള്‍ പൊട്ടലിനെത്തുടര്‍ന്ന് അടച്ചിട്ട പി.വി. അന്‍വര്‍ എംഎല്‍എയുടെ കക്കാടംപൊയിലിലെ പിവിആര്‍ പാര്‍ക്ക് ഭാഗികമായി തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ചില്‍ഡ്രന്‍സ് പാര്‍ക്ക് മാത്രമാണു തുറക്കുക. ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് 2018 ലാണ് പാര്‍ക്ക് അടച്ചു പൂട്ടിയത്. പാര്‍ക്കിന്റെ നിര്‍മാണത്തില്‍ പിഴവുണ്ടെന്നും കണ്ടെത്തിയിരുന്നു.
മലപ്പുറം തുവ്വൂരിലെ സുജിത കൊലക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് വിഷ്ണുവും സുജിതയും തമ്മില്‍ അടുപ്പത്തിലായിരുന്നെന്നു പോലീസ്. ആഭരണം കവരാനല്ല, സുജിതയെ ഒഴിവാക്കാനായിരുന്നു കൊലപാതകം. സുജിതയെ പലയിടങ്ങളില്‍ കണ്ടെന്നും മറ്റൊരാളുടെ കൂടെ സുജിത പോയെന്നു പ്രചരിപ്പിച്ച പ്രതി വിഷ്ണു പോലീസിനെ കബളിപ്പിക്കാന്‍ ശ്രമിച്ചെന്നും പൊലീസ് പറഞ്ഞു.
ഹൈക്കോടതി വിധി ലംഘിച്ച് ഉടുമ്പന്‍ചോലയില്‍ ഇന്നലെ രാത്രിയും തുടര്‍ന്ന സിപിഎം ഓഫീസ് നിര്‍മാണം നിര്‍ത്താന്‍ റവന്യു വകുപ്പ് നോട്ടീസ് നല്‍കി. നോട്ടീസ് കിട്ടയതോടെ സിപിഎം പണികള്‍ നിര്‍ത്തിവച്ചു.
വൈദ്യുതി കരുതലോടെ ഉപയോഗിക്കണമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി ഫേസ്ബുക്ക് കുറിപ്പിലൂടെ അഭ്യര്‍ത്ഥിച്ചു. 45 ശതമാനത്തോളം മഴ കുറഞ്ഞതിനാല്‍ കേരളത്തിലെ ഡാമുകളില്‍ വെള്ളം വളരെ കുറവാണ്. ജല വൈദ്യുത പദ്ധതികളില്‍നിന്നുള്ള വൈദ്യുതി ഉല്‍പാദനം പരിമിതമായതാണു പ്രതിസന്ധിക്കു കാരണമെന്നും മന്ത്രി പറഞ്ഞു.
കേസില്‍ കുടുങ്ങിയ തമിഴ്‌നാട്ടിലെ മന്ത്രിമാരെ സഹായിക്കുന്ന കീഴ്‌ക്കോടതി വിധികള്‍ക്കെതിരേ വിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി. മന്ത്രിമാരായ തങ്കം തെന്നരശിനും രാമചന്ദ്രനും എതിരായ കേസുകളില്‍ ഒത്തുകളിക്കാരുമായി കോടതികള്‍ക്ക് അവിശുദ്ധ സഖ്യമുണ്ടെന്നു സംശയത്തിന് ഇടനല്‍കരുതെന്ന് ജസ്റ്റിസ് ആനന്ദ് വെങ്കിടെഷ്. രണ്ടു മന്ത്രിമാര്‍ക്കും ഹൈക്കോടതി നോട്ടീസ് അയച്ചു. കേസ് സെപ്റ്റംബര്‍ 20 നു പരിഗണിക്കും.
മണിപ്പൂരില്‍ കുക്കി മേഖലയിലേക്കുള്ള സ്ഥലമാറ്റ ഉത്തരവനുസരിച്ചു ജോലി ഏറ്റെടുക്കാത്ത മെയ്‌തെയ് വംശജനായ ഐഎഎസ് ഓഫീസര്‍ക്കു സസ്‌പെന്‍ഷന്‍. ജിരി ബാം ജില്ലയിലെ കളക്ടര്‍സ്ഥാനം ഏറ്റെടുക്കാന്‍ വിസമ്മതിച്ചതിനാണ് നടപടി.
ഇന്ത്യയും ചൈനയും റഷ്യയും അടക്കം അഞ്ചു രാജ്യങ്ങളുള്ള ബ്രിക്‌സിലേക്ക് അംഗത്വം തേടി പാക്കിസ്ഥാന്‍ അടക്കം 23 രാജ്യങ്ങള്‍. പാക്കിസ്ഥാനെ ചേര്‍ക്കരുതെന്ന് ഇന്ത്യ. ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന പതിനഞ്ചാമത് ബ്രിക്‌സ് ഉച്ചകോടിയിലെ പ്രധാന അജണ്ടകളിലൊന്ന് ബ്രിക്സ് വിപുലീകരണമാണ്. അംഗ രാജ്യങ്ങള്‍ക്ക് ഒറ്റ കറന്‍സി എന്ന നിര്‍ദേശം പ്രായോഗികമല്ലെന്ന നിലപാടിലാണ് ഇന്ത്യ. ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായി കൂടിക്കാഴ്ച നടത്തിയേക്കും. ഇന്നലെ ഇരുവരും വിരുന്നില്‍ ഒന്നിച്ച് പങ്കെടുത്തിരുന്നു.
ആണവ പ്ലാന്റിലെ അണുപ്രസരണമുള്ള ജലം ജപ്പാന്‍ നാളെ കടലിലേക്ക് ഒഴുക്കും. സുനാമിയില്‍ തകര്‍ന്ന പ്ലാന്റിലെ ജലമാണ് ശാന്തസമുദ്രത്തിലേക്ക് ഒഴുക്കുന്നത്. പത്തു ലക്ഷം ടണ്ണിലധികമുള്ള അണുപ്രസരിത ജലം കടലിലേക്ക് ഒഴിക്കാന്‍ ഐക്യരാഷ്ട്രസഭയുടെ അനുമതി നേടിയിരുന്നു.