night news hd 15

 

കേരളത്തിനു രണ്ടാമത്തെ വന്ദേ ഭാരത് പരിഗണനയിലാണെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. കാസര്‍കോടുനിന്ന് തിരുവനന്തപുരത്തേക്ക് ഒരു വന്ദേ ഭാരത് ട്രെയിന്‍ കൂടി തുടങ്ങാന്‍ പ്രധാനമന്ത്രിയുടെ അനുമതി തേടുമെന്നും മന്ത്രി വ്യക്തമാക്കി.

വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരിക്കേ, പവര്‍കട്ട് വേണോയെന്ന് 21 ന് ശേഷം തീരുമാനിക്കുമെന്ന് കെഎസ്ഇബി. സ്ഥിതിഗതികള്‍ കെഎസ്ഇബി സര്‍ക്കാരിനെ അറിയിച്ചു. ഉപയോഗം വര്‍ധിച്ചിരിക്കേ, കൂടിയ വിലക്ക് വൈദ്യുതി വാങ്ങാനാണ് തീരുമാനം.

കോടതി ഉത്തരവുകളില്‍ സ്ത്രീകളെ വിശേഷിപ്പിരുതാത്ത വാക്കുകള്‍ ഉള്‍പെടുത്തി ജഡ്ജിമാര്‍ക്കുള്ള ഗൈഡ് സുപ്രീം കോടതി പുറത്തിറക്കി. വിധികളില്‍ ചില സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ കടന്നുകൂടിയതു ശ്രദ്ധയില്‍പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഗൈഡ് പുറത്തിറിക്കിയത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ഗൈഡ് പ്രകാശനം ചെയ്തു.

അതിദരിദ്ര കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കു കെഎസ്ആര്‍ടിസി ബസില്‍ സൗജന്യ യാത്രഅനുവദിക്കും. അതിദാരിദ്ര്യ നിര്‍മ്മാര്‍ജന പദ്ധതി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. 10-ാം ക്ലാസ് കഴിഞ്ഞ കുട്ടികള്‍ക്ക് തൊട്ടടുത്ത സ്‌കൂളില്‍ പഠിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തും. ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്, സ്‌റ്റൈപ്പന്റ്, കോളേജ് ക്യാന്റീനില്‍ സൗജന്യ ഭക്ഷണം എന്നിവ നല്‍കും.

ഭൂരഹിത- ഭവനരഹിതരായ അതിദരിദ്രര്‍ക്ക് ഭൂമിയും വീടും നല്‍കാനുള്ള നടപടി ഊര്‍ജിതമാക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഭിന്നശേഷിക്കാര്‍ക്ക് യുഡി ഐഡി നല്‍കുന്നതിന് പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കും. കുടുംബാംഗങ്ങള്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാനുള്ള വരുമാന മാര്‍ഗം കണ്ടെത്തി നല്‍കണമെന്ന് മഖ്യമന്ത്രി നിര്‍ദേശിച്ചു. മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് പ്രത്യേക ശുശ്രൂഷയും പുനരധിവാസവും വേണം. അദ്ദേഹം നിര്‍ദേശിച്ചു.

സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം മഴയ്ക്കു സാധ്യത. ഹിമാലയന്‍ താഴ്വരയിലെ മണ്‍സൂണ്‍ പാത്തി രണ്ടു ദിവസത്തിനകം തെക്കു ഭാഗത്തേക്കു മാറി സാധാരണ സ്ഥാനത്ത് എത്തും. വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടുകയും ചെയ്യും.

ഓണത്തിനു മുന്‍പ് ജൂലൈ മാസത്തെ മുഴുവന്‍ ശമ്പളവും നല്‍കണമെന്ന് കെഎസ്ആര്‍ടിസിയോട് ഹൈക്കോടതി. ശമ്പളത്തിന്റെ ആദ്യ ഗഡു നല്‍കേണ്ടത് കെഎസ്ആര്‍ടിസിയാണെന്ന് കോടതി പറഞ്ഞു. 130 കോടി രൂപ സര്‍ക്കാരില്‍ നിന്ന് ലഭിച്ചാല്‍ ജൂലൈ, ഓഗസ്റ്റ് മാസത്തെ ശമ്പളം മൊത്തം നല്‍കാമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. കേസ് ഈ മാസം 21 ലേക്ക് മാറ്റി.

പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിനു രണ്ടു കോടി രൂപയുടെ ആസ്തി. 20,798,117 രൂപയാണ് സമ്പാദ്യം. പണമായി കൈയിലും ബാങ്കിലുമായി 1,07, 956 രൂപയുണ്ട്. ഭാര്യയുടെ പക്കല്‍ 5,55,582 രൂപയുമുണ്ട്. 7,11,905 രൂപയുടെ ബാധ്യതയുമുണ്ട്.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി. പാര്‍ട്ടിയുടെ പുതുപ്പള്ളി നിയോജക മണ്ഡലം പ്രസിഡന്റ് കൂടിയായ ലൂക്ക് തോമസാണ് സ്ഥാനാര്‍ത്ഥിയാകുക.

പി.വി അന്‍വര്‍ എംഎല്‍എ 19 ഏക്കര്‍ അധിക ഭൂമി കൈവശപ്പെടുത്തിയിട്ടുണ്ടെന്ന് ലാന്‍ഡ് ബോര്‍ഡ്. 2007 ല്‍ തന്നെ അന്‍വര്‍ ഭൂപരിധി മറികടന്നിരുന്നു. അന്‍വറിനും കുടുംബാംഗങ്ങള്‍ക്കും ലാന്‍ഡ് ബോര്‍ഡ് നോട്ടീസ് അയച്ചു. ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കണം. ലാന്‍ഡ് ബോര്‍ഡ് വ്യക്തമാക്കി.

ഓണം പൊന്നോണമാക്കാനുള്ള പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. പട്ടിണിയാണെന്നാണ് മാധ്യമങ്ങള്‍ വാര്‍ത്ത പ്രചരിപ്പിക്കുന്നത്. മലയാളി നല്ല രീതിയില്‍ ഓണമുണ്ണും എന്നത് ഈ സര്‍ക്കാറിന്റെ ഗ്യാരണ്ടിയാണെന്നും ഗോവിന്ദന്‍ പറഞ്ഞു. പുതുപ്പള്ളി നിയോജക മണ്ഡലം എല്‍ ഡി എഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗോവിന്ദന്‍.

ഭീഷണിപ്പെടുത്തിയും കേസെടുത്തും കോണ്‍ഗ്രസിനെ നിശബ്ദമാക്കാമെന്ന് കരുതേണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. പിണറായി സര്‍ക്കാരിന്റെ അഴിമതിക്കും ജനദ്രോഹഭരണത്തിനും എതിരായ കോണ്‍ഗ്രസിന്റെ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

മാസപ്പടി വിവാദത്തില്‍ കോണ്‍ഗ്രസ് മൃദുസമീപനം പാലിച്ചില്ലെന്നൂം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചരണത്തില്‍ വിഷയമാക്കുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുഖ്യമന്ത്രി അഴിമതി ആരോപണങ്ങളോട് പ്രതികരിക്കാതെ ഓടിയൊളിക്കുന്നു. മറുപടി പറയുന്ന എം.വി. ഗോവിന്ദന്‍ പാര്‍ട്ണര്‍ ആണോയെന്നും സതീശന്‍ ചോദിച്ചു.

എന്‍സിഇആര്‍ടി വെട്ടിമാറ്റിയ പാഠഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന അഡീഷണല്‍ ടെക്സ്റ്റ് ബുക്കുകള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഈ മാസം 23 ന് പുറത്തിറക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. വൈകുന്നേരം നാലിന് തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഹര്‍ഷിന പരാതിപ്പെട്ടതിനു പിറകേ, മുഖ്യമന്ത്രിക്ക് കത്തയച്ച് രാഹുല്‍ ഗാന്ധി. അഞ്ചു വര്‍ഷമായി ദുരിതം അനുഭവിക്കുന്ന ഹര്‍ഷിനയ്ക്കു നീതിയും നഷ്ടപരിഹാരവും നല്‍കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

എറണാകുളം രാമമംഗലത്ത് സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍മാരായ പരീത്, ബൈജു എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

മഹാരാജാസ് കോളജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തില്‍ കോളജ് അധികൃതര്‍ സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണ നിയമ പ്രകാരം നടപടി സ്വീകരിക്കണമെന്നാണ് പരാതി.

ഗ്രോ വാസുവിനെതിരായ കേസ് പിന്‍വലിക്കണമെന്ന് നടന്‍ ജോയ് മാത്യു. കരുളായിയില്‍ മാവോയിസ്റ്റുകളെ വ്യാജ ഏറ്റുമുട്ടലിലാണ് കൊന്നതെന്ന് പറഞ്ഞത് സിപിഐക്കാരാണെന്നും എന്നാല്‍ ഇപ്പോള്‍ സിപിഐ വാലും ചുരുട്ടി മിണ്ടാതിരിക്കുകയാണെന്നും ജോയ് മാത്യു പറഞ്ഞു. ഗ്രോ വാസുവിനെ ജയിലില്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു ജോയ് മാത്യുവിന്റെ പ്രതികരണം.

ഇടുക്കി ജില്ലയിലെ 13 പഞ്ചായത്തുകളില്‍ നിര്‍മ്മാണ നിരോധനവും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവിറക്കിയതില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് കളക്ടര്‍ ഉത്തരവിറക്കിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദേവികുളം ആര്‍ഡിഒ ഓഫീസ് ഉപരോധിച്ചു.

സ്ത്രീകളുടെ ശുചിമുറിയില്‍ മൊബൈല്‍ ഫോണ്‍ ഒളിച്ചുവച്ച് വീഡിയോ പകര്‍ത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. കൊച്ചി ഇന്‍ഫോപാര്‍ക്കിലെ ഐടി ജീവനക്കാരനും കണ്ണൂര്‍ കരുവള്ളൂര്‍ സ്വദേശയുമായ അഭിമന്യുവാണ് കളമശേരി പൊലീസിന്റെ പിടിയിലായത്.

ഗവിയില്‍ വനംവകുപ്പ് വാച്ചറെ മര്‍ദ്ദിച്ചെന്ന് ആരോപിച്ച് വനം വികസന കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ നാട്ടുകാരുടെ പ്രതിഷേധം. വാച്ചറായ വര്‍ഗീസ് രാജിനെ വനം വികസന കോര്‍പ്പറേഷനിലെ അസിസ്റ്റന്റ് മാനേജര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ മര്‍ദിച്ചെന്നാണ് ആരോപണം. വാച്ചറുടെ പരാതിയില്‍ മൂഴിയാര്‍ പൊലീസ് കേസെടുത്തു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *