2023 ജൂണില്‍ അവസാനിച്ച ത്രൈമാസത്തില്‍ എന്‍ജിനീയറിംഗ്, കണ്‍സ്ട്രക്ഷന്‍ രംഗത്തെ മുന്‍നിര കമ്പനിയായ എല്‍&ടിയുടെ ലാഭം മുന്‍ വര്‍ഷത്തെ സമാനകാലയളവിനെ അപേക്ഷിച്ച് 46.5% വര്‍ധനയോടെ 2,493 കോടി രൂപയിലെത്തി. വരുമാനം 34 ശതമാനം ഉയര്‍ന്ന് 47,882.37 കോടി രൂപയും. കഴിഞ്ഞ പാദത്തില്‍ ഓര്‍ഡറുകളില്‍ 57 ശതമാനം വര്‍ധനയുണ്ടായി. 65,520 കോടി രൂപയുടെ ഓര്‍ഡറാണ് നേടിയത്. ഇതില്‍ 27,464 കോടി രൂപ വിദേശ ഓര്‍ഡറുകളാണ്. ഇതോടെ കമ്പനിയുടെ മൊത്തം ഓര്‍ഡറുകള്‍ 4.13 ലക്ഷം കോടി രൂപ കവിഞ്ഞു. ഓഹരിയൊന്നിന് ആറ് രൂപ വീതം പ്രത്യേക ഡിവിഡന്‍ഡിനും ബോര്‍ഡ് അനുമതി നല്‍കി. 3.7 ലക്ഷം കോടിരൂപയാണ് എല്‍ & ടിയുടെ വിപണി മൂല്യം. അതേസമയം 10,000 കോടി രൂപയുടെ ഓഹരികള്‍ തിരിച്ചുവാങ്ങാനും കമ്പനി തീരുമാനിച്ചു. ഓഹരി ഒന്നിന് 3,000 രൂപ നിരക്കിലാണ് ബൈബാക്ക്. 3.33 കോടി ഓഹരികളാണ് നിക്ഷേപകരില്‍ നിന്ന് തിരികെ വാങ്ങുക. കമ്പനിയുടെ മൊത്തം ഓഹരികളുടെ 2.4 ശതമാനം വരുമിത്. ജൂലൈ 25ലെ ഓഹരിയുടെ ക്ലോസിംഗ് വിലയായ 2,561.95 രൂപയേക്കാള്‍ 17 ശതമാനം പ്രീമിയത്തിലാണ് തിരിച്ചുവാങ്ങുന്നത്. ആദ്യമായാണ് എല്‍&ടി ഓഹരികള്‍ തിരിച്ചു വാങ്ങുന്നത്. കമ്പനിയുടെ സര്‍പ്ലസില്‍ നിന്നാണ് ഇതിനുള്ള പണം കണ്ടെത്തുക. 2023 മാര്‍ച്ച് 31 വരെയുള്ള കണക്കനുസരിച്ച് എല്‍ & ടിയുടെ റിസര്‍വ് ആന്‍ഡ് സര്‍പ്ലസ് 88,577.76 കോടി രൂപയാണ്.