മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസിലെ ശിക്ഷ റദ്ദാക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി ഗുജറാത്ത് ഹൈക്കോടതി തള്ളിയതോടെ സുപ്രീം കോടതിയില്‍ അതിവേഗം അപ്പീല്‍ നല്കാന് കോണ്‍ഗ്രസ് നേതൃത്വം. ഇതേസമയം, വയനാട് ലോക്സഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ചര്‍ച്ച വീണ്ടും സജീവമായി. സുപ്രീംകോടതി കേസില്‍ ഉടന്‍ ഇടപെടുന്നില്ലെങ്കില്‍ മാത്രമേ വയനാട്ടില്‍ തെരഞ്ഞെടുപ്പു പ്രഖ്യാപനം ഉണ്ടാകൂ. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കി സെഷന്‍സ് കോടതി പ്രഖ്യാപിച്ചതിനു പിറകേ, വയനാട് മണ്ഡലത്തില്‍ തെരഞ്ഞെടുപ്പു നടത്താന്‍ വോട്ടുയന്ത്രങ്ങള്‍ അടക്കമുള്ള സംവിധാനങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സജ്ജമാക്കിയിരുന്നു.
മലപ്പുറം ജില്ലയില്‍ അടക്കം പലയിടത്തും എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയവര്‍ക്കുപോലും പ്ലസ് വണ്‍ പ്രവേശനം നേടാന്‍ കഴിയാത്ത സാഹചര്യത്തില്‍ അടുത്ത ദിവസം മുഖ്യമന്ത്രിയെ പങ്കെടുപ്പിച്ച് അവലോകന യോഗം നടത്തുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി. ഇത്തവണ പ്ലസ് വണ്കാര്ക്ക് 50 അധിക അധ്യയന ദിവസങ്ങള്‍ ലഭിക്കും. സപ്ലിമെന്ററി അലോട്ടുമെന്റ് ഒഴിവുകളിലേക്ക് 12 വരെ അപേക്ഷിക്കാവുന്നതാണ്. മന്ത്രി പറഞ്ഞു.
യുഎഇയുടെ സ്ഥാപക പിതാവായ ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ സ്മരണാര്‍ത്ഥം നടത്തുന്ന ഷെയ്ഖ് സായിദ് ചാരിറ്റി മാരത്തണിന്റെ 2023 പതിപ്പ് കേരളത്തില്‍ നടത്തും. യു എ ഇ, ഈജിപ്റ്റ്, ന്യൂയോര്‍ക്ക് എന്നിവിടങ്ങളില്‍ നടന്നിട്ടുള്ള മാരത്തണ്‍ ആദ്യമായാണ് ഇന്ത്യയില്‍ നടത്തുന്നത്.
കേരളത്തില്‍ മഴ തുടരും. മണ്‍സൂണ്‍ പാത്തി തെക്കോട്ടു മാറി സ്ഥിതി ചെയ്യുന്നതും തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ തീരദേശ ന്യുനമര്‍ദ്ദ പാത്തി നിലനില്ക്കുന്നതും പശ്ചിമ ബംഗാള്‍ വടക്കന്‍ ഒഡിഷക്ക് മുകളില്‍ ചക്രവാതചുഴി നിലനില്ക്കുന്നതുമാണ് മഴ ശക്തമായി തുടരാന്‍ കാരണം.
സ്കൂളിന്റെ മേല്‍ക്കൂരയിലെ ഓട് ഇളകി താഴെ വീണ് അധ്യാപികയ്ക്കും കുട്ടിക്കും പരിക്കേറ്റു. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം പനമണ്ണ ദേശബന്ധു എല്‍പി സ്കൂളിലാണ് അപകടം ഉണ്ടായത്. സ്കൂള്‍ വിടുന്നതിനു തൊട്ടുമുന്‍പായിരുന്നു അപകടം സംഭവിച്ചത്.
പെരിങ്ങല്‍കുത്ത് ഡാമിന്റെ ഒരു ഷട്ടര്‍ നാലടി ഉയരത്തില്‍ തുറന്നു. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണു വെള്ളം തുറന്നുവിട്ടത്.
കാലവര്‍ഷക്കെടുതി കൈകാര്യം ചെയ്യുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. പനിക്കണക്കുപോലും ആരോഗ്യവകുപ്പ് പുറത്തുവിടുന്നില്ല. കൊവിഡിന് ശേഷം സംസ്ഥാനത്ത് മരണങ്ങള് ഇരട്ടിയായി. ആരോഗ്യവകുപ്പ് പഠനം നടത്തുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ ഗുജറാത്ത് ഹൈക്കോടതി തള്ളിയതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഗുജറാത്തില്‍ നിന്നുള്ള വിധി കേട്ടപ്പോള്‍ യേശുദേവന് പറഞ്ഞ ഒരു വാചകമാണ് ഓര്‍മ്മ വന്നത്. നസ്രത്തില്‍നിന്നും നന്മ പ്രതീക്ഷിക്കേണ്ടെന്നതാണ് അതെന്നും അദ്ദേഹം വിവരിച്ചു.
ഏകീകൃത സിവില്‍ കോഡിനെതിരായ പോരാട്ടത്തിന് കോണ്‍ഗ്രസ് തന്നെ നേതൃത്വം നല്‍കണമെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. അതില്‍ സിപിഎമ്മും ഒപ്പമുണ്ടാകണം. പാര്‍ലമെന്റിന് അകത്തും പുറത്തും ഈ വിഷയത്തില്‍ മതേതര ശക്തികള്‍ ഒറ്റക്കെട്ടായി നിന്ന് പോരാടുമെന്നും അദ്ദേഹം പറഞ്ഞു.
മണിപ്പൂര്‍ കലാപം ഒരു വിഭാഗത്തെ ഇല്ലാതാക്കാന്‍ ആസൂത്രണം ചെയ്തതാണെന്ന് താമരശ്ശേരി ബിഷപ് റമജിയൂസ് ഇഞ്ചനാനിയില്‍. തിരക്കഥ തയ്യാറാക്കിയാണ് ആക്രമണം നടത്തിയത്. ജനപ്രതിനിധികളുടെ മൗനം ഭയപ്പെടുത്തുന്നു. ഇന്ന് മണിപ്പൂരെങ്കില്‍ നാളെ കേരളം ആണ് എന്ന് ഭീതിയുണ്ടെന്നും താമരശ്ശേരി ബിഷപ്പ് പറഞ്ഞു.
ബിജെപി വിട്ട നടന് ഭീമന് രഘു സിപിഎമ്മിലെത്തി. എകെജി സെന്ററിലെത്തി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ കണ്ടു. സിപിഎമ്മിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.
കൂടത്തായ് റോയ് തോമസ് വധക്കേസില്‍ ഒന്നാം പ്രതി ജോളിക്കെതിരെ സഹോദരന്റെ മൊഴി. കൊലപാതകം നടത്തിയതു താനെന്നു ജോളി സമ്മതിച്ചിരുന്നതായി മൂത്ത സഹോദരന് ജോര്‍ജ് വിചാരണ കോടതിയില്‍ മൊഴി നല്കി.
ബാലസോര്‍ ട്രെയിന്‍ അപകടത്തിന്റെ പേരില്‍ റെയില്‍വേയിലെ മൂന്നു പേരെ സിബിഐ അറസ്റ്റ് ചെയ്തു. റെയില്‍വെ സീനിയര്‍ സെകഷന് എന്‍ജിനീയര്‍ അരുണ്‍ കുമാര്‍ മഹന്ത, സെകഷന് എന്‍ജിനീയര്‍ മുഹമ്മദ് അമീര്‍ ഖാന്, ടെക്നീഷ്യന് പപ്പുകുമാര്‍ എന്നിവരെയാണ് അറസ്റ്റു ചെയ്തത്. അപകടത്തിന് കാരണം സിഗ്നലിംഗ്, ഓപ്പറേഷന്‍സ് വിഭാഗങ്ങളുടെ വീഴ്ച്ചയെന്ന് കണ്ടെത്തിയതിനു പിന്നാലെയാണ് അറസ്റ്റ്.
ത്രിപുര നിയമസഭയില്‍ കൈയാങ്കളി. ബിജെപി എംഎല്‍എ അശ്ലീല വീഡിയോ കണ്ടതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ചോദ്യം ഉന്നയിച്ചതോടെയാണ് ബിജെപി – തിപ്ര മോത എംഎല്‍എമാര്‍ തമ്മില്‍ ഏറ്റുട്ടലുണ്ടായത്. ഏറ്റുമുട്ടലിനെത്തുടര്‍ന്ന് നിയമസഭ നിര്‍ത്തിവച്ചു. സഭാ നടപടികള്‍ തടസ്സപ്പെടുത്തിയ അഞ്ച് പ്രതിപക്ഷ എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്തു. പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
മോദി പരാമര്‍ശത്തിലെ മാനനഷ്ടക്കേസിലെ വിധി ശരിവച്ച ഗുജറാത്ത് ഹൈക്കോടതി വിധി അപ്രതീക്ഷിതമല്ലെന്ന് കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിംഗ്വി പറഞ്ഞു ഒരു സമുദായത്തിന് മാനഹാനി ഉണ്ടാക്കുന്ന ഒന്നും രാഹുല്‍ പറഞ്ഞിട്ടില്ല. പരാമര്‍ശിക്കപ്പെട്ട വ്യക്തികള്‍ക്ക് എങ്ങനെ മാനഹാനിയുണ്ടായെന്ന് വ്യക്തമല്ല. മാനനഷ്ടക്കേസ് ദുരുപയോഗം ചെയ്യുന്നു. ജനങ്ങള്‍ക്കു മുന്പില് ഇതെല്ലാം തുറന്നുകാട്ടും. അദ്ദേഹം പറഞ്ഞു.
ഉത്തരേന്ത്യയില്‍ പലയിടത്തും തക്കാളിക്കു വില ഇരുന്നൂറു രൂപയ്ക്കു മുകളിലെത്തി. ഉത്തരാഖണ്ഡിലെ ഗംഗോത്രോ ധാമില്‍ കിലോഗ്രാമിന് 250 രൂപയാണു വില.